scorecardresearch
Latest News

കുട്ടികളും കോവിഡും ഒരു ഓൺലൈൻ അതിജീവന കഥ

“ഈ നാലുപെൺകുട്ടികൾ തെളിച്ചെടുത്ത വെളിച്ചം അഗസ്ത്യമല താഴ്വരയിലെ ഗ്രാമത്തിൽ മാത്രമായി ഒതുങ്ങി നിന്നില്ല. അത് മലയാളനാടു മുഴുവനും അടച്ചിടൽ മാസങ്ങളിൽ ഒഴുകിപ്പരന്നു.” തിരുവനന്തപുരം ജില്ലയിലെ മീനാങ്കൽ ട്രൈബൽ സ്കൂളിലെ പത്താംക്ലാസിലെ നാല് പെൺകുട്ടികൾ കോവിഡ് അതിജീവനത്തിനായി നടത്തിയ വൈജ്ഞാനിക പ്രവർത്തനം കേരളത്തിന് വഴിവിളക്കായ അനുഭവം എഴുതുകയാണ് കഥാകൃത്തായ പി കെ സുധി

Meenankal tribal School, PK Sudhi, Covid 19, iemalayalam

കോവിഡും അടച്ചിലും ഇന്നൊരു പുതിയവാക്കോ അനുഭവമോ അല്ലാതെയായി മാറിക്കഴിഞ്ഞു. മഹമാരിയും അതിനെ നേരിടാൻ പൊടുന്നനെ എടുത്ത അടച്ചിടലും ഒക്കെ കടന്നുപോയ കാലമാണെങ്കിലും അതിലെ പ്രത്യാഘാതങ്ങളെ കുറിച്ചൊക്കെ കാലം ഇനിയുമേറെ കഴിഞ്ഞായിരിക്കും തിരിച്ചറിയുക. ഈ കാലം പല കാരണങ്ങളാൽ ഏറ്റവും കൂടുതൽ ബാധിച്ചത് കുട്ടികളെയാണ്, പ്രത്യേകിച്ച് പെൺകുട്ടികളെ. അങ്ങനെയുള്ള പ്രതികൂലമായ കാലാവസ്ഥയിൽ ഉള്ള സാഹചര്യവും സാധ്യതകളും ഉപയോഗിച്ച് അതിജീവനത്തിന് പുതിയൊരു വഴി തുറന്നെടുത്ത് നാല് പെൺകുട്ടികൾ ചേർന്നാണ്. അവർക്കൊപ്പം പതിയെ പതിയെ കേരളത്തിലെ പലഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ കൂട്ട് കൂടി. ഇന്ന് വരെ നേരിട്ട് കാണാത്തവർ, അവർ പക്ഷേ അകലങ്ങളിലിരുന്ന് അതിജീവനത്തിന്റെ ഈ പോരാട്ടത്തിനൊപ്പം കൈകൾ കോർത്തു. അവർ പുതിയൊരു ലോകം നെയ്തെടുത്തു. ലോകത്തിന് മുന്നിൽ ആ നാല് പെൺകുഞ്ഞുങ്ങൾ പുതിയൊരു വെളിച്ചമായി.

യാഥാർത്ഥ്യങ്ങളുടെ തീ്ച്ചൂളയും അനുഭവങ്ങളുടെ പൊള്ളലും

ഗൗരിപ്രിയ പി എസ്, അസ്ന എസ്, ദേവിക സന്തോഷ്, അഭിരാമി എസ്. ഈ കൂട്ടുകാരികൾ തിരുവനന്തപുരം, മീനാങ്കൽ ഗവ. ട്രൈബൽ സ്കൂളിലെ ഒൻപതാം ക്ലാസ്സുകാരികളായിരുന്നു. അവരും വർഷാന്ത പരീക്ഷകൾ പൂർത്തിയാക്കാനാവാത്ത ഖിന്നതകളോടെ രണ്ടായിരത്തി ഇരുപതിലെ കോവിഡ് സംബന്ധിയായ അടച്ചുപൂട്ടൽ കാലത്തിലേയ്ക്ക് പ്രവേശിച്ചു.

