Latest News

മനുക്കുട്ടനും മിനുപ്പൂച്ചയും

“ഒരു കുന്നിൻചെരുവിലാണ് അപ്പൂപ്പന്റെ വീട്.വീടിനു താഴെ കൂടിയാണ് പുഴയൊഴുകുന്നത്. പുഴയ്ക്കപ്പുറം കാടാണ്. കാടു കടന്ന് കുറുക്കൻമാരും കാട്ടുപൂച്ചകളുമൊക്കെ അങ്ങോട്ടു വരാറുണ്ട്.” മിനി പി സി എഴുതിയ കഥ

കൊറോണ പടർന്ന് പിടിച്ചതോടെ മനുക്കുട്ടന് തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യവും സങ്കടവുമായി. പുറത്തിറങ്ങാൻ പറ്റില്ല കൂട്ടുകാരുടെ കൂടെ കളിക്കാൻ പറ്റില്ല, സ്കൂളിൽ പോകാൻ പറ്റില്ല. എന്തിനുമേതിനും ‘അരുത്, അരുത്’ മാത്രം. കേട്ടുകേട്ട് അച്ഛനോടും അമ്മയോടും വീട്ട് ജോലിക്കു സഹായിക്കുന്ന രാജിചേച്ചിയോടുമെല്ലാം അവന് ദേഷ്യമായി.

“ഇനിയെന്നാ കളിക്കാൻ പോകാൻ പറ്റുക? എന്നാ സ്കൂളിൽ പോകാൻ പറ്റുക? എന്നാ ബീച്ചിലും പാർക്കിലും സിനിമയ്ക്കും പോകാൻ പറ്റുക?” വീട്ടിലിരുന്ന് ബോറടിച്ച മനുകുട്ടൻ എന്നും ജോലി കഴിഞ്ഞ് അച്ഛനുമമ്മയും എത്തുമ്പോൾ ഓടിച്ചെന്നു ചോദിക്കും. അവർ അതിന് മറുപടിയൊന്നും പറയാതെ ഓരോന്നൊക്കെ ചെയ്തുകൊണ്ടിരിക്കും.

നാലാം ക്ലാസിലാണ് മനുക്കുട്ടൻ പഠിക്കുന്നത്. അവധിക്കാലമായിതിനാൽ സ്കൂളിൽ പോകണ്ട. മുമ്പൊക്കെ അവധിക്കാലം അടിച്ചുപൊളിച്ചിരുന്നതാണ്.

അച്ഛനും അമ്മയും ജോലിക്കു പോയിക്കഴിഞ്ഞാൽ വീട്ടിൽ അവനും രാജിചേച്ചിയും മിനുപൂച്ചയും മാത്രമാകും. രാജിചേച്ചി പണി കഴിഞ്ഞാൽ മുഴുവനും നേരം ടിവിയും കണ്ടിരിക്കും. വല്ലാതെ വാശി പിടിച്ചാലാണ് അവന് ഡോറ ബുജിയും മാഷ ആൻഡ് ദ ബിയറുമൊക്കെ വെച്ചു കൊടുക്കുക. അതു കാണുന്നതിനിടയ്ക്ക് പലവട്ടം അവർ ചാനൽ മാറ്റിക്കൊണ്ടിരിക്കും. മനുക്കുട്ടൻ അതോടെ ദേഷ്യപ്പെട്ട് മുറിയുടെ ഒരു മൂലയ്ക്ക് ചെന്നിരിക്കും.

ആരോരുമില്ലാതെ മുറിയുടെ മൂലയ്ക്ക് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് മിനുപ്പൂച്ച മ്യാവൂ… മ്യാവൂ കരഞ്ഞും കാലുകളിൽ മുട്ടിയുരുമ്മിയും അവന്റെ കൂട്ടുകൂടിയത്. വെളുപ്പും കറുപ്പും നിറമുള്ള പതുപതുത്ത ദേഹമുള്ള മിടുക്കിപ്പൂച്ചയാണ് മിനു.

