scorecardresearch
Latest News

പാക്കിസ്ഥാൻ സ്റ്റാമ്പ്

“അവനെത്ര സങ്കടപ്പെടുന്നുണ്ടെന്ന് ആ ശബ്ദത്തില്‍ നിന്നും വ്യക്തമായിരുന്നു. ഒന്നും വേണ്ടായിരുന്നുവെന്ന് ചന്തു ആദ്യമായി ഓര്‍ത്തു.” മനോജ് വെള്ളനാട് എഴുതിയ കഥ

manoj vellanad, story , iemalayalam

തീപ്പെട്ടിപ്പടങ്ങള്‍ ചോറുതേച്ച് ഒട്ടിച്ച പഴയ സാമൂഹ്യപാഠം നോട്ട്ബുക്കിന് അകത്തായിരുന്നല്ലോ അത് വച്ചിരുന്നത്? ചന്തു വീണ്ടും വീണ്ടും ഓര്‍ത്തു നോക്കി. പിന്നെയത് എവിടെപ്പോയി? ഒരെത്തും പിടിയും കിട്ടുന്നില്ല! അവസാ നത്തെ പിരീഡ് ഡ്രില്ലിനു പോണതുവരെയും അത് ബുക്കിനകത്ത് തന്നെ ഉണ്ടായിരുന്നതാണ്. സ്കൂള്‍ ബാഗിനകത്തുനിന്ന് സകല സാധനങ്ങളുമെടുത്ത് വെളിയിലിട്ട് തിരഞ്ഞു. ബാഗ്‌ വീണ്ടും വീണ്ടും കുടഞ്ഞുനോക്കി. ആ സ്റ്റാമ്പ് കാണാനില്ല. സങ്കടം കൊണ്ട് അവന്റെ കണ്ണുനിറഞ്ഞു.

ക്ലാസില്‍ തോമസിന്റെ കയ്യില്‍ മാത്രമായിരുന്നു പാക്കിസ്ഥാന്‍ സ്റ്റാമ്പുണ്ടായിരുന്നത്. ഒരുപോലുള്ള രണ്ടെണ്ണം. കുറെ നാളായി അവന്റെ പിറകെ നടന്നു കെഞ്ചിയിട്ടാണ് അതിലൊരു സ്റ്റാമ്പ് തരപ്പെടുത്തിയത്. അതും കഷ്ടപ്പെട്ട് സംഘടിപ്പിച്ച മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും മുഖമുള്ള തീപ്പട്ടിപടങ്ങള്‍ പകരം കൊടുത്തിട്ട്. ആ തീപ്പെട്ടിപ്പടങ്ങളും അപൂര്‍വമായവയായിരുന്നു.

തന്റെ സ്റ്റാമ്പ് ആരോ മോഷ്ടിച്ചതുതന്നെ. അല്ലാതെ അതെവിടെപ്പോകാന്‍? ചന്തു ഉറപ്പിച്ചു. എന്നാലും ആരായിരിക്കും? എല്ലാ കുട്ടികളും ഡ്രില്ലിന് കളിക്കാന്‍ പോയതാണല്ലോ. ങേ, അല്ല! തേഡ് ബെഞ്ചിലെ രണ്ട് പെണ്‍കുട്ടികള്‍ ക്ലാസ്സില്‍ത്തന്നെ ഇരിക്കുകയായിരുന്നു. അവരായിരിക്കുമോ? എങ്ങനെ അറിയും? ശോ! ഇനി തിങ്കളാഴ്ചയെ ക്ലാസ്സൊള്ളൂ. സങ്കടവും ദേഷ്യവും ഒരുമിച്ച് വന്ന് ചന്തുവിനെ ശരിക്കും തളര്‍ത്തി.

ശനിയും ഞായറും ചന്തു വിഷണ്ണനായി വീട്ടില്‍ തന്നെയിരുന്നു. അവധി ദിവസങ്ങളില്‍ തീപ്പെട്ടിപ്പടങ്ങള്‍ പെറുക്കാന്‍ മുറുക്കാന്‍കടകളുടെ ഓരങ്ങളിലേക്ക് പോയില്ല. കൂട്ടുകാർ വന്നു കുട്ടിയും കോലും കളിക്കാൻ വിളിച്ചിട്ടും അനങ്ങിയില്ല. റബ്ബര്‍ ചെരുപ്പ് വട്ടത്തില്‍ വെട്ടിമുറിച്ചു ടയറാക്കി അവന്‍ തന്നെ ഉണ്ടാക്കി യ പുതിയ വണ്ടി ഓടിക്കാന്‍ പോലും പുറത്തിറങ്ങിയില്ല. ആരോടും മിണ്ടാതെ കട്ടിലില്‍ കമഴ്ന്നു കിടന്നു.

manoj vellanad, story , iemalayalam

ക്ലാസിൽ അജിത്തിന്റെയും ചന്തുവിന്റെയും കയ്യില്‍ മുപ്പത്താറ് രാജ്യങ്ങളുടെ സ്റ്റാമ്പുണ്ട്. പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ കൂടി ആകുമ്പോള്‍ ചന്തുവാകുമായിരുന്നു ശേഖരത്തില്‍ മുമ്പന്‍. ചിത്രയുടെ കളക്ഷനില്‍ സ്റ്റാമ്പ് നൂറ്റമ്പതോളം വരും. പക്ഷേ, അധികവും ഇന്ത്യയുടെ സ്റ്റാമ്പ് തന്നെയായിരുന്നു. അതുകൊണ്ടാണ് അധികമാര്‍ക്കും കിട്ടാത്ത പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ സ്വന്തമാക്കണമെന്നു ചന്തു നിശ്ചയിച്ചതും.

പല രാജ്യങ്ങളുടെയും സ്റ്റാമ്പുകള്‍ സ്കൂളിന് പുറത്തെ സ്റ്റേഷനറിക്കടയില്‍ വാങ്ങാന്‍ കിട്ടും. വീട്ടില്‍നിന്നും കാശുകിട്ടുന്ന കുട്ടികള്‍ അതൊക്കെ വാങ്ങും. എന്നാലും മുപ്പത്താറ് രാജ്യങ്ങളുടെ സ്റ്റാമ്പുകള്‍ അവിടെയില്ല.

ചന്തുവിന് വിശപ്പും ഉറക്കവും നഷ്ടപ്പെട്ടു. ചെറുക്കനെന്തോ വയ്യായ്കയുണ്ടെന്ന് അമ്മ അച്ഛനോട് പറയുന്നത് കേട്ടു.

”സ്കൂളിലാരെങ്കിലും വഴക്കു പറഞ്ഞുകാണും. അവനു ചെറിയ കാര്യം വല്ലതും മതിയല്ലോ…” അച്ഛനത് നിസ്സാരമായി തള്ളിക്കളഞ്ഞു.

തേനീച്ചകള്‍ തേന്‍ ശേഖരിക്കുന്നതു പോലെയായിരുന്നു ചന്തു സ്റ്റാമ്പ് ശേഖരിച്ചിരുന്നത്. കിലോമീറ്ററുകള്‍ അതിനായി അവന്‍ നടന്നു. ഇക്കാലത്താര്‍ക്കും സ്റ്റാമ്പ്‌ ശേഖരിക്കുന്ന വിനോദമില്ല. പഠിക്കാന്‍ ‘ഫിലാറ്റലി’ എന്നൊരു പാഠവും നിര്‍ബന്ധമായും ചെയ്യേണ്ട ഒരു പ്രോജക്റ്റും ഇല്ലായിരുന്നെങ്കില്‍ ചന്തുവും കൂട്ടുകാരും ഇതേപറ്റി അറിയുക കൂടി ഉണ്ടായിരുന്നില്ല.

അച്ഛനുമമ്മക്കും ഇതൊന്നും വലിയ കാര്യമല്ല എന്നത് ചന്തുവിനെ തെല്ലൊന്നുമല്ല സങ്കടപ്പെടുത്തിയത്. അവന്‍ അത്താഴം പോലും കഴിക്കാതെ സ്റ്റാമ്പും തീപ്പെട്ടിപ്പടങ്ങളും ഒട്ടിച്ച നോട്ട്ബുക്കുകള്‍ മറിച്ചുനോക്കി ഉറങ്ങാതിരുന്നു. എന്തിലും ഒന്നാമനാകണമെന്നത് അവന്റെ വാശിയായിരുന്നു.

സ്റ്റാമ്പ്‌ ആല്‍ബത്തിന്‍റെ കാര്യത്തില്‍ ഒന്നാമനാകാനുള്ള ഏകവഴി ആ പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ സ്വന്തമാക്കുകയായിരുന്നു. അതിപ്പൊ മോഷണം പോയിരിക്കുന്നു. പക്ഷെ അതെങ്ങനെ കണ്ടുപിടിക്കും? ചോദിച്ചാല്‍ ആരും സമ്മതിക്കില്ല. ടീച്ചറിനോട് പറഞ്ഞാലോ? പക്ഷേ, മോഷ്ടിച്ചവര്‍ അത് ക്ലാസില്‍ കൊണ്ടുവന്നാലല്ലേ കണ്ടുപിടിക്കാന്‍ പറ്റൂ.

manoj vellanad, story , iemalayalam

തിങ്കളാഴ്ച ചന്തു ക്ലാസ്സില്‍ വന്നത് ചിലതൊക്കെ ചിന്തിച്ചുറപ്പിച്ചിട്ടായിരുന്നു. ഉച്ചയ്ക്ക് ഊണിനുമുമ്പുള്ള പിരീഡ് പ്രവൃത്തിപരിചയമാണ്. പെണ്‍കുട്ടികളധികവും തുന്നല്‍ ക്ലാസ്സില്‍ പോയി. ആണ്‍കുട്ടികളും കുറച്ചു പെണ്‍കുട്ടികളും ജൈവകൃഷി പഠിക്കാന്‍ സ്കൂളിനു വശത്തെ വാഴത്തോട്ടത്തില്‍ പോയി. ചന്തു തലവേദനയാണെന്ന് കള്ളം പറഞ്ഞു ക്ലാസില്‍ തന്നെയിരുന്നു.

എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ചന്തു, തോമസിന്റെ ബാഗ് തുറന്ന് സ്റ്റാമ്പ് ആല്‍ബം പുറത്തെടുത്തു. ചന്തുവിന്റേതുപോലെ എഴുതിപ്പിഞ്ഞിയ പഴയ നോട്ടുബുക്കില്‍ പച്ചച്ചോറു തേച്ചായിരുന്നില്ല തോമസ്‌ സ്റ്റാമ്പ് ഒട്ടിച്ചിരുന്നത്. കട്ടി ബയണ്ടും കട്ടി പേജുകളുമുള്ള പുതിയ ഒരു നോട്ട് ബുക്കിൽ ഭംഗിയായി പശതേച്ചൊട്ടിച്ചതായിരുന്നു അത്. അതിൽ നിന്നും പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ ചന്തു ശ്രദ്ധാപൂര്‍വ്വം ഇളക്കിയെടുത്തു. വേഗമതിനെ പോക്കറ്റിലൊളിപ്പിച്ചു, ചുറ്റും നോക്കി ആരും വരുന്നില്ലെന്നുറപ്പിച്ചു തന്‍റെ സീറ്റില്‍പ്പോയി ഡസ്കില്‍ തലവച്ചു കമഴ്ന്നിരുന്നു.

തന്‍റെ നെഞ്ചുപടപടാന്നു മിടിക്കുന്നുണ്ടെന്നു അപ്പോഴാണ് ചന്തു തിരിച്ചറി ഞ്ഞത്. ശ്വാസഗതിയും വേഗത്തിലായിരുന്നു. കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. താന്‍ പിടിക്കപ്പെടുമോ എന്നൊരു ഭയം ആ നിമിഷംമുതല്‍ ചന്തുവിനെ കൂടുതല്‍ പരിഭ്രാന്തനാക്കി.

വേഗം ബാഗ് തുറന്ന്, സ്വന്തം സ്റ്റാമ്പ് ആല്‍ബം പുറത്തെടുത്തു. പോക്കറ്റില്‍ നിന്നും പാക്കിസ്ഥാന്‍ സ്റ്റാമ്പെടുത്ത് അടിയില്‍ തുപ്പലു പുര ട്ടി ആല്‍ബത്തിലൊട്ടിച്ചു. തുപ്പലുതേച്ചൊട്ടിച്ചാല്‍ ഇളകിപ്പോകുമോ എന്നോര്‍ത്ത് കൈമുറുക്കി അതിലിടിച്ചു ഒട്ടല്‍ ഉറപ്പുവരുത്തി. ആല്‍ബം ബാഗിനുള്ളിലാക്കി, ഇരുകൈകൊണ്ടും ബാഗ്‌ അമര്‍ത്തിപ്പിടിച്ച്, അതിനുമുകളില്‍ തലവച്ച് കണ്ണുകളടച്ച് കിടന്നു.

ചന്തുവിന്റെ നെഞ്ചിടിപ്പിനേക്കാള്‍ വേഗത്തില്‍ സമയം ഓടിക്കൊണ്ടിരുന്നു. തോമസ്‌ ഇനി സ്കൂള്‍ സമയം കഴിയുന്നതുവരെ അവന്റെ ആല്‍ബം എടുത്തുനോക്കരുതേയെന്നു ചന്തു പേടിയോടെ പ്രാര്‍ത്ഥിച്ചു.

പക്ഷെ കാര്യങ്ങൾ കൈവിട്ടു പോകാൻ വലിയ സമയം വേണ്ടി വന്നില്ല. അവസാനത്തെ പിരീഡിനുമുമ്പുള്ള ഇടവേളയില്‍ ആല്‍ബം പുറത്തെടുത്ത തോമസ്‌ തന്റെ പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ മോഷ്ടിക്കപ്പെട്ടകാര്യം തിരിച്ചറിഞ്ഞു. അവനുറക്കെക്കരയാന്‍ തുടങ്ങി.

ചന്തുവിന്റെ ഉള്ളില്‍ ഭയത്തിന്‍റെ കൊടുങ്കാറ്റ് രൂപപ്പെട്ടെങ്കിലും ഒന്നുമറിയാത്ത ഭാവത്തിലിരുന്നു. തോമസ്‌ ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ടിരുന്നു. കൂട്ടുകാര്‍ തോമസിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിന്നു. അധ്യാപകന്‍ ക്ലാസില്‍ വന്നതോടെ വിഷയം കൂടുതൽ ഗൗരവമുള്ളതായി. സ്റ്റാമ്പ്‌ മോഷണം തെളിയിക്കാന്‍ ക്ലാസ് ടീച്ചറും മറ്റുചില അധ്യാപകരും കൂടി വന്നു.

എല്ലാവരും വര്‍ക്ക്‌ എക്സ്പീരിയന്‍സിനു പുറത്തുപോയപ്പോള്‍ ചന്തു മാത്രമാണ് ക്ലാസില്‍ ഉണ്ടായിരുന്നതെന്ന് ക്ലാസ് ലീഡര്‍ അപര്‍ണ്ണ പറഞ്ഞു. എന്നാല്‍ തനിക്കൊന്നും അറിയില്ലെന്നു പറഞ്ഞു ചന്തു തടിതപ്പി.

manoj vellanad, story , iemalayalam

എടുത്തവര്‍ അത് തിരിച്ചുകൊടുക്കുന്നതാണ് നല്ലതെന്നും, പിന്നീട് പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷകിട്ടുമെന്നും ടീച്ചര്‍മാര്‍ താക്കീത് നല്‍കി. കളവുപോയ സ്റ്റാമ്പ് തനിക്കും തോമസിനും അല്ലാതെ മറ്റാര്‍ക്കുമില്ലായെന്നു ചന്തു ക്ലാസ് ടീച്ചറോട് രഹസ്യമായി പറഞ്ഞു. ഒടുവിൽ എല്ലാവരുടെയും ബാഗും പോക്കറ്റും പരിശോധിക്കാന്‍ തീരുമാനമായി. പക്ഷെ ഫലമുണ്ടായില്ല. ചന്തുവിന്റെ ആല്‍ബ ത്തില്‍ കണ്ട പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ കഴിഞ്ഞ ദിവസം താന്‍ കൊടുത്തതു തന്നെയെന്ന് തോമസ്‌ തലകുലുക്കി സമ്മതിച്ചു.

സ്കൂള്‍ വിട്ടു വീട്ടില്‍ പോകുമ്പോള്‍ ചന്തുവിനൊപ്പമായിരുന്നു തോമസ്‌ നടന്നത്. അവന്റെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നു.

”നിനക്കാരെയെങ്കിലും സംശയമുണ്ടോ,” ചന്തു മുഖമുയര്‍ത്താതെ തന്നെ ചോദിച്ചു.

“ഇല്ലാ…” തോമസ് നേര്‍ത്ത ശബ്ദത്തില്‍ പറഞ്ഞു.

അവനെത്ര സങ്കടപ്പെടുന്നുണ്ടെന്ന് ആ ശബ്ദത്തില്‍ നിന്നും വ്യക്തമായിരുന്നു. ഒന്നും വേണ്ടായിരുന്നുവെന്ന് ചന്തു ആദ്യമായി ഓര്‍ത്തു. സത്യത്തില്‍ ടീച്ചര്‍മാര്‍ ബാഗുകള്‍ പരിശോധിക്കുമ്പോള്‍ തന്റെ കളവുപോയ പാക്കിസ്ഥാന്‍ സ്റ്റാമ്പ്‌ ആരില്‍നിന്നെങ്കിലും കണ്ടെത്തിയേക്കുമെന്ന പ്രതീക്ഷ ചന്തുവിനുണ്ടായിരു ന്നു.

“എന്റെ സ്റ്റാമ്പ്‌ മോഷ്ടിച്ചവനെ കര്‍ത്താവ് ശിക്ഷിച്ചോളും. മോഷ്ടാക്കള്‍ക്ക് നരകത്തില്‍ കല്ലേറ് കിട്ടുമെന്ന് ആന്റണിയച്ചന്‍ പറയാറുണ്ട്. പക്ഷെ എന്റെ അനിയത്തിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നായിരുന്നു ആ സ്റ്റാമ്പ്‌. അവളതിനെ അമ്പിളിമാമന്‍ സ്റ്റാമ്പെന്നാണ് പറയാറ്.”

തോമസിന്റെ അനിയത്തിയെ ചന്തു ഒരിക്കല്‍ കണ്ടിട്ടുണ്ട്. ജന്മനാ എന്തോ അസുഖമുള്ള കുട്ടിയാണ്. വലുതായിട്ടും എപ്പോഴും അമ്മയുടെയോ തോമസിന്റെയോ ചുമലില്‍ തന്നെയായിരിക്കും. ചന്തുവിന് ശരിക്കും കുറ്റബോധം തോന്നിത്തുടങ്ങിയത് അപ്പോഴാണ്. പരസ്പരം വഴിപിരിയാനുള്ള വളവെത്തുന്നതിനു തൊട്ടുമുമ്പ് തോമസ്‌ കലങ്ങിയ കണ്ണുകളോടെ ചോദിച്ചു,

“ആ തീപ്പെട്ടിപ്പടങ്ങള്‍ തിരികെത്തന്നാല്‍ ഞാന്‍ തന്ന സ്റ്റാമ്പ്‌ നീ തിരിച്ചു തരുവോ?”

