scorecardresearch

പാവമുറിയിലെ ചില സംഭവങ്ങള്‍

"ഇന്നാള് ബബിത സ്‌ക്കൂളില്‍ നിന്നു വരുമ്പോ ,ഉറങ്ങുന്ന മുത്തച്ഛന്റെ നെഞ്ഞത്ത് കിടന്നുറങ്ങുന്നു ആനി. ബബിതയ്ക്കതുകണ്ട് ചിരി വന്നു."കുട്ടികൾക്ക് വായിച്ചു രസിക്കാൻ പ്രിയ എ എസ് എഴുതിയ ഓണക്കാല കുട്ടിക്കഥ

"ഇന്നാള് ബബിത സ്‌ക്കൂളില്‍ നിന്നു വരുമ്പോ ,ഉറങ്ങുന്ന മുത്തച്ഛന്റെ നെഞ്ഞത്ത് കിടന്നുറങ്ങുന്നു ആനി. ബബിതയ്ക്കതുകണ്ട് ചിരി വന്നു."കുട്ടികൾക്ക് വായിച്ചു രസിക്കാൻ പ്രിയ എ എസ് എഴുതിയ ഓണക്കാല കുട്ടിക്കഥ

author-image
Priya A S
New Update
priya as , childrens stories, iemalayalam

പാവക്കുട്ടിയുടെ പേര് ആനി.

നല്ല നീലക്കണ്ണായിരുന്നു ആനിക്ക്. പിന്നെ നീളന്‍ സ്വര്‍ണ്ണത്തല മുടിയും. ബബിതക്കുട്ടിയ്ക്ക് അവളുടെ പാവകളില്‍ വച്ചേറ്റവും ഇഷ്ടം ആനിയെയായിരുന്നു. വെറുതെയിരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം ബബിതയ്ക്ക് ആനി കൂട്ടുവേണം. ബബിത ഉറങ്ങുമ്പോള്‍ അവള്‍ ആനിയെ കൂടെ പുതപ്പിച്ചു കിടത്തും. ആനിയെ കെട്ടിപ്പിടിച്ചാണവള്‍ ഉറങ്ങുക.

Advertisment

ആനിയോടുള്ള ബബിതയുടെ ഇഷ്ടക്കൂടുതല്‍ കണ്ട് ബാക്കി പാവകള്‍ക്കെല്ലാം ആനിയോട് ഭയങ്കര അസൂയയായി എന്നു പറഞ്ഞാല്‍ മതിയല്ലോ. പാവമുറിയില്‍ വച്ച് അവരൊക്കെ കൂടി തരം കിട്ടുമ്പോഴെല്ലാം ആനിയെ കടിക്കും, പിച്ചും.

ബബിത സ്‌ക്കൂളില്‍ പോകുമ്പോഴാണ് ഉപദ്രവം കൂടുതല്‍. ബബിതയ്ക്ക് എന്നോടിഷ്ടക്കൂടുതലുള്ളതിന് എന്നെയെന്തിനാ ഇങ്ങനെ ഉപദ്രവിക്കുന്നത് എന്ന് അവള്‍ അവരോടെല്ലാം ചോദിച്ചു നോക്കി. ആരും അവള്‍ക്ക് ഒരുത്തരം കൊടുത്തില്ല. അങ്ങനെ ചോദിച്ചപ്പോഴെല്ലാം അവരവളുടെ സ്വര്‍ണ്ണത്തല മുടിയില്‍ പിടിച്ചു വലിച്ചു.

ബബിത സ്‌ക്കൂളില്‍ നിന്നു വരുമ്പോഴെല്ലാം, ആനിയുടെ ചീകിക്കെട്ടിവച്ച തലമുടി അഴിഞ്ഞു ചപ്രശാ എന്ന് കിടക്കുന്നതും അവളുടെ ഉടുപ്പിന്റെ ബട്ടണ്‍ പൊട്ടിയിരിക്കുന്നതും ഒരു കാലിലെ ഷൂ അഴിഞ്ഞു പോയിരിക്കുന്നതുമെല്ലാം കണ്ട് അത്ഭുതപ്പെട്ടു. "ആരാണെന്റെ ആനിയെ ഞാനില്ലാത്തപ്പോഴെല്ലാം ഉപദ്രവിക്കുന്നത്?"

