/indian-express-malayalam/media/media_files/uploads/2022/11/pk-sudhi-3.jpg)
രണ്ടാണ്ടുകള്‍ക്ക് മുമ്പാണ് ഈ കഥ നടക്കുന്നത്. കോവിഡ്ബാധ കാരണം സ്‌കൂളുകള്‍ അടഞ്ഞു കിടന്ന സമയത്ത്.
അന്നു ഓണ്‍ലൈന്‍ ക്ലാസ്സിലൂടെ അതിപ്രശസ്തരായി മാറിയ നമ്മുടെ മിട്ടുപ്പൂച്ചയും തങ്കുപ്പൂച്ചയുമിയില്ലേ! നിങ്ങള്‍ അവരെ മറന്നിട്ടില്ലല്ലോ? ആ പൂച്ചകളെ കുറിച്ച് ഞാനൊരു കഥ പറയട്ടെ... അന്നവര്‍ നമ്മുടെ ഓമനകളായിരുന്നല്ലോ! കഥയിങ്ങനെയാണ്.
മിട്ടുവും തങ്കുപ്പൂച്ചയും സായി ടീച്ചറുടെ ഓണ്‍ലൈന്‍ ക്ലാസ്സിലൂടെ ഏറെ പ്രസിദ്ധരായി. എവിടെച്ചെന്നാലും അവരെ നാലാളറിയുന്ന നിലയിലെത്തി.
''ദേ... നമ്മുടെ ഓണ്‍ലൈന്‍ ഒന്നാംപാഠത്തിലെ മിട്ടുവും തങ്കുവും...'' അയല്‍പക്കത്തും റോഡിലും എവിടിറങ്ങിയാലും അവര്‍ക്ക് ഫാന്‍സിന്റെ വകയായി സ്നേഹം നിറഞ്ഞ സ്വീകരണങ്ങള്‍ മാത്രം ലഭിച്ചു. ആരും കല്ലെറിഞ്ഞോടിച്ചില്ല.
"ഇവര്‍ക്ക് എന്റെ ബോക്സിലെ രണ്ടു പൊടിമീനിട്ടു കൊടുത്താലോ? കഴിക്കുമോ?" പീപ്പിവണ്ടിയിലെ മീന്‍ കച്ചവടക്കാര്‍ക്ക് സംശയമായി. "രണ്ടും വലിയ കേമന്മാരല്ലേ! ഓ. നമ്മടെ മീനൊന്നും കഴിക്കത്തില്ല."
കോവിഡൊക്കെ മാറിയപ്പോള്‍ സ്‌കൂളുകളെല്ലാം തുറന്നു. ഓണ്‍ലൈന്‍ ഓളം തീര്‍ന്നു.
''എടാ മിട്ടു, നമുക്ക് ആ സ്‌കൂളിലൊന്നു പോയാലോ? വീട്ടിലിരുന്നു നമ്മള്‍ മടുത്തല്ലേ? ഓണ്‍ലൈന്‍ ക്ലാസ്സു കാലത്ത് നമ്മളായിരുന്നല്ലോ അവരുടെ താരം.''
''ശരിയാണ് തങ്കു. നമ്മള്‍ ഈ പള്ളിക്കൂടമൊന്നും കണ്ടിട്ടില്ലല്ലോ. അതെങ്ങനെയിരിക്കുമെന്നൊന്നു നോക്കാം. ''
അവര്‍ രണ്ടും അടുത്തുള്ള സ്‌കൂളിലേയ്ക്ക് നടന്നു. നല്ല അന്തസ്സില്‍, ആരെയും പേടിക്കാതെ.
/indian-express-malayalam/media/media_files/uploads/2022/11/pk-sudhi-1.jpg)
''ഹായ് മിട്ടു. ഹായ് തങ്കു...'' എല്ലാകുട്ടികളും മിട്ടുവിന്റയും തങ്കുവിന്റയും മുതുകില്‍ തലോടി. സ്‌നേഹത്തോടെ അവരെയെടുത്തു കൊഞ്ചിച്ചു. ചിലര്‍ ബിസ്‌കറ്റ് കഷ്ണങ്ങള്‍ പൂച്ച വായില്‍ വച്ചു കൊടുത്തു.
ഒന്നില്‍ നിന്നും രണ്ടിലേയ്ക്ക് പിന്നെ നാലാം ക്ലാസ്സിലേയ്ക്ക് അവരൊറ്റച്ചാട്ടം.
''അയ്യോടീ. ഇവര് മിഠായി തിന്നത്തില്ല.'' ചിലര്‍ക്ക് സങ്കടമായി.
''നാളെ ഫൈവ്‌സറ്റാര്‍ കൊണ്ടത്തരാം.'' കൂട്ടുകാര്‍ പൂച്ചകളുടെ പ്രിയം നേടാന്‍ മത്സരിച്ചു.
സ്‌കൂളിനുള്ളിലും അവര്‍ ഏറെ സ്വാതന്ത്ര്യത്തോടെയാണ് പെരുമാറിയത്. അവര്‍ ക്ലാസ്സായ ക്ലാസ്സുകളിലെല്ലാം കയറിയിറങ്ങി. വാലുയര്‍ത്തിപ്പിടിച്ച് ഹെഡ്മാസ്റ്ററുടെ മുറിയിലുലാത്തി. സ്‌കൂളടുക്കളയിലും.
ഇവര്‍ക്കെന്താ കുട്ടികള്‍ക്ക് ലേശം മീന്‍കറി കൂടി വിളമ്പിയാല്‍? എന്നും പയറും പച്ചക്കറിയും മാത്രം കുട്ടികള്‍ക്ക് കൊടുത്താലെങ്ങനാ? അവര്‍ക്ക് ബോറടിക്കത്തില്ലയോ?
സ്‌കൂള്‍ ഉച്ചഭക്ഷണത്തിലെ മെനുവിനോടു മാത്രം അവരിരുവര്‍ക്കും ലേശം അലോഹ്യം തോന്നി. ബാക്കിയെല്ലാം ഹാപ്പിയാണ്. കുട്ടികളോടൊത്തു ചാടി, പാടി. കമ്പ്യൂട്ടര്‍ ലാബില്‍ ഗെയിം കളിച്ചു. മിക്കിമൗസ് കണ്ടാര്‍ത്തു.
പാഠത്തിലെ തങ്കുവും മിട്ടുവും പഠിക്കാന്‍പോയ വിവരം വീട്ടുകാരെല്ലാരുമറിഞ്ഞു. നാട്ടുകാരും. ടിവിക്കാരോട് മനപ്പൂര്‍വ്വം ആരുമതത് പറഞ്ഞില്ല.
വഴിയില്‍ ആരും തടസ്സം പറയാത്തതിനാല്‍ അവര്‍ക്ക് ലേശം വായനോട്ടത്തിന്റെ ശീലവുമുണ്ടായിരുന്നു.
മിട്ടുവാണ് ആ കാഴ്ച കണ്ടത്. ഒരു കടയിലേയ്ക്ക് ആളുകള്‍ കയറുന്നു. തിരിച്ചിറങ്ങുമ്പോള്‍ മിനുക്കിയ മുഖത്ത് സുന്ദരന്‍ മീശ. മിട്ടു അവന്റെ പുലിമീശയും തടവി നിന്നു. തങ്കു സ്ഥലം വിട്ടു.
''ഹായ്! മിട്ടു ഞാന്‍ നിനക്കൊരു മീശ തരട്ടേ! നല്ല കറുത്ത മീശ. നിന്റെ വെളുവെളുത്ത മുഖത്ത് അത് നന്നായി ചേരും. ഇനിയും ഓണ്‍ലൈന്‍ ക്ലാസ്സ് നടക്കുവാണേല്‍ അടുത്ത തവണ ടിവീല്‍ വരുമ്പോ, നീ പൊളിക്കും മിട്ടു.''
/indian-express-malayalam/media/media_files/uploads/2022/11/pk-sudhi-2.jpg)
ആ കടയിലെ മുടിവെട്ടു മാമന്‍ മിട്ടുവിനൊരു മീശ കൊടുത്തു. പകരമവന്റെ പുലിമീശ അയാള്‍ മുറിച്ചെടുത്തു.
''ഇതെപ്പോഴും കടിച്ചു പിടിച്ചോണം. താഴെവച്ചാല്‍ നീ മീശയില്ലാത്തവനാകും. പിന്നെ കാണാന്‍ കൊള്ളത്തില്ല.''
അവന്‍ മീശ കടിച്ചുപിടിച്ചു. അയാള്‍ കണ്ണാടി കാണിച്ചു. കലക്കിയിട്ടുണ്ട്. മിട്ടുവിനു തോന്നി.
വീട്ടിലെത്തി. മിട്ടുവിന്റെ മീശ കണ്ട് തങ്കുവിനു അസൂയ തോന്നി. ഞാനുമവിടെ നിന്നാല്‍ മതിയായിരുന്നു. തീര്‍ച്ചയായും എനിക്കുമിതുപോലെ ഒരു മീശ കിട്ടുമായിരുന്നു.
''നീയിത് താഴെവച്ചാല്‍ ഞാനെടുത്തു ഫിറ്റു ചെയ്യും. ''
ഉച്ചയ്ക്ക് ചോറുണ്ണാന്‍ നേരത്ത് മിട്ടു മീശ താഴെ വച്ചില്ല. മീനുംകൂട്ടി തങ്കുപ്പൂച്ച അതു മുഴുവനും തട്ടി. രാത്രിയിലും വായ തുറക്കാതെ മീശയ്ക്ക് മിട്ടു കാവല്‍വച്ചു. താന്‍ ഭക്ഷണം കഴിക്കുന്ന നേരത്ത് തങ്കു അതെടുത്തോടിയാലോ? പിന്നെനിക്ക് മീശയില്ലാതെ, ആകെ നാണക്കേടാവും.
തങ്കു പിറ്റേന്നു കാലത്തും മിട്ടുവിനെ വിട്ടുമാറിയില്ല. ഒരു തുള്ളിപ്പാലുപോലും അവന്‍ കുടിച്ചില്ല.
അവന്‍ തളര്‍ന്നു. ചാകാറായി. മീശയിലെ കടിയെന്നിട്ടും വിട്ടില്ല. ദിവസങ്ങള്‍ മുന്നോട്ടുപോയി.
മിട്ടു വിശന്നു വിശന്നു…
പുറത്ത് ഒരു ബഹളം കേള്‍ക്കുന്നുണ്ട്. അതേ. സ്‌കൂളിലെ കുട്ടികളാണ്. അവര്‍ നമ്മുടെ പൂശകന്മാരെ അന്വേവഷിച്ചിറങ്ങിയതാണ്.
മിട്ടുവിന്റെ അവസ്ഥ കുട്ടികള്‍ അറിഞ്ഞിരുന്നു. അവര്‍ക്ക് സങ്കടമായി. കുട്ടികള്‍ ആ മുടിവെട്ടു മാമനെ ചെന്നുകണ്ടു. ഒരു പൂച്ചമീശ കൂടി കരസ്ഥമാക്കി. ആദ്യം തങ്കുവിന് മീശ പിടിപ്പിച്ചു. അവന്‍ ഹാപ്പിയായി.
എന്റെ മീശ തങ്കു എടുത്താല്‍ ഞാനവന്റെ… മിട്ടുവിന് ആശ്വാസമായി.
കുട്ടികള്‍ കൊണ്ടുവന്ന ഭക്ഷണം വിളമ്പി. അത് മീനും ചിക്കനുമായിരുന്നു.
വയറു നിറച്ച് കറുത്ത മീശകള്‍ വച്ച് വീണ്ടും തങ്കുപ്പൂച്ചയും മിട്ടുപ്പൂച്ചയും വീണ്ടും ഹാപ്പിയായി.
- കുട്ടിക്കഥക്കൂട്ടിൽ നാളെ ഷീബ ഇ കെ എഴുതിയ കഥ വായിക്കാം
/indian-express-malayalam/media/media_files/uploads/2022/11/sheeba-card-1.jpg)
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.