scorecardresearch

അമ്മുക്കുഞ്ഞിന്റെ പിറന്നാൾ മുറി

“അതിനിടെ, തങ്കൂ നീ അമ്മൂന്റെ മുറീ ലേക്ക് കയറണത് കണ്ടല്ലോ. അവിടെന്താ പണി? ഒന്നൂടെ താറുമാറാക്കുകയാണോ അമ്മൂന്റെ മുറി എന്നു ചോദിച്ച് അമ്മ വന്നു ആ മുറിയിലേക്ക്.” കുട്ടികൾക്ക് വായിച്ചു രസിക്കാൻ പ്രിയ എ എസ് എഴുതിയ ഓണക്കാല കുട്ടിക്കഥ

അമ്മുക്കുഞ്ഞിന്റെ പിറന്നാൾ മുറി

അമ്മുക്കുഞ്ഞിന്റെ പിറന്നാളാണിന്ന്.

അമ്മുവിന്റെ പിറന്നാളാണെന്ന് അമ്മുവിന്റെ അമ്മ, അപ്പുറത്തെ വീട്ടിലെ ഉണ്ണിക്കുട്ടനോട് പറയുന്നത് വീരു അണ്ണാറക്കണ്ണൻ കേട്ടു.

പിറന്നാൾ കാര്യം അറിഞ്ഞതും വീരു ഓടിനടന്ന് കാസിം കാക്കയോടും മിയത്തവളയോടും അപ്പു ഓലേഞ്ഞാലിയോടും പങ്കുപ്പൂച്ചയോടും പറഞ്ഞു. അതു കേട്ടതും എല്ലാവരും ത്രില്ലിലായി. അവർ വട്ടം കൂടിയിരുന്ന് ആലോചിച്ചു, എന്തു പിറന്നാൾ സമ്മാനം കൊടുക്കും അമ്മുക്കുഞ്ഞിന്?

ഒരു പുതിയ പൂച്ചെടിയുടെ കമ്പ് കൊണ്ടു കൊടുക്കാം അമ്മുക്കുഞ്ഞിന് എന്ന് പ്ലാൻ ചെയ്തു കാസിം കാക്ക. അമ്മുവിന്റെ ഫിഷ് ബൗളിലിടാൻ കുഞ്ഞുമീനുകളെ കൊണ്ടു കൊടുക്കാമെന്നായിരുന്നു മിയത്തവളയുടെ പ്ലാൻ. വീരു അണ്ണാറക്കണ്ണൻ ആലോചിച്ചത് അമ്മുവിന് കുറെ കശുവണ്ടി ചുട്ടു തല്ലാൻ പാകത്തിൽ കൊണ്ടു കൊടുക്കുന്നതിനെ കുറിച്ചാണ്. അപ്പു ഓലേഞ്ഞാലി ഓലകൊണ്ട് അവൾക്കൊരു പന്ത് ഉണ്ടാക്കാമെന്ന് പ്ലാനിട്ടു. പങ്കുപ്പൂച്ച അവന്റെ കളിപ്പന്ത് അമ്മുവിന് കൊടുത്താലോ എന്ന് ആലോചിച്ചു കൊണ്ടേയിരുന്നു.

അപ്പോഴാണ് തങ്കു നായ വീടിനകത്തു നിന്ന് വാലാട്ടി വാലാട്ടി വന്നതും അമ്മുക്കുഞ്ഞിന്റെ പിറന്നാൾ വിശേഷമൊക്കെ അറിഞ്ഞതും. ഈ വീട്ടിലെ സ്വന്തക്കാരനായിട്ട് ഇത്രേം ലേറ്റായാണോ നീ അമ്മുക്കുഞ്ഞിന്റെ പിറന്നാൾ കാര്യമറിയുന്നത് എന്ന് അവരെല്ലാം ചേർന്നവനെ കളിയാക്കി.

ഇന്നലെ ഒരിത്തിരി കൂടുതൽ ചിക്കൻ കഴിച്ചതു കാരണം വയറുവേദനയായി പ്പോയി. അമ്മു തന്ന മരുന്നും കഴിച്ച് ഞാനുറങ്ങിപ്പോയി. അതാണ് പിറന്നാൾ വാർത്തയൊന്നും അറിയാതെ പോയത്. അവൻ കാര്യം വിശദീകരിച്ചു.

അവർ, അവനെയും കൂട്ടത്തിൽ ചേർത്തു.

priya as , childrens stories, iemalayalam

എല്ലാവരും ഓരോരോ സമ്മാനങ്ങൾ കൊടുക്കുന്നതിനേക്കാൾ നല്ലത് എല്ലാവരും കൂടി ഒരു വലിയ സമ്മാനം കൊടുക്കുന്നതാണെന്ന് പറഞ്ഞു തങ്കു നായ. അതിന് നമ്മുടെ കൈയിൽ കാശു വല്ലതുമുണ്ടോ എന്നായി ബാക്കിയെല്ലാവരും.

കാശു കൊടുത്തു വല്ല സമ്മാനവും വാങ്ങിക്കണമെന്ന് ഞാൻ പറഞ്ഞോ എന്നായി ഒരു ചിരിയോടെ തങ്കു നായ. ഇവനിതെന്താ ഈ പറയുന്നത് എന്ന് ഒരു പിടിയും കിട്ടാതെ നിന്നു ബാക്കിയെല്ലാവരും.

തങ്കു നായ അവനിരുന്നയിടത്തു നിന്ന് എഴുന്നേറ്റു.

എന്നിട്ട് പറഞ്ഞു “ഞാൻ അമ്മൂന്റെ മുറിയിലേക്ക് പോവുകയാണ്. അവിടെ ചെന്നിട്ട് ഞാനാ മുറിയുടെ ജനാല തുറന്നിടാം. അതിലൂടെ നിങ്ങളെല്ലാം അകത്തു കയറണം. അമ്മുക്കുഞ്ഞിന്റെ മുറി ഒരു അടുക്കും ചിട്ടയുമില്ലാതെ കോലാഹലമുറിയായി കിടക്കുന്നതിന് അവളെന്നും അമ്മയുടെ അടുത്തു നിന്ന് വഴക്ക് കേൾക്കുന്നത് നമ്മളെപ്പോഴും കേൾക്കാറുള്ളതല്ലേ? ഇന്ന് നമുക്കെല്ലാവർക്കും കൂടി അമ്മുക്കുഞ്ഞിന്റെ മുറി അടുക്കിപ്പെറുക്കിയിട്ടു തന്നെ ബാക്കി കാര്യം. സ്കൂൾ വിട്ടു തിരികെ വരുമ്പോൾ ഇതെന്റെ മുറി തന്നെയാണോ എന്നവൾ അത്ഭുതപ്പെടണം.”

“അതുകൊള്ളാം, അത് നല്ല ഒരു പിറന്നാൾ സമ്മാനമാവും,” എന്നു സമ്മതിച്ചു കൊണ്ട് അവരെല്ലാവരും അമ്മുക്കുഞ്ഞിന്റെ മുറിയുടെ, തങ്കു തുറന്നിട്ട ജനാലയിലൂടെ അകത്തു കടന്നു.

പിന്നെ അവർ ചടുപടാന്ന് ജോലി തുടങ്ങി.വേണ്ടാത്ത കടലാസ്സൊക്കെ അമ്മു നിലത്തെറിഞ്ഞിരുന്നത് കാസിം കാക്ക കൊത്തിയെടുത്ത് വെയ്സ്റ്റ് ബിന്നിലിട്ടു. മിയത്തവള അമ്മു ചിതറിയിട്ടിരുന്ന മാലയും വളയുമൊക്കെ അടുക്കി വച്ചു.

അപ്പു ഓലേഞ്ഞാലി അമ്മുവിന്റെ വാടി നിന്നിരുന്ന ഇൻഡോർ പ്ലാന്റസിനൊക്കെ വെള്ളമൊഴിച്ചു. പങ്കു പൂച്ച അവളുടെ പുസ്തകങ്ങൾ എടുത്ത് ഷെൽഫിൽ നിരനിരയായി വച്ചു. വീരു അണ്ണാറക്കണ്ണൻ അവന്റെ വിടർന്ന വാലുകൊണ്ട് അവിടെയുണ്ടായിരുന്ന പൊടിയെല്ലാം തുടച്ചു വൃത്തിയാക്കി .

priya as , childrens stories, iemalayalam

അതിനിടെ, “തങ്കൂ നീ അമ്മൂന്റെ മുറീ ലേക്ക് കയറണത് കണ്ടല്ലോ. അവിടെന്താ പണി? ഒന്നൂടെ താറുമാറാക്കുകയാണോ അമ്മൂന്റെ മുറി?” എന്നു ചോദിച്ച് അമ്മ വന്നു ആ മുറിയിലേക്ക്.

ആ മുറിയിലേക്ക് കാലെടുത്തു വച്ചതും അമ്മ അത്ഭുതപ്പെട്ടു പോയി. എന്തൊരു നീറ്റായിരിക്കുന്നു അമ്മുവിന്റെ മുറി. ഒരു നിമിഷം അമ്മ സംശയിച്ചു പോയി, ഇതമ്മുവിന്റെ മുറി തന്നെയാണോ?

മുറിയാകെ ഒന്ന് കണ്ണോടിച്ചു നോക്കുമ്പോ തങ്കുവും പരിവാരങ്ങളും അമ്മയുടെ കണ്ണിൽ പെട്ടു. ഇതെന്താ നിങ്ങൾക്കിവിടെ കാര്യം എന്നമ്മ ചോദിക്കുന്നതിനും മുൻപ് അവർ ചാടിക്കേറി കാര്യങ്ങൾ വിസ്തരിച്ചു.

എന്നിട്ട് ചോദിച്ചു, “അമ്മുക്കുഞ്ഞിന് ഇതിനേക്കാൾ പറ്റിയ പിറന്നാൾ സമ്മാനമുണ്ടാവുമോ അമ്മേ?”

“ഇല്ല, ഇല്ല” എന്നു സമ്മതിച്ചു അമ്മ.

എന്നിട്ടമ്മ അവർക്കെല്ലാം പിറന്നാൾ പായസം കൊടുത്തു. കേക്ക് കട്ടു ചെയ്യുന്നത് അമ്മുവിന്റെ മുറിയിൽ വച്ചു മതി എന്ന് തങ്കുവും പങ്കുവും പറഞ്ഞത് അമ്മ സമ്മതിച്ചു.

എന്നിട്ടവരെല്ലാം കൂടി അമ്മുക്കുഞ്ഞ് സ്കൂൾ വിട്ടു വരുന്നതും കാത്ത് ഗേറ്റിങ്കൽ ചെന്നിരിപ്പായി. അമ്മു അവളുടെ മുറിയുടെ വൃത്തി കണ്ടാൽ സന്തോഷം കൊണ്ട് തുള്ളിച്ചാടും എന്നവർക്കുറപ്പായിരുന്നു.

“ഇനി മുറി വൃത്തികേടാവുമ്പോൾ നോക്കിക്കോ മടിച്ചി അമ്മു, നിങ്ങളെത്തന്നെ വിളിക്കും മുറി വൃത്തിയാക്കാൻ,” എന്നു പറഞ്ഞു ചിരിച്ചു അമ്മ,

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Onakatha priya a s ammukunjinte piranaal muri