scorecardresearch

മഴ കാത്തുകാത്ത്

"മഴ വന്നിട്ടേ ഇനി ബാക്കികാര്യമുള്ളൂ എന്ന മട്ടില്‍ അവരെല്ലാം അങ്ങനെ മഴമേഘങ്ങളെയും നോക്കി അവിടവിടെ ചിതറി നിന്നു" കുട്ടികൾക്ക് വായിച്ചു രസിക്കാൻ പ്രിയ എ എസ് എഴുതിയ ഓണക്കാല കുട്ടിക്കഥ

"മഴ വന്നിട്ടേ ഇനി ബാക്കികാര്യമുള്ളൂ എന്ന മട്ടില്‍ അവരെല്ലാം അങ്ങനെ മഴമേഘങ്ങളെയും നോക്കി അവിടവിടെ ചിതറി നിന്നു" കുട്ടികൾക്ക് വായിച്ചു രസിക്കാൻ പ്രിയ എ എസ് എഴുതിയ ഓണക്കാല കുട്ടിക്കഥ

author-image
Priya A S
New Update
priya as , childrens stories, iemalayalam

മഴ വരുന്നുണ്ടോ , മഴ വരുന്നുണ്ടോ എന്നു നോക്കി മുല്ലച്ചോട്ടിലിരിക്കുകയായിരുന്നു മിയ എന്ന തവള.

Advertisment

ആ വീട്ടിലൊരു കുളമുണ്ടായിരുന്നത് നികത്തിയതില്‍പ്പിന്നെയാണ് മിയയെ ചൂടിന്റെ പ്രശ്‌നം ഇങ്ങനെ അലട്ടാന്‍ തുടങ്ങിയത്. ഇപ്പോ കുളത്തിന്റെ സ്ഥാനത്ത് ഒരു മിനുമിനാ വീടാണ്. അതില്‍ നിറയെ മനുഷ്യരും.

മിയയ്ക്ക് ചൂടു കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായിത്തീര്‍ന്നിരുന്നു.

"എന്തൊരു ചൂട്..." "എന്തൊരുഷ്ണം..." എന്നെല്ലാം പറഞ്ഞ് അവള്‍ മുല്ലച്ചോട്ടില്‍ നിന്ന് നീലശംഖുപുഷ്പപ്പടര്‍പ്പിനു ചുവട്ടിലേയ്ക്ക് ആകെ അസ്വസ്ഥയായി ചാടി നടക്കുന്നത് കണ്ടു കൊണ്ട് ഒരു മരം കൊത്തിയിരിപ്പുണ്ടായിരുന്നു തേക്കുമരത്തിന്റെ കൊമ്പില്‍. അവന്റെ പേര് ശങ്കു.

ശങ്കു മരംകൊത്തി അവളെ ആശ്വസിപ്പിച്ചു, "നോക്കിക്കോ ഇപ്പോ മഴ വരും. ആകാശത്ത് കാര്‍മേഘം ഉരുണ്ടുകൂടുന്നുണ്ട്. എപ്പഴാ ആദ്യത്തെ തുള്ളി മഴ വീഴുന്നത് എന്നു കാണാന്‍ കാത്തരിക്കുകയാണ് ഞാന്‍. മഴവെള്ളം പിടിക്കാന്‍ പാകത്തില്‍ ഞാനീ തേക്കുമരച്ചുവട്ടില്‍ ഒരു ചിരട്ട റെഡിയാക്കി വച്ചിരിക്കുന്നതു കണ്ടോ നീയ്?"

Advertisment

"എല്ലാകര്‍മേഘവും മഴയാകണമെന്നില്ല, കാറ്റടിച്ച് മഴമേഘങ്ങളെയെല്ലാം ദൂരേയ്ക്ക് പറത്തിവിട്ടാല്‍ തീര്‍ ന്നില്ലെ മഴയുടെ കാര്യം," എന്ന് ഉണ്ടക്കണ്ണു മിഴിച്ച് ചോദിച്ചു മിയത്തവള. അതു ശരിയാണെന് മട്ടില്‍ തേക്കിന്‍ തടിമേല്‍ കൊത്തി 'ടക്, ടക്' എന്നു നിരാശ നിറഞ്ഞ ഒരു ശബ്ദമുണ്ടാക്കി മരം കൊത്തി.

ശങ്കു മരംകൊത്തി ആകപ്പാടെ നല്ല ക്ഷീണത്തിലായിരുന്നു. അവനാകെ സങ്കടപ്പെട്ട് പറഞ്ഞു "എനിയ്ക്കാണേല്‍ ദാഹിച്ചിട്ട് വയ്യ. ആ കുളമുണ്ടായിരുന്നപ്പോ നമുക്കെല്ലാവര്‍ക്കും എന്തു സുഖമായി എത്ര വെള്ളം വേണമെങ്കിലും കുടിക്കാമായിരുന്നു. നിനക്കതില്‍ നീന്തിത്തുടിക്കാമാമയിരുന്നു . അതിലെ താമരയിലയുടെ മുകളില്‍ കയറിയിരുന്ന് ലോകം കണ്ടുരസിക്കാമായിരുന്നു."

priya as , childrens stories, iemalayalam

മിയയ്ക്ക് ആ നല്ല കാലമോര്‍ത്തപ്പോ സങ്കടം വന്നു. എന്തുമാത്രം മീനുകളും ആമകളും ഉണ്ടായിരുന്നു ആ കുളത്തില്‍. പിന്നെ നിറയെ താമരപ്പൂക്കളും അതിലെ തേന്‍ കുടിക്കാന്‍ വരുന്ന കരിവണ്ടത്താന്മാരുടെ മുരളലും - ഒക്കെക്കൂടി എന്തു രസമായിരുന്നു.

ശങ്കു പറഞ്ഞു "ഈ മനുഷ്യര്‍ക്ക് കുളമോ തോടോ കായലോ കടലോ ഒക്കെ നികത്തിയാലും വേണ്ടില്ല കടം വാങ്ങിച്ചായാലും വേണ്ടില്ല വീടു വയ്ക്കണം, വീടു വയ്ക്കണം എന്നാണാഗ്രഹം."

പെട്ടെന്ന് രണ്ടു തുള്ളി മഴ വീണു ആകാശത്തുനിന്ന്. മിയത്തവളയുടെ കണ്ണിനു മുകളിലാണാ മഴത്തുള്ളികള്‍ വീണത്. അവളാദ്യം മഴത്തുള്ളിത്തണുപ്പു കാരണം ഒന്നു ഞെട്ടിപ്പോയി. പിന്നെ "ദാ മഴ വരാന്‍ തുടങ്ങുന്നു..." എന്നു പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും ചാട്ടവും ബഹളവുമൊക്കെയായി.

മരം കൊത്തി സങ്കടം പറഞ്ഞു "എന്റെ മേത്തു വീണില്ലല്ലോ ഒരു തുള്ളി മഴയും."

"അത് ആ കൂറ്റന്‍ തേക്കിലയില്‍ വീണു കാണും, അങ്ങനെ നീ അറിയാതെ പോയതാവും. തേക്കിലയുടെ മറവില്ലാത്ത ഒരിടത്തേയ്ക്ക് നീ പറന്നിറങ്ങിയിരുന്നു നോക്ക്. അപ്പോഴറിയാം ഓരോന്നായി മഴത്തുള്ളികള്‍ വീഴുന്നത്," എന്നു പറഞ്ഞു മിയത്തവള.

താഴെ നിലത്തിറങ്ങി മിയത്തവളയുടെ അടുത്തിരുന്നതും അവന്റെ തലയിലെ ചുവന്ന പൂവില്‍ വന്നു വീണു രണ്ടു തുള്ളി മഴ. അവനും ഒത്തിരി സന്തോഷമായി.

