scorecardresearch

പാരീസ്‌ മിഠായികൾ

“മോനു കണ്ണിറുക്കിയടച്ചു. ഒന്നും കേൾക്കരുത്‌. പുറത്ത്‌ രാത്രിയുടെ അനക്കങ്ങളുണ്ട്‌. കിളികൾ കരയുന്നുണ്ട്‌. കാറ്റിൽ ചില പൂക്കളുടെ വാസന വരുന്നുണ്ട്‌. തൊഴുത്തിൽ അമ്മാളു അമറുന്നു.” എൻ രാജൻ എഴുതിയ കുട്ടികളുടെ കഥ

പാരീസ്‌ മിഠായികൾ

പതിവില്ലാത്ത സന്തോഷത്തോടെയാണ്‌ അന്ന്‌ മോനു സ്‌കൂളിൽ പോയത്‌. ഉത്സാഹം അവന്റെ കാലുകളിൽ ത്രസിച്ചു. അവനറിയാതെ അവന്റെ നടത്തത്തിനു വേഗംകൂടി.

“മോനെന്താ ഇന്ന്‌ വല്യേ ഉഷാറിലാണല്ലോ?”

വഴിയിൽ കുട്ടപ്പേട്ടൻ അവനോട്‌ ലോഹ്യം ചോദിച്ചു. ഒരിക്കൽ, ഒരു നട്ടുച്ചയ്‌ക്ക്‌ സ്കൂളിൽനിന്ന്‌ വീട്ടിലേക്കുള്ള വഴിതെറ്റി എങ്ങോട്ടെന്നില്ലാതെ പായുകയായിരുന്ന മോനുവിനെ പിടിച്ചുനിർത്തി തിരിച്ചെത്തിച്ചയാളാണ്‌ കുട്ടപ്പേട്ടൻ.

ആ സംഭവത്തിനു ശേഷം കുട്ടപ്പേട്ടനോട്‌ മോനുവിന്‌ എന്തെന്നില്ലാത്ത അടുപ്പമാണ്‌. കുട്ടപ്പേട്ടന്റെ  വായിൽ സദാ നേരവും മുറുക്കാനുണ്ടാവും. മോനുവിനെ കാണുമ്പോഴെല്ലാം  മുറുക്കാൻ തുപ്പി കളയാതെ, പ്രത്യേക രീതിയിൽ  വായിൽ പിടിച്ച്‌, മേലോട്ട്‌ നോക്കി, ‘ഇന്നെന്താ ഒളിച്ചോട്ടമുണ്ടോ’എന്ന്‌ കളിയാക്കും.

മോനു സത്യത്തിൽ, അന്ന്‌ എങ്ങോട്ടും ഒളിച്ചോടിയതല്ല. സ്കൂളിൽ നിന്ന്‌ മറ്റാരുമറിയാതെ കിട്ടിയ ഉപ്പുമാവ്‌ വീട്ടിൽ എത്തിക്കാനുള്ള വെപ്രാളമായിരുന്നു. ആ പരിഭ്രമത്തിൽ ദിശതെറ്റി പോയതാണ്‌.

ഡാൽഡയിൽ വെന്തു മലയ്‌ക്കുന്ന അമേരിക്കൻ ഗോതമ്പിന്റെ മഞ്ഞ നിറം. വിശപ്പിന്റെ രുചി ഉള്ളിൽ പലവിധ മണമായി പെരുക്കുന്ന ഉച്ച നേരം. ഉപ്പുമാവു വിളമ്പുന്ന ഭാർഗവ്യേച്ചി മോനുവിന്റെ അടുത്തു വന്ന്‌ സ്വകാര്യം പറഞ്ഞു. “മോനിത്‌ വീട്ടിൽ കൊണ്ടോയി അമ്മയ്‌ക്ക്‌ കൊടുക്കോ?”