ഒരേതീരിയിൽ മാത്രം ദിനരാത്രങ്ങൾ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. അനക്കമില്ലാക്കാലം നിന്നു കൊഴുത്തതല്ലാതൈ പഴയലോകം തിരികെ വരുമെന്ന പ്രതീക്ഷ കുട്ടികളുടെ നാൽവർ സംഘത്തിനു കൈമോശം വന്നു തുടങ്ങി. മറ്റെല്ലാ കുഞ്ഞുങ്ങളെ പോലെ അവരും അടച്ചിടലിന്റെ, ഒറ്റപ്പെടലിന്റെ, രക്ഷാകർത്താക്കളുടെ സാമ്പത്തികാരക്ഷിതാവസ്ഥകളുടെ ചുഴികളിൽപ്പെട്ടു.

മീനാങ്കലിന്റെ ചുറ്റുവട്ടങ്ങളിൽ നോക്കിയാലോ? മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കുന്ന കുന്നോളം അപര്യാപ്തകളുള്ള മലയോര ഗ്രാമമാണത്. മെച്ചമല്ലാത്ത സാമ്പത്തിക പരിസരങ്ങളിൽ പുലരുകയും അഗസ്ത്യമലക്കാടുകൾ തീർക്കുന്ന മറ്റ് ദുർഘടാവസ്ഥകൾ സഹിക്കുകയും ചെയ്യുന്ന ദേശം. സ്മാർട്ട് ഫോണുകളും നെറ്റ്‌വർക്ക് ലഭ്യതക്കുറവും കൂനിന്മേൽ കുരുവായി ഓൺലൈൻ ക്ലാസ്സുകൾക്ക് തടയിട്ടു. കോവിഡുകാലത്തിലെ ഏകാന്തതയെയും അപര്യാപ്തകളെയും എങ്ങനെയാണ് ഈ കുട്ടികൾ മാതൃകാപരമായി നേരിട്ടത്? ഏറെ ശ്രദ്ധിക്കപ്പെടേണ്ടതാണ് കുട്ടിസംഘത്തിന്റെ കോവിഡുകാല വൈജ്ഞാനിക പ്രവർത്തനങ്ങൾ.

നൂറ്റി മുപ്പത്തിനാലാണ്ടുകൾക്ക് മുമ്പ് ആന്റൺ ചെക്കോവ് എഴുതിയ സുപ്രസിദ്ധമായ കഥയാണ് “ദി ബെറ്റ്.’ അതൊരു സമ്പന്നൻ നടത്തുന്ന വാതുവയ്പിന്റെ കഥയാണ്. മറ്റാരാളിന്റെ സ്വാതന്ത്യത്തിനെ വെറും ഇരുപത് ലക്ഷം റൂബിളിനയാൾ കൈവശപ്പെടുത്തുന്നു. ഓരോ വായനയിലെ ശോഭയേറുന്ന ആ കഥയെ വീണ്ടും പ്രസക്തമാക്കി നാടുകളും നഗരികളും ലോകം മുഴുവനും കോവിഡിന്റെ തടവിലായി. അപരിചിതമായ വിലക്കുകൾ! നിബന്ധനകൾ! വീശിപ്പടുരുന്ന ഭീതി! വീട്ടുതടങ്കലിൽ തങ്ങളുടെ മനസ്സ് മുരടിക്കുന്നു. പഠനവും കളികളും മുടങ്ങി, നാലുചുവരുകളിലും പിന്നെ മൊബൈൽ സ്ക്രീനിലേക്കും തളയ്ക്കപ്പെട്ട കൗമാരങ്ങൾ. പിന്നെയുമുണ്ട് പൊറുതികേടുകൾ! ഓൺലൈൻ ക്ലാസ്സിലൂടെ കണ്ണുകളിൽ വന്നു കുത്തുന്ന പി ഡി എഫുകൾ, പാഠങ്ങൾ പകർത്തിപ്പകർത്തി, എഴുതിയെഴുതി കൈയൊടിയാൻ പാകത്തിൽ വിരസരത വർദ്ധിപ്പിക്കുന്ന മണിക്കൂറുകൾ, സഹപാഠി സംസർഗ്ഗമില്ലാത്ത മനപ്പൊരിച്ചിൽ. മലയാള നാടിന് അതീവ സങ്കടമുണ്ടാക്കിക്കൊണ്ട് ചില കൗമാരങ്ങൾ ജീവിതത്തിൽ നിന്നും ഇറങ്ങിപോകുന്നതും ഈ നാല് കുട്ടികളും മനസ്സിലാക്കുന്നുണ്ടായിരുന്നു.

Meenankal tribal School, PK Sudhi, Covid 19, iemalayalam

സജീവമായിരുന്ന സ്കൂൾ ലോകം അകലത്തായി. കൈയിൽ ഓർമ്മകൾ മാത്രം. മധുരതരമായ ഓർമ്മകൾ, മീനാങ്കൽ ട്രൈബൽ സ്കൂൾ നൽകിയ പാഠ്യേതര പ്രവർത്തനാനുഭവങ്ങൾ, സോഷ്യൽ സയൻസ് ക്ലബ്ബിൽ നടന്ന ചർച്ചകൾ, പഴയ പാഠങ്ങൾ ഇടയ്ക്കിടെ നിവർത്തി നോക്കുന്ന സ്വഭാവത്തെളിമയിൽ ഈ നാൽവർ സംഘം ഫോണിലൂടെ കോവിഡുകാല അനുഭവങ്ങൾ പരസ്പരം കൈമാറി. പുതിയ ആശയം അങ്ങനെയാണവരിൽ ഉരുവം കൊണ്ടത്. അപൂർവ്വം അമ്മമാരുടെ, അദ്ധ്യാപകരുടെ നിർദ്ദേശങ്ങളിൽ അവർ വീണ്ടും ഉത്സാഹിതരായി. ഈ നാല് പെൺകുട്ടികൾ തെളിച്ചെടുത്ത വെളിച്ചം അഗസ്ത്യമല താഴ്വരയിലെ ഗ്രാമത്തിൽ മാത്രമായി ഒതുങ്ങി നിന്നില്ല. അത് അടച്ചിടൽ മാസങ്ങളിൽ മലയാളനാട്ടിൽ ഒഴുകിപ്പരന്നു.

രണ്ടായിരത്തി ഇരുപതിലെ ചിങ്ങമാസത്തിൽ മനം മെച്ചപ്പെടുത്താൻ ആവിഷ്കരിച്ച പരിപാടികൾ വിദ്യാർത്ഥി സമൂഹത്തിന് മുഴുവനും സമ്മതമായ പാഠ്യേതര പഠനപരിപാടികളായി വികസിച്ചു. തുടർന്നത് നൂറുദിനങ്ങൾ കടന്ന് നവംബർ ഇരുപത്തിയേഴിന് പൂർണ്ണതയിൽ എത്തി. പത്താം ക്ലാസ്സിലെ പഠനത്തിൽ തുടർന്നു സജീവരായ ഈ കൂട്ടുകാർ ചർച്ചാവേദിക്ക് അവധി കൊടുത്ത് ഇരുപത്തിയൊന്നിലെ പൊതുപരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സുകാരികളായി മാറി.

മാതൃകാപരമായ കോവിഡുകാല പ്രവർത്തനങ്ങൾ എന്തായിരുന്നു?

2020 ജൂലൈ, ഓഗസ്റ്റ്

കോവിഡിനെതിരെയുള്ള പടയൊരുക്കക്കാലം. വിദ്യാർത്ഥികളെ ഡിജിറ്റൽ ക്ലാസ്സുകളിലേയ്ക്ക് പ്രവേശിപ്പിക്കാനായി ഗൂഗിൾമീറ്റ് ആപ്പ് എത്തിച്ചേർന്നതോടെ പരിമിതമായ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ചു കൊണ്ട് തങ്ങളുടെ കോവിഡുകാല പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം? നമ്മുടെ കൂട്ടുകാർ ആ വിഷയം ചർച്ചചെയ്തു.

പാഠപുസ്തകങ്ങൾക്ക് പുറത്തുള്ള വൈജ്ഞാനിക ലോകത്തിലേയ്ക്ക് വിരൽചൂണ്ടിയ പഴയ സ്കൂൾ ചർച്ചാസംരംഭങ്ങളും, ക്ലബ്ബ് പ്രവർത്തനങ്ങളും ഗൂഗിൾ മീറ്റ് ലിങ്കുകളിലൂടെ വീണ്ടും തെളിച്ചെടുക്കാനുള്ള സാധ്യതകൾ അവർ കണ്ടു. അതിലൂടെ തങ്ങളുടെ പാഠ്യേതര പരിപാടിയായ പ്രതിവാര ചർച്ചാവേദിയെ ഉയർത്തിയെടുക്കാനുള്ള നിർദ്ദേശം വച്ചത് അഭിമരാമിയാണ്. പുതുപരിപാടികളിൽ സജീവമായതോടെ ‘കോവിഡ് തടവ്’ മുരടിപ്പ് അവരിൽ നിന്നകന്നു, ചർച്ചാവേദി സജീവമായി. ആ നൂറുദിനങ്ങൾ കൊണ്ട് പത്തു വലിയ പരിപാടികൾ സംഘടിപ്പിച്ചു. മലയാളത്തിലെ അത്യുന്നതരായ സാമൂഹിത, ശാസ്ത്ര, സാഹിത്യ, മാധ്യമ പ്രതിഭകൾ അവരോട് സംവദിക്കാൻ രാജ്യത്തിന്റെ നാനാഭാഗത്തിരുന്ന് സമയം കണ്ടെത്തി. സാംസ്കാരിക നിക്ഷേപത്തിന് ഫോണുകൾ വഴിക്കാട്ടിയായതോടെ മീനാങ്കലിലെ കുട്ടികളുടെ ചർച്ചാവേദി അവിസ്മരണീയാനുഭമായി മാറി.

Meenankal tribal School, PK Sudhi, Covid 19, iemalayalam

അതൊക്കെയും സുഗമമായ ഒരൊഴുക്കായിരുന്നില്ല. സാങ്കേതികവിദ്യയുടെ അഭാവത്തിൽ നിശ്ചയിക്കപ്പെട്ട ഉദ്ഘാടന ചടങ്ങ് മുറിഞ്ഞു. കുട്ടികൾ എന്നിട്ടും പിന്മാറിയില്ല. അസ്ന തന്റെ കോവിഡ് അനുഭവങ്ങൾ പങ്കിട്ടുകൊണ്ട് ചർച്ചാവേദിയുടെ ഉദ്ഘാടകയായി. ഓൺലൈനിൽ അവരുടെ പ്രഥമസംവാദം മലയാളത്തിലെ കരിയർ പത്രപ്രവർത്തനത്തിന് കാലോചിതമായ രൂപഭാവം സൃഷ്ടിച്ച ഇ എ ആന്റണിയുമായിട്ടായിരുന്നു. ആ സമീപനവും പരിപാടിയുടെ പ്രയോജനതയും തുടർന്നാവേശമായി. കുട്ടികൾ ചർച്ചാവേദിയിലേയ്ക്ക് ആകൃഷ്ടരായി. അന്യദിക്കുകളിലിരുന്നവർ ലിങ്ക് സ്പർശത്തിലൂടെ കേരളീയ പരിപാടിയാക്കി ഈ നവസംരംഭത്തെ വികസിപ്പിച്ചു.

ചിങ്ങത്തിൽ മലയാളത്തിനു പ്രിയങ്കരനായ വൈക്കം മുഹമ്മദ് ബഷീറിനെ പ്രകാശിതമാക്കാൻ കവികളായ അൻവർ അലിയും അനിതാ തമ്പിയുമെത്തി. മലയാളികളുടെ പ്രിയ പുസ്തകമായ ‘ടോട്ടോച്ചാൻ’ വിവർത്തനത്തിനു പിന്നിലൊരു കഥയുണ്ട്. ശാസ്ത്രപ്രചാരകനും എഴുത്തുകാരനുമായ കെ കെ കൃഷ്ണകുമാറും ആ പുസ്തകം മലയാളത്തിലാക്കിയ അൻവർ അലിയും കാണാദിക്കുകളിലിരുന്ന് ആ ചരിത്രവും കുട്ടികളോട് പറഞ്ഞു.

അതിശയങ്ങൾ തുടർന്നുകൊണ്ടിരുന്നു. ലോകപ്രസിദ്ധ ശാസ്ത്ര, സാമൂഹിക പ്രവർത്തകരുടെ ബൗദ്ധികതാ തെളിച്ചം വീണ്ടുമെത്തി. അധ്യാപകനായ എസ് എൽ സഞ്ജീവ്, പ്രസിദ്ധ ഉഭയജീവി വിദദ്ധനായ ഡോ. എസ് ഡി ബിജു, ഭൗഗർഭ ശാസ്ത്രജ്ഞൻ ഡോ. ബിജു ലോഞ്ജിനോസ്, സൈബർ വിദഗ്ധനായ അനിവർ അരവിന്ദ്, റേഡിയോ അവതാരകയായ അഞ്ജലി രാജൻ, ശാസ്ത്ര പ്രചാരകനായ വിജയകുമാർ ബ്ലാത്തൂർ എന്നിവരാണ് തങ്ങളുടെ ബൗദ്ധികസമ്പത്തുമായി പുതിയ തലമുറയുമായി സംവാദത്തിനെത്തിയത്.

Meenankal tribal School, PK Sudhi, Covid 19, iemalayalam

ബാപ്പുജിയുടെ നൂറ്റിയമ്പത്തിയൊന്നാം ജന്മദിനത്തിൽ പ്രസിദ്ധ ഗ്രന്ഥകാരനും പ്രക്ഷേപകനുമായ എസ് ഗോപാലകൃഷ്ണനെത്തി. പത്താമത്തെ പരിപാടിയിൽ നിരൂപകനും ഗ്രന്ഥകാരനും പത്രപവർത്തകനുമായ ഡോ. പി കെ രാജശേഖരൻ മലയാള അച്ചടിയുടെ ഇരുന്നൂറാം വർഷത്തെ കുറിച്ച് സംസാരിച്ചു. നവംബർ ഇരുപത്തിയേഴ്, ശബ്ദതാരാവലീകാരന്റെ ജന്മദിനത്തിന് സ്കൂളിൽ നടത്തിയിരുന്ന മുൻകാല ഭാഷാ പ്രവർത്തനങ്ങൾക്ക് ഒരു തുടർച്ചയായാലോ? എന്നായി അവരുടെ ആലോചന. അതിന് പിന്തുണയുമായി അനിവർ അരവിന്ദ് എത്തി. മലയാളം കമ്പ്യൂട്ടിങ്ങിന്റെ രണ്ട് പതിറ്റാണ്ടുകളെ കുറിച്ച് അനിവർ വിശദമാക്കി.

Read More: പേരുകൊണ്ട് തലമുറകളെ തിരുത്തി ഈ കുട്ടികൾ- ശബ്ദതാരാവലിയുടെ ശതാബ്ദി

കരിയർ ഗൈഡൻസ്, മലയാള ജനതയുടെ നവോത്ഥാന നേട്ടങ്ങൾ, ‘ടോട്ടോച്ചാൻ’ വിവർത്തനത്തിലെ കേരളീയാനുഭവം, ഗാന്ധിജിയുടെ ലോകം, പരിസരപഠനരീതികൾ, മലയാളം അച്ചടിയുടെ ഇരുന്നൂറാണ്ടുകൾ, മലയാളം കമ്പ്യൂട്ടിങ് അങ്ങനെ വൈവിധ്യവും തികച്ചും ബൗദ്ധികവുമായ വിഷയങ്ങൾ! ഇവിടെ കുട്ടികളായ സംഘാടകർ. അത്യാവശ്യം മുന്നൊരുക്കങ്ങൾക്ക് രണ്ട് അധ്യാപകരും ഒപ്പം ചേർന്നുവെന്നു മാത്രം. സ്വയം നന്നാകാനും നന്മയുടെ സുഗന്ധം പ്രസരിപ്പിക്കാനും സാങ്കേതിക വിദ്യയുടെ ഗുണപരമായ വശത്തിനെ ഉപയുക്തമാക്കുകയാണ് ഇവിടെ സംഭവിച്ചത്.

2021 ഓഗസ്റ്റ്

നാൽവർ സംഘത്തിന്റെ സ്വകാര്യ പരിപാടി കേരളത്തിലെ വിവിധ ദിക്കുകളിലെ കുട്ടികളുടെ ചർച്ചാവേദിയായി പരിവർത്തനം ചെയ്യപ്പെട്ടു. ഒന്നാം വാർഷികവും അവസാനത്തെ പരിപാടിയും എങ്ങനെയാവണം? അതിലുമുണ്ടായി ഒരു മീനാങ്കൽ സ്പർശം.

രണ്ടായിരത്തി ഇരുപത് നവംബർ മാസത്തോടെ ഒന്നാംഘട്ട കോവിഡ്കാല മാനസികാസ്വാസ്ഥ്യങ്ങൾ ലഘൂകരിക്കപ്പെട്ടു. കൂട്ടിക്കൂട്ടായ്മയുടെ ദൗത്യം അവസാനിപ്പിച്ച് അവർ പാഠ്യപ്രവർത്തനങ്ങളിൽ മുഴുകി. ചർച്ചാവേദിയുടെ സമാനപന പരിപാടിയും നൂതനത ആവശ്യപ്പെടുന്നുണ്ട്. മീനാങ്കൽ കുട്ടികളിലേയ്ക്ക് കവിയും വിവർത്തകനുമായ വി.ആർ. സന്തോഷ് അങ്ങനെയാണ് ആന്റൺ ചെക്കോവിന്റെ ‘ദി ബെറ്റ്” എന്ന കഥയുമായി കടന്നു വന്നത്.

കോവിഡ് കാലത്ത് ആന്റൺ ചെക്കോവിന്റെ ‘ബെറ്റി’ന്റെ പുതുവായന തീർത്തും അർത്ഥവത്താണ്. നൂറ്റിമുപ്പത്തിനാലു വർഷങ്ങൾക്കുമുമ്പുള്ളത് ഒരു പഴങ്കഥയല്ല. അത് നവപ്രതീക്ഷകൾ പേറുന്ന പുതുതലമുറയിൽ പുതുവായനയക്ക് വിധേയമായി ചരിത്രമുണ്ടാക്കി.

Meenankal tribal School, PK Sudhi, Covid 19, iemalayalam

ഭാവിലോകത്തെ മുൻകൂട്ടി കാണുകയും അനുസൃത വഴിയൊരുക്കലിനു ശ്രമിക്കുന്നവരാണ് മലയാളികൾ. ആ ധാരണയുറപ്പിച്ച കുട്ടികൾ പുസ്തകം പ്രസിദ്ധീകരിച്ചതും നവലോകത്തിനനുയോജ്യമായ രീതിയിലായിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പിൻതാങ്ങുന്ന ഈ നാൽപ്പത് പേജ് നിർമ്മിതിയുടെ പകർപ്പവകാശവും തുറന്ന ലോകരീതികളോട് തോൾചേർന്നവർ ഉപേക്ഷിച്ചിരിക്കുന്നു. “പളി’ന്റെ പ്രസാധകക്കുറിപ്പിൽ അഭിരാമി അതൊക്കെ വിശദമായി എഴുതിയിട്ടുണ്ട്.

