ലോകത്തിലെ കുട്ടികൾക്കെല്ലാം ആകസ്മികമായി ഒരു അവധിക്കാലം ഒരുമിച്ചു വന്നുചേരുമെന്ന് ആരും കരുതിയിരുന്നില്ല. ഈ നൂറ്റാണ്ടിൽ ആദ്യമായി അങ്ങനെ ഒന്നുണ്ടായി. കൊറോണയെ തുരത്താൻ മുതിർന്നവർ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ കുട്ടികൾ പല തരത്തിൽ വീടിനുള്ളിൽ അടച്ചിട്ട ദേഷ്യത്തിലും നിരാശയിലുമായിരിക്കും. ഈ സാഹചര്യത്തിൽ അതുകൊണ്ടുതന്നെ കുട്ടികളുടെ മാനസിക ആരോഗ്യം ശ്രദ്ധിച്ചേ മതിയാകൂ. അവരെ ആക്റ്റീവ് ആയി നിർത്താൻ പ്രവർത്തനങ്ങൾ നൽകിയേ തീരൂ.
രക്ഷിതാക്കളെ കുഴക്കുന്ന ഈ പ്രശ്നത്തിന് ഒരു മാർഗം വായനയാണ്. കുട്ടികളെ ഈ അവസരത്തിൽ ഏറ്റവും സ്വാധീനിക്കാൻ സാധ്യതയുള്ള ഒരു പ്രവർത്തനമാണ് വായന. അതൊരു താത്കാലിക ആനന്ദം മാത്രമല്ല. പിൽക്കാല ജീവിതത്തിലും കുട്ടികളെ സ്വാധീനിക്കാൻ വായനക്ക് കഴിയും.
വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പൊരു  ഏപ്രിലിലെ ഇതേ ദിവസം  ഞാന്‍ സന്ധ്യക്ക് അച്ഛന്‍ ഓഫീസില്‍നിന്നു വരുന്നതും കാത്ത് അങ്ങനെയിരിക്കുന്നു.  അന്നെനിക്ക് എട്ടു  വയസ് കാണും. ആ രാത്രി ഞാന്‍ കാത്തിരിക്കുന്നത് പലഹാരങ്ങള്‍ക്കോ കളിപ്പാട്ടങ്ങള്‍ക്കോ ഒന്നുമല്ല . അതൊരു ചെറിയ പുസ്തകത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ്.  സാക്ഷാല്‍ ഷേക്സ്പിയറിന്റെ കഥകളുടെ ഒരു പുസ്തകം. അതാകട്ടെ മാതൃഭൂമി പത്രത്തിന്‍റെ കൂടെ കിട്ടിയ ഒരു കൂപ്പണ്‍ കൊടുക്കുമ്പോള്‍ സൗജന്യമായി ലഭിക്കുന്നതും. നീല പുറം ചട്ടയുള്ള  മുന്തിരിക്കള്ളന്മ്മാര്‍ എന്നൊരു കഥയുള്ള, മാന്ത്രികനായ  പ്രോസ്പരോയുള്ള ഒരു പുസ്തകം.
അതില്‍നിന്നാണ് സകലമാന പുസ്തകങ്ങളിലേക്കുമുള്ള കുത്തൊഴുക്ക്  ആരംഭിക്കുന്നത് . അവിടെനിന്നും വായന  ആരംഭിക്കുകയായി. ആ ഒഴുക്ക് എന്നെ  ഭൂമിയിലെ  എട്ടാമത്തെ വര്‍ഷം കൂടെക്കൂട്ടി. മറ്റൊരാനന്ദത്തിനും  വക നല്‍കാതെ  ചിന്ത  എന്നെ പിടിച്ചു കൊണ്ടുപോയി  ലൈബ്രറിയില്‍ ഇരുത്തി.
ഉള്ളതു പറയട്ടെ ഒരധ്യാപകനും പുസ്തകത്തിനും മേല്‍ എന്നെ സ്വാധീനിച്ചില്ല. ഒരു ചിന്തക്കും പുസ്തകത്തില്‍നിന്ന് എന്നെ അകറ്റാന്‍  സാധിച്ചില്ല.   ബാല്യവും കൗമാരവും  കടന്നുപോയത്  സാഹിത്യത്തിന്‍റെ വേറിട്ടൊരു  സ്വപ്നത്തിലൂടെ മാത്രമായിരുന്നു. ജീവിതം സ്വപ്നമോ യാഥാര്‍ത്ഥ്യമോയെന്നു  പിടികിട്ടാത്ത  ആ അവസ്ഥയുണ്ടല്ലോ അതിപ്പോഴും  വിട്ടുമാറുന്നില്ല.
ലോകത്തൊട്ടാകെ ഒരു വലിയ സാഹിത്യ ശാഖയായി കുട്ടികളുടെ സാഹിത്യം മാറിയിട്ടുണ്ട്. ഓരോ ദേശത്തിനും അതിന്റെ വകഭേദങ്ങളുണ്ട്, നാടോടിക്കഥകളും മിത്തുകളും കോമിക്കുകളും ഒക്കെയായി അതൊരു വലിയ സാധ്യത തുറന്നിടുന്നുണ്ട്. ഈ അവധിക്കാലത്തിൽ കുട്ടികൾക്ക് വായിക്കാൻ കഴിയുന്ന  അവരെ സ്വാധീനിച്ചേക്കാവുന്ന പത്തു പുസ്തകങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ.

1. കൊച്ചു രാജകുമാരൻ (Little Prince)

ഫ്രഞ്ച് വൈമാനികനായിരുന്ന  അന്ത്വാന്‍ ദ് സാന്തെക്സ്യുപെരി കുട്ടികൾക്കുവേണ്ടി എഴുതിയ പുസ്തകമാണ് കൊച്ചുരാജകുമാരൻ. ലോകമെമ്പാടുമുള്ള കുട്ടികളെ സ്വാധീനിച്ച ഈ കൃതി അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. മറ്റൊരു ഗ്രഹത്തിൽ താമസിക്കുന്ന നിഷ്കളങ്കനായ ഒരു കുട്ടി തന്റെ ചുറ്റുമുള്ള പ്രപഞ്ചത്തിലേക്കു യാത്ര ചെയ്യുകയാണ്. കുറുനരിയും രാജകുമാരൻ ഇഷ്ടപ്പെട്ടിരുന്ന റോസാപ്പൂവും ഒക്കെ ഇതിൽ കഥാ പാത്രങ്ങളായി വരുന്നുണ്ട്. ഫ്രെഞ്ചില്‍ ‘Le Petit Prince’ എന്നാണ് അതിന്‍റെ പേര്. കൂടാതെ ലിറ്റിൽ പ്രിൻസ് എന്ന പേരിൽ ഇതിനെ ആസ്പദമാക്കി ഒരു സിനിമയും ഇറങ്ങുയിട്ടുണ്ട്.

2. ടോട്ടോ ചാൻ – ജനാലാക്കരികിലെ പെൺകുട്ടി

കഴിഞ്ഞ നാല്പതു വർഷങ്ങൾക്കിടയിൽ ലോകത്തെ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ സ്വാധീനിച്ച മറ്റൊരു പുസ്തകമില്ല. ജപ്പാനിലെ പ്രശസ്തയായ ടെലിവിഷൻ അവതരികയായിരുന്ന തെത്സുകോ കുറോയാനഗിയായിരുന്നു ടോട്ടോയുടെ സൃഷ്ടാവ്. ടോമോ ഗാക്വിൻ എന്ന പ്രദേശത്ത് കഴിഞ്ഞ കാലത്തെ ഓര്മകളായിരുന്നു അവരെ ഒരു പുസ്തകം എഴുതാൻ പ്രേരിപ്പിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന് മുൻപ് മനസ്സിൽ നിറയെ സ്വപ്നങ്ങളുമായി നടന്ന കൊബായാഷി  എന്ന അധ്യാപകൻ സ്ഥാപിച്ച ടോമോ വിദ്യാലയവും അവിടെ പഠിക്കാനെത്തുന്ന വികൃതിയായ ടോട്ടോ ചാൻ എന്ന കുഞ്ഞു പെണ്കുട്ടിയുടെയും കഥയാണിത്. മുപ്പതോളം ഭാഷകളിൽ ടോട്ടോചാൻ വിവർത്തനം ചെയ്യപ്പെട്ടു.