അന്ന്‌ വീട്ടിൽ ഉച്ചക്കൊന്നും വെച്ചിട്ടില്ലെന്ന കാര്യം ഭാർഗവ്യേച്ചി എങ്ങനെ അറിഞ്ഞു ആവോ. ഒന്നും ആലോചിക്കാൻ മെനക്കെടാതെ, കേട്ട പാടെ ഇലപ്പൊതി വാങ്ങി പാഞ്ഞതാണ്‌ മോനു. ആ നെട്ടോട്ടമാണ്‌ വഴിതെറ്റി കുട്ടപ്പേട്ടന്റെ മുന്നിൽ ചെന്നു ചാടിച്ചത്‌.

വാഴയില പൊട്ടി വെന്ത ഉപ്പുമാവിന്റെ മണം പരിസരമാകെ പരന്നിരുന്നു.

കുട്ടപ്പേട്ടന്‌ കാര്യം മനസിലായി.

“അമ്മയ്‌ക്കു കൊടുക്കാൻ ഭാർഗവി തന്നതാല്ലേ.” മുറുക്കാൻ കറ വീണ പല്ലുകൾ കാട്ടി അയാൾ ചിരിച്ചപ്പോൾ പേടിയായി. ആരോടെങ്കിലും പറഞ്ഞ്‌ കൊഴപ്പാക്കോ?

പക്ഷേ, കുട്ടപ്പേട്ടൻ ആരോടും ഒന്നും പറഞ്ഞില്ല. അമ്മയോടുപോലും.

n rajan, story, iemalayalam

സ്കൂളിലേക്കുള്ള വഴിയിൽ ചാത്തംകുളങ്ങര അമ്പലത്തിനടുത്ത്‌ കുട്ടപ്പേട്ടന്‌ ചെറിയൊരു പെട്ടിക്കടയുണ്ട്‌. ഉപ്പിലിട്ട നെല്ലിക്കയും കൊണ്ടാട്ടമുളകും ജീരകമിഠായികളും വരിനെല്ലിക്കയും തേൻനിലാവും നാരാങ്ങാമിഠായികളും ആ കടയിൽ ഭരണിപോലുള്ള ചില്ലുപാത്രങ്ങളിൽ നിറച്ചിട്ടുണ്ടാവും.

അഞ്ചു പൈസയ്‌ക്ക്‌ ഉപ്പിലിട്ട നെല്ലിക്കയും കൊണ്ടാട്ടമുളകും കിട്ടും. അത്‌ രണ്ടുംകൂട്ടി കഴിക്കാൻ നല്ല രസാണ്‌. രണ്ടു പൈസ കൊടുത്താൽ നെല്ലിക്ക കിട്ടും. ആ കുപ്പികളിലേക്ക്‌ മാറി മാറി നോക്കി, മോനു നിൽക്കാറുണ്ട്‌. വാങ്ങിക്കാനുള്ള കാശ്‌ അവന്റെ കൈയിലുണ്ടാവാറില്ല. കൊതി വായിൽ കപ്പലോടിക്കും.

മേരിടീച്ചറിന്റെ മകൻ റാഫിയും ഡ്രൈവർ പരമുവിന്റെ മകൾ വനജയും പത്തു പൈസയുടെ പാരീസ്‌ മിഠായികളാണ്‌ അധികം വാങ്ങാറ്‌. പച്ച ഗിൽറ്റ്‌ പേപ്പറിൽ പൊതിഞ്ഞ പാരീസ്‌ മിഠായി. അതിന്റെ സ്വാദ്‌ എങ്ങനെയായിരിക്കുമെന്ന്‌ മോനു ആലോചിക്കാറുണ്ട്‌. ഉച്ചക്ക്‌ സ്‌കൂൾ ഇന്റർവെല്ലിന്‌ മണിയടിക്കുമ്പോൾ അത്‌ വാങ്ങി തിന്നാറുള്ള വനജയോടോ റാഫിയോടോ ചോദിക്കാനുള്ള ധൈര്യം മോനുവിനില്ല.