Advertisment

"ഞാന്‍ ഇവിടില്ലാത്തപ്പോ അമ്മ ആനിയെ തീരെ ശ്രദ്ധിക്കുന്നില്ല. ഞാന്‍ സ്‌ക്കൂളീന്നു തിരിച്ചു വരുമ്പോഴുള്ള അവളുടെ ഒരു കോലം കണ്ടില്ലേ?" എന്ന് ബബിത അമ്മയോട് പരിഭവിച്ചു.

"ഇവിടെ എനിക്ക് വേറെ നൂറുകൂട്ടം കാര്യങ്ങളുണ്ട്, അതിനെടയിലാ നിന്റെ ഒരു പാവക്കാര്യം," എന്ന് ദേഷ്യപ്പെട്ടു അമ്മ.

priya as , childrens stories, iemalayalam

"നിന്നെയാരാ ആനീ ഉപദ്രവിക്കുന്നത്,?" എന്ന് ബബിത ആനിയോട് നേരിട്ടു ചോദിച്ചെങ്കിലും ആനി കാര്യമൊന്നും തുറന്നു പറഞ്ഞില്ല. അങ്ങനെ പറഞ്ഞാല്‍ ബബിത പോകുമ്പോള്‍ ബാക്കി പാവകളവളെ കൂടുതല്‍ ഉപദ്രവിച്ചാലോ എന്നവള്‍ക്കു പേടിയായിരുന്നു .

ഒരു ദിവസം ബബിത നോക്കുമ്പോഴുണ്ട് ആനിയുടെ നീലക്കണ്ണ് ആരോ ഞെക്കി പുറത്തുചാടുന്ന പരുവത്തിലാക്കിയിരിക്കുന്നു. ബബിതയ്ക്ക് അവളുടെ പുന്നാരപ്പാവയുടെ നീലക്കണ്ണിന്റെ അവസ്ഥ കണ്ട് ദേഷ്യവും സങ്കടവും വന്നു. ആനിയുടെ കണ്ണ് തുന്നി ശരിയാക്കി അവള്‍.

അന്നു മുതല്‍ ആനിയെ മുത്തച്ഛന്റെ മുറിയിലാക്കി സ്‌ക്കൂളില്‍ പോകാന്‍ തുടങ്ങി ബബിത. അവിടാകുമ്പോ മുത്തച്ഛനെപ്പോഴും വായനയുടെ ഇടയില്‍ കൂടി ആനിയെ നല്ലോണം ശ്രദ്ധിച്ചോളും.

ബാക്കി പാവകള്‍ പാവമുറിയിലില്‍ ആനിയെ തിരഞ്ഞു നടക്കുകയാണിപ്പോഴും. അവര്‍ക്ക് ആനിയെ ഉപദ്രവിച്ചാലേ സമാധാനമാകൂ എന്ന മട്ടിലായിരുന്നു അവരെല്ലാം.

ബബിതയ്ക്ക് ആനിയെ കൂടുതലിഷ്ടമായതിന് പാവം ആനിയെന്തു പിഴച്ചു?

ഒരു കുട്ടിയ്ക്ക് കുറേ പാവകളുണ്ടെങ്കില്‍ അതിലൊരെണ്ണത്തിനോട് ഇത്തിരി ഇഷ്ടക്കൂടുതലൊക്കെയാവാം എന്ന് മുത്തച്ഛന്‍ ബബിതയോട് പറഞ്ഞു.

priya as , childrens stories, iemalayalam

മുത്തച്ഛനുമിപ്പോ ആനിയുടെ കമ്പനി നല്ല ഇഷ്ടമായി. അവള്‍ക്ക് മുത്തച്ഛന്‍ നല്ല നല്ല കഥകള്‍ പറഞ്ഞു കൊടുക്കുന്നുണ്ട്. മുത്തച്ഛന് വായിക്കാന്‍ നേരം കണ്ണട, എഴുതാന്‍ നേരം പേന അതൊക്കെ കൃത്യ സമയത്ത് എടുത്തു കൊടുക്കുന്നതിപ്പോ ആനിയാണ്.

ഇന്നാള് ബബിത സ്‌ക്കൂളില്‍ നിന്നു വരുമ്പോ ,ഉറങ്ങുന്ന മുത്തച്ഛന്റെ നെഞ്ഞത്ത് കിടന്നുറങ്ങുന്നു ആനി. ബബിതയ്ക്കതുകണ്ട് ചിരി വന്നു.

അവള്‍ പാവമുറിയിലെ പാവകളെ എടുത്തു കൊണ്ടു വന്ന് ആ കാഴ്ച കാണിച്ചു കൊടുത്തു. "ആഹാ, ആ നി ഇവിടെയാണല്ലേ ഇപ്പോ താമസം?" എന്നു പാവകള്‍ അന്യോന്യം പറഞ്ഞു.

അക്കൂട്ടത്തിലെ ഏറ്റവും വലിയ പാവയായ താരക തന്നത്താന്‍ പറഞ്ഞു, "അവളടുത്തുണ്ടായിരുന്നപ്പോ അവളെ കണ്ടോണ്ടിരിക്കാന്‍ നല്ല രസമായിരുന്നു. എന്തൊരു സുന്ദരിയാണ് അവള്‍?"

അപ്പോ ബാക്കി പാവകളും, "അതെ, അതെ" എന്നു പറഞ്ഞു.

"എന്താ നിങ്ങള്‍ പറയുന്നത്?" എന്നു ചോദിച്ചു ബബിത.

"ഏയ് ഒന്നുമില്ല," എന്നു കള്ളത്തരം പറഞ്ഞു പാവക്കൂട്ടം.

എന്നാലും പാവമുറിയില്‍ വച്ച് ആരാവും ആനിയെ ഉപദ്രവിച്ചോണ്ടിരുന്നത് എന്നത്ഭുതപ്പെട്ടു നിന്നു ബബിത...

"ഭിത്തിയിലെ വല്ല പല്ലിയോ ജനലിലൂടെ കടന്നു വന്ന കിളിയോ ആയിരിക്കും ആനിയെ പാവ മുറിയിൽ വച്ച് ഉപദ്രവിച്ചോണ്ടിരുന്നത്, അല്ലേ?" എന്നു ചോദിച്ചു ബബിത.

പാവകൾ തല കുലുക്കി. എന്നിട്ടവര് ഒരേ സ്വരത്തിൽ പറഞ്ഞു. "ഇനി ആരും ആനിയെ ഉപദ്രവിക്കാതെ ഞങ്ങൾ നോക്കിക്കോളാം. അവളില്ലാഞ്ഞിട്ട് ഒരു രസവുമില്ല."

എന്നിട്ടവരെല്ലാം ആ നിയെ ഉമ്മവച്ചു. അവൾ മാത്രം കേൾക്കാൻ പാകത്തിൽ അവർ അവളോട് സോറി പറഞ്ഞു. "നീയാണ് നമ്മുടെ പാവ മുറിയെ സുന്ദരമാക്കുന്നത്," എന്നുകൂടി അവരവളുടെ ചെവിയിൽ മന്ത്രിച്ചു.

അവർ തന്നോട് ഇതുവരെ ചെയ്തതെല്ലാം മറന്ന് ആനി അവരെയെല്ലാം ഉമ്മ വച്ചു.

ഇടയ്ക്കിടെ മുത്തച്ഛൻ പാവമുറിയിൽ ചെന്ന് സൂപ്പർ വിഷൻ നടത്തണമെന്ന് ബബിത മുത്തച്ഛനെ പറഞ്ഞേൽപ്പിച്ചു. എല്ലാ ദിവസവും ഉച്ചവരെ ആനിയെ എനിയ്ക്കു വേണമെന്ന് പറഞ്ഞു മുത്തച്ഛൻ.

ആനിക്കു വേണ്ടി എന്തൊരു ഡിമാൻഡാണ് എന്നു അത്ഭുതപ്പെട്ടു ബബിത.

"നല്ലവർക്കു വേണ്ടി എപ്പഴും വല്യ ഡിമാൻഡാണ്," എന്നു പറഞ്ഞു മുറിയിലൂടെ കയറിയിറങ്ങിയ കാറ്റിനെ ഉടുപ്പിൻ്റെ പോക്കറ്റിൽ പിടിച്ചുവച്ചു ചിരിച്ചു ബബിതയും പാവക്കുട്ടികളും കൂടി.

Children Literature Malayalam Writer Short Story

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: