നാലം ക്ളാസുകാരിയാണേ അമ്മിണി. അമ്മിണിയ്ക്കുമുണ്ട് ഒരു കുഞ്ഞു ചട്ടിയില്‍ ഒരു ഇന്‍ഡോര്‍ പ്ലാന്റ്.
ചെടി വില്‍ക്കുന്ന നേഴ്സറിയില്‍ നിന്നു വാങ്ങിയ മണി പ്ലാന്റാണത്. സ്റ്റഡി റ്റേബിളിലാണത് അവള് വച്ചിരിക്കുന്നത്.
“ഇപ്പോ വാങ്ങണ്ട മോളേ അത്, നന്നായി നോക്കിയില്ലെങ്കില്‍ അത് വാടിപ്പോവും. നീ നിന്റെ കാര്യം തന്നെ നേരാംവണ്ണം നോക്കണില്ല. പിന്നാ ഒരു പാട് ശ്രദ്ധ വേണ്ടുന്ന ഈ ചെടീടെ കാര്യം,” എന്ന് അച്ഛന് ആദ്യം തന്നെ എതിര്‍ത്തായിരുന്നു.
“എന്റെ ക്ലാസ്സിലെ അന്നുവിനും ഉണ്ണിയ്ക്കുമൊക്കെയുണ്ട് അവരുടെ സ്റ്റഡി റ്റേബിളില്‍ എന്തെങ്കിലും ഒരിന്ഡോര് പ്ലാന്റ്. എനിക്കിതു വേണമച്ഛാ, ഞാനിതിനെ നന്നായി നോക്കി വളര്‍ത്തിക്കോളാം,” എന്നവള്‍ മണി പ്ലാന്റ് പോട്ടെടുത്ത് നെഞ്ചോടടക്കിപ്പിടിച്ച് വാശി പിടിച്ചു.
അവസാനം അച്ഛന്, “ഇതു വാടി പോയിട്ട് കരയാന്‍ നില്‍ക്കരുത്,” എന്ന താക്കീതോടെ അവള്‍ക്കാ മണി പ്ളാന്റ് വാങ്ങിച്ചു കൊടുത്തു .
പച്ചയില്‍ വെള്ള ഷെയ്ഡുള്ള ആ മണിപ്ളാന്റ് അവളുടെ മുറിയ്ക്ക് നല്ലോണം ചേരുന്നുണ്ടായിരുന്നു. ഇളം പച്ച നിറം ഭിത്തിയ്ക്കും വെള്ള നിറം ജനലിനുമടിച്ചതാണല്ലോ അവളുടെ മുറി.
ഇന്‍ഡോര്‍ പ്ളാന്റ് സ്റ്റഡി റ്റേബിളില്‍ കൊണ്ടു വച്ച് അവള് മാറിനിന്ന് ഭംഗിനോക്കി. മുറിയും റ്റേബിളുമൊക്കെ ആകെ അലങ്കോലമായി കിടക്കുന്നതു കൊണ്ടാവും ചെടി വച്ചിട്ട് ഒരു ഭംഗിയും തോന്നിയില്ല അവള്‍ക്ക്.
ആദ്യ ഇവിടമൊക്കെ അടിച്ചു തൂത്ത് അടുക്കിപ്പെറുക്കി വൃത്തിയാക്കാം, എന്നിട്ടിതു വയ്ക്കാം എന്നായി അവളുടെ തീരുമാനം.

കുറേ നരമെടുത്തുവെങ്കിലും കുറേ പണിയെടുക്കേണ്ടി വന്നുവെങ്കിലും അവസാനം അവള് ആ റുമിനെ ഒരു മിനുമിനാ റൂമാക്കി മാറ്റിയെടുത്തു എന്നു പറഞ്ഞാല്‍ മതിയല്ലോ .
എല്ലായിടവും നീറ്റായിക്കഴിഞ്ഞപ്പോള്, ഇന്‍ഡോര്‍ പ്ളാന്റെടുത്ത് സ്റ്റഡി റ്റേബിളില്‍ വീണ്ടും വച്ചു അവള്. ആഹാ, ഇപ്പോ എന്താ ഒരു ചന്തം ആ ചെടിയ്ക്കും റ്റേബിളിനും മുറിയ്ക്കും.
അതിനുശേഷം അച്ഛനെയും അമ്മയെയും അവള് പോയി വിളിച്ചു കൊണ്ടു വന്നു മുറിയിലേക്ക്. അച്ഛനാകെ അത്ഭുതപ്പെട്ടുപോയി.
“നമ്മുടെ കുഞ്ഞി മോള്‍ക്ക് അപ്പോ വേണമെന്നു വച്ചാല്‍ എല്ലാം അടുക്കിപ്പെറുക്കാനറിയാം, അല്ലേ” എന്നച്ഛന്‍ അവളെ എടുത്ത് മടിയില്‍ വച്ചു.
“ഇങ്ങനെ വൃത്തിയായി വയ്ക്കുമെങ്കില്‍ അമ്മ പുതിയ കര്ട്ടന് വാങ്ങിത്തരാം,” എന്നു പറഞ്ഞു അമ്മ.
അമ്മിണിയുടെ സന്തോഷം കണ്ടിട്ടാണെന്നു തോന്നുന്നു മണിപ്ളാന്റ് ജനലിലൂടെ വന്ന കാറ്റില്‍ ഒന്നങ്ങോട്ടിങ്ങോട്ടാടി നി്ന്നു. അമ്മിണി ആ പോട്ടെടുത്ത് അതിലൊരുമ്മ വച്ചു.
പിറ്റേദിവസം ഉണര്‍ന്നെഴുന്നേറ്റതും അമ്മിണി ചെടിയുടെ അടുത്തേക്കോടി. നിനക്ക് ദാഹിക്കുന്നുണ്ടോ എന്നു ചോദിച്ച്, പല്ലു തേയ്ക്കും മുമ്പേ തന്നെ അവള് കുഞ്ഞിപ്പാത്രത്തില്‍ വെള്ളമെടുത്തു കൊണ്ടുവന്നതിന് ഒഴിച്ചുകൊടുത്തു.
“ഇന്നിപ്പോ കാണിയ്ക്കുന്ന ഈ ശുഷ്ക്കാന്തി നാളെയും അതിനടുത്ത ദിവസങ്ങളിലുമൊക്കെ ഉണ്ടാവണം. എന്നാലേ ചെടി ഉഷാറായി വളരൂ,” എന്നവള്‍ക്ക് പറഞ്ഞു കൊടുത്തു അമ്മ .
പനിയായാലും ക്ളാസിലേക്കുള്ള പ്രൊജക്റ്റിന്റെ തിരക്കുണ്ടായാലും ഒക്കെ ചെടിയെ ശുശ്രൂഷിച്ചിട്ടേയുള്ളു ബാക്കികാര്യം എന്ന മട്ടിലായി അമ്മിണി തുടര്‍ന്നുള്ള ദിവസങ്ങളില്‍.
അതിന്റെ ഗുണം കാണാനുമുണ്ടായിരുന്നു ചെടിയില്‍. അതിന് കൂടുതല്‍ കരുത്തു വച്ചു. അതിന് പുതിയ ഇലകള്‍ കിളിര്‍ത്തു. അതാകപ്പാടെ ഒന്ന് വലുതായി. അതമ്മിണിയെ നോക്കി ചിരിയ്ക്കുന്ന പോലായി. തന്നെയുമല്ല മുറി അലങ്കോലമാകാതെ അവള് നിത്യവും സൂക്ഷിച്ചു.

ഒരു ദിവസം അമ്മിണിയ്ക്ക് തോന്നി , ഈ ചെടി പുതിയ വളളികളുമൊക്കെയായി ഈ ചട്ടിയിലാകെ നിറഞ്ഞല്ലോ. ഇതൊരു ചട്ടിയിലേക്കും കൂടി പകുത്തു നട്ടാലെന്താ? അപ്പോള്‍ രണ്ടു ചെടിയാകില്ലേ?
അമ്മിണി അങ്ങനൊരാവശ്യം പറഞ്ഞതും അച്ഛനവളെയും കൂട്ടി ചെടിയുടെ നേഴ്സറിയില്‍ പോയി അവള്‍ക്ക് പുതിയ പോട്ടും അതിലിടാനുള്ള പെബിള്‍സും വളവും ഒക്കെ വാങ്ങിക്കൊടുത്തു.
അങ്ങനെ അമ്മിണിയുടെ വീട്ടില്‍ രണ്ടു മണിപ്ളാന്റായി.
പുതിയതായി നട്ടത് അവള് അച്ഛന്റെയും അമ്മയുടെയും മുറിയില്‍ കൊണ്ടുവച്ചു. എന്നിട്ടച്ഛനോടും അമ്മയോടും പറഞ്ഞു, “ഈ മുറിയൊന്നു കൂടി ശരിയാക്കാനുണ്ടല്ലോ. ഞാനിത് അടുക്കിത്തരാം.”
അമ്മിണി അടുക്കുന്നതു കണ്ട് അച്ഛനും അമ്മയും കൂടെ കൂടി മുറി നേരെയാക്കാന്‍. ഒടുവില്‍ മുറി വൃത്തിയായപ്പോള്‍, അവള് ചിരിച്ചു കൊണ്ട് അച്ഛനോടും അമ്മയോടും പറഞ്ഞു “ഇന്നു കാണിയ്ക്കുന്ന ഈ ശുഷ്ക്കാന്തി നാളെയും മറ്റന്നാളും അതിനടുത്ത ദിവസങ്ങളിലുമൊക്കെ ഉണ്ടാവണം. എന്നാലേ ചെടി ഉഷാറായി വളരൂ.”
തങ്ങള്‍ അവളോടു പറഞ്ഞ വാചകം അവള് തങ്ങളോട് ആവര്ത്തിയ്ക്കുന്നതിലെ തമാശ രസിച്ച് അച്ഛനും അമ്മയും കുടുകുടാ ചിരിച്ചു.
ഇനി അച്ഛന്റെയും അമ്മയുടെയും മുറിയിലെ മണിപ്ളാന്റും വളരും. അതിനും തൈക്കുഞ്ഞുങ്ങളുണ്ടാവും. അപ്പോ അതും വേറെ പോട്ടിലേക്ക് മാറ്റി നടണം. എന്നിട്ടതില്‍ നിന്ന് രണ്ടെണ്ണമെടുത്ത് ക്ളാസില്‍ റ്റീച്ചറുടെ റ്റേബിളില്‍ കൊണ്ടുവയ്ക്കണം.
പിന്നെ പറ്റുമെങ്കില്‍ ക്ളാസിലെ ഇന്ഡോര്പ്ളാന്റില്ലാത്ത കുട്ടികള്‍ക്ക് ഓരോന് കൊണ്ടു കൊടു്കണം. അപ്പോ അവരുടെ വീടിന്റെയും ഭംഗി കൂടും. അങ്ങനെയൊക്കെ പറഞ്ഞു അമ്മിണി.
“അമ്മിണി ഇത്ര മിടുക്കിയാണെന്ന് വിചാരിച്ചില്ല കേട്ടോ,” എന്നു അവളെ ഉമ്മ വച്ചു കൊണ്ടു പറഞ്ഞു അച്ഛന്.
അപ്പോ അമ്മ, താനവള്‍ക്ക് കൊടുത്ത വാക്കു പാലിച്ചുകൊണ്ട് അവളുടെ മുറിയിലേക്കുള്ള കര്ട്ടന് തയ്ക്കുകയായിരുന്നു. പുതിയ കര്‍ട്ടനും കൂടി ഇടുമ്പോള്‍ എന്തൊരു രസമായിരിക്കും മുറി കാണാന്‍ എന്നു വിചാരിച്ചത് അറിഞ്ഞെന്ന പോലെ, “അതെ, അതെ” എന്നു പറയുമ്പോലെ അപ്പോള്‍ മണിപ്ളാന്റിലകള് കാറ്റത്താടി നി്ന്നു.