മൈസ്ത്രോ അൽമെൻദ്രോ

നോബെൽ സമ്മാന ജേതാവായ മിഹ്വെൽ ആൻഹെൽ അസ്തുര്യാസ്സിന്റെ (Miguel Angel Asturias) ‘ദ് ലെജൻഡസ് ഓഫ് ഗ്വാട്ടിമാല’ എന്ന പുസ്തകത്തിൽ നിന്നുള്ള കഥയ്ക്ക് ജയകൃഷ്ണന്റെ സ്വതന്ത്ര പരിഭാഷ

Miguel Angel Asturias, Jayakrishnan, iemalayalam, story
ചിത്രീകരണം : ജയകൃഷ്ണന്‍

*മൈസ്ത്രോ അൽമെൻദ്രോ പച്ചയിലകൊണ്ടുള്ള വസ്ത്രങ്ങൾ ധരിച്ചു. വെള്ളക്കാർ ആ വസ്ത്രങ്ങൾ സ്വർണ്ണം കൊണ്ടുണ്ടാക്കിയതാണെന്ന് കരുതി. ‘നടക്കുന്ന മര’മെന്നാണ് മറ്റുള്ളവർ അദ്ദേഹത്തെ വിളിക്കുക. കാരണം, മനുഷ്യനായും മരമായും മാറാൻ മൈസ്ത്രോ അൽമെൻദ്രോയ്ക്ക് കഴിയുമായിരു ന്നു. കൂടാതെ ഔഷധസസ്യങ്ങളുടെ രഹസ്യമറിയുവാനും നക്ഷത്രങ്ങളുടെ ലിപി വായിക്കാനും കല്ലുകളോട് സംസാരിക്കാനും അദ്ദേഹത്തിനു കഴിവുണ്ട്. നാലു വഴികളെ ഉപയോഗിച്ച് അദ്ദേഹം ലോകത്തുള്ള മുഴുവൻ വിജ്ഞാനവും ശേഖരിച്ചു.

തന്റെ ആത്മാവിനെ നാലാക്കി ഭാഗിച്ച് അദ്ദേഹം നാലു പേർക്കും നൽകും; **മീൻപിടുത്തക്കാരൻ മൂങ്ങ’ മാസത്തിൽ അതുമായി യാത്ര ചെയ്ത് നാലു വഴികളും എല്ലാ വിവരങ്ങളും അദ്ദേഹത്തെ ഏൽപ്പിക്കും.

”ആ ആത്മാവിനെ എനിക്കു തരൂ,” വെളുത്തവഴിയോട് ഒരു വെള്ളപ്രാവ് പറഞ്ഞു. വെളുത്തവഴി ശ്രദ്ധിക്കാനേ പോയില്ല.

”ആ ആത്മാവിനെ എനിക്കു തരൂ,” ചുവന്നവഴിയോട് ഒരു ചുവന്ന ഹൃദയം പറഞ്ഞു. ചുവന്നവഴി കേട്ട ഭാവം നടിച്ചില്ല.

”ആ ആത്മാവിനെ എനിക്കു തരൂ,” പച്ചവഴിയോട് ഒരു വള്ളിച്ചെടി പറഞ്ഞു. പച്ചവഴി തിരിഞ്ഞു നോക്കുകകൂടി ചെയ്തില്ല.

കറുത്തവഴി നഗരത്തിലേക്കു ചെന്നു. എന്നിട്ട് വിലയില്ലാത്ത രത്നക്കല്ലുകളുടെ വ്യാപാരിയുടെ വാതിലിൽ മുട്ടി. വിലയില്ലാത്ത രത്നക്കല്ലുകളുടെ വ്യാപാരിയ്ക്ക് കറുത്തവഴി മൈസ്ത്രോ അൽമെൻദ്രോയുടെ ആത്മാവിനെ വിറ്റു. ആത്മാവ് നഷ്ടപ്പെട്ടതറിഞ്ഞ് മൈസ്ത്രോ അൽമെൻദ്രോ ഭ്രാന്തനെപ്പോലെ വിലയില്ലാത്ത രത്നക്കല്ലുകളുടെ വ്യാപാരിയുടെയടുത്തേക്കോടി.

“ഞാൻ നിനക്ക് ഒരുപാടു മുത്തുകൾ തരാം; എന്റെ ആത്മാവിനെ തിരിച്ചു തരൂ…” മൈസ്ത്രോ അൽമെൻദ്രോ പറഞ്ഞു. വിലയില്ലാത്ത രത്നക്കല്ലുകളുടെ വ്യാപാരി ചിരിച്ചു. കാരണം അയാൾ തൊട്ടാൽ ആ മുത്തുകൾ വിലയില്ലാത്തവയായി മാറും.

“ഞാൻ നിനക്ക് ഒരു തടാകം നിറയ്ക്കാൻ മാത്രം മരതകക്കല്ലുകൾ തരാം; എന്റെ ആത്മാവിനെ തിരിച്ചു തരൂ,” മൈസ്ത്രോ അൽമെൻദ്രോ അപേക്ഷിച്ചു. വിലയില്ലാത്ത രത്നക്കല്ലുകളുടെ വ്യാപാരി ചിരിച്ചു. കാരണം അയാൾ തൊട്ടാൽ ആ മരതകക്കല്ലുകൾ വിലയില്ലാത്തവയായി മാറും.

