നോവൽ നാലാം ഭാഗം
വണ്ണാത്തിപ്പൂച്ചികളുടെ മഴ
അമ്മുണുവിന് ഇഷ്ടപ്പെട്ട മറ്റൊരു മഴക്കഥ വണ്ണാത്തിപ്പൂച്ചികളുടെ മഴയായിരുന്നു. ആ മഴ പെയ്തത് ഇവിടെ നാട്ടിലായിരുന്നില്ല. ഇവിടെ നിന്നും കുറേ ദൂരെ മൂന്നാറില്‍ നിന്നും കുറേദൂരെ മറയൂരിലെ മഴയായിരുന്നു. അമ്മയ്ക്ക് ഏറെ ഇഷ്ടപ്പെട്ടയിടമാണ് മറയൂര്‍. അമ്മമ്മയ്ക്ക് അവിടെ കഷായാശുപത്രിയില്‍ ജോലിയായിരുന്നപ്പോള്‍ അവര്‍ കുറേക്കാലം അവിടെയായിരുന്നു. അമ്മയുടെ ഓര്‍മകളുടെ തുടക്കം അവിടെ നിന്നായിരുന്നുവെന്നാണ് കേട്ടിട്ടുളളത്. എത്രയെത്ര ഓര്‍മകളാണ്. അവിടെയുളള ഒരുപേരും അമ്മ മറന്നിട്ടില്ലെന്ന് ഡയറി ഉറപ്പുതരുന്നുണ്ട്. ആദ്യം വണ്ണാത്തിപ്പൂച്ചികളുടെ ഓര്‍മ വായിക്കാം.
മറയൂരിലെ മഴ വിസ്മയിപ്പിക്കുന്നതായിരുന്നു. മഴമേഘങ്ങള്‍ പെയ്യാന്‍ മടിച്ച് ആങ്ങിതൂങ്ങി നില്പാണെപ്പോഴും. ചുറ്റും ഉയര്‍ന്നു നിൽക്കുന്ന മലകള്‍…നടുവില്‍ താഴ്വര മഴനിഴല്‍ സ്പര്‍ശമേറ്റു കിടന്നു.
വല്ലപ്പോഴുമേ മഴപെയ്യാറുള്ളു. അതും നൂല്‍മഴ. എന്റെ യു പി സ്‌കൂള്‍ കാലത്ത് കോരിച്ചൊരിയുന്ന മഴയത്ത് സ്‌കൂളിലേയ്ക്ക് പോയതോ സ്‌കൂൾ വിട്ടു വന്നതോ ഓര്‍മയില്ല. അങ്ങനത്തെ മഴ അപൂര്‍വ്വമായിരുന്നു. എന്നാല്‍ പലപ്പോഴും നൂല്‍മഴയും മഞ്ഞും തിരിച്ചറിയാന്‍ പറ്റാതെ പ്രകൃതി കൺകെട്ട് വിദ്യ കാണിച്ചിരുന്നു. വയല്‍ വരമ്പിലൂടെ കുറേദൂരം നടക്കാനുണ്ടായിരുന്നു സ്‌കൂളിലേയ്ക്ക്. നൂല്‍മഴയില്‍ വരമ്പ് എപ്പോഴും തെന്നിക്കിടന്നിരുന്നു. നമ്മള്‍ കര്‍ക്കിടകമെന്ന് പറയുമ്പോള്‍ മറയൂരിലത് ആടിയാണ്. കേരളമായിരുന്നിട്ടും തമിഴ് സംസ്‌കാരമായിരുന്നു ഉയര്‍ന്നു നിന്നത്. കേരളത്തിലെങ്ങും കര്‍ക്കിടകത്തില്‍ കോരിച്ചൊരിയുന്ന മഴയായിരിക്കുമ്പോള്‍ ഞങ്ങള്‍ ആടിക്കാറ്റേറ്റ് നടന്നു. ആടിക്കാറ്റെന്നാല്‍ കല്ലിനെപ്പോലും പറത്തുന്ന തരം കാറ്റ്. ചിലപ്പോള്‍ ഞങ്ങളെയാ കാറ്റ് ചെളിവരമ്പത്തുനിന്ന് വയലിലേയ്ക്ക് തള്ളിയിട്ടു. അപ്പോഴൊക്കെ അക്കാതങ്കച്ചിമലയില്‍ നിന്നും ദിണ്ഡുക്കൊമ്പ് കരിമ്പുകാടിനപ്പുറ മെത്തിയ മഴവില്ലു കണ്ടു. ഇടവപ്പാതിയിലെ മഴയൊന്നും നനഞ്ഞില്ലല്ലോ എന്ന് സങ്കടപ്പെടുമ്പോള്‍ മഴവില്ല് ഞങ്ങളെ നോക്കി എന്നും ചിരിച്ചു.
തുലാവര്‍ഷമായിരുന്നു മറയൂരില്‍ കുറച്ചെങ്കിലും പെയ്തിരുന്നത്. ഇത്ര മഴ കുറവായിരുന്നിട്ടും മറയൂരിലെ വയലുകളില്‍ കരിമ്പും നെല്ലും പച്ചക്കറികളും തഴച്ചു വളര്