ഇനി ‘പളി’നെ കുറിച്ച്. “പരി’യെന്നു റഷ്യൻ ഉച്ചാരണമുള്ള ആന്റൺ ചെക്കോവിന്റെ ‘ദി ബെറ്റ്’ എന്ന കഥയുടെ വിവർത്തനത്തിന് എന്തുപേരിടണം? അന്യം നിൽന്നു കൊണ്ടിരിക്കുന്ന ഒരു ആദിവാസി ഭാഷാ മേഖലയായ മീനാങ്കലിന്റെ മനംപോലെ “പന്തയം’ എന്നതിന്റെ കാസർകോടൻ “പൊഞ്ഞാറ്’ ആയ “പള്’എന്ന വാക്ക് വി ആർ സന്തോഷ് അവതരിപ്പിച്ചു. ഈ ഡിജിറ്റൽ പുസ്തകത്തിന് അതീവാകർഷണീയങ്ങളായ ചിത്രങ്ങൾ വരഞ്ഞതും അദ്ദേഹമാണ്.

ഓഡിയോ പുസ്തകങ്ങളുടെ കാലമെത്തി. ചർച്ചാവേദിക്കാരുടെ പ്രവർത്തനങ്ങളും അതിലേയ്ക്ക് വിരൽചൂണ്ടുന്നു. വളരുന്ന ‘കേൾവി’ പുസ്തകലോകത്തിനെ ഈ കുഞ്ഞുങ്ങളും സമ്പന്നമാക്കി. ‘പളി’ന്റെ നൂറ് വ്യത്യസ്ഥ ശബ്ദശേഖരങ്ങളാണ് ചർച്ചാവേദി സംഘാടകർ ലക്ഷ്യമിടുന്നത്. ‘പളി’ന്റെ ഡിജിറ്റൽ കോപ്പി വായിച്ചു ആ ശേഖരത്തിനെ സമ്പന്നമാക്കിക്കൊണ്ട് മീനാങ്കൽ മുതൽ മഞ്ചേരി വരെയുള്ള കൂട്ടുകാർ അതിൽ പങ്ക് ചേർന്നു കഴിഞ്ഞു. അവരുടെ ബ്ലോഗിൽ കയറി. ആ നൂറു ശബ്ദപുസ്തക കൂട്ടായ്മയിൽ പങ്കുചേരാൻ ക്ഷണം സ്വീകരിച്ചാലോ?

നമ്മൾ ജീവിക്കുന്നത് പ്രതീക്ഷകളുടെ ലോകത്തിലാണ്. ഏതു മഹാമാരികൾക്കിടയിലും മലയാളികൾ തുടർന്നും സാമൂഹികോന്നതികൾ ലക്ഷമിടുന്ന അതിശയങ്ങൾ ചമയ്ക്കുക തന്നെ ചെയ്യുന്നതാണ്. ഈ കുഞ്ഞുങ്ങളും അതു തന്നെ പറയുന്നു.

‘പള്’ വായിക്കാൻ, കേൾക്കാൻ ഇവിടെ തൊടാം : :https://kcmeenankal.blogspot.com/2021/09/the-bet.html

ചർച്ചാവേദി വിശേഷങ്ങൾളിൽ പങ്കുചേരാൻ ഇതിൽ സ്പർശിക്കണം: https://kcmeenankal.blogspot.com/search/label/ചർച്ച

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Meenankal government school students creative activities during covid lockdown