scorecardresearch

Latest News

ഇരുള്‍ഭവനത്തിലെ രഹസ്യങ്ങള്‍ – കുട്ടികളുടെ നോവൽ ആരംഭിക്കുന്നു

” ‘അല്ല, ഇത് വേറെ ആരോ ആണ്. കേളുവേട്ടന്‍ പറയുന്നത് വന്നുപോകുന്നവര്‍ മരിച്ചുപോയവരോ ജീവിച്ചിരിക്കുന്നവരോ എന്ന് അറിയില്ല എന്നാണ്.’ അച്ചുവിന്റെ മുഖത്ത് അവന്‍ അറിയാതെ തന്നെ ഒരു ഭീതി പടര്‍ന്നു. അവന്‍ ഷര്‍ട്ടിന്റെ തുമ്പ് വിരലുകള്‍കൊണ്ട് ചുരുട്ടിക്കളിക്കാന്‍ തുടങ്ങി.” പ്രവീൺ ചന്ദ്രൻ എഴുതിയ കുട്ടികളുടെ കുറ്റാന്വേഷണ നോവൽ “ഇരുള്‍ഭവനത്തിലെ രഹസ്യങ്ങള്‍” ആരംഭിക്കുന്നു

praveen chandran, novel, iemalayalam

ഒരു മഹാരഹസ്യം

“നമ്മുടെ നാട്ടില്‍ എന്തൊക്കെയോ കുഴപ്പങ്ങള്‍ വരാനിരിക്കുന്നുണ്ട്…”

ആ ഗ്രാമത്തിലെ ബസാറിലെ മീന്‍ കച്ചവടക്കാരന്റെ മുന്നില്‍ നില്‍ക്കുന്ന ചെറിയ ആള്‍ക്കൂട്ടത്തിനിടക്ക് നിന്ന് കേളുവേട്ടന്‍ പറഞ്ഞു. ബസാറെന്ന് പറഞ്ഞാല്‍ അത്ര വലുതല്ല. നാലും കൂടിയ ഒരു കവല. മൂന്ന് പച്ചക്കറിക്കടക്കാര്‍, ഒരു ഹോട്ടല്‍, നാല് മസാലസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഒരു സലൂണ്‍, രണ്ട് ഫാന്‍സി കടകള്‍, ഒരു പോസ്‌റ്റോഫീസ്, ഒരു കോഴിക്കട, മീന്‍കാരന്റെ ഒരു മരത്തട്ട് പിന്നെ, ബാലചേതന എന്ന പേരില്‍ കുട്ടികളുടെ ഒരു വായനശാലയും യുവചേതന എന്ന പേരില്‍ മുതിര്‍ന്നവര്‍ക്കുള്ള ഒരു ക്ലബും. ഇത്രയുമായാല്‍ ആ ബസാറായി. വൈകുന്നേരമാകുന്നതോടെ എല്ലായിടത്തും ചെറിയ ആള്‍ക്കൂട്ടം കാണും. ഓരോരുത്തര്‍ക്കും ഓരോ ഇടങ്ങളാണ് ഇഷ്ടം. കേളുവേട്ടന് മീന്‍കച്ചവടക്കാരന്റെ മുന്നില്‍ നില്‍ക്കുന്നതാണിഷ്ടം.

“ഇത് നിങ്ങള്‍ എപ്പോഴും പറയുന്നതല്ലേ. എന്നിട്ട് ഇക്കാലത്തിനിടയ്ക്ക് ഇവിടെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ?”

ചോദ്യം മീന്‍വില്‍ക്കുന്ന പോക്കര്‍ക്കായുടേതാണ്.

“ഇതതുപോലല്ല പോക്കറേ… സംഭവിക്കും. അച്ചട്ടാണ്.”

മീന്‍വെട്ടുമ്പോള്‍ തെറിച്ച ചെതുമ്പല്‍ ബനിയനില്‍ നിന്ന് തട്ടിക്കളഞ്ഞുകൊണ്ട് കേളുവേട്ടന്‍ പറഞ്ഞു. അയാള്‍ നാലഞ്ച് വര്‍ഷം മുമ്പ് വരെ ബനിയനും ഷര്‍ട്ടുമൊന്നും ധരിക്കാറില്ലായിരുന്നു. അറുപത് വയസ്സായപ്പോഴാണ് ബനിയന്‍ ഇടാന്‍ തുടങ്ങിയത്. വെളുത്തു നരച്ച തലമുടിയും വെളുത്ത മുണ്ടും വെളുത്ത ബനിയനും നല്ല ചേര്‍ച്ചയാണെന്ന് ആളുകള്‍ കളിയാക്കി പറയാറുണ്ട്. പക്ഷെ അതൊന്നും കേളുവേട്ടന്‍ കാര്യമാക്കാറില്ല.

“എന്നാല്‍ എവിടെ സംഭവിക്കുമെന്നെങ്കിലും പറയ്.” പോക്കര്‍ക്ക അച്ചുവിന് മീന്‍ പൊതിഞ്ഞുകൊടുക്കുന്നതിനിടയില്‍ ചോദിച്ചു.

അച്ചു നഗരത്തിലെ പ്രധാനപ്പെട്ട ഒരു ലൈബ്രറിയിലെ ലൈബ്രേറിയനായ ജിജിത്തിന്റെ മകനാണ് . എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. വീട്ടിലേക്കുളള സാധനം വാങ്ങിക്കൊണ്ടുപോവുന്നത് മുതല്‍ അല്ലറചില്ലറ പാചകം വരെ അവന് അറിയാം. സമപ്രായക്കാരായ നാലഞ്ച് കൂട്ടുകാര്‍ എപ്പോഴും കൂടെക്കാണും. നല്ല ആരോഗ്യമുള്ള അച്ചു കൂടെയുള്ളത് അവര്‍ക്കൊരു ധൈര്യമാണ്.

ഒഴിഞ്ഞ പറമ്പുകളില്‍ പോയി കളിക്കാനും വീടിനടുത്തുള്ള നീന്തല്‍ക്കുളത്തില്‍ കുളിക്കാനും എല്ലാം അച്ചു മുന്നില്‍ത്തന്നെയുണ്ടാകും. മീന്‍ വാങ്ങുന്നതിനിടക്ക് കേളുവേട്ടന്റെ സംസാരം അച്ചു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പോക്കര്‍ക്ക പരിഹസിച്ചാലും അവന്റെ അപ്പൂപ്പന്റെ പ്രായമുള്ള കേളുവേട്ടന്‍ വെറും വാക്ക് പറയില്ല എന്ന് അച്ചുവിന് ഉറപ്പായിരുന്നു.

“പോക്കറെ, അങ്ങനെ കളിയാക്കാതെ. ഞാന്‍ വെറുതെ പറയുന്നതല്ല. കുറ്റിപ്പറമ്പിലെ ആ പഴയ വീട്ടില്‍ തന്നെ,” കേളുവേട്ടന്‍ എന്തോ അറിഞ്ഞിട്ടെന്നപോലെ പറഞ്ഞു.

“ആളൊഴിഞ്ഞ ആ വീട്ടിലോ?” പോക്കര്‍ക്കയുടെ മുഖത്തെ തമാശമട്ട് മറഞ്ഞു. അയാള്‍ ഗൗരവത്തില്‍ തന്നെയാണ് അങ്ങനെ ചോദിച്ചത്.

പൊതിഞ്ഞ് കെട്ടിയ മീന്‍ കൈയ്യില്‍ പിടിച്ചുകൊണ്ട് രണ്ടാളുടേയും മുഖത്ത് നോക്കി അമ്പരപ്പോടെ അച്ചു നിന്നു.

praveen chandran, novel, iemalayalam

“അതെ. അതിപ്പോ ആളൊഴിഞ്ഞ വീടാണെന്ന് ആരാ പറഞ്ഞത്?” പോക്കര്‍ക്കയുടെ മുഖത്തെ ഭാവമാറ്റത്തില്‍ സന്തോഷിച്ച് കേളുവേട്ടന്‍ തുടര്‍ന്നൊരു ചോദ്യം ചോദിച്ചു.

“ജീവനില്‍ കൊതിയുള്ള ആരും അവിടെ താമസിക്കില്ല എന്ന് എനിക്ക് ഉറപ്പാ…” കൂടിനില്‍ക്കുന്ന ആളുകള്‍ ശ്രദ്ധിക്കാനായി പോക്കര്‍ക്ക പറഞ്ഞു.

“എന്നാല്‍ കേട്ടോ. ജീവനുള്ള ആളുകളല്ല അവിടെ താമസിക്കുന്നത്.” കേളുവേട്ടന്‍ ഉടുത്തിരുന്ന മുണ്ടിന്റെ ഒരു തല പൊക്കിപ്പിടിച്ച് ഗൗരവത്തില്‍ പറഞ്ഞു.

“പിന്നെ?” പോക്കര്‍ക്ക അമ്പരപ്പ് മാറാതെ ചോദിച്ചു.

കേളുവേട്ടന്‍ ചുറ്റും നോക്കി. ഈ സംഭാഷണം കേട്ട് വാ പൊളിച്ച് നില്‍ക്കുന്ന അച്ചുവിനെ ഒന്ന് ഉഴിഞ്ഞ് നോക്കി. “എന്ത് നോക്കി നില്‍ക്കുകയാ?” അയാളൊന്ന് മുരണ്ടു. അത് കേട്ട് പേടിച്ച് അച്ചു തിരിഞ്ഞു നടന്നു. എങ്കിലും അവന്റെ ശ്രദ്ധ മുഴുവന്‍ അയാളിലായിരുന്നു.

“അവിടെ ആരൊക്കെയോ വരുന്നും പോകുന്നുമുണ്ട്. ജീവിച്ചിരിക്കുന്നവരാണോ മരിച്ചുപോയവരാണോ എന്ന് ആര്‍ക്കറിയാം. രാത്രിയിലല്ലേ വരവും പോക്കും…” കേളുവേട്ടന്‍ ശബ്ദം താഴ്ത്തിയാണത് പറഞ്ഞത്.

“അഹമ്മദ്ക്കയും നാരായണേട്ടനും ഒന്നിച്ച് ആ വീട്ടിലേക്ക് നടന്നുപോകുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. മരിച്ചിട്ടും കൂട്ട് വിട്ടിട്ടില്ല. ഞാനൊന്ന് മാറി നിന്ന് നോക്കി. എന്നെ കണ്ടാല്‍ ലോഹ്യം പറഞ്ഞ് അടുത്തേക്ക് വന്നേക്കുമോ എന്ന് പേടിച്ച് പിന്നെ ഞാന്‍ ആ വഴിക്ക് പോയിട്ടില്ല. ഞാനിത് നിന്നോടായതുകൊണ്ടാ പറയുന്നുത് പോക്കറേ. നീയിത് നാട് മുഴുവന്‍ കൊട്ടിഘോഷിക്കണ്ട.”

കേളുവേട്ടന്‍ ശബ്ദം കുറച്ചുകൊണ്ടുതന്നെ സംഭാഷണം തുടര്‍ന്നു. അഹമ്മദ്ക്കയും നാരായണേട്ടനും പുഴയില്‍ മുങ്ങിമരിച്ചിട്ട് വര്‍ഷം പത്ത് കഴിഞ്ഞു. കാത് വട്ടം പിടിച്ച് അയാള്‍ പറഞ്ഞത് മുഴുവന്‍ അച്ചു കേട്ടു.

അച്ചു കേട്ടത് ഒരു മഹാരഹസ്യമാണ്. വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോള്‍ ഇത് ആരോടാണ് പറയേണ്ടത് എന്നായിരുന്നു അവന്റെ ആലോചന. അധികമാളുകളോട് പറയുന്നത് ബുദ്ധിയല്ല. എന്നാല്‍ പറയാതിരിക്കാനും പറ്റില്ല.

അച്ചുവിന്റെ വീട്ടിലേക്കുള്ള റോഡില്‍ അധികം ആളുകള്‍ ഉണ്ടാവാറില്ല. വല്ലപ്പോഴും ഒരു ബൈക്കോ കാറോ കടന്നുപോകും. റോഡിന്റെ ഒരു വശത്ത് കാട് പിടിച്ചു കിടക്കുന്ന ഒരു പറമ്പുണ്ട്. അവിടെ സ്ഥിരമായി കാണാറുള്ള ഒരു മനുഷ്യനുണ്ട്. അണലി എന്നാണ് നാട്ടുകാര്‍ ആ മനുഷ്യനെ വിളിക്കുന്നത്. എവിടെ നിന്നോ അലഞ്ഞ് ഈ നാട്ടിലെത്തിയതാണ്.

കുട്ടന്‍ എന്നായിരുന്നു ആദ്യകാലത്ത് അവനെ ആളുകള്‍ വിളിച്ചിരുന്നത്. ഇപ്പോള്‍ ആ പേര് ആളുകള്‍ മറന്നിരിക്കുന്നു. നാല്‍പ്പത് വയസ്സിനടുത്ത് പ്രായമേ അയാള്‍ക്കുള്ളൂ. മുഷിഞ്ഞ വേഷവും ചുക്കിച്ചുളിഞ്ഞ ശരീരവും കാണുമ്പോള്‍ ഒരു വൃദ്ധനാണെന്ന് തോന്നും. നാട്ടിലെ കള്ള് ഷാപ്പില്‍ വെള്ളം കൊണ്ടുക്കൊടുക്കാനും പാത്രം കഴുകാനും സഹായിക്കും. വൈകീട്ടാകുമ്പോഴേക്കും മദ്യപിച്ച് വഴിയില്‍ കുഴഞ്ഞ് കിടക്കും. ഒരു വിഷപ്പാമ്പിന്റെ വീര്യം അകത്താക്കി കുഴഞ്ഞ് കിടക്കുന്നതിനാലാണ് അവനെ അണലി എന്ന് ആളുകള്‍ വിളിക്കുന്നത്.

കുട്ടികള്‍ക്കൊക്കെ അണലിയെ പേടിയാണ്. അച്ചുവിന് അത്രക്ക് പേടിയില്ല. എങ്കിലും അയാളോട് സംസാരിക്കാനൊന്നും അച്ചുവും മെനക്കെടാറില്ല. റോഡിലൂടെ നടന്ന് വന്ന് കാട് പിടിച്ച പറമ്പിനടുത്തെത്തിയപ്പോള്‍ ഒരു ശബ്ദം കേട്ടു.

അച്ചു കാട്ടിനുള്ളിലേക്ക് കയറി നോക്കി. ദൂരെ വള്ളിപ്പടര്‍പ്പിനുള്ളില്‍ അണലി മണ്ണിലും പൊടിയിലും മുങ്ങി കിടക്കുകയാണ്. ഇടക്കിടക്ക് കൈകാലിട്ടടിച്ച് ശബ്ദമുണ്ടാക്കുന്നുണ്ട്. അയാള്‍ ഏതോ സ്വപ്‌നലോകത്തുകൂടി സഞ്ചരിക്കുകയാണെന്ന് തോന്നും. ഇടക്കിടെ ചിരിക്കുന്നുണ്ട്. പെട്ടെന്ന് നിശ്ശബ്ദനാകും. പിന്നെയും ചിരിക്കും.

praveen chandran, novel, iemalayalam


“അണലിച്ചേട്ടാ…” അച്ചു വിളിച്ചു നോക്കി.

അയാള്‍ ശബ്ദം കേട്ട ദിശയിലേക്ക് നോക്കി. പക്ഷെ അച്ചുവിനെ കണ്ട മട്ടില്ല. പൊട്ടിച്ചിരി തുടര്‍ന്നു. ഈയിടെയായി അയാള്‍ മദ്യം മാത്രമല്ല മറ്റെന്തൊക്കെയോ ലഹരി മരുന്നുകള്‍ കൂടി കഴിക്കുന്നുണ്ട് എന്ന് മുതിര്‍ന്നവര്‍ പറഞ്ഞ് അച്ചുവിന് അറിയാം. അവന്‍ അധികനേരം അവിടെ നില്‍ക്കാതെ വീട്ടിലേക്ക് നടന്നു.

മീന്‍ വാങ്ങിച്ച് തിരിച്ച് വരുമ്പോള്‍ സ്ഥിരമായി കൂടെക്കൂടാറുള്ള പൂച്ച അവനെ പിന്‍തുടരുന്നുണ്ടായിരു ന്നു. അച്ചുവിന്റെ ശ്രദ്ധ കിട്ടാന്‍ അവന്‍ ഒന്നു രണ്ട് വട്ടം കരഞ്ഞു. മനസ്സില്‍ വലിയൊരു രഹസ്യവും പേറി നടക്കുന്ന അച്ചു അതൊന്നും ശ്രദ്ധിച്ചില്ല. അത് മാത്രമല്ല വീട്ടിലേക്കുള്ള വഴിയിലെ തൊടിയില്‍ സഹപാഠികളായ സാദിക്കും ജീവനും കളിക്കുന്നത് കണ്ടു. അവരോട് കാര്യങ്ങള്‍ പറഞ്ഞാലോ എന്ന് അവന്‍ ആലോചിച്ചു. പിന്നെ അത് വേണ്ടെന്ന് വച്ച് വീട്ടിലേക്ക് നടന്നു.

മീന്‍ അമ്മയെ ഏല്‍പ്പിച്ച് അവന്‍ തൊട്ടടുത്തുള്ള ക്യാപ്റ്റന്‍ സന്ദീപ് എന്ന വിരമിച്ച സൈനിക ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് നടന്നു. അദ്ദേഹത്തിന് ആര്‍മിയില്‍ എഞ്ചിനീയറായിരുന്നു. ഇപ്പോൾ ഇടക്കൊക്കെ ഓഫീസിലേക്കും മറ്റും പോകുന്നത് കാണാം. നഗരത്തില്‍ എന്തോ ജോലി ചെയ്യുന്നു. അതെന്താണെന്ന് അച്ചുവിന് വലിയ പിടിയില്ല. ബാക്കി സമയം വായനയും പഠനവുമായി ചെലവഴിക്കുന്നു.

സന്ദീപ് അച്ചുവിന്റെ അച്ഛന്റെ കൂടെ പഠിച്ചതാണ്. കഷ്ടി നാല്‍പ്പത്തഞ്ച് വയസ്സ് വരും. പക്ഷെ ക്യാപ്റ്റന്‍ അവനുമായി നല്ല കൂട്ടാണ്. പട്ടാളക്കാരനായതിനാല്‍ ഉറച്ച ശരീരം. താടി നീട്ടിവളര്‍ത്തിയിരിക്കുന്നു. ഒരു കൂളിങ്ങ് ഗ്ലാസ് എപ്പോഴും പോക്കറ്റിലുണ്ടാകും. ഇടക്കൊക്കെ അത് എടുത്ത് മുഖത്ത് വെക്കുമ്പോള്‍ കാണാന്‍ നല്ല ഭംഗിയാണ്. ഗൗരവക്കാരനാണ്. വല്ലപ്പോഴുമേ ചിരിക്കൂ. വലുതായാല്‍ അയാളെപ്പോലെ ഒരാളാകണം എന്നാണ് അച്ചുവിന്റെ ആഗ്രഹം.

അച്ചു കയറിച്ചെല്ലുമ്പോള്‍ ക്യാപ്റ്റന്‍ സന്ദീപ് ഉമ്മറത്തിരുന്ന് മൊബൈല്‍ ഫോണെടുത്ത് ആരെയോ വിളിക്കാന്‍ ശ്രമിക്കുകയായിരുന്നു. പലവട്ടം ശ്രമിച്ചിട്ടും കോള്‍ കിട്ടാതെ വിഷമിച്ചിരിക്കുന്ന അയാള്‍ ‘ നാലഞ്ച് ദിവസമായി ആരെ വിളിച്ചാലും നെറ്റ് വര്‍ക്ക് ബിസി എന്നാണ് മെസേജ് വരുന്നത്’ എന്ന് ആത്മഗതം പോലെ പറഞ്ഞു. അച്ചു ചെറിയ കുട്ടിയാണെങ്കിലും ക്യാപ്റ്റന്‍ വലിയ ഒരാളോടെന്നപോലെയാണ് അവനോട് പെരുമാറിയിരുന്നത്. അവനും അത് ഇഷ്ടമായിരുന്നു. ആ അടുപ്പത്തിന്റെ ധൈര്യത്തില്‍ അവന്‍ സംഭാഷണം തുടങ്ങി.

“ക്യാപ്റ്റനങ്കിള്‍, ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. ” അച്ചു കോലായിലേക്ക് ചാടിക്കയറി കിതപ്പ് മാറുന്നതിന് മുമ്പ് തന്നെ പറഞ്ഞു.

“എന്താ ഇത്ര പ്രധാനപ്പെട്ട കാര്യം?” അവന്റെ മുഖത്തെ ഗൗരവവും നെഞ്ച് ഉയരുകയും താഴുകയും ചെയ്യുന്ന തരത്തിലുള്ള ശ്വാസോച്ഛാസവും കണ്ട് സന്ദീപ് ചോദിച്ചു.

“നമ്മുടെ കുറ്റിപ്പറമ്പിലെ ഒഴിഞ്ഞ വീട്ടില്‍ ആരൊക്കെയോ വരികയും പോവുകയും ചെയ്യുന്നുണ്ടത്രേ.”
അച്ചു ഗൗരവം വിടാതെ പറഞ്ഞു.

“അതിനെന്താ, അതിന്റെ ഉടമസ്ഥര്‍ വല്ലവരുമായിരിക്കും.”

“അല്ല, ഇത് വേറെ ആരോ ആണ്. കേളുവേട്ടന്‍ പറയുന്നത് വന്നുപോകുന്നവര്‍ മരിച്ചുപോയവരോ ജീവിച്ചിരിക്കുന്നവരോ എന്ന് അറിയില്ല എന്നാണ്.”

അച്ചുവിന്റെ മുഖത്ത് അവന്‍ അറിയാതെ തന്നെ ഒരു ഭീതി പടര്‍ന്നു. അവന്‍ ഷര്‍ട്ടിന്റെ തുമ്പ് വിരലുകള്‍കൊണ്ട് ചുരുട്ടിക്കളിക്കാന്‍ തുടങ്ങി.

“നീ പേടിക്കാതെ. മരിച്ചുപോയവര്‍ക്ക് അങ്ങനെ വരാനും പോകാനും പറ്റുമോ?” ക്യാപ്റ്റന് ചിരി വന്നെങ്കിലും അത് പുറത്ത് കാണിക്കാതെ ചോദിച്ചു.

“കേളുവേട്ടന്‍ പറഞ്ഞത് സത്യമാണെന്നാ എനിക്ക് തോന്നുന്നത്.” അവന്‍ ഉറപ്പിച്ചു പറഞ്ഞു.

കുട്ടികളില്‍ അങ്ങനെയൊരു തെറ്റിദ്ധാരണയുണ്ടാവുന്നത് ശരിയല്ല എന്ന് സന്ദീപിന് തോന്നി.

“എന്നാ ഇന്ന് രാത്രി നമുക്കതൊന്ന് പോയി നോക്കിയാലോ?” ക്യാപ്റ്റൻ ചോദിച്ചു.

“പ്രേതങ്ങളെ നേരില്‍ കാണാനോ?” നേരിയ വിറയലോടെ അച്ചു ചോദിച്ചു.

“പ്രേതങ്ങളുണ്ടെങ്കില്‍ കാണാം. നിനക്ക് ധൈര്യമില്ലേ?” ഫോണിൽ നോക്കിക്കൊണ്ട് ചെറു ചിരിയോടെ സന്ദീപ് ചോദിച്ചു.

ക്യാപ്റ്റന്റെ കൂടെ പോകുന്നെങ്കില്‍ പേടിക്കാനില്ല. പക്ഷെ വീട്ടില്‍ എന്ത് പറഞ്ഞ് സമ്മതിപ്പിക്കും എന്നതായിരുന്നു അവന്റെ ആലോചന. പ്രേതങ്ങളെ നേരില്‍ കാണാനുള്ള അവസരം കളയുന്നതെന്തിനാ. രണ്ടും കൽപ്പിച്ച് രാത്രി വരാമെന്നേറ്റ് അച്ചു വീട്ടിലേക്ക് തിരിച്ചുപോയി.

Read More: പ്രവീണ്‍ ചന്ദ്രന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Praveen chandran novel for children irul bhavanathile rahasyangal chapter 1