” ഞാൻ നിനക്ക് ഔഷധച്ചെടികളുടെ രഹസ്യവും നക്ഷത്രങ്ങളുടെ ലിപി വായിക്കാനും കല്ലുകളോടു സംസാരിക്കാനുമുള്ള കഴിവും തരാം; എന്റെ ആത്മാവിനെ തിരിച്ചു തരൂ…” മൈസ്ത്രോ അൽമെൻദ്രോ യാചിച്ചു.

വിലയില്ലാത്ത രത്നക്കല്ലുകളുടെ വ്യാപാരി ചിരിച്ചു. കാരണം അയാൾക്ക് അതൊന്നും ആവശ്യമില്ലായിരുന്നു. അയാൾ ആത്മാവ് തിരിച്ചുകൊടുത്തില്ല.

Miguel Angel Asturias, Jayakrishnan, iemalayalam, story
ചിത്രീകരണം : ജയകൃഷ്ണന്‍

Read More: ജയകൃഷ്ണന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

അയാൾ അതു വിറ്റ് ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള കറുത്ത പെൺകുട്ടിയെ വാങ്ങി. എന്നിട്ട് അവളെയും കൊണ്ട് നഗരത്തിലേക്കു തിരിച്ചു. ഒരു താഴ്വരയിലെത്തിയപ്പോൾ കൊടുങ്കാറ്റും പേമാരിയും ഇടിമിന്നലും വന്നു.

വ്യാപാരിയുടെ കുതിര വിരണ്ടോടി. അയാൾ കുതിരപ്പുറത്തു നിന്ന് തെറിച്ചു വീണു. ഇടിമിന്നലേറ്റ ഒരു മരം തന്റെ വേരുകൾ കൊണ്ട് അയാളെ പിടികൂടി. എന്നിട്ട് അടിയില്ലാത്ത ഒരു കുഴിയിലേക്കു വലിച്ചെറിഞ്ഞു.

അങ്ങനെയായിരുന്നു വിലയില്ലാത്ത രത്നക്കല്ലുകളുടെ വ്യാപാരിയുടെ അന്ത്യം. മൈസ്ത്രോ അൽമെൻദ്രോയാകട്ടെ അദ്ദേഹത്തിന്റെ നഷ്ടപ്പെട്ട ആത്മാവ് തേടി നടക്കുകയായിരുന്നു; ഒടുവിൽ അദ്ദേഹം കറുത്ത പെൺകുട്ടിയെ കണ്ടുമുട്ടി. അവൾ പറഞ്ഞു “ഞാനാണ് നിന്റെ ആത്മാവ്.”

പരസ്പരം ഇഷ്ടപ്പെട്ട അവർ ഒന്നിച്ചു കഴിയാൻ തീരുമാനിച്ചു. പക്ഷേ നഗരാധിപന്മാർ മൈസ്ത്രോ അൽമെൻദ്രോ കൂടോത്രക്കാരാനാണെന്നും കറുത്ത പെൺകുട്ടി ബാധയേറ്റവളാണെന്നുമുള്ള കുറ്റം ചുമത്തി അവരെ തുറുങ്കിലടച്ചു.

വധശിക്ഷയ്ക്കു തലേ ദിവസം അൽമൻദ്രോ പെൺകുട്ടിയുടെ തോളിൽ നഖംകൊണ്ട് ഒരു തോണിയുടെ ചിത്രം പച്ചകുത്തി. എന്നിട്ട് അദ്ദേഹം പറഞ്ഞു: “രാത്രി ഈ തടവറയുടെ ചുവരിൽ ഈ തോണി വരച്ചാൽ മതി, നിനക്ക് രക്ഷപ്പെടാനാകും.”

പിറ്റേദിവസം വധശിക്ഷ നടപ്പാക്കാൻ മുറി തുറന്ന ഭടന്മാർക്ക് പെൺകുട്ടിയെയും മൈസ്ത്രോ അൽമെൻദ്രോയെയും കാണാൻ കഴിഞ്ഞില്ല. പക്ഷേ, ചുവരിൽ ഒരു തോണിയുടെ ചിത്രം വരച്ചു വെച്ചിരിക്കുന്നതും തടവറയുടെ നടുവിൽ ഒരു അൽമണ്ട് മരം ഇലകൾ പൊഴിച്ചുകൊണ്ട് നിൽക്കുന്നതും അവർ കണ്ടു.

*മൈസ്ത്രോ അൽമെൻദ്രോ – Father Almond – ബദാംമരം

** മീൻ പിടുത്തക്കാരൻ മൂങ്ങ (Buho Pescador) – മായൻ വർഗക്കാരുടെ നാനൂറു ദിവസമുള്ള കലണ്ടറിലെ ഒരു മാസത്തിന്റെ പേര്

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Miguel angel asturias story for children pachakuthiyaval

The moderation of comments is automated and not cleared manually by malayalam.indianexpress.com