കലപില കൂട്ടുന്ന കുട്ടികൾക്കിടയിൽ അവരുടെ തല കാണുമ്പോഴേക്കും കുട്ടപ്പേട്ടൻ അവർക്കുള്ള മിഠായി എടുത്തുകൊടുക്കാറുണ്ട്‌. മിഠായി വായിലിട്ട്‌ അവർ ഉരിഞ്ഞിടുന്ന പച്ചക്കടലാസ്‌ കാറ്റിൽ പറക്കും. വനജ അടുത്തുവരുമ്പോൾ ഏതെല്ലാമോ സുഖമുള്ള  വാസനയാണ്‌.

കുടുക്കു പൊട്ടി, പിറകിൽ തുള വീണ ട്രൗസർ അഴിഞ്ഞു വീഴാതിരിക്കാൻ ചാക്കു ചരടുകൊണ്ട്‌ കെട്ടി ഉറപ്പിച്ചിട്ടുണ്ടാവും മോനു. അരയിലെ ചരടു കാണാതിരിക്കാൻ മോനു കൈകൊണ്ട്‌ പൊത്തി പിടിക്കും. ഒരിക്കൽ ആ ചരട്‌ വലിച്ചു പൊട്ടിച്ച്‌ മോനുവിനെ നാണം കെടുത്തി റാഫി. ട്രൗസർ ഊരി മുട്ടോളമെത്തി. വനജ കാണാഞ്ഞത്‌ ഭാഗ്യം. അപ്പോഴേക്കും അവൾ മിഠായി വാങ്ങി ഓടിപ്പോയിരുന്നു. വഴിയിൽ പേരറിയാത്ത ഏതോ വാസന മാത്രം തങ്ങിനിന്നു.

റാഫിയോട്‌ കോർക്കാനുള്ള ധൈര്യം മോനുവിനില്ല. ക്ലാസിൽ എല്ലാവർക്കും അവനെ പേടിയാണ്‌. അവനെന്തുചോദിച്ചാലും അത്‌ അപ്പോൾ, അന്നേരം കൊടുത്തേക്കണം. സ്ലേറ്റ്‌‌ മായ്‌ക്കാൻ കഷ്ടപ്പെട്ട്‌ പാടത്തുപോയി പറിച്ചുകൊണ്ടു വരാറുള്ള കറ്റാർ വാഴയാണ്‌ അവനെപ്പോഴും ആവശ്യപ്പെടാറ്‌.

അതില്ലെങ്കിൽ മഷിത്തണ്ട്‌. അത്‌ കൊടുക്കാത്തതിന്‌ ഒരുതവണ റാഫിയുടെ ഉന്തിൽ മലർന്നടിച്ചു വീണിട്ടുണ്ട്‌ മോനു. പരീക്ഷയിൽ മേരിടീച്ചർ തോൽപ്പിക്കുമോ എന്ന പേടികൊണ്ടാണ്‌ റാഫിയെ ആരും ഒന്നും ചെയ്യാത്തത്‌.

സ്കൂളിലെ കാര്യങ്ങളൊന്നും മോനു പക്ഷേ, വീട്ടിൽ പറയാറില്ല. പറഞ്ഞാൽ അച്ഛന്റെ വക മോനുവിനാണ്‌ വഴക്കു കേൾക്കേണ്ടി വരിക. ചിലപ്പോൾ അടിയും കിട്ടും. അടി തടയാൻ ചെന്നാൽ അമ്മയ്‌ക്കും കിട്ടും അതിന്റെ ബാക്കി.

വീട്ടിൽ അവനെപ്പോഴും കൂട്ട്‌ അമ്മയുടെ പുള്ളിപ്പശുവും അതിന്റെ കുട്ടികളുമാണ്‌. വെളുപ്പിൽ കറുത്ത പുള്ളികളുള്ള പശുവിനെ ‘അമ്മാളു’ എന്നാണ്‌ അവൻ വിളിക്കാറ്‌. വിളികേട്ടാൽ അമ്മാളു തിരിച്ച്‌ അമറും.

അമ്മാളു തരുന്ന പാലുകൊണ്ടാണ്‌ മോനുവിന്റെ വീട്ടിൽ കാര്യങ്ങൾ നീങ്ങുന്നത്‌. പിന്നെയുള്ളത്‌ കോഴികളാണ്‌. ഒരു പൂവനും നാലു പിടക്കോഴികളും. തലയിൽ ചുവന്ന തലപ്പാവുള്ള പൂവൻ വലിയ അധികാരിയുടെ മട്ടിൽ പിടക്കോഴികൾക്കൊപ്പം കൊക്കികൊക്കി സദാ റോന്തുചുറ്റും.

n rajan, story, iemalayalam

മുട്ട കൂടുതൽ കിട്ടാറുള്ള ദിവസങ്ങളിൽ ഒരെണ്ണം മോനുവിനുള്ളതാണ്‌. അച്ഛനറിയാതെ അത്‌ ട്രൗസറിന്റെ പോക്കറ്റിൽ ഭദ്രമായി നിക്ഷേപിച്ച്‌ കുട്ടപ്പേട്ടന്റെ കടയിൽ കൊടുത്താൽ 25 പൈസ കിട്ടും, അതിൽ അഞ്ചു പൈസക്ക്‌ മോനുവിന്‌ മിഠായി വാങ്ങാം. ബാക്കി അമ്മക്ക്‌ കൊടുക്കും.

ഇന്ന്‌ അവനുള്ള മിഠായികളുമായി ഒരാൾ വീട്ടിൽ വിരുന്നു വരുമെന്ന്‌ അമ്മ പറഞ്ഞിരുന്നു. അവന്റെ അമ്മാവൻ. അവൻ ഇതുവരെ കണ്ടിട്ടില്ലാത്ത, അവന്റെ അമ്മാവൻ. മോനു മാത്രമല്ല, മോനുവിന്റെ അമ്മയും എത്രയോ വർഷങ്ങളായി ആ ആങ്ങളയെ കണ്ടിട്ട്‌.

മോനുവിന്റെ അമ്മയ്‌ക്ക്‌ പത്തു വയസുള്ളപ്പോൾ നാടുവിട്ടുപോയ ഏട്ടനാണ്‌. പിന്നെ ആരും ഒന്നും കേട്ടിട്ടില്ല. പട്ടാളത്തിൽ ചേർന്നെന്നോ പാക്കിസ്ഥാൻ യുദ്ധത്തിൽ മരിച്ചെന്നോ ആരോ പറഞ്ഞിരുന്നു. ആ അമ്മാവനാണ്‌ വരുന്നത്‌.

അമ്മാവന്റെ രൂപം മോനു സങ്കൽപ്പിക്കാൻ ശ്രമിച്ചു. വെളുത്ത്‌ നല്ല എകരമുണ്ടാവും. കുട്ടപ്പേട്ടന്റെ കടയുടെ മുന്നിൽ കാണാറുള്ള സിനിമാ പോസ്‌റ്ററുകളിലെ ജോസ്‌ പ്രകാശിനെപ്പോലിരിക്കണം ഏതാണ്ട്‌ .

ഏതെല്ലാം തരത്തിലുള്ള മിഠായികളായിരിക്കും അമ്മാമൻ കൊണ്ടുവരിക? എന്തായാലും പാരീസ്‌ മിഠായികൾ ഉണ്ടാവും. ചിലപ്പോൾ ഒരു ഡബ്ബ നിറയെ. നാളെ അത്‌ ക്ലാസിൽ കൊണ്ടുപോയി റാഫിയുടെയും വനജയുടെയും മുന്നിൽവെച്ച്‌ തുറക്കണം. കുറച്ച്‌ ഗോപിക്കും വാസുവിനും ഓമനയ്‌ക്കും കൊടുക്കാം.

പിന്നെ കൊറേ ദിവസം കീശ നിറച്ച്‌ പാരീസ്‌ മിഠായികളുമായി പോണം. വനജ അപ്പോൾ മിണ്ടി വരുമായിരിക്കും. റാഫി കാണാതെ വേണമെങ്കിൽ അവൾക്കും കൊടുക്കാം ഒന്നുരണ്ടെണ്ണം. മോനു മനസിൽ കണ്ടുകൊണ്ടിരുന്നു.

അവന്റെ വീട്ടിൽ പശുക്കളും കോഴികളും കൂടാതെ അവന്‌ മിണ്ടാനും പറയാനും ആദ്യമായി ഒരാൾ കൂട്ടുവരികയാണ്‌. അതും അവന്റെ അമ്മാമൻ.

ആ സന്തോഷത്തിലായിരുന്നു മോനുവിന്റെ നടത്തം. സ്കൂളിലേക്കുള്ള വഴി പെട്ടെന്ന്‌ തീർന്ന പോലെ തോന്നി അവന്‌. സാധാരണ അൽപ്പം കിതയ്‌ക്കാറുള്ള ചട്ടപ്പാറ കേറ്റം വരെ അവനന്ന്‌ നിസാരമട്ടിൽ നടന്നുകയറി. എതിരെ വന്ന നായ്‌ക്കളെ കല്ലെറിയാതെ വിട്ടു. മുളങ്കൂട്ടങ്ങളിൽ തമ്പടിച്ച ചവിറ്റില കിളികളുടെ ചലപിലയിൽ അവന്‌ ഒട്ടും ദേഷ്യം തോന്നിയില്ല.

നാലുമണിക്ക്‌ സ്കൂൾ വിട്ട്‌ വന്നതും ആരേയും മുറ്റത്തു കാണാതെ അവൻ കൂവി വിളിച്ച്‌ അകത്തേക്ക്‌ ഓടി. അമ്മ അടുക്കളയിൽ പതിവുപോലെ ചുള്ളിക്കമ്പുകളൂതി കാപ്പിക്ക്‌ വെള്ളം വെയ്‌ക്കുകയാണ്‌. പുകയേറ്റ്‌ കണ്ണുകൾ കൂടുതൽ കലങ്ങിയിട്ടുണ്ട്‌.

“എവിട്യേ അമ്മേ, അമ്മാമൻ?” ആകാംക്ഷ പിടിച്ചു കെട്ടാനാവാതെ മോനു അമ്മയുടെ അരയിൽ ചുറ്റിപ്പിടിച്ച്‌ ചോദിച്ചു.

അമ്മ ചായ്‌പ്പിലേക്ക്‌ കൈചൂണ്ടി, നിസാരമട്ടിൽ പറഞ്ഞു. “ദാ, അവടെ കെടക്കണ്‌ണ്ട്‌. നീ പോയി ഒണർത്തണ്ട.”

അറയുടെ ചാരിയ വാതിൽ തള്ളിത്തുറന്ന്‌ മോനു നോക്കുമ്പോൾ, കട്ടിലിൽ കൂനിക്കൂടി ഒരു രൂപം അനക്കമറ്റു കിടക്കുകയാണ്‌. അവ്യക്തമായ ആ നിഴൽചിത്രത്തിന്‌ പിന്നെ പതിയെ അനക്കം വെച്ചു.