mini pc, story, iemalayalam

മനുവിന്റെ വീട്ടിൽ എലിശല്യം കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് പൂച്ചയെ വളർത്തുന്ന കാര്യം അച്ഛനും അമ്മയും ആലോചിച്ചത്. അങ്ങനെയാണ് രാജിചേച്ചിയുടെ വീട്ടിൽനിന്നും മിനുവിനെ കൊണ്ടുവന്നത്. കൊണ്ടു വരുമ്പോൾ പാലുകുടി മാറാത്ത കൊച്ചുകുഞ്ഞായിരുന്നു. അമ്മയും രാജിച്ചേച്ചിയും കുപ്പിപ്പാൽ കൊടുത്താണ് അവളെ വളർത്തിയത്. അന്നൊന്നും മനുക്കുട്ടന് മിനുവിനോട് പ്രത്യേകിച്ച് ഇഷ്ടമൊന്നും ഉണ്ടായിരുന്നില്ല. അതിനെ ശ്രദ്ധിക്കാറു പോലും ഉണ്ടായിരുന്നില്ല.കളിയൊക്കെ കഴിഞ്ഞ് ക്ഷീണിച്ചു വീട്ടിലെത്തുമ്പോൾ അത്‌ അടുത്തേക്കു ചെന്നാൽ പേടിപ്പിച്ച് ഓടിക്കുമായിരുന്നു.

കൊറോണ വന്ന് ഒറ്റയ്ക്കായപ്പോഴാണ് മിനുവിന്റെ സ്നേഹം മനസ്സിലാകുന്നത്. മിനു, മനുക്കുട്ടനൊപ്പം പന്തുരുട്ടിയും ഒളിച്ചേ കണ്ടേയുമൊക്കെ കളിക്കും. നല്ല ബുദ്ധിയാണ് മിനുവിന്.

അതിനിടയിലൊരു ദിവസം അച്ഛൻ ഫോൺ വിളിച്ചപ്പോൾ, “എത്ര നാളായെടാ മനുക്കുട്ടനെ കണ്ടിട്ട്. കുറച്ചു ദിവസം ഇവിടെ കൊണ്ടു നിർത്താമോ?” എന്ന് അപ്പൂപ്പൻ ചോദിച്ചു. ഗ്രാമത്തിലെ വീട്ടിൽ അപ്പൂപ്പനും അമ്മൂമ്മയും മാത്രമേയുള്ളൂ. അപ്പൂപ്പന്റെ നിർബന്ധം കൂടിക്കൂടിവന്നപ്പോൾ അച്ഛൻ അവനെയും മിനുവിനെയും അപ്പൂപ്പന്റെ അടുത്തു കൊണ്ടുവിട്ടു.

ചക്കരമാവുകളും പലതരം പ്ലാവുകളും പുളിമരങ്ങളും തെങ്ങും കവുങ്ങും ഇടതിങ്ങി നിൽക്കുന്ന കുന്നിൻചരുവിലാണ് അപ്പൂപ്പന്റെ വീട്. ദൂരെ നിന്ന് നോക്കിയാൽ മരക്കൂട്ടങ്ങൾക്കിടയിലെ ഓടുമേഞ്ഞ ആ കൊച്ചുവീട് ചിത്രത്തിൽ എന്നതുപോലെ പച്ചച്ചും മഞ്ഞച്ചും വെളുത്തും ചുവന്നും കാണാനാകും. മധ്യവേനലവധിക്കാലത്ത് പോകുമ്പോൾ മനുക്കുട്ടന് അവിടെയും ഒരുപാടു കൂട്ടുകാരുണ്ടായിരുന്നു. ഇത്തവണ ചെന്നപ്പോൾ ആരുമില്ല.അവൻ എല്ലാ വീടുകളിലേക്കും നോക്കി.പലരും വീടിനു മുന്നിൽ നിന്നുകൊണ്ട് കൈ ഉയർത്തിക്കാണിച്ചു. “വാ” മനുക്കുട്ടൻ എല്ലാരേയും വിളിച്ചു. ആരും വന്നില്ല.പണ്ടൊക്കെ മനുക്കുട്ടൻ കാറിൽ നിന്നും ഇറങ്ങുമ്പോഴേക്കും എല്ലാരും ഓടികൂടുമായിരുന്നു.

“അവരൊക്കെ വരാത്തതെന്താ അപ്പൂപ്പാ,” മനുക്കുട്ടൻ അപ്പൂപ്പനോടു ചോദിച്ചു.

“കൊറോണയല്ലേ, കുട്ടാ…”അപ്പൂപ്പൻ പറഞ്ഞു.

“ശ്ശോ…ഇവിടേം കൊറോണയുണ്ടോ? ഈ കൊറോണ എന്താ അപ്പൂപ്പാ മാറാത്തെ,” അവൻ സങ്കടത്തോടെ അപ്പൂപ്പനോടു ചോദിച്ചു.

