സ്‌കൂളിന് ഓണ ഒഴിവായിരുന്നിട്ടും മഞ്ഞത്തുമ്പി രാവിലെ അമ്മ വിളിക്കാതെ തന്നെ എഴുന്നേറ്റു. എന്നിട്ട് മുറ്റത്ത് കുറച്ചു നേരം പറന്നു. പിന്നെ ക്ഷീണിച്ചിരുന്ന് വയലറ്റ് പൂവിലെ തേന്‍ കുടിച്ചു.
അപ്പോഴേക്ക് അവളുടെ കൂട്ടുകാരി നീലത്തുമ്പി അവിടേക്ക് പറന്നു വന്നു. അവരു രണ്ടും കൂടി ചേര്‍ന്നിരുന്ന് നാട്ടിലെയും വീട്ടിലെയും വിശേഷങ്ങള്‍ പറഞ്ഞു. തക്കുടു പൂച്ചയ്ക്ക് രണ്ടു കുട്ടികളുണ്ടായതും അടുത്ത വീട്ടിലെ അമ്മാളുക്കുട്ടി കമിഴ്ന്നുവണു നീന്താന്‍ തുടങ്ങിയതും ലീലപ്പശു അവളുടെ പാലു കറക്കാന്‍ വന്ന മത്തായിച്ചേട്ടനെ കൊമ്പു കുലുക്കി പേടിപ്പിച്ചോടിച്ചതും പറഞ്ഞു മഞ്ഞത്തുമ്പി.
പരീക്ഷയ്ക്ക് ക്ളാസില്‍ ഫസ്റ്റായ കാര്യവും അതിനു സമ്മാനമായി അമ്മ അവള്‍ക്ക് ഒരു കോളാമ്പിപ്പൂ നിറയെ തേന്‍ വാങ്ങിക്കൊടുത്തതുമാണ് നീലത്തുമ്പിക്ക് പറയാനുണ്ടായിരുന്നത്.
അവരങ്ങനെ കൂട്ടുകൂടി രസിച്ചിരുന്നപ്പോള്‍ മിട്ടുനായ വാലാട്ടി വാലാട്ടി അവിടേയ്ക്കു വന്നു . “കുറേനാളായല്ലോ മിട്ടൂ കണ്ടിട്ട്,” എന്നായി തുമ്പികള്‍.
“ഓ എന്തു പറയാനാ, എനിയ്ക്കൊരാക്സിഡന്റായി ഇത്തിരി നാളുമുമ്പ്, നോക്ക് എന്റെ വാലു മുറിഞ്ഞതു കണ്ടോ?” എന്നു സങ്കടപ്പെട്ടു മിട്ടുനായ.
തുമ്പികള്‍ നോക്കി, ശരിയാണല്ലോ, അവന്റെ വാല് മുറിഞ്ഞ് അതിന്റെ നീളം കുറഞ്ഞിട്ടുണ്ടല്ലോ.
“എങ്ങനെ ആക്സിഡന്റ് പറ്റി?” എന്നു തിരക്കി തുമ്പികള്‍.
“വീടിന്റെ ഗേറ്റിനു പുറത്തേക്കിറങ്ങി വെറുതെ റോഡിലെ കാഴ്ചകള്‍ കണ്ടു നില്‍ക്കുമ്പോള്‍ ഒരു പയ്യന്‍സ് ബൈക്കില്‍ ചീറിപ്പാഞ്ഞുവന്ന് എന്നെ തട്ടിമറിച്ചിട്ടു, വാല് മുറിഞ്ഞു പോയി. പിന്നെ വീട്ടുകാര്‍ മൃഗഡോക്ടറുടെ അടുത്തു കൊണ്ടുപോയി, ഇന്‍ജക്ഷനും മരുന്നുമൊക്കെ വേണം എന്നു പറഞ്ഞു ഡോക്ടര്‍. കയ്പുള്ള മരുന്നായിരുന്നു. ഇന്‍ജക്ഷന് വലിയ വേദനയയായിരുന്നു. ഒരു നേഴ്സ് വന്ന് എന്നെ മരുന്നു തന്ന് ബോധം കെടുത്തി വാലിന് സ്റ്റിച്ചുമിട്ടു. ആകെ കഷ്ടപ്പാടായിരുന്നു രണ്ടാഴ്ചക്കാലം. എന്നെ വളര്‍ത്തുന്ന വീട്ടുകാര്‍ എന്നെ പൊന്നു പോലെ നോക്കിയത് വലിയ കാര്യം.” മിട്ടു വിസ്തരിച്ചു.