ചന്തു എന്തു പറയണമെന്നറിയാതെ കുഴഞ്ഞു. പക്ഷെ, തോമസ് പെട്ടെന്നു തന്നെ ആ ചോദ്യം തിരുത്തി.

“അല്ലെങ്കില്‍ വേണ്ടാ. നീ ക്ലാസില്‍ ഒന്നാമനാകണമെന്നു ഒത്തിരി ആഗ്രഹിച്ച് വാങ്ങിയതല്ലേ. അതു നീ തന്നെ വച്ചോ…”

manoj vellanad, story , iemalayalam

Read More: മനോജ് വെള്ളനാടിന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

തോമസ്‌ അവന്‍റെ വഴിയെ നടന്നകന്നു. വളവിനപ്പുറം മറഞ്ഞു. ഒന്നും വേണ്ടിയിരുന്നില്ലാ എന്ന് ചന്തുവിന്റെ മനസ് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. അമ്മയും അച്ഛനും എന്തോ കാര്യത്തിന് വഴക്കിടുകയായിരുന്നതിനാല്‍ ചന്തു വന്നതവർ ശ്രദ്ധിച്ചില്ല. ചന്തു മുറിക്കകത്തു കയറി കതകടച്ചു കുറെ നേരമിരുന്നു. അന്നുരാത്രി അവനുറങ്ങാന്‍ കഴിഞ്ഞില്ല.

പിറ്റേന്നു സ്കൂളിലെത്തിയ ചന്തു, ആദ്യം ചെയ്തത് തന്റെ ആല്‍ബത്തില്‍ നിന്നും ആ പാക്കിസ്ഥാന്‍ സ്റ്റാമ്പിളക്കിയെടുത്ത് തോമസിന് കൊടുക്കുകയായിരുന്നു.

“ഇതാ നിന്റനിയത്തീടെ അമ്പിളി മാമന്‍. ഇത് നീ തന്നെ വച്ചോ…”

തോമസ്‌ ആദ്യമൊന്നു അമ്പരന്നെങ്കിലും അത് വാങ്ങാതിരിക്കാന്‍ അവനു കഴിഞ്ഞില്ല. തോമസ്‌ ചന്തുവിനെ നെഞ്ചോട്‌ ചേര്‍ത്ത് കെട്ടിപ്പിടിച്ചു. അവന്‍ പറഞ്ഞു, “ഇന്നലെ ഇത് തിരിച്ചു ചോദിച്ചതില്‍ സോറീ ഡാ. ഞാനാ തീപ്പെട്ടിപ്പടങ്ങള്‍ തിരിച്ചുതരാം.”

“അതൊന്നും വേണ്ടാ, അതും നീ തന്നെ വച്ചോ. എന്റെയൊരു സമ്മാനമായിട്ട്‌.”

തോമസിന് ആദ്യമത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ അവനെയത് തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. രണ്ടുപേരുടെയും മുഖം ചിരി കൊണ്ടു തുടുത്തു.

“ആന്റണിയച്ചന്‍ റോമില്‍ പോയിട്ട് വരുമ്പോള്‍ വത്തിക്കാന്റെ സ്റ്റാമ്പ്‌ കൊണ്ടുതരാമെന്ന് പറഞ്ഞിട്ടുണ്ട്. കിട്ടുമ്പോള്‍ അത് ഞാൻ നിനക്ക് തരാം കേട്ടോ,” തോമസ്‌, ചന്തുവിനെ തോളില്‍ കയ്യിട്ട് ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Manoj vellanad story for children pakistan stamp