“എല്ലാം മാറും കുട്ടാ. അതുവരെ നമ്മൾ സൂക്ഷിക്കണം,” അപ്പൂപ്പൻ പറഞ്ഞു.

കുറെക്കാലത്തിന് ശേഷം മനുക്കുട്ടനെ കണ്ടപ്പോൾ അപ്പൂപ്പനു വലിയ സന്തോഷമായി.പക്ഷെ അമ്മൂമ്മയ്ക്ക് മിനുവിനെ ഇഷ്ടമായില്ല. അമ്മൂമ്മയ്ക്ക് പൂച്ചകളെ ഇഷ്ടമല്ല.

“പൂച്ചയെ അകത്തു കേറ്റണ്ട. പൂച്ചരോമം വയറ്റിൽ പോയാൽ വല്ല അസുഖവും വരും,” അമ്മൂമ്മ പറഞ്ഞു. മനുക്കുട്ടൻ വിഷമത്തോടെ അപ്പൂപ്പനെ നോക്കി.

mini pc, story, iemalayalam

“അതൊന്നും സാരൂല്ല.അതിനേം കൊണ്ടുവാ.”അപ്പൂപ്പൻ പറഞ്ഞു. മനുക്കുട്ടൻ മിനുവിനെയും കൊണ്ട് വീടിനകത്തു കയറി.

അമ്മൂമ്മയെ പേടിച്ച് മിനു എപ്പോഴും മനുക്കുട്ടന്റെ കാലിൽ ഉരുമ്മി അവനെയും അപ്പൂപ്പനേയും ചുറ്റിപ്പറ്റി നിൽക്കും. എന്നും രാവിലെ അപ്പൂപ്പനൊപ്പം മനുക്കുട്ടൻ പറമ്പിലൂടെ ചുറ്റി നടക്കും. അവനു പറകെ വാലുപോലെ മിനുവും.

പുഴയിൽ ചൂണ്ടയിട്ടു മീൻ പിടിച്ചാൽ അമ്മൂമ്മ കാണാതെ അപ്പൂപ്പൻ അവൾക്കു മീൻ കൊടുക്കും. അമ്മൂമ്മയ്ക്ക് പക്ഷെ അതൊന്നും ഇഷ്ടമല്ല. അവർ എപ്പോഴും മിനുവിനെ വഴക്കു പറയും. അപ്പൂപ്പൻ ഒരു ദിവസം കുന്നു കയറുമ്പോൾ വീണ് കാലുപൊട്ടി. കാലു വേദന കാരണം എങ്ങോട്ടും പോകാൻ പറ്റാതായി.

അങ്ങനെയിരിക്കെ ഒരു ദിവസം അമ്മൂമ്മ ചൂണ്ടയിട്ട് കുറച്ചു മീൻ കൊണ്ടു വന്നു. കുറേ ദിവസമായി മീൻ തിന്നാത്തതു കൊണ്ട് മിനുവിന് കൊതി മൂത്തിരുന്നു. അവൾ അമ്മൂമ്മ നന്നാക്കി വെച്ചിരുന്ന മീനുകളിലൊന്നിനെ കറുമുറാ തിന്നു. ഇതു കണ്ടുവന്ന അമ്മൂമ്മ മിനുവിനെ വീട്ടിൽനിന്നും തല്ലിയോടിച്ചു. തല്ലുകൊണ്ട് അതിന്റെ കാലു മുറിഞ്ഞു. ഉറക്കെ കരഞ്ഞുകൊണ്ട് മിനു വയ്യാത്ത കാലും കൊണ്ട് ഓടി പറമ്പിന്റെ മൂലയിൽ ഒളിച്ചു. ‘മാഷ ആൻഡ് ദി ബിയർ’ കാണുകയായിരുന്ന മനുക്കുട്ടൻ ഇതൊന്നും അറിഞ്ഞില്ല.

mini pc, story, iemalayalam

കാർട്ടൂണൊക്കെ കണ്ടു കഴിഞ്ഞ് റൂമിനു പുറത്തിറങ്ങിയ മനുക്കുട്ടൻ “മിനുക്കുട്ടീ,” എന്ന് ഉറക്കെ വിളിച്ചുകൊണ്ട് വീട്ടിലും തൊടിയിലുമെല്ലാം കുറേ തിരഞ്ഞു. അവളെ കണ്ടതേയില്ല. അവനു വലിയ സങ്കടമായി.

“വിഷമിക്കണ്ട മനുക്കുട്ടാ, നമുക്കു തിരഞ്ഞു കണ്ടുപിടിക്കാമെന്നെ,” അപ്പൂപ്പൻ അവനെ ആശ്വസിപ്പിച്ചു.

“മിനുക്കുട്ടിയ്ക്ക് വഴിതെറ്റി കാട്ടിലേക്കു പോയതായിരിക്കോ,” മനുക്കുട്ടൻ ആവലാതിപ്പെട്ടു.

ഒരു കുന്നിൻചെരുവിലാണ് അപ്പൂപ്പന്റെ വീട്. വീടിനു താഴെ കൂടിയാണ് പുഴയൊഴുകുന്നത്. പുഴയ്ക്കപ്പുറം കാടാണ്. കാടു കടന്ന് കുറുക്കൻമാരും കാട്ടുപൂച്ചകളുമൊക്കെ അങ്ങോട്ടു വരാറുണ്ട്.

“വല്ല കുറുക്കനും പിടിച്ചതാവും. കോഴികളേം പൂച്ചകളേം ഒക്കെ കുറുക്കന്മാര് പിടിച്ചു തിന്നും,” അമ്മൂമ്മ ഒന്നും അറിയാത്തതുപോലെ പറഞ്ഞു.

അപ്പൂപ്പനും മനുക്കുട്ടനും കൂടി എല്ലായിടത്തും മിനുക്കുട്ടിയെ തിരഞ്ഞു.എവിടെയും കണ്ടില്ല. മിനുക്കുട്ടി പോയതോടെ മണിക്കുട്ടന്റെ ഉത്സാഹമെല്ലാം കെട്ടു. അവൻ സങ്കടപ്പെട്ട് ഉച്ചയ്ക്കു ചോറുണ്ടില്ല, നാലുമണിക്ക് ചായയും പലഹാരവും കഴിച്ചില്ല. നേരം സന്ധ്യയായി, മനുക്കുട്ടന്റെ സങ്കടം പൊട്ടിയൊഴുകി. അവൻ തേങ്ങിത്തേങ്ങി കരയാൻ തുടങ്ങി.

“ആ വൃത്തികെട്ട പൂച്ച പോയെങ്കിൽ പോട്ടെ മോന് അമ്മൂമ്മ സൈക്കിൾ വാങ്ങിച്ചു തരാം… വീഡിയോ ഗെയിം വാങ്ങിച്ചു തരാം…” അമ്മൂമ്മ മനുകുട്ടന് ഓരോ വാഗ്ദാനങ്ങൾ കൊടുത്തു കൊണ്ടിരുന്നു.

“എനിക്കൊന്നും വേണ്ട എന്റെ മിനുക്കുട്ടിയെ മാത്രം മതി,” മനു കുട്ടന്റെ കരച്ചിൽ കൂടി.

അപ്പൂപ്പനും മനുക്കുട്ടനും വിളിക്കുന്നത് ഒരു പൊന്തയ്ക്കുള്ളിലിരുന്ന് മിനുക്കുട്ടി കേൾക്കുന്നുണ്ടായിരുന്നു. പക്ഷെ അമ്മൂമ്മയെ ഭയന്ന് അവൾ ഒന്നും മിണ്ടിയില്ല. സന്ധ്യയായിത്തുടങ്ങി. കാലു വേദനകൊണ്ട് ഒരു രക്ഷയുമില്ലാതായി. അവൾ വേദനയും സങ്കടവും പേടിയും അടക്കി തളർന്നു കിടന്നു.

“പാവം പൂച്ചക്കുട്ടി. നല്ല സ്നേഹമുള്ളതായിരുന്നു. ഒന്നും പറ്റല്ലെ ദൈവമേ,” അപ്പൂപ്പന് മനുക്കുട്ടന്റെ കരച്ചിൽ കണ്ട് സഹിച്ചില്ല.

നേരം ഇരുട്ടിത്തുടങ്ങി, പുഴക്കരയിൽ നിന്നും കൂമന്റെയും കാട്ടുകോഴികളുടെയും കുറുക്കന്മാരുടെയും ഒച്ചകൾ ഉയർന്നു. ചീവീടുകൾ പതുക്കെ കരയാൻ തുടങ്ങി. അതുവരെ മിനുക്കുട്ടി പോയതു നന്നായി എന്നു വിചാരിച്ചിരുന്ന അമ്മൂമ്മയ്ക്ക് താൻ ചെയ്തത് ശരിയായില്ല എന്നൊരു തോന്നൽ വന്നു. മുറിയിൽനിന്നും മനുക്കുട്ടന്റെ കരച്ചിലും അപ്പൂപ്പന്റെ ആശ്വസിപ്പിക്കലും കേൾക്കാം.