കണ്ണുതുറന്നു പിടിച്ച്‌ ശ്രമകരമായ മട്ടിൽ ക്ലേശിച്ച്‌ കൈ ഉയർത്തി ആൾ‌ മോനുവിനെ അടുത്തേക്ക്‌ വിളിക്കുകയാണ്‌. ശബ്ദമില്ല. പുതപ്പിനിടയിൽ ഒട്ടിയ കവിളെല്ലുകൾ. തുറിച്ച കണ്ണുകൾ. തുറന്നു പിടിച്ച പല്ലില്ലാത്ത ചുവന്ന മോണ തെളിയുന്ന വായ. മോനു ചായ്‌പ്പിൽ കയറാതെ തിരിച്ചു നടന്നു.

n rajan, story, iemalayalam

അന്നു രാത്രി അമ്മയും അച്ഛനും കിടക്കുന്ന മുറിയുടെ വാതിൽ നേരത്തേ അടഞ്ഞു. എന്നിട്ടും അമ്മയുടെ കരച്ചിൽ മോനുവിന്‌ കേൾക്കാമായിരുന്നു. അച്ഛന്റെ അട്ടഹാസങ്ങളും.

“എറക്കി വിട്ടോളണം നാളെ പൊലർച്ചക്ക്‌. അല്ലെങ്കി എന്റെ തനി സ്വരൂപം കാണും നീ. ഓ വന്നിരിക്കുണൂ ഒരു പൊന്നാര ആങ്ങള.

എവിടാരുന്നു ഇത്രേം കാലം. എന്നെക്കൊണ്ടോന്നും പറേപ്പിക്കേണ്ട. വയസു കാലത്ത്‌ ചാവാൻ ഒരു മാടം തപ്പി വന്നതാവും. എറക്കി വിട്ടതാവും ഭാര്യേം മക്കളും. അവർക്കു വേണ്ടാത്തത്‌ ഇവടേം വേണ്ട. എന്നെക്കൊണ്ടാവില്ല, ഇനിയീ ഭാരംകൂടി ചോക്കാൻ.”

“വന്നതല്ലേ എന്തായാലും. ഒരു രണ്ടീസം താമസിച്ചിട്ട്‌ പൊക്കോളും.” അമ്മയുടെ ഒച്ച ദുർബലമായിരുന്നു.

“എന്നാ പിന്നെ വിരുന്നൊരുക്കിക്കോ. ആ കോഴീനെക്കൂടി കൊന്ന്‌ നാളെ കൂട്ടാൻവെച്ചു സൽക്കരിച്ചോ.”

അമ്മയുടെ ഏങ്ങലടികൾ ഉറക്കെയായപ്പോൾ മോനു കണ്ണിറുക്കിയടച്ചു. ഒന്നും കേൾക്കരുത്‌. പുറത്ത്‌ രാത്രിയുടെ അനക്കങ്ങളുണ്ട്‌. കിളികൾ കരയുന്നുണ്ട്‌. കാറ്റിൽ ചില പൂക്കളുടെ വാസന വരുന്നുണ്ട്‌. തൊഴുത്തിൽ അമ്മാളു അമറുന്നു.

എപ്പോഴോ അവനുറങ്ങി. അവന്റെ കോഴികൾ തന്നെയാണ്‌ വിളിച്ചുണർത്തിയത്‌. എണീറ്റ്‌ പല്ലു തേയ്‌ക്കാൻ ഉമിക്കരിയും ഈർക്കലിയുമായി കിണറ്റിൻ കരയിലേക്ക്‌ നടക്കുമ്പോൾ കണ്ടു, പടിയിറങ്ങിപ്പോവുന്നൊരു വൃദ്ധരൂപം.

മുണ്ടിന്റെ കോന്തലകൊണ്ട്‌ കണ്ണു തുടച്ച്‌, ചവിട്ടുകല്ലിൽ നിൽക്കുന്നു അമ്മ.

പാരീസ്‌ മിഠായികളെപ്പറ്റി ആരോടും പറയാഞ്ഞത്‌ നന്നായെന്ന്‌ അവന്‌ തോന്നി.

  • കുട്ടിക്കഥക്കൂട്ടിൽ നാളെ വി എം ഗിരിജ എഴുതിയ കഥ വായിക്കാം
Malayalam writer, Stories, Children

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: N rajan story for children paris mittayi