മരം കൊത്തിശങ്കുവിന്റെ തലയിലെ പൂവില്‍ വീണ മഴത്തുള്ളി അവന്‍ തലയിളക്കി വീഴ്ത്തി ദേഹത്തേയ്ക്ക്. ഒരു കുഞ്ഞു തണുപ്പു കിട്ടി അവനും. എന്നിട്ടവനും "മഴ വരുന്നേ," എന്നു ബഹളമായി.

അപ്പോഴതു വഴി അവിടെങ്ങും കണ്ടു പരിചയമില്ലാത്ത ഒരു കാക്ക വന്നു. "എന്താ രണ്ടുപേരും കൂടി തുള്ളലും ചാട്ടവും," എന്നു ചോദിച്ച് അവനും വന്ന് നിലത്തിരുന്നു.

"നീ അറിഞ്ഞില്ലേ, മഴ വരണു, ഉഷ്ണം ശമിക്കാന്‍ പോണു," എന്നു പറഞ്ഞു മരം കൊത്തിയും തവളയും.
അതു കേട്ടതും കാക്ക ഒരു കളിയാക്കിച്ചിരി തുടങ്ങി.

"എന്തെടോ കളിയാക്കുന്നത്?" കാര്യം പറ എന്നായി മിയയും ശങ്കുവും.

"അപ്പുറത്ത് ചെടിയുടെ ഇടയില്‍ നില്‍ക്കുന്ന കുട്ടി, ഹോസ് വച്ച് ചെടിയ്ക്ക് നനച്ചപ്പോ നിങ്ങളുടെ മേത്ത് വെള്ളം തെറിച്ചു വീണതാണ്. അല്ലാതെ മഴയൊന്നും വന്നിട്ടില്ല ഇവിടെങ്ങും."

അവര് തിരിഞ്ഞു പുറകിലോട്ട് നോക്കുമ്പോഴുണ്ട് ഗൗരിക്കുട്ടി സക്കൂളുവിട്ടു വന്ന് ചെടിയ്ക്കു നനക്കുകയാണ്.

അവരെ കണ്ടതും അവള്‍ ഹോസിലെ വെള്ളം മഴുവന്‍ അവരുടെ ദേഹത്തേയ്ക്ക് ചീറ്റിച്ചു കൊണ്ട് ചോദിച്ചു, "നല്ല ചൂടല്ലേ, നിങ്ങളെ ഞാനൊന്ന് കുളിപ്പിച്ചു തണുപ്പിയ്ക്കട്ടെ?"

മിയയും ശങ്കവും അനങ്ങാതിരുന്ന് ഹോസ് വെള്ളത്തില്‍ നനഞ്ഞു രസിച്ചു. ഇതൊരു കുഞ്ഞു മഴപോലുണ്ട്, നല്ല തണുപ്പ്, നല്ല സുഖം," എന്ന് കാക്കയോട് വിളിച്ചു പറഞ്ഞു അവര്‍.

priya as , childrens stories, iemalayalam


ഒടുവില്‍ കാക്കയും വന്നാ ഹോസ് മഴ കൊണ്ടു. "ചൂടു സഹിക്കാന്‍ വയ്യാതെ എരിപൊരി സഞ്ചാരം നടത്തുകയായിരുന്നു ഞാനും," എന്ന് അവന്‍ പിന്നെ അവരോട് പറഞ്ഞു. അവന്റെ പേര് ചോദിച്ചു അവര്‍. കാസിം എന്നു പറഞ്ഞു അവന്‍.

അതിനിടെ ചെടിക്കു നനക്കല്‍ നിര്‍ത്തി വീടിനകത്തേയ്ക്കു കയറിപ്പോയി ഗൗരിക്കുട്ടി. ഹോസ് മഴയ്ക്ക് അവര്‍ മൂന്നു പേരും ചേര്‍ന്ന് അവളോട് താങ്‌സ് പറഞ്ഞു.

പിന്നെ തത്ക്കാലം കിട്ടിയ തണുപ്പു രസിച്ച് കൂനിക്കൂടിയിരുന്ന് ആകാശത്തേയ്ക്ക് നോക്കി. മഴ വരാനുള്ള ലക്ഷണം വല്ലതുമുണ്ടോ?

തവള പറഞ്ഞു "ഞാന്‍ പേക്രോം പേക്രോം പാടിയാല്‍ മഴ വരും."

"എന്നാപ്പിന്നെ താമസിയ്ക്കണ്ട, വേഗം പാട്," എന്നു പറഞ്ഞു കാസിം.

കാസിം, പേക്രോമിന്റെ കൂടെ തന്റെ കാകാപ്പാട്ടും കൂടി ചേര്‍ത്തു. മരംകൊത്തി ശങ്കു മരത്തിന്മേലവന്റെ കൊക്കു കൊണ്ട് 'ടക് ടക്' താളമിട്ടു.

"ഹൗ എന്തൊരു ചൂട്, തവളപ്പാട്ട് കേള്‍ക്കുന്നുണ്ടല്ലോ, അപ്പോപ്പിന്നെ രാത്രിയിലെങ്ങാനും ശരിയ്ക്കും മഴ വരുമായിരിയ്ക്കും അല്ലേ?" എന്നു ചോദിച്ച് ഗൗരിയുടെ അമ്മ മുന്‍ വശത്തു വന്നുനിന്നു.

"നിങ്ങള്‍ക്കും ചൂടു സഹിക്കണില്ല അല്ലേ, കുളം വറ്റിച്ച് അതു നികത്തി വീടു വയ്ക്കുമ്പോ ഓര്‍ക്കണമായിരുന്നു ചൂടിന്റെ കാര്യം," എന്നു മിയത്തവള ഗൗരിയുടെ അമ്മയെ ദേഷ്യപ്പെട്ടു.

മിയ ദേഷ്യപ്പെട്ടതൊന്നും മനസ്സിലാകാതെ, വിശറി എടുത്തു വീശിക്കൊണ്ട് മുന്‍ വശത്തെ കസേരയിലിരുന്നു അമ്മ.

എന്നിട്ടമ്മ മിയത്തവവളയെ മുറ്റത്തു നിന്ന് കണ്ടു പിടിച്ച് ചോദിച്ചു, "ഹേയ് തവളേ , എന്താ നിനക്കും ചൂടെടുക്കണുണ്ടോ?"

"അവള്‍ക്കു മാത്രമല്ല ഞങ്ങള്‍ക്കും ചൂടെടുക്കുന്നുണ്ട്," എന്നു പറഞ്ഞു ശങ്കുവും കാസിമും. അതമ്മയ്ക്ക് മനസ്സിലായോ എന്തോ.

മഴ വന്നിട്ടേ ഇനി ബാക്കികാര്യമുള്ളൂ എന്ന മട്ടില്‍ അവരെല്ലാം അങ്ങനെ് മഴമേഘങ്ങളെയും നോക്കി അവിടവിടെ ചിതറി നിന്നു.

രാത്രിയില്‍ നല്ലൊരു മഴ പെയ്യുമായിരി്ക്കും, ഇനി മനുഷ്യര്‍ കുളം നികത്തി വീടു വയ്ക്കില്ലായിരിയ്ക്കും എന്നൊക്കെ പറഞ്ഞു കൊണ്ട് അപ്പോ കുറേ കുഞ്ഞുക്കുരുവികളും അങ്ങോട്ടു വന്നു.

മഴ കാത്തുനില്‍ക്കുന്നവരുടെ കൂട്ടം വലുതായി വലുതായി ഗൗരിയുടെ മുറ്റം നിറഞ്ഞു കവിയുമോ ആവോ?

Priya As Stories Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: