Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ഒറ്റമരം നട്ട പെണ്‍കുട്ടി

വൈകിട്ട് സ്കൂള്‍ വിട്ടപ്പോള്‍ അവള്‍ വീട്ടിലേയ്ക്ക് നടന്നു. മഴ പെയ്ത് തോര്‍ന്നുകിടന്നതിനാല്‍ വഴിയില്‍ നല്ല നനവുണ്ടായിരുന്നു. അപ്പോഴാണ് അവള്‍ ഓര്‍ത്തത്. എന്തുകൊണ്ട് മരം ഇവിടെ റോഡരികില്‍ നട്ടുകൂടാ. അവള്‍ വഴി അരികില്‍ കിടന്ന ഒരു മരക്കമ്പെടുത്ത് നനഞ്ഞ മണ്ണിലൊരു കുഴിയെടുത്തു.

 

” അമ്മേ, ഇതു കണ്ടോ, എനിക്ക് സ്കൂളില്‍ നിന്ന് കിട്ടിയ ചെടിയാ.”
” ഇതു മാവല്ലേ ”
” അതെ, എല്ലാവരും ഇത് നട്ടു വളര്‍ത്തണം എന്ന് ടീച്ചര്‍ പറഞ്ഞു”.
“ങും, ശരി ആയിക്കോ, അടുത്താഴ്ച പരീക്ഷ തുടങ്ങുന്ന കാര്യം മറക്കേണ്ട”.
” ഞാന്‍ പഠിക്കുന്നുണ്ടമ്മേ, ഇത്തവണയും ഞാന്‍ ഫസ്റ്റ് വാങ്ങും”.
” ഉം, വാങ്ങിച്ചാല്‍ നിനക്ക് കൊള്ളാം”.
അമ്മ അകത്തേയ്ക്ക് പോയി. പുറമ്പോക്കിലെ ഒരു ചെറിയ കുടിലിലാണ് അവരുടെ താമസം. ചെടിയും കൊണ്ടവള്‍ വീടിന് പുറത്തേയ്ക്ക് പോയി. റോഡിനോട് ചേര്‍ന്നുള്ള മുറ്റത്ത് കുഴി എടുത്ത് ചെടി നട്ടു. അതിനോട് ആദ്യം പ്രതികരിച്ചത് അയല്‍ക്കാരായിരുന്നു. പിന്നീട് വഴിപോക്കരും.
” കൊച്ചേ, ഇതെന്തോന്നാ ഈ കാണിക്കുന്നത്. ഇവിടൊക്കെ കൊണ്ട് മരം നട്ടാല്‍ ആളുകളെതിലെ നടക്കും. മാത്രമല്ല റോഡില്‍ കൂടി പോകുന്ന വണ്ടികള്‍ക്കും ആപത്താണ്”.
അവളൊന്നും മിണ്ടിയില്ല. പ്രതികരിക്കാനുള്ള കഴിവ് പാവം അവള്‍ക്കില്ല. മുതിര്‍ന്നവരോട് തര്‍ക്കിക്കരുതെന്ന് അമ്മ അവളോട് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഒരു അംബാസിഡര്‍ കാര്‍ റോഡിന്റെ ഓരത്ത് വന്നു നിന്നു. ഖദറിട്ട മനുഷ്യന്‍ അതില്‍ നിന്നിറങ്ങി. അവളെ വഴക്കുപറയുകായിരുന്ന ആള്‍ക്കാര്‍ അയാളെ കണ്ടതോടെ പറഞ്ഞു:-
” ആ മെമ്പര്‍ വന്നല്ലോ, ഇനി എന്ത് ചെയ്യണമെന്ന് അദ്ദേഹം തീരുമാനിക്കട്ടെ.”
മെമ്പര്‍ എന്ന് വിളിക്കപ്പെട്ട ആ മനുഷ്യന്‍ സംഭവങ്ങള്‍ മുഴുവന്‍ ശാന്തമായി കേട്ടു. എന്നിട്ട് പരിസരമാകെ ഒന്നു വീക്ഷിച്ചിട്ട് അവരുടെ കുടിലിന്റെ മുറ്റത്തേയ്ക്ക് കയറിച്ചെന്നു. അവളുടെ അമ്മ ഇറങ്ങിവന്നു.