അതോടെ താൻ കാരണം മിനുക്കുട്ടിക്ക് ഒന്നും പറ്റരുത് എന്ന ചിന്തയോടെ അവർ അപ്പൂപ്പനും മനുക്കുട്ടനും അറിയാതെ മിനുക്കുട്ടി ഒളിഞ്ഞിരിക്കുന്ന പൊന്തയിലേക്ക് ചെന്നു. ചെമ്പരത്തിയും കൃഷ്ണതുളസിയും കട്ടകുത്തി നിൽക്കുന്ന പൊന്തയാണ്. അവർ നോക്കുമ്പോൾ മിനുക്കുട്ടി തളർന്നു കിടക്കുകയാണ്.

അമ്മൂമ്മയെ കണ്ടതും മിനുക്കുട്ടി ഭയത്തോടെ എഴുന്നേൽക്കാൻ ശ്രമിച്ചു.. പക്ഷെ കാലുവേദന കൊണ്ട് അനങ്ങാൻ പോലും കഴിഞ്ഞില്ല. അത് “ഇനിയൊന്നും ചെയ്യല്ലേ” എന്ന മട്ടിൽ അമ്മൂമ്മയെ നോക്കി ദയനീയമായി കരഞ്ഞു.

mini pc, story, iemalayalam

“കരയണ്ട. നിന്നെ ഒന്നും ചെയ്യില്ല.”

അമ്മൂമ്മ അവളെ പതുക്കെ എടുത്തുകൊണ്ട് വീട്ടിലേക്കു നടന്നു. അവൾ പേടി മാറാതെ പതിയെ കരഞ്ഞുകൊണ്ടിരുന്നു. വീട്ടിലെത്തിയ ഉടനെ അമ്മൂമ്മ അവൾക്ക് വയറുനിറയെ മീനും ചോറും കൊടുത്തു.പക്ഷേ അമ്മൂമ്മയെ പേടിച്ച് അവളൊന്നും തിന്നില്ല.

“മനുക്കുട്ടാ. ദാ മിനുക്കുട്ടി വന്നൂ…” അവൾ ഒന്നും തിന്നാതായതും അമ്മൂമ്മ മനുക്കുട്ടനെ വിളിച്ചു.

അതുകേട്ട് മനുക്കുട്ടൻ ഓടിവന്നു. മിനുക്കുട്ടിയെ കണ്ടതും അവൻ ഓടിച്ചെന്ന് അതിനെ എടുത്തു.

“എനിക്കൊരു തെറ്റു പറ്റി.” നടന്നതെല്ലാം അമ്മൂമ്മ മനുക്കുട്ടനോടും അപ്പൂപ്പനോടും പറഞ്ഞു.

“സാരമില്ല,” അപ്പൂപ്പൻ അവരെ ആശ്വസിപ്പിച്ചു.

“വാടീ, ഇതു കഴിക്ക്.” മനുക്കുട്ടൻ അവളുടെ അടുത്തേക്ക് പാത്രം നീക്കിവെച്ചു. വിശന്നു തളർന്ന മിനുക്കുട്ടി അതെല്ലാം പെട്ടെന്നു കഴിച്ചു തീർത്തു. രാത്രി അമ്മൂമ്മ അവളുടെ കാലിൽ മരുന്ന് വെച്ച് കെട്ടിക്കൊടുത്തു.

കുറച്ചുദിവസം കഴിഞ്ഞു.മിനുക്കുട്ടി മുറിവെല്ലാം ഉണങ്ങി മിടുക്കിയായി ഓടി നടക്കാൻ തുടങ്ങി. പിന്നീടുള്ള ദിവസങ്ങൾ വളരെ സന്തോഷകരമായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും മനുക്കുട്ടനും മിനുക്കുട്ടിയും കൂടി കൊറോണക്കാലമായിട്ടുകൂടി ആ അവധിക്കാലം അടിച്ചുപൊളിച്ച് ഉഷാറാക്കി.

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Mini pc story for children manukuttanum meenupochayum

Next Story
മറിയം,പട്രീഷ്യ, അറുമുഖന്‍, ഉമ്മുഖൊല്‍സു,പങ്കി,ചിലങ്ക-കുട്ടികളുടെ നോവൽ നാലാംഭാഗംpriya a s, novel
The moderation of comments is automated and not cleared manually by malayalam.indianexpress.com