സൂര്യകാന്തിച്ചെടി വലിയ സന്തോഷത്തിലായിരുന്നു. തോട്ടത്തിലേക്കു വച്ചേറ്റവും വലിയ പൂവ് ഞാനാണ്, അവള്‍ ഇളകിയാടിച്ചിരിച്ചു കൊണ്ട് മറ്റു പൂക്കളോട് പറഞ്ഞു.മുല്ലയും റോസും പവിഴമല്ലിയും മുക്കുറ്റിയും സൂര്യകാന്തി പറഞ്ഞത് തലകുലുക്കി സമ്മതിച്ചു കൊടുത്തു.
അപ്പോഴതുവഴി ചിന്നുമോളും മനുക്കുട്ടനും വന്നു. അവര് സൂര്യകാന്തിപ്പൂ കണ്ട് ഒന്നു നിന്നു.എന്നിട്ട് പറഞ്ഞു, എന്തൊരു വലിയ പൂവാ അല്ലേ? നമ്മള് പൂക്കളം ഇടുമ്പോ നാലോ അഞ്ചോ സൂര്യകാന്തിപ്പൂക്കള്‍ പറിച്ചാല്‍ കാര്യം കുശാലാവും. പൂക്കളം നിറയ്ക്കാന്‍ വലിയ പൂക്കളാ നല്ലത്. ഈ മുക്കുറ്റിപ്പൂവൊക്കെ എത്ര നേരമിരുന്ന് പറിച്ചാലും പൂക്കളത്തിനുള്ള ഒരു കുഞ്ഞു വട്ടത്തിനു പോലും തികയില്ല.
അതു കേട്ടതും സൂര്യകാന്തിയുടെ സന്തോഷമൊക്കെ തീര്‍ന്നു പോയി. അവരെ കാറ്റിലാടിനിന്നു ചിരിക്കാന്‍ സമ്മതിക്കാതെ, ചെടിയില്‍ നിന്നു മുറിച്ചെടുത്ത് പൂക്കളമിടാന്‍ കൊണ്ടു പോവും, ചിന്നുവും മനുവും എന്നല്ലേ പറഞ്ഞത്? ചെടിയില്‍ നിന്നു പറിച്ചാല്‍പ്പിന്നെ പൂവിനുണ്ടോ ആയുസ്സ്? അതാകെ വാടിക്കരിഞ്ഞു പോകില്ലേ വൈകുന്നേരമുമ്പോഴേയ്ക്ക് പൂക്കളത്തിലിരുന്ന്?
സൂര്യകാന്തിപ്പൂവുകള്‍ അതിന്റെ ചോട്ടില്‍ നില്‍ക്കുന്ന മുക്കുറ്റിപ്പൂവുകളെ നോക്കി സങ്കടം പറഞ്ഞു. നിങ്ങള് കുഞ്ഞിക്കുഞ്ഞിപ്പൂവുകളായത് നിങ്ങളുടെ ഭാഗ്യം. പറിച്ചെടുക്കാന്‍ ഒരു പാടു നേരം വേണമെന്നുള്ളതു കൊണ്ട് ആരും നിങ്ങളെ പറിച്ചെടുക്കാന്‍ മിനക്കെടില്ലല്ലോ. പൂക്കളത്തിലിരുന്നു പൊള്ളുന്ന വെയിലുകൊണ്ട് വാടാതെ നിങ്ങള് രക്ഷപ്പെട്ടു. നാളെ മുതല്‍ എല്ലാരും ഓണപ്പൂക്കളമിടുമല്ലോ. ചിന്നുവും മനുവും കൂടി വന്ന് ഞങ്ങളെ എപ്പോഴാണാവോ അവരുടെ പൂക്കളത്തിനായി പറിച്ചു കൊണ്ടു പോവുക?
മുക്കുറ്റി പറഞ്ഞു, നീയ് സൂര്യകാന്തിയേ സങ്കടപ്പെടണ്ട. ഞങ്ങളുടെ കാര്യവും ഇങ്ങനൊക്കെത്തന്നെയാണ്. ഏതെങ്കിലും ഒരു ദിവസം നല്ല ക്ഷമയുള്ള കുട്ടികള്‍ വന്ന് ഒരു പാടു നേരം കുത്തിയിരുന്ന് ഞങ്ങള്‍ടെ മഞ്ഞക്കുഞ്ഞിപ്പൂവുകളും പറിച്ചു കൊണ്ടു പോവാറുണ്ട്. ഓണക്കാലമായാല്‍പ്പിന്നെ പൂക്കളുടെ ഗതിയെല്ലാം ഇങ്ങനെ തന്നെയാണ്. എപ്പോ വേണമെങ്കിലും ആരു വേണമെങ്കിലും പറിച്ചു കൊണ്ടു പോവാം

പൂക്കളങ്ങനെ പരസ്പരം സങ്കടം പറഞ്ഞു നില്‍ക്കുമ്പോഴാണ് ചിന്നുവിന്റെയും മനുവിന്റെയും അമ്മാവന്‍ അവര്‍ക്കുള്ള ഓണ ഉടുപ്പുകളുമായി ജോലിസ്ഥലത്ത് നിന്നെത്തിയത്. കുട്ടികള്‍ അമ്മാവനെ കെട്ടിപ്പിടിച്ചുമ്മവച്ചു കൊണ്ടു ചോദിച്ചു, ഓണം തീര്‍ന്നിട്ടല്ലേ തിരികെ പോവുള്ളൂ ജോലി സ്ഥലത്തേയ്ക്ക്?
അത്രേയുള്ളൂ, അത്രേയുള്ളു എന്ന് പറഞ്ഞവരെ എടുത്തു പൊക്കി അമ്മാവന്‍.
അതിനിടയിലാണ് അമ്മാവന്റെ നോട്ടം സൂര്യകാന്തിപ്പൂക്കളില്‍ പതിഞ്ഞത്. പൂക്കളെ തലോടി നിന്ന് അമ്മാവന്‍ ചോദിച്ചു. ഗംഭീര പൂന്തോട്ടമാണല്ലോ. ആരാ ഇതൊക്കെ നട്ടുനനയ്ക്കുന്നത്? “ഞങ്ങള്‍, ഞങ്ങള്‍” എന്നു പറഞ്ഞു കുട്ടികള്‍.
പിന്നെ അവര്‍ ചോദിച്ചു. അമ്മാവന്‍ നന്നായി വരയ്ക്കുന്നയാളല്ലേ?ഇത്തവണ ഞങ്ങളുടെ പൂക്കളം ഡിസൈന്‍ ചെയ്തു തരുമോ അമ്മാവാ?
“പൂക്കള ഡിസൈന്‍ വരയ്ക്കലൊക്കെ എളുപ്പമാണ്, പക്ഷേ പൂക്കളമിടണോ നമ്മളെന്നാ ഞാനാലോചിയ്ക്കുന്നത്,” എന്നു പറഞ്ഞു അമ്മാവന്‍.
“അതു പറ്റില്ല, പൂക്കളം വേണ്ടെന്നു വയ്ക്കാനൊന്നും പറ്റില്ല. ഓണമായാല്‍ പൂക്കളമിടാതെങ്ങനാ അമ്മാവാ? ചുറ്റുമുള്ള എല്ലാ വീടുകളിലും കുട്ടികള്‍ പൂക്കളമിടും അവരവരുടെ മുറ്റത്ത്. അപ്പോ നമ്മള്‍ മാത്രം പൂക്കളമിടാതിരുന്നാല്‍ നാണക്കേടല്ലേ?” എന്നു ചോദിച്ചു ചിന്നുവും മനുവും.
“അമ്മാവന് ഡിസൈന്‍ ചെയ്യാന്‍ മടിയായിട്ടല്ലേ? അമ്മാവനൊന്നും ചെയ്തു തരണ്ട, ഞങ്ങള്‍ ഞങ്ങള്‍ക്കറിയും പോലെ ഡിസൈന്‍ ചെയ്‌തോളാം,” എന്നു പിണങ്ങുക വരെ ചെയ്തു കുട്ടികള്‍.
മുഖം വീര്‍പ്പിച്ചു നിന്ന അവരുടെ തോളത്ത് കൈയിട്ടു നിന്ന് അവരെ ചേര്‍ത്തു പിടിച്ചു കൊണ്ട് അമ്മാവന്‍ പറഞ്ഞു “പിണങ്ങല്ലേ രണ്ടാളും. പൂക്കള്‍ ചെടിയില്‍ നില്‍ക്കുന്നതു കാണാനാ ഭംഗി എന്നാണ് അമ്മാവന്റെ വിചാരം. പൂക്കളിറുത്തെടുത്താല്‍ അവ പെട്ടെന്ന് വാടും. വൈകുന്നേരമാവുമ്പോഴേക്ക് പൂക്കളത്തിലിരുന്ന് പൂക്കളെല്ലാം വാടിക്കരിഞ്ഞ് ഒരു പരുവമാകും. രാവിലത്തെ സുന്ദരിപ്പൂക്കളാണവരെന്ന് തോന്നുകയേയില്ല. പൂക്കള്‍ ചെടിയില്‍ നില്‍ക്കുമ്പോഴേ, തേന്‍ കുടിക്കാന്‍ വണ്ടുകളും പൂമ്പാറ്റകളും വരൂ. പാറിപ്പറക്കുന്ന വണ്ടുകള്‍ക്കും പൂമ്പാറ്റകള്‍ക്കുമിടയക്ക് ചെടിയിന്മേല്‍ത്തന്നെ പൂവുകള്‍ നില്‍ക്കുന്നതല്ലേ അതിന്റെയൊരു ഭംഗി? പൂക്കളമൊരുക്കാനെടുത്താല്‍ ആ പൂക്കളെ നമുക്കൊരു ദിവസമേ കാണാന്‍ പറ്റൂ. ചെടിയില്‍ നില്‍ക്കാന്‍ പൂക്കളെ അനുവദിച്ചാല്‍ നമുക്കെത്രയോ ദിവസം കാണാന്‍ പറ്റും അവരെ?”

അതു ശരിയാണല്ലോ എന്നു വിചാരിച്ചു കുട്ടികള്‍. ഈ സൂര്യകാന്തിപ്പൂവ് പറിക്കാതിരുന്നാല്‍ രണ്ടാഴ്ചയോളം നമുക്കിവളുടെ സ്വര്‍ണ്ണവര്‍ണ്ണച്ചിരി കണ്ടുണരാം, പൂക്കളത്തിന്റെ ഒരു ദിവസത്തെ ഭംഗി കാണുന്നതാണോ നല്ലത് അതോ സൂര്യകാന്തിപ്പൂക്കളുടെ ചിരി കണ്ട് കുറേ ദിവസം ഉണരുന്നതാണോ നല്ലത് എന്നാലോചിച്ചു നിന്നു പോയി ചിന്നുവും മനുവും.
ഒരു കാര്യം കൂടി ചോദിച്ചു അമ്മാവൻ.
ചെടിയിൽ നിൽക്കുന്ന പൂക്കളിൽ പൂമ്പാറ്റകളും വണ്ടും വന്നിരുന്ന് പരാഗണം നടന്നാലല്ലേ വിത്തുകൾ ഉണ്ടാവൂ? വിത്തുകൾ ഉണ്ടായാലല്ലേ പിന്നെയും പിന്നെയും ഇതേ പൂച്ചെടികൾ മുളപ്പിയ്ക്കാൻ പറ്റൂ?
സയൻസ് ക്ലാസിൽ ഇതെല്ലാം പഠിച്ചതാണല്ലോ എന്നോർത്തു കുട്ടികൾ.
ഒടുവിലവര്‍ തീരുമാനിച്ചു, പൂക്കളെ വെയിലത്ത് നിരത്തി കരിയിക്കുന്ന ഈ പൂക്കളം പരിപാടി വേണ്ട.
അവരാ തീരുമാനം പറഞ്ഞപ്പോള്‍ സൂര്യകാന്തിപ്പൂക്കളും മുക്കുറ്റിപ്പൂവുകളും ഒന്നു കൂടി വിടര്‍ന്നു നിന്നു ചിരിച്ചു കുട്ടികളെ നോക്കി.
പിന്നെ അവര്‍ ഓണസമ്മാനമായി അമ്മാവന്‍ കൊണ്ടുവന്ന ഉടുപ്പുകള്‍ പാകമാണോ എന്ന് ഇട്ടു നോക്കി.
ഇതിലും വലിയ ഒരു ഓണസമ്മാനം ഒരുക്കുന്നുണ്ട് ഞാന്‍ നിങ്ങള്‍ക്കായി എന്നു പറഞ്ഞ് അമ്മാവന്‍ പിന്നെ അവര്‍ക്ക് ഓണയൂഞ്ഞാല്‍ കെട്ടിക്കൊടുത്തു. അവരാടുന്നതു നോക്കി ഇളകിയാടി ചിരിച്ചു നിന്നു സൂര്യകാന്തികള്‍. അവരുടെ താഴെ നിന്ന മുക്കുറ്റികളും ആ ചിരിയില്‍ പങ്കുചേര്‍ന്നു.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം