വീടിന് മുന്നിലെ തൊടിയില്‍ കളിക്കുന്നതിനിടെയാണ് കുഞ്ഞന്‍ വാടി നില്ക്കുന്ന ആ കുഞ്ഞി തൈയ്യിനെ ശ്രദ്ധിക്കുന്നത്. ഇന്ന് നല്ല വെയിലായിരുന്നല്ലോ. അതാവും പാവം വാടി നില്‍ക്കുന്നത്. അപ്പോള്‍ തന്നെ ഒരു മൊന്തയില്‍ വെളളമെടുത്ത് കുഞ്ഞിതൈയ്യുടെ ചുവട്ടിലും ഇലയിലും തളിച്ചുകൊടുത്തു കുഞ്ഞന്‍…
തളര്‍ച്ച മാറിയ കുഞ്ഞിത്തൈ ഇലയിലെ രോമകൂപങ്ങള്‍ മേലോട്ടുയര്‍ത്തി തലയാട്ടി കുഞ്ഞനോട് ചെയ്തുതന്ന സഹായത്തിന് നന്ദി അറിയിച്ചു. ഇത്തരം ഒരു ചെടിയെ കുഞ്ഞനാദ്യമായിട്ടാണ് കാണുന്നത്. സ്നേഹവായ്പോടെ കുഞ്ഞിത്തൈയ്യെ തഴുകിക്കൊണ്ട് കുഞ്ഞന്‍ ചോദിച്ചു “എന്താ പെണ്ണേ, നിന്റെ പേര്?”
പെട്ടെന്ന് തന്നെ കൂട്ടായ അവള് പറഞ്ഞു, “തക്കാളിക്കുട്ടി.”
അന്നു മുതല്‍ കുഞ്ഞനും തക്കാളിക്കുട്ടിയും കൂട്ടുകാരായി. രാവിലെ അവളെ കണ്ട് വെളളവും കൊടുത്തിട്ടേ കുഞ്ഞൻ സ്കൂളിലേക്ക് പോകൂ. വൈകിട്ട് വന്നാലുടന്‍ തന്നെ തക്കാളിക്കുട്ടിയെ കാണാനായി ഓടിച്ചെല്ലും. അവള് ചെറുതായൊന്നു വാടിയാല്‍ തന്നെ കുഞ്ഞന്‍ സങ്കടമാകും.
അയല്പക്കത്തെ കേശവേട്ടനാണ് പറഞ്ഞത്. വെളളം മാത്രം കൊടുത്താല്‍ പോരാ, വളവും കൊടുക്കണമെന്ന്. വത്സലേച്ചിയുടെ വീട്ടിലുളള പൂവാലി പശുവിന്റെ ചാണകം എടുക്കാന്‍ ഒരു സഞ്ചിയും തൂക്കിയാണ് പോയത്. തക്കാളികുഞ്ഞിന് വേണ്ടിയാണല്ലോ എന്നോര്‍ത്തപ്പോള്‍ അറപ്പൊന്നും തോന്നിയില്ല. രണ്ട് മൂന്ന് പിടി വാരിയെടുത്ത് സഞ്ചിയിലാക്കി കൊണ്ടുപോന്നു.

തക്കാളിക്കുഞ്ഞിന് ചുറ്റും ചെറിയൊരു തടമെടുത്ത് ചുവട്ടില്‍ നിന്നും കുറച്ചകലത്തിലായി ചാണകമിട്ടു കൊടുത്ത് വെളളം തളിച്ചു കൊടുത്തു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ തക്കാളി കുട്ടി വളര്‍ന്നു കയറാന്‍ തുടങ്ങി.
“ഇനി ഇങ്ങനെ പോരാ. ഞാന്‍ വലിയ കുട്ടി ആവാന്‍ പോവുകയാണ്. എനിക്ക് പടരാനേ അറിയൂ. അതുകൊണ്ട് തന്നെ എന്നെ താങ്ങി നിര്‍ത്താനായി താങ്ങ്കാലുകള് വേണം.” തക്കാളി കുഞ്ഞ് കുഞ്ഞനോട് ആവശ്യമറിയിച്ചു.
ശീമക്കൊന്നയുടെ രണ്ട് കമ്പുകള്‍ മുറിച്ച് താങ്ങുകാലാക്കി ഉറപ്പിച്ച് അതിലേക്ക് തക്കാളി കുഞ്ഞിനെ വച്ച് കെട്ടി കൊടുത്തു കുഞ്ഞന്‍. താങ്ങുകാലില്‍ ഉയര്‍ന്നു നിന്ന് അവള് കുഞ്ഞനോടായി പറഞ്ഞു “കുറച്ചു കൂടി വളര്‍ന്നാല്‍ ഞാന്‍ ഏട്ടനൊപ്പമെത്തും.”
അതും ശരിയാണല്ലോ. തന്നോളമായാല്‍ താനെന്ന് വിളിക്കണമെന്ന് അമ്മ പറയാറുളളതോര്ത്തു കുഞ്ഞന്‍.
രണ്ട് ദിവസം കഴിഞ്ഞപ്പോഴേയ്ക്കും അടുത്ത ആവശ്യവുമായി തക്കാളി കുഞ്ഞെത്തി; അത്യാവശ്യമായി കാല്‍സ്യം വേണമെത്രേ. കേശവേട്ടന് തന്നെയാണ് അതിനും വഴി പറഞ്ഞ് കൊടുത്തത്.