3. ശിശിരത്തിലെ ഓക്ക് മരം 

സോവിയറ്റ് കാലത്തെ റഷ്യൻ ജീവിതമാണ് ശിശിരത്തിലെ ഓക്ക് മരം മുഴുവൻ, അതൊരിക്കലും മുതിർന്നവരുടെ ലോകമല്ല കുട്ടികളുടേതാണെന്നു മാത്രം. മഞ്ഞു പുതച്ച റഷ്യൻ ഗ്രാമങ്ങളും, അവിടെ ജീവിച്ചിരുന്ന കുട്ടികളും അവരുടെ പ്രിയപ്പെട്ട പൈന്മരക്കാടുകളും, ജീവികളും ഒക്കെ നിറഞ്ഞ മനോഹരമായ കഥകളുടെ കൂട്ടമാണിത്. ഹൃദയസ്‌പർശിയായ  ഒട്ടനവധി നിമിഷങ്ങൾ പലപ്പോഴും അതിൽ ആവർത്തിക്കുന്നു. കുട്ടികളെ സ്വാധീനിക്കാൻ പോന്ന ഒരു പുസ്തകമാണിത്. മലയാളത്തിൽ സി തങ്കം വിവർത്തനം ചെയ്ത ശിശിരത്തിലെ ഓക്കുമരം പ്രസിദ്ധീകരിച്ചിരിക്കുന്നത് ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആണ്.

4. ഉണ്ണിക്കുട്ടന്റെ ലോകം

ഒരുപക്ഷേ കേരളത്തിലെ കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട തദ്ദേശീയമായ ബാലസാഹിത്യ കൃതിയാണ് ‘ഉണ്ണിക്കുട്ടന്റെ ലോകം’ എന്ന കാര്യത്തിൽ സംശയമില്ല. മലയാളം ഉപ പാഠപുസ്തകമായും, മറ്റനേകം പതിപ്പുകളായും അത് മലയാളിയുടെ പൊതുമണ്ഡലത്തിൽ ദശകങ്ങളായി നില നിൽക്കുന്നു.
ഉണ്ണിക്കുട്ടന്റെ ലോകത്തിലേക്ക്, ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടസ്‌കൂളിലേക്ക്, ഉണ്ണിക്കുട്ടൻ വളരുന്നു എന്നിങ്ങനെ മൂന്നു ഭാഗങ്ങളുടെ കൂടിച്ചേരലാണ് ‘ഉണ്ണിക്കുട്ടന്റെ ലോകം’ എന്ന പുസ്തകം. 1960 കളുടെയും എഴുപതുകളുടെയും കേരളീയ ജീവിതത്തിന്റെ  ദൈനം ദിന വ്യവഹാരങ്ങൾ ഒരു കുട്ടിയുടെ കണ്ണിലൂടെ നോക്കിക്കാണുകയാണ്. മനുഷ്യരുടെ നൈര്മല്യവും പ്രകൃതിയുടെ ലാളിത്യവും ഹൃദ്യമായ ജീവിതവും ചേരുന്ന കുറേ നിമിഷങ്ങളാണ്  ഓരോ അധ്യായവും.
മുത്തശ്ശിയും മുത്തച്ഛനും തൊടിയും അതിനുള്ളിലെ അനേകായിരം അത്ഭുതങ്ങളും. സാധാരണക്കാരായ മനുഷ്യരും ഒരു കുട്ടിയിൽ ഉണ്ടാക്കുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. ഒത്തിരി  ഒത്തിരി ചോദ്യങ്ങളിലൂടെ ആ കുട്ടി വളരുകയാണ് .

5. അച്ഛന്റെ കുട്ടിക്കാലം

അച്ഛൻ കുട്ടിയായിരുന്നപ്പോൾ പാവ്ലോ പൊസാദ് എന്നു പേരായ ഒരു പട്ടണത്തിൽ താമസിച്ചി രുന്നു. ‘അച്ഛന്റെ കുട്ടിക്കാലം’ എന്ന പുസ്തകം തുടങ്ങുന്നത് ഇങ്ങനെയാണ് റഷ്യൻ എഴുത്തുകാരനായ അലക്‌സാണ്ടർ റാസ്‌കിൻ എഴുതിയ  ‘When Daddy was a Little Boy’ കുട്ടികളുടെ എക്കാലത്തെയും സ്വാധീനിക്കപ്പെട്ട കൃതികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. കുട്ടിയായിരുന്ന കാലത്ത് അച്ഛൻ ചെയ്ത വികൃതികളിലൂടെ സഞ്ചരിക്കുകയും തന്റെ കുട്ടികളെ അയാൾ അത്ഭുതപ്പെടുത്തുകയും ചെയ്യുകയാണ്.

6. പൂതപ്പാട്ട്

 കവിതകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല, മലയാളത്തിന്റെ തനത് താളത്തിലാണെങ്കിൽ അതിന് രസം കൂടും ഇടശ്ശേരിയുടെ പൂതപ്പാട്ട് ഈണത്തിലും താളത്തിലും പദ്യവും ഗദ്യവുമായി  മനോഹരമായൊരു വിന്യാസമാണ്. പാടിയും നൃത്തം ചെയ്തും ആസ്വദിക്കാൻ പറ്റിയ ഈ പുസ്തകം കുട്ടികൾക്ക് വേണ്ടി പ്രത്യേകം ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

7. കേരളത്തിലെ പക്ഷികൾ

പ്രകൃതിയുടെ രഹസ്യങ്ങളിലേക്ക് കൗതുകത്തോടെ യാത്രചെയ്യാൻ കുട്ടികൾക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക. ഇന്ദുചൂഡൻ എന്ന കെ. കെ നീലകണ്ഠൻ എഴുതിയ ‘കേരളത്തിലെ പക്ഷികൾ’ കുട്ടികളിൽ പക്ഷികളുടെ പ്രപഞ്ചത്തിലേക്കും പ്രകൃതിയിലേക്കുമുള്ള അവരുടെ ജിജ്ഞാസയെ ഇളക്കി വിടും. അതുവരെ അറിയാത്ത ഒരു ലോകത്തേക്കുള്ള യാത്രയാകും ഈ പുസ്തകം സമ്മാനിക്കുക.

8. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം

പ്രൊഫസർ എസ് ശിവദാസ് എഴുതിയ ‘വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം’ പ്രകൃതിയിലെ അനേകം അത്ഭുതങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. ജീവശാസ്ത്രവും രസതന്ത്രവും ഭൗതിക ശാസ്ത്രവുമെല്ലാം രസകരമായി പരിചയപ്പെടുത്തുകയാണിവിടെ. ശാസ്ത്ര തല്പരരായ കുട്ടികൾക്ക് അതൊരു മികച്ച സമ്മാനമാകും.

9. കോക്കോയുടെ പൂച്ചക്കുട്ടി (Koko’s Kitten)

സാൻഫ്രാൻസിസ്കോ മൃഗശാലയിലെ സന്ദർശകരെ ആകർഷിച്ചിരുന്ന ഒരു ഗോറില്ലയായിരുന്നു കൊക്കോ. ആഫ്രിക്കൻ ഗോറില്ലകൾ ലോകത്തു തന്നെ അപൂർവമാണ്.
ഒരു ജന്മദിനത്തിന് കൊക്കോ സമ്മാനമായി ആവശ്യപ്പെട്ടത് ഒരു പൂച്ചക്കുട്ടിയെ യാണ്. അമേരിക്കൻ ആംഗ്യഭാഷ പരിശീലിച്ചിരുന്ന കൊക്കോക്ക് മൃഗശാലയിലെ ജോലിക്കാർ ഉടനെ ഒരു പൂച്ചക്കുട്ടിയെ സമ്മാനിച്ചു.
1985 ൽ പുറത്തിറങ്ങിയ ‘കൊക്കോസ് കിറ്റൺ’  ഗോറില്ലയുടെയും ചങ്ങാതിയായ പൂച്ചക്കുട്ടിയുടെയും കഥ പറയുന്നു. എക്കാലവും കുട്ടികളെ സ്വാധീനിച്ച പുസ്തകങ്ങളിൽ ഒന്നായി അതു കണക്കാക്കപ്പെടുന്നു. വേദനയും സന്തോഷവും പ്രതീക്ഷയുമാണ് എല്ലാവരുടെയും ജീവിതം. കുട്ടികളുടെയും ചിലപ്പോൾ മുതിർന്നവരുടെയും ജീവിതത്തിൽ ഒത്തിരി മാറ്റങ്ങളുണ്ടാക്കാൻ ഇത്തരം പുസ്തകങ്ങൾക്ക് സാധിക്കുന്നു.

10)  ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ

ലോകം എക്കാലവും ഓർക്കുന്ന ഒരു പെണ്കുട്ടിയുടെ ഓർമക്കുറിപ്പുകളാണ് ഇത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന കാലത്ത് നാസികളാൽ തടവിലാക്കപ്പെടുന്നതുവരെ ആൻ ഫ്രാങ്ക് തന്റെ ജീവിതത്തെ എഴുതിക്കൊണ്ടിരുന്നു. ആസന്നമായ യുദ്ധത്തിന്റെ ഭീതി അവൾ തന്റെ ഡയറിക്കുറുപ്പുകൾ വഴി ലോകത്തെ ബോധ്യപ്പെടുത്തി. യുദ്ധം എത്ര ഭീകരമാണെന് കുട്ടികളെ ബോധ്യപ്പെടുത്താൻ മറ്റൊരു പുസ്തകം ആവശ്യമില്ല.
പത്തു പുസ്തകങ്ങളിൽ ഒതുക്കാവുന്നതല്ല കുട്ടികളുടെ വായനാലോകം, അനേകലക്ഷം പുസ്തകങ്ങളുടെ  ഒരു വലിയ ലോകം അവരെ കാത്തിരിക്കുന്നുണ്ട്.

ടിങ്കിൾ കോമിക്കും അമർ ചിത്രകഥയും

കൊറോണ ഭീതിയുടെ സാഹചര്യത്തിൽ പെട്ടെന്നുണ്ടായ അവധിക്കാലം ഉൾക്കൊള്ളാൻ കുട്ടികൾക്കു പ്രയാസമാണെന്ന വിലയിരുത്തലിലാണ് പ്രസാധകർ. ഈ സാഹചര്യം മറികടക്കാൻ അമർ ചിത്രകഥയെന്ന പരിഹാര മാർഗവുമായിഇന്ത്യയിലെ മുൻനിര കോമിക് സംരഭങ്ങൾ രംഗത്തെത്തി.    വർഷങ്ങളായി കുട്ടികളെ രസിപ്പിച്ചു കൊണ്ടിരിക്കുന്ന ടിങ്കിൾ കോമിക്കും അമർ ചിത്രകഥയും  തങ്ങളുടെ കയ്യിലുള്ള മുഴുവൻ ആർക്കയ്വും സൗജന്യമായി  മുപ്പതു ദിവസത്തേക്ക് നൽകാൻ തീരുമാനിച്ചു. വീടുകളിൽ അവധിക്കാലം ചിലവഴിക്കുന്ന കുട്ടികൾക്ക് ഇതൊരു ആശ്വാസമാകുമെന്നുറപ്പാണ്.

അമര്‍ ചിത്ര കഥ, ടിങ്കിള്‍ കോമിക് ആപ്പുകള്‍ ലഭിക്കാന്‍ താഴെ കൊടുത്ത ലിങ്കുകള്‍ ഉപയോഗിക്കാം.

അമര്‍ ചിത്രകഥ: //bit.ly/ACK1Month
ടിങ്കിള്‍: //bit.ly/Tinkle1Month

സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ നേടാന്‍ എന്തൊക്ക ചെയ്യണം.

സ്റ്റെപ്പ് 1: ലിങ്ക് തുറന്നുവന്നാല്‍ പുതിയ അക്കൗണ്ട് തുടങ്ങാം. ഒരു മാസത്തേക്ക് സേവനങ്ങള്‍ സൗജന്യമായി നേടുന്നതിനുള്ള കൂപ്പണോടൊപ്പമാണ് പുതിയ അക്കൗണ്ട് ലഭിക്കുക.

സ്റ്റെപ്പ് 2: ഫോണില്‍ ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് അക്കൗണ്ടിലേക്ക് ഓപ്പണ്‍ ചെയ്യാം. ആപ്പിന്റെ മുകളില്‍ ഇടതുവശത്തുള്ള മെയിന്‍ മെനു ബട്ടണ്‍ ക്ലിക്ക് ചെയ്ത് മെനുവിലെ സൈന്‍ ഇന്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്യാം.

സ്റ്റെപ്പ് 2: ഒരിക്കല്‍ സൈന്‍ ഇന്‍ ചെയ്താല്‍ കോമിക്കുകള്‍ സൗജന്യമായി ഉപയോഗിക്കാം. പണം നല്‍കി ഉപയോഗിക്കേണ്ട എല്ലാ ടൈറ്റിലുകളും സൗജന്യമായി ലഭിക്കും. ഇവ ഡൗണ്‍ലോഡ് ചെയ്തും വായിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook