scorecardresearch
Latest News

നിറം മാറുന്ന ഓന്ത്, വാല് മുറിച്ചിടുന്ന പല്ലിയും

“സൂത്രം കാണിച്ച് ശത്രുക്കളില്‍ നിന്നു രക്ഷപ്പെടുന്ന വേറൊരു കുഞ്ഞന്‍ ജീവിയുണ്ട് .അവന്‍ നമ്മുടെയൊക്കെ അടുത്തുതന്നെയാണ് താമസം. ” കുട്ടികൾക്ക് വായിച്ചു രസിക്കാൻ പ്രിയ എ എസ് എഴുതുന്ന ഓണക്കാല കുട്ടിക്കഥ.

നിറം മാറുന്ന ഓന്ത്, വാല് മുറിച്ചിടുന്ന പല്ലിയും

ഓന്തിന്റെ പേര് ആന്റപ്പന്‍. അവന്‍ അതികലശലായ ഗമക്കാരനായിരുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് എനിക്കു നിറം മാറാന്‍ കഴിയും, അങ്ങനെ എത്രയെത്ര ആപത്തുകളില്‍ നിന്നു ഞാന്‍ തന്നത്താനേ രക്ഷപ്പെട്ടിട്ടുണ്ടെന്നോ? വഴിയേ പോണ ഉറുമ്പിനോടും അണ്ണാരക്കണ്ണനോടും കാക്കയോടും ഒക്കെ അവന്‍ വീരവാദം മുഴക്കും.

ഒരു ദിവസം അവനങ്ങനെ കഴുത്തു നീട്ടിപ്പിടിച്ച് കണ്ടോ എന്റെ ഭംഗി എന്ന മട്ടില്‍ ഒരു ചുവപ്പും മഞ്ഞയും കലര്‍ന്ന നിറത്തില്‍ മുറ്റത്തെ തേക്കിലിരിപ്പായിരുന്നു. ചെറുജീവികളെ തക്കം നോക്കിറാഞ്ചി കരുമുരാ എന്നു സാപ്പിടുന്ന ഒരു പ്രാപ്പിടിയന്‍ പറന്നു വന്നു തേക്കിന്‍ കൊമ്പിലിരുന്ന് എന്തേലും ജീവികളുണ്ടോ ചുറ്റുപാടിലെങ്ങാനും കൊത്തിപ്പറക്കാന്‍ പാകത്തിലെന്നു നോക്കി.
അപകടം മനസ്സിലാക്കിയ ഓന്തപ്പന്‍ ആന്റപ്പന്‍ എന്തു ചെയ്തന്നറിയാമോ? അവന്‍ പെട്ടെന്ന് തേക്കിന്‍ തടിയുടെ ഉണക്ക നിറത്തിലേക്ക് നിറം മാറി തേക്കിന്‍ തടിയോട് ചേര്‍ന്ന് പതുങ്ങിയിരുന്നു.

കുറച്ചു നേരം കൂടി അവിടെയിരുന്ന് തന്റെ വട്ടക്കണ്ണു കൊണ്ട് പ്രാപ്പിടിയന്‍ എല്ലായിടവും അരിച്ചുപെറുക്കി നോക്കി. തിന്നാന്‍ പറ്റിയ ഒന്നിനെയും കിട്ടാതെ വിഷണ്ണനായി രണ്ടു മൂന്നു പ്രാവശ്യം ചിറകുകുടഞ്ഞ ശേഷം പ്രാപ്പിടിയന്‍ സ്ഥലം വിട്ടതും ഓന്ത് തല പൊക്കി. എന്നിട്ടവന്‍ തന്റെ നിറം പച്ച നിറമാക്കി പച്ചപ്പുല്‍ത്തകിടിയില്‍ പോയിരുന്നത് കണ്ട് കാക്കയും അണ്ണാനും ഉറുമ്പും വിസ്മയിച്ചു നിന്നു.

അവന്‍ വെറുതെയല്ല ഗമക്കാരനായത് എന്നു തോന്നിപ്പോയി അവര്‍ക്ക്. അവരെല്ലാം ചെന്നവന് ഷേക്ക് ഹാന്‍ഡ് കൊടുത്തു. എന്നിട്ടവരവനെ പുകഴ്ത്തി.

“ചങ്ങാതീ നിന്റെ നിറം മാറാനുള്ള കഴിവ് ഞങ്ങള്‍ക്കിപ്പോഴാ കണ്ട് ബോദ്ധ്യപ്പെട്ടത്. നീ വെറുതെ പുളുവടിക്കുകയാണെന്നാ ഞങ്ങള്‍ വിചാരിച്ചത്. എന്തു രസമാണ് നിന്റെയീ പച്ച നിറം, ഞങ്ങളൊന്നു തൊട്ടു നോക്കട്ടെ,” എന്നു ചോദിച്ചു അവരവനോട്.

ഓന്തപ്പന്‍ ആന്റപ്പന്‍ അവര്‍ക്ക് തൊടാന്‍ പാകത്തില്‍ വാലു നീട്ടി ഇരുന്നു കൊടുത്തു.
എന്നിട്ടവന്‍ അവരോടു പറഞ്ഞു “ഇതുപോലെ വേറൊരു സൂത്രം കാണിച്ച് ശത്രുക്കളില്‍ നിന്നു രക്ഷപ്പെടുന്ന വേറൊരു കുഞ്ഞന്‍ ജീവിയുണ്ട് .അവന്‍ നമ്മുടെയൊക്കെ അടുത്തുതന്നെയാണ് താമസം. ശരിക്കും ഒരു വിരുതന്‍ ശങ്കു തന്നെയാണവന്‍.”

“അതാരാ ഞങ്ങളറിയാത്ത ആ വിരുതന്‍,” എന്നായി കാക്കയുടെയും അണ്ണാന്റെയും ഉറുമ്പിന്റെയും സംശയം.

priya as , childrens stories, iemalayalam

ഓന്തപ്പനവരെ മതിലിലെ ലെറ്റര്‍ ബോക്‌സിലേക്കു വിളിച്ചു കൊണ്ടുപോയി. ഇതില്‍ ആരാണപ്പാ താമസം? അവനേതു വിരുതന്‍ എന്നായി അവരുടെ സംശയം. ഓന്ത് ലെറ്റര്‍ ബോക്‌സ് തുറന്നതും ദാ പുറത്തേക്കു ചാടിയല്ലോ ഏതോ ഒരു ജീവി.

“ഹമ്പടാ, ഇതൊരു പല്ലിയല്ലേ? ഇവനിതിനകത്താണോ താമസം, പക്ഷേ ഇവനെങ്ങനെ ഒരു വിരുതന്‍ ആവും? ഇവനും ശത്രുക്കള്‍ വരുമ്പോ നിറം മാറുമോ? പക്ഷേ ഇതുവരെ ഞങ്ങളാരും കണ്ടിട്ടില്ലല്ലോ ഒരു ചുവന്ന പല്ലിയെയോ പച്ചപ്പല്ലിയെയോ?” എന്നെല്ലാം തുരുതുരാ സംശയം ചോദിക്കലായി അവര്‍ ഓന്തിനോട്.

അപ്പോഴുണ്ട് ദാ വരുന്നു സപ്പോട്ടാമരത്തില്‍ നിന്ന് ‘കട, കട’ എന്ന ഒച്ചയില്‍ ചിറകടിച്ചു കൊണ്ട് ഒരു നരിച്ചീറ്. അവന്‍ പല്ലിയെലക്ഷ്യമാക്കി അതിനെ കൊത്തിത്തിന്നാനുള്ള വരവാണ് എന്നവര്‍ക്കെല്ലാം മനസ്സിലായി. ലെറ്റര്‍ ബോക്‌സ് തുറന്നിട്ടതു കാരണമാണ് പല്ലി നരിച്ചീറിന്റെ കണ്ണില്‍പ്പെട്ടത്, നമ്മള് കാരണം അവനെ നരിച്ചീറ് കൊത്തിക്കൊണ്ടുപോയി തിന്നുമല്ലോ എന്നു വിചാരിച്ച് അവര്‍ കിടുകിടാ വിറച്ചു നിന്നു.

അപ്പോഴുണ്ട് പല്ലിത്താന്റെ വാല്‍ താനേ മുറിഞ്ഞു വീഴുന്നു, വാല്‍ കിടന്നു പിടക്കുന്നു. പിടക്കുന്നത് പല്ലിയാണെന്നു വിചാരിച്ച് നരിച്ചീറതാ പല്ലിവാലിനെ കൊത്താനൊരുങ്ങുന്നു, ഇത് പല്ലിയല്ല പല്ലിവാലാണെന്നു മനസ്സിലാകുന്നു നരിച്ചീറിനൊടുവില്‍. അവന്‍ ഇളിഭ്യനായി സപ്പോട്ടമരത്തിലേക്ക് പറന്നു പോകുന്നത് സുരക്ഷിതമായൊരിടത്തിരുന്ന് കാണുന്നു നമ്മുടെ പല്ലിത്താന്‍.