ഉപയോഗിച്ച മുട്ടയുടെ തോട് നന്നായി പൊടിച്ച് ചുവട്ടിലിട്ടു കൊടുക്കുന്നതു കണ്ട അമ്മ മിച്ചം വന്ന ഉളളിത്തൊലിയും തേയിലച്ചണ്ടിയും കൂടി തക്കാളി കുഞ്ഞിന്റെ തടത്തിലിട്ടു കൊടുത്തു. കുറച്ച് ദിവസങ്ങള്‍ക്കുളളില്‍ തന്നെ തക്കാളി കുഞ്ഞില്‍ നിറയേ പൂക്കള്‍ പിടിക്കാന്‍ തുടങ്ങി.
മഞ്ഞ നിറത്തിലുളള കുഞ്ഞിപ്പൂക്കള്. പൂക്കള്‍ക്ക് ചുറ്റും ശലഭങ്ങളും വണ്ടുകളും വട്ടമിട്ട് പറന്നു. ശല്ല്യക്കാരായ മറ്റ് പ്രാണികളെ ചെറുക്കാന്‍ കഞ്ഞിവെളളത്തില്‍ വെളളം ചേര്‍ത്ത് ഇലയില്‍ തളിച്ചു കൊടുത്തു കുഞ്ഞന്‍.
പൂക്കളില്‍ നിന്നും കുഞ്ഞിക്കായകള് മോണകാട്ടി ചിരിച്ചുകൊണ്ട് പുറത്തേയ്ക്ക് നോക്കി. ഓരോ ദിവസവും അവ വളരുന്നത് കണ്ട് കുഞ്ഞന്‍ സന്തോഷമായി. കുറേ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തക്കാളികള്‍ പഴുത്ത് തുടങ്ങി.
നന്നായി പഴുത്ത ഒരു തക്കാളി വിണ്ട് കീറി താഴെ വീണു. അവയ്ക്ക് ചുറ്റും ഉറുമ്പുകള്‍ കൂട്ടം കൂടി. തക്കാളിയുടെ വിത്തിന് മുകളിലുളള ഭാഗം ഉറുമ്പുകള്‍ ഭക്ഷിക്കുന്നത് കുഞ്ഞന്‍ കണ്ടു.
ഉറുമ്പുകള്‍ നക്കിത്തുടച്ച വിത്തുകള്‍ പ്രത്യേകമായെടുത്ത് കുഞ്ഞന്‍ മണ്ണില്‍ പാകി. ഒരാഴ്ചയ്ക്കുളളില്‍ അവയെല്ലാം തന്നെ കിളിര്‍ത്തു. ഉറുമ്പുകള്‍ കഴിക്കാത്ത വിത്തുകള്‍ കിളിര്ക്കില്ലത്രേ.

അടുത്ത ദിവസം തന്നെ പഴുത്ത തക്കാളികളെല്ലാം കുഞ്ഞന്‍ വിളവെടുത്തു. തക്കാളിച്ചെടിക്ക് അനക്കം തട്ടാതെ വളരെ സാവധാനത്തിലാണ് കുഞ്ഞന്‍ വിളവെടുത്തത്. മുപ്പതോളം തക്കാളികള്‍ വിളവെടുത്ത് മാറ്റിയപ്പോഴേക്കും തന്റെ ശരീരത്തില്‍ നിന്നും കുറേ ഭാരം നീങ്ങിയ ആശ്വാസത്തില്‍ തക്കാളിയമ്മ ദീര്‍ഘനിശ്വാസമുതിര്‍ത്തു.
“വേദനിച്ചോ?” തക്കാളിയമ്മയുടെ ചുവട് ഭാഗത്തിന് മുകളിലുളള പഴുത്ത ഇലകള്‍ ചെത്തി മാറ്റുന്നതിനിടയില്‍ കുഞ്ഞന്‍ ചോദിച്ചു.
“ഇല്ലേയില്ല. അവ പഴുത്തു ഉണങ്ങി തുടങ്ങിയില്ലേ. അത് മാറ്റിയത് നന്നായി. ഇനി കുമിള്‍ രോഗങ്ങളെ പേടിക്കേണ്ടല്ലോ. കൂടാതെ എനിക്ക് നന്നായി ശ്വസിക്കാനുളള വായുവും ഇപ്പോള്‍ കിട്ടും,” തക്കാളിയമ്മ പറഞ്ഞു.
കുറേ നാളുകള്‍ കൂടി കഴിഞ്ഞപ്പോള്‍ തക്കാളി അമ്മൂമ്മ പ്രായമായി. അപ്പോഴേയ്ക്കും അതിന്റെ കുഞ്ഞുങ്ങളെല്ലാം വളര്‍ന്ന് പൂവിട്ടു തുടങ്ങിയിരുന്നു. അവയെയും നോക്കി ഉമ്മറത്തിരിക്കവേ. കുഞ്ഞനോടമ്മ ചോദിച്ചു “വലുതാകുമ്പോള്‍ ആരാകണമെന്ന്?”
“വലിയ തക്കാളി കൃഷിക്കാരനാകുമെന്ന്” പറഞ്ഞ് കുഞ്ഞന്‍ പൊട്ടിച്ചിരിച്ചു.