തുമ്പികള്‍ അവനെ സമാധാനിപ്പിക്കും പോലെ അവന്റെ മേല്‍ പറന്നിരുന്നു. അവന്റെ ചെവിയിലിരുന്നു നീലത്തുമ്പി. അവന്റെ മൂക്കിലിരുന്നു മഞ്ഞത്തുമ്പി.

മഞ്ഞത്തുമ്പി മൂക്കിലിരുന്നപ്പോ അവന് തുമ്മല്‍ വന്നു. തുമ്മലിന്റെ ശക്തിയില്‍ മഞ്ഞത്തുമ്പി തെറിച്ച് മണ്ണിലേയ്ക്ക് വീഴുന്നതു കണ്ടപ്പോ നീലത്തുമ്പിയ്ക്ക് ചിരി വന്നു.
നീലത്തുമ്പി തന്നെ കളിയാക്കി ചിരിച്ചത് തീരെ ഇഷ്ടപ്പെട്ടില്ല മഞ്ഞത്തുമ്പിക്ക്. അവള്‍ നീലത്തുമ്പിയോട് പിണങ്ങി. “നിന്നോട് കൂടൂല്ല ഞാന്‍,” എന്നു പറഞ്ഞു അവള്‍.
മിട്ടു ആകെ കുഴങ്ങിപ്പോയി. ആരുടെ പക്ഷം പിടിയ്ക്കും? ഒരാളുടെ പക്ഷം പിടിച്ചാല്‍ മറ്റേയാള്‍ പിണങ്ങില്ലേ?
മിട്ടു നല്ല സൂത്രക്കാരനാണല്ലോ .അവന്‍ അവരുടെ പിണക്കക്കാര്യങ്ങലൊന്നും കേള്‍ക്കാത്ത മട്ടില്‍ മുറ്റത്തു കൂടി വട്ടത്തില്‍ ഓടാന്‍ തുടങ്ങി. എന്നിട്ട് രണ്ടു തുമ്പികളോടും അവന്‍ ഉറക്കെ വിളിച്ചുപറഞ്ഞു. “ആരാദ്യം പറന്നു വന്ന് എന്റെ വാലിലിരിക്കും,” എന്നൊരു കളി കളിക്കാം നമുക്ക്.
കളി എന്നു കേട്ടപ്പോള്‍ നീലത്തുമ്പി പിണക്കക്കാര്യമെല്ലാം മറന്നേ പോയി. അവള്‍ ചെന്ന് നിലത്തു വീണ മഞ്ഞത്തുമ്പിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. എന്നിട്ട് പറഞ്ഞു “വാ കളിയ്ക്കാം നമുക്ക് മിട്ടുവിന്റൊപ്പം.”
നീലത്തുമ്പിയും മഞ്ഞത്തുമ്പിയും കൂടെ ഒന്നിച്ചു പറന്നു രസിക്കാന്‍ തുടങ്ങി. അവർ പറന്നു പോകുന്ന വഴിയേ ഒക്കെ ഓടി ഒപ്പമെത്തി മിട്ടു. അതിനിടെ ചിലപ്പോ മിട്ടുവിന്റെ മുറിവാലില്‍ വന്നിരുന്നു തുമ്പികള്‍ രണ്ടും.
അങ്ങനെ നായപ്പുറത്ത് സഞ്ചരിക്കെയാണ് അവര്‍ കണ്ടത് മുറ്റത്ത് പൂക്കളം. ഓണം വന്നു, നമ്മുടെ അമ്മുക്കുട്ടി അവളുടെ അമ്മയെ കൂട്ടുപിടിച്ച് ഇട്ട പൂക്കളമാണിത് “ഹായ് എന്തു ഭംഗിയല്ലേ?” എന്നു ചോദിച്ചു തുമ്പികള്‍.
മിട്ടു തന്റെ മേലിരിപ്പായ തുമ്പികളുമായി പൂക്കളം കാണാന്‍ ചെന്നുനിന്നു. അമ്മൂക്കുട്ടി പറഞ്ഞു “മിട്ടു നിന്റെ ഓണപ്പാച്ചില്‍ ഇവിടെ വേണ്ട, എന്റെ പൂക്കളം തട്ടിത്തൂവിപ്പോകും. മനസ്സിലായോ?”
മിട്ടു അതെല്ലാം മനസ്സിലായതു പോലെ അമ്മുക്കുട്ടിയുടെ മുഖത്തേക്കു നോക്കി നിന്നു . അമ്മുക്കുട്ടി പറഞ്ഞു “നീയല്ലേലും ഒരു മിടുക്കനാണ്. വേറെ ആരു പറഞ്ഞാലും അനുസരിച്ചില്ലെങ്കിലും നീ ഞാന്‍ പറഞ്ഞാല്‍ ഒക്കെയും അനുസരിക്കും, അല്ലേ മിട്ടൂ.”

അതെ, എന്നു പറയുമ്പോലെ മിട്ടു വാലാട്ടി. മിട്ടു വാലാട്ടിയപ്പോള്‍ നീലത്തുമ്പിയും മഞ്ഞത്തുമ്പിയും മിട്ടുവിന്റെ വാലില്‍ നിന്ന് പറന്നു പൊങ്ങി.
“ഹായ്, എന്തു ഭംഗിയുള്ള തുമ്പികള്‍, നീ ഇവരെ എന്നെ കാണിക്കാനായിട്ട് കൂട്ടിക്കൊണ്ടു വന്നതായിരിക്കും, അല്ലേ?” എന്നു ചോദിച്ച് അമ്മുക്കുട്ടി അവന്റെ താടിയില്‍ തഴുകി.
തുമ്പികള്‍ രണ്ടും പൂക്കളത്തിലെ പൂവുകള്‍ക്കു മീതെ പറന്നിരുന്നു.
“അവര്‍ക്ക് തീരെ കനമില്ല, അവര്‍ പൂക്കള്‍ക്കുമേലെ പറന്നിരുന്നാല്‍ പൂക്കളത്തിനു ഒന്നും പറ്റില്ല. അവര്‍ കാണിക്കുന്നതു കണ്ട് പൂക്കളത്തിനുമേലെ ഇരുന്നേക്കാം എന്നൊന്നും നീ വിചാരിച്ചേക്കല്ലേ. നിന്റെ കനം കൊണ്ട് പൂക്കളപ്പടി ചതഞ്ഞു പോകും,” എന്നു പറഞ്ഞ് അമ്മുക്കുട്ടി മിട്ടുവിനെ പൂക്കളത്തിനടുത്തുനിന്നു മാറ്റിനിര്‍ത്തി. അവന് അവളുടെ കൈയിലിരുന്ന ഒരു ഓണഉപ്പേരി കൊടുത്തു. അവനത് കറുമുറെ തിന്നു.
എന്നിട്ടവന്‍ പിന്നെയും പൂക്കളത്തിനടുത്തു ചെന്നുനിന്നു. അവന്‍ പൂക്കളം അലങ്കോലമാക്കില്ല എന്ന് അവന്റെ നില്‍പ്പു കണ്ടപ്പോള്‍ അമ്മുക്കുട്ടിക്ക് മനസ്സിലായി. “അല്ലെങ്കിലും നീ ഒരു ബുദ്ധിമാനല്ലേ?” എന്നു പറഞ്ഞ് അമ്മുക്കുട്ടി അവനെ തലോടി.
അപ്പോള്‍ തുമ്പികള്‍ പറന്നുവന്ന് അവന്റെ വാലില്‍ പിന്നെയുമിരിപ്പായി. അപ്പോള്‍ റോഡില്‍ കടുവാകളിയുടെ കൊട്ടും പാട്ടും കേട്ടു. എന്താ ബഹളമെന്നു നോക്കാന്‍ വാലിന്മേലെ തുമ്പികളുമായി ഗേറ്റിനടുത്തേയ്‌ക്കോടിപ്പോയി മിട്ടു.
“നിനക്ക് വാലിലെ വേദനയൊക്കെ മാറീല്ലേ, മിട്ടൂ?” എന്ന് ചോദിച്ച്, “ഇനി ഗേറ്റു തുറന്നു കിടന്നാലും പുറത്തേയ്‌ക്കൊന്നും ഇറങ്ങിപ്പോകരുത്, വല്ല വണ്ടീം വന്ന് തട്ടിയാലോ?” എന്നു താക്കീത് ചെയ്തു നിന്നു അമ്മുക്കുട്ടി.
ഒക്കെ മനസ്സിലായതു പോലെ ഗേറ്റിന്റെ അഴികളില്‍ പിടിച്ച് രണ്ടുകാലില്‍ നിന്നു മിട്ടു. തുമ്പികള്‍ അവന്റെ വാലിന്മേല്‍ നിന്നു പറന്നു പൊങ്ങി അവന്റെ ചെവിയിലിരിപ്പായി.
അവരങ്ങനെ എല്ലാവരും കൂടി നിന്നു കടുവാകളി കണ്ടു.
നിങ്ങള്‍ കണ്ടിട്ടുണ്ടോ ഓണക്കാലത്തെ കടുവാ കളിയാഘോഷങ്ങള്‍? ഇല്ലെങ്കില്‍ കാണണം കേട്ടോ.
Read More: പ്രിയ എ എസ് എഴുതിയ കുട്ടിക്കഥകള്‍ വായിക്കാം