രംഗം ശാന്തമായപ്പോ പല്ലിത്താന്‍, ലെറ്റര്‍ ബോക്‌സിലേക്കു തന്നെ ഇറങ്ങി വന്നു. നിറം മാറുന്ന ഓന്ത്, വാലുമുറിച്ചിട്ടോടുന്ന പല്ലിയെ അവര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഇങ്ങനൊരു വമ്പന്‍ വിദ്യക്കാരനെ പരിചയപ്പെടുത്തിയതിന് കാക്കയും അണ്ണാനും ഉറുമ്പും ഓന്തിനോട് നന്ദി പറഞ്ഞു. അവര്‍ പല്ലിയെ, വാല്‍ മുറിച്ചിട്ടോടി ശത്രുക്കളില്‍ നിന്നു രക്ഷപ്പെടുന്ന വിദ്യയൊക്കെ വശത്താക്കിയതിന്റെ പേരില്‍ വാനോളം പുകഴ്ത്തി. അവരവനോട് അവന്റെ പേരു ചോദിച്ചു. അവന്‍ പറഞ്ഞു “വിരുതന്‍ ശങ്കു.”

“നല്ല ഉഗ്രന്‍ പേര്,” എന്നു പറഞ്ഞു അവരെല്ലാവരും.

priya as , childrens stories, iemalayalam

ആന്റപ്പന്‍ ഓന്തപ്പനും വിരുതന്‍ ശങ്കുവും കൂടി പിന്നെ ഒരു പാട് വര്‍ത്തമാനം പറഞ്ഞു നില്‍ക്കുന്നതിനിടെ ഉറുമ്പും കാക്കയും അണ്ണാനും ഇരതേടിപ്പോയി. ഈ പ്രകൃതിയമ്മ സ്വന്തം മക്കളെ രക്ഷിക്കാന്‍ എത്രയെത്ര സൂത്രപ്പണികളാണൊരുക്കിയിരിക്കുന്നത് അല്ലേ എന്നവര്‍ അത്ഭുതപ്പെട്ടു അന്നു മുഴുവനും.

അന്നത്തേതില്‍പ്പിന്നെ ഉറുമ്പും അണ്ണാനും കാക്കയും എന്നും ലെറ്റര്‍ ബോക്‌സിനടുത്തു വന്ന് അതിന്മേല്‍ തട്ടിവിളിക്കും. “വായോ വിരുതന്‍ശങ്കൂ, നമുക്കിത്തിരി നേരം മിണ്ടീം പറഞ്ഞുമിരിക്കാം . അല്ലെങ്കില്‍ എന്തേലും കളിക്കാം.

അവരങ്ങനെ രസിക്കുന്നതിനിടയിലേക്ക് ആന്റപ്പനോന്തും വരും. അങ്ങനെയൊരു ദിവസം ഓന്തപ്പന്‍ ആന്റപ്പന്‍ ചോദിച്ചു, “എടാ ശങ്കൂ എനിക്കും നിനക്കും പേരുണ്ട്. ഇവര്‍ക്കാര്‍ക്കും പേലില്ലല്ലോ. നമുക്കിവര്‍ക്ക് പറ്റിയ ഓരോ പേര് കണ്ടുപിടിച്ചാലോ?”

അവര്‍ തമ്മില്‍ത്തമ്മില്‍ ചര്‍ച്ച ചെയ്തും ആലോചിച്ചും മൂന്നാള്‍ക്കും പേര് കണ്ടെത്തി. കാക്കയുടെ പേര് പരീതു കുട്ടി. ഉറുമ്പിന്റെ പേര് എല്‍ദോസ്. അണ്ണാന്റെ പേര് ചക്രവര്‍ത്തിനി. ഒരു കാര്യം പറയാന്‍ മറന്നു അതിനിടെ. വിരുതന്‍ ശങ്കുവിന് അതിനിടെ പുതിയ വാല് കിളിര്‍ത്തിരുന്നു കേട്ടോ.

“എങ്ങനുണ്ട് പേര് എന്നവരതു വഴി?” പഴുത്തില കുലുക്കിത്താഴെയിട്ടു പോയ കാറ്റിനോട് ചോദിച്ചു.

“കൊള്ളാം, കൊള്ളാം, ഉഗ്രന്‍ പേര്,” എന്ന് കാറ്റ് തലകുലുക്കിയതു നിങ്ങള്‍ കണ്ടിരുന്നോ കൂട്ടുകാരേ?

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Onakatha priya a s niram maarunna oonthuvaalu murichidunna palliyum