” ഇത് നിങ്ങളുടെ മോളല്ലേ”.
” അതെ, എന്താ സാറേ.”
” നിങ്ങളും മകളും എന്താ വിചാരിച്ചിരിക്കുന്നത്. ഇത് റോഡാണ്. അല്ലാതെ തോന്നിയത് കാണിക്കാന്‍ നിങ്ങളുടെ അപ്പന്റെ വകയൊന്നുമല്ല. പുറമ്പോക്കിലാണ് താമസിക്കുന്നതെന്ന് മറക്കേണ്ട. ഇനി റോഡും കൂടി കൈയ്യേറാനാണോ അമ്മയുടെയും മകളുടെയും ഒരുക്കം. അടങ്ങി ഒതുങ്ങി കഴിഞ്ഞില്ലെങ്കില്‍ കുടിലിനെയും ചേര്‍ത്ത് പച്ചയ്ക്ക് ഞാനങ്ങ് കത്തിക്കും.”
അമ്മയെയും മകളെയും ഭയത്തിന്റെ മേല്‍ക്കുൂരയ്ക്ക് കീഴിലിരുത്തി ആ ഖദര്‍ മനുഷ്യനും കൂട്ടരും മടങ്ങി. സന്തോഷത്തോടെ വഴിപോക്കരും അവരുടെ പാട്ടിനുപോയി. ഇതുതന്നെ പറ്റിയ സമയം എന്ന് മനസ്സിലാക്കിയ പീടികക്കാരന്‍ അപ്പോള്‍ ആ കുടിലിലേയ്ക്ക് ചെന്നു. വന്നപാടെ മുറ്റത്തേയ്ക്ക് മുറുക്കാന്‍ ആഞ്ഞുതുപ്പി, എന്നിട്ട് ചോദിച്ചു.
” ശാരദേ പീടികേലെ കാശ് കഴിഞ്ഞമാസത്തേതു കൂടിച്ചേര്‍ത്ത് രണ്ടായിരം രൂപ പറ്റുണ്ടല്ലോ. ഇതിങ്ങനെ കൂടിപോകുന്നതല്ലാതെ ഒന്നും അങ്ങോട്ട് വരുന്നില്ലല്ലോ. ഇനി ‍ഞാന്‍ വേറെ എന്തെങ്കിലും വഴി പ്രയോഗിക്കേണ്ടി വരുമോ”.
“ഒരാഴ്ചയും കൂടി സമയം തരണേ, ഏമാന്‍മാര് ശമ്പളം തന്നില്ല. വരവും അല്‍പ്പം കുറവാണേ”. -കൈകൂപ്പികൊണ്ട് അമ്മ പറഞ്ഞു.
” ഉം, ഒരാഴ്ച കഴിഞ്ഞ് ഇനി എന്നെ ഇങ്ങോട്ട് വരുത്തരുത്”. തോളിലെ തോര്‍ത്ത് കുടഞ്ഞ് അയാള്‍ ഇറങ്ങി.
” അമ്മേ, അച്ഛനുണ്ടായിരുന്നെങ്കില്‍ എല്ലാവരും കയറി നമ്മളെ ഇങ്ങനെ വഴക്കുപറയില്ലായിരുന്നു, അല്ലേ..”.
” മിണ്ടരുത് നീ. കേള്‍പ്പിക്കാനുണ്ടായ ജന്മം, പോടീ അകത്ത്”.devadathan, story
അവള്‍ ഇതുവരെയായിട്ടും അമ്മയില്‍ നിന്നും കനപ്പിച്ച വാക്കുകള്‍ കേട്ടിട്ടില്ല. വല്ലാതെ സങ്കടം വന്നു. അവള്‍ മുറിയില്‍ പോയി കരഞ്ഞു.
വീടിനടുത്തുള്ള സര്‍ക്കാര്‍ സ്കൂളില്‍ അഞ്ചാം ക്ലാസിലാണ് മീനുമോള്‍ പഠിക്കുന്നത്. കടബാധ്യത കാരണം അച്ഛന്‍ ആത്മഹത്യ ചെയ്തു. അമ്മയായിരുന്നു അവള്‍ക്കെല്ലാം. സ്വന്തം വീട് ജപ്തിചെയ്തു പോയതിനുശേഷം പുറമ്പോക്കിലെ ചെറുകുടിലിലായിരുന്നു അവരുടെ ജീവിതം. അച്ഛന്‍ ബാക്കിവെച്ചുപോയ കടങ്ങള്‍ തീര്‍ക്കാന്‍ നിവൃത്തിയില്ലാത്തപ്പോഴും ഒരു വിഷമവും അറിയിക്കാതെ അവര്‍ മീനുവിനെ വളര്‍ത്തി.പക്ഷെ ഇന്ന് അമ്മ അവളെ വളരെ ശകാരിച്ചു. അതുകൊണ്ടാണവള്‍ കരഞ്ഞത്.
അവള്‍ ഒറ്റയ്ക്കിരുന്നു കരയുന്നത് കണ്ടപ്പോള്‍ അമ്മയ്ക്ക് വിഷമമായി. അവര്‍ അവളുടെ അടുത്തുച്ചെന്നു അവളെ കെട്ടിപിടിച്ചു കരഞ്ഞു.
” നമ്മുക്ക് ഇങ്ങനെയൊക്കയല്ലേ മോളെ ജീവിക്കാന്‍ പറ്റൂ.”
പക്ഷെ ആ കാഴ്ച കാണാന്‍ മേഘങ്ങളില്ലാത്ത ആകാശവും വെളിച്ചമില്ലാത്ത സൂര്യനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പിറ്റേ ദിവസം ശനിയാഴ്ചയായിരുന്നു. അമ്മ അവളെ താന്‍ ജോലിചെയ്യുന്ന വര്‍ഗീസ് മുതലാളിയുടെ കൃഷിസ്ഥലത്തേയ്ക്ക് കൊണ്ടുപോയി. അവള്‍ക്കുടുക്കാന്‍ അച്ഛനുണ്ടായിരുന്നപ്പോള്‍ വാങ്ങിച്ചുകൊടുത്ത കീറിയ ഉടുപ്പും മുഷിഞ്ഞ പാവാടയുമേയുള്ളൂ. കൃഷിസ്ഥലത്തേയ്ക്ക് പോകുമ്പോള്‍ മാവിന്‍തൈ എ‍ടുക്കാന്‍ അവള്‍ മറന്നില്ല. അവി‍ടെ അമ്മ മാത്രമല്ല, ഇരുപതോളം ജോലിക്കാര്‍ വേറെയുണ്ട്. മുതലാളിത്തതിന്റെ മൂപ്പ് എടുത്തുകാട്ടുന്ന പ്രകൃതമാണ് വര്‍ഗീസ് മുതലാളിക്ക്. കുടുംബസ്വത്ത് ഭാഗം വച്ചപ്പോള്‍ കൈവന്ന എട്ട് ഏക്കര്‍ ഭൂമിയില്‍ കൃഷിപ്പണി നടത്താന്‍ ജോലിക്കാരും ബംഗ്ലാവിലെ പണിക്ക് മറ്റ് ജോലിക്കാരുമായി സുഖിച്ചുകഴിയുകയാണയാള്‍. പണത്തിന് പഞ്ഞമില്ലെങ്കിലും തൊഴിലാളികള്‍ക്ക് കൂലി കൂട്ടികൊടുക്കാതിരിക്കാനുള്ള പതിനെട്ടടവും അയാള്‍ പഠിച്ചിരുന്നു.ഇപ്പോള്‍ ജോലിക്കാരെ കുറച്ചിട്ട് യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ഹൈടെക്ക് ഫാമിംഗിന് പദ്ധതിയിടുകയാണയാള്‍.
മീനുമോള്‍ക്ക് വളരെ ഇഷ്ടമാണ് ആ കൃഷിസ്ഥലം. പച്ചപരവതാനി വിരിച്ചതുപൊലെയുള്ള പുല്‍മേടും അതില്‍ അലങ്കാര വസ്തുക്കള്‍ നിരത്തിയതുപോലെ വളരുന്ന വാഴയും തെങ്ങും ഇഞ്ചിയും അവളുടെ കണ്ണിനെ കുളിരണിയിക്കും. പലതട്ടുകളായി തിരിച്ച കൃഷിഭൂമി അങ്ങനെ
വ്യാപിച്ചു കിടക്കുന്നു. അമ്മ പണിക്കാരോടൊത്ത് പോയപ്പോള്‍ ഒരു വാഴയുടെ തണലില്‍ അവളിരുന്നു. അപ്പോഴാണ് മാവിന്‍തൈയെ പറ്റി ഓര്‍ത്തത്. അമ്മയുടെ കീറിയ തുണി സഞ്ചിയില്‍ നിന്നും ആ തൈ എടുത്തുകൊണ്ടു വന്നു വാഴത്തോട്ടത്തിനിടയില്‍ തന്നെ മണ്ണ് നീക്കി കുഴി എടുത്ത് നട്ടു.
പെട്ടെന്നാണ് പിന്നില്‍ അലര്‍ച്ച കേട്ടത്.devadathan, story

“ഛീ, നിര്‍ത്തടീ അസത്തേ..”.
പാറയില്‍ ഉരച്ചതുപോലെയുള്ള ശബ്ദം കേട്ടവള്‍ ഞെട്ടി. അത് വര്‍ഗീസ് മുതലാളിയുടേതായിരുന്നു.
” ഇതാരുടെ കൊച്ചാ, ചോദിച്ചത് കേട്ടില്ലേ.. ഇത് ആരുടെ കൊച്ചാണെന്ന്”.
” എന്റെ കൊച്ചാ, ഏമാനേ”.- ശബ്ദം കേട്ട് ഓടിവന്ന ശാരദ തല കുനിച്ചുകൊണ്ട് പറഞ്ഞു.
” എന്റെ പറമ്പില്‍ കയറി തോന്നിയത് കാണിക്കാനാണോ നിനക്കൊക്കെ ഞാന്‍ ശമ്പളം തന്ന് നിര്‍ത്തിയിരിക്കുന്നത്”. അരിശം മൂത്തയാള്‍ മാവിന്‍തൈ പിഴുത് വലിഞ്ഞെറിഞ്ഞു.
” മോളെ കൊണ്ടു മരം നടീപ്പിച്ച് എന്റെ ഭൂമിയില്‍ കയറിപ്പറ്റാനുള്ള അടവാല്ലേ, ശമ്പളം വാങ്ങാനങ്ങു വാ ഞാന്‍ കാണിച്ചു തരാം.”. ശാരദയുടെ മനസ്സില്‍ ഭയത്തിന്റെ കഠാര കുത്തികയറ്റി അയാള്‍ നടന്നുപോയി.
വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ അമ്മ അവളെ തലങ്ങും വിലങ്ങും തല്ലി.
” എന്തിനാടീ നീ എന്നെ ഇങ്ങനെ പറയിപ്പിക്കുന്നത്. ഇനി മേലാല്‍ നീ എന്റെ കൂടെ പണി സ്ഥലത്ത് വരരുത്. അവളുടെ ഒരു മാവിന്‍തൈ”.
ദ്വേഷ്യത്തില്‍ അമ്മ മാവിന്‍തൈ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.
പിടിച്ചുവച്ച സങ്കടമെല്ലാം കണ്ണീരായി പുറത്തുവന്നു. അമ്മ കാണാതെ അവള്‍ വ‍ൃക്ഷത്തൈ സ്കള്‍ ബാഗില്‍ സൂക്ഷിച്ചുവച്ചു. തിങ്കളാഴ്ച സ്കൂളിലേയ്ക്ക് പോയപ്പോഴും ചെടി ബാഗില്‍തന്നെയുണ്ടായിരുന്നു. ക്ലാസിലെത്തിയപ്പോള്‍ കൂട്ടുകാരി ലക്ഷ്മി ചോദിച്ചു.
” മീനു. നീ ചെടി നട്ടോ, ഞാന്‍ മരം നട്ടല്ലോ. എന്റെ വീട്ടുപറമ്പില്‍. എനിക്ക് പ്ലാവിന്‍തൈയാണ് കിട്ടിയത്. ഞാന്‍ മാത്രമല്ല. നമ്മുടെ ക്ലാസിലെ എല്ലാ കുട്ടികളും നട്ടു”.
മീനുവിന് അത് കേട്ടപ്പോള്‍ വിഷമവും വാശിയും തോന്നി. എനിക്ക് സ്വന്തം ഭൂമിയില്ലാത്തതുകൊണ്ടല്ലേ മരം നടാന്‍ കഴിയാത്തത്. എന്തുമാത്രം ഭൂമിയാണ് സ്കൂളിലുള്ളത്. എന്റെ മരം സ്കൂള്‍ വളപ്പില്‍ നടാം. അവള്‍ മനസ്സില്‍ ഉറപ്പിച്ചു.
ഇന്റര്‍വെല്‍ മണി മുഴങ്ങിയപ്പോള്‍ മാവിന്‍തൈയുമെടുത്ത് അവള്‍ ഗ്രൗണ്ടിലേക്ക് ഓടി. അവിടെ ഒഴിഞ്ഞ ഭാഗത്ത് മരം നടാന്‍ ഒരുങ്ങി. എന്നാല്‍ അവളറിയാതെ ഉണ്ട കണ്ണടയ്ക്കുള്ളില്‍ നിന്നും പ്രിന്‍സിപ്പലിന്റെ ചുവന്ന കണ്ണുകള്‍ അവളെ കാണുന്നുണ്ടായിരുന്നു.
“ഹെ, വാട്ട് ആര്‍ യു ഡൂയിംഗ് ദെയര്‍ ”
” അത് സര്‍, ഈ ചെടി ഇവിടെ നടാന്‍.”
” നിങ്ങളെ സ്കൂളില്‍ വിടുന്നത് പഠിക്കാനാണ്. അല്ലാതെ ചെടി നടാനല്ല. അതൊക്കെ അങ്ങ് വീട്ടില്‍ .”
” സോറി സര്‍ ”
” ഉം, ക്ലാസില്‍ പൊയ്ക്കോളൂ. “
” ശരി സാര്‍ ”
അവള്‍ ക്ലാസിലേയ്ക്ക് പോയി. അവള്‍ക്ക് മാത്രമല്ല. സ്കുളിലെ എല്ലാ കുട്ടികള്‍ക്കും പ്രിന്‍സിപ്പലിനെ പേടിയായിരുന്നു.
വൈകിട്ട് സ്കൂള്‍ വിട്ടപ്പോള്‍ അവള്‍ വീട്ടിലേയ്ക്ക് നടന്നു. മഴ പെയ്ത് തോര്‍ന്നുകിടന്നതിനാല്‍ വഴിയില്‍ നല്ല നനവുണ്ടായിരുന്നു. അപ്പോഴാണ് അവള്‍ ഓര്‍ത്തത്. എന്തുകൊണ്ട് മരം ഇവിടെ റോഡരികില്‍ നട്ടുകൂടാ. അവള്‍ വഴി അരികില്‍ കിടന്ന ഒരു മരക്കമ്പെടുത്ത് നനഞ്ഞ മണ്ണിലൊരു കുഴിയെടുത്തു. തൊട്ടുത്ത് പോസ്റ്റ് നന്നാക്കികൊണ്ടിരുന്ന വൈദ്യതി ബോര്‍ഡിന്റെ ജീവനക്കാരെ അവള്‍ കണ്ടിരുന്നില്ല.
പോസ്റ്റിന്റെ മുകളില്‍ നിന്നൊരു ശബ്ദം കേട്ടപ്പോള്‍ അവള്‍ ഞെട്ടി.
” കൊച്ചേ , നീ എന്താ മണ്ടിയാണോ, ലൈനിന് താഴെയാണോ മരം നടുന്നത്. നാളെ മരക്കമ്പ് ഒടിഞ്ഞു വീണ് കറന്റ് പോകുമ്പോള്‍ ഞങ്ങള്‍ക്ക് പണിയാവുമല്ലോ. എടുത്തുകൊണ്ടു പോയെ മെനക്കെടുത്താതെ”.
അവള്‍ ചെടി അവിടെ നിന്നെടുത്തു. കെ.എസ്.ഇ.ബി ജീവനക്കാരെ അവള്‍ക്കെന്നും ഇഷ്ടമായിരുന്നു. വീട്ടില്‍ മീറ്റര്‍ റീഡിംഗ് എടുക്കാന്‍ വരുന്നയാള്‍ സ്നേഹത്തോടെയാണ് അവളോട് സംസാരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇഷ്ടപ്പെടുന്നവര്‍ കൂടി തന്നോട് കയര്‍ക്കുന്നു. അച്ഛന്റെ വിയോഗത്തിന്റെ വില അവളറിഞ്ഞു. സ്നേഹത്തിന്റെയും ലാളനയുടെയും നഷ്ടം.
അന്ന് രാത്രി അവള്‍ അച്ഛനെ സ്വപ്നം കണ്ടു. ആ വിരലുകള്‍ അവളുടെ മൂര്‍ദ്ധാവില്‍ തഴുകി. ഉറക്കത്തിലാണെങ്കിലും അവള്‍ കരഞ്ഞു.
പിറ്റേ ദിവസം അവള്‍ നേരത്തെ ഉണര്‍ന്നു. പതിവിലും നേരത്തെ സ്കൂളിലേയ്ക്ക് പോയി. സാധാരണ പോകുന്ന വഴിയില്‍ നിന്നു മാറി പൊതുശ്മശാനത്തിന്റെ മുന്നിലൂടെ പോകുന്ന വഴിയിലെത്തി. അവളുടെ അച്ഛനെ അടക്കിയിരിക്കുന്നത് അവിടെയാണ്. വിജനമായിരുന്നു ആ പ്രദേശം. പുല്ല് മൂടിക്കിടന്ന ശ്മശാനഭൂമിയിലേയ്ക്ക് അവള്‍ കയറി. വര്‍ഷത്തിലൊരിക്കല്‍ അമ്മയുമൊത്ത് അവളവിടെ വന്നിരുന്നു. സ്വന്തമായി ഭൂമിയില്ലാത്ത ദരിദ്രരായ ആളുകളുടെ മൃതദേഹം സംസ്കരിക്കാനായിരുന്നു പഞ്ചായത്ത് ആ ശ്മശാനം നിര്‍മ്മിച്ചിരുന്നത്. അച്ഛനെ അടക്കിയിരുന്ന സ്ഥലമെന്ന് അമ്മ കാട്ടികൊടുത്തിരുന്ന സ്ഥലത്ത് മുട്ട് കത്തിയിരുന്നു. ഇതുവരെ നടാനാകാതിരുന്ന ആ മരത്തൈ അവള്‍ അവിടെ നട്ടു. ആ ആറടി മണ്ണിന് വില ചോദിക്കാന്‍ അപ്പോള്‍ ആരും വന്നില്ല.

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിലെ ഒന്‍പതാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയാണ് ദേവദത്തന്‍

സാഹിതി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ഒറ്റമരം നട്ട പെണ്‍കുട്ടി’ എന്ന കഥാസമാഹാരത്തില്‍ നിന്നും

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Otta maram natta penkutty story devadathan

Next Story
ഗൗരിയെ തേടി
The moderation of comments is automated and not cleared manually by malayalam.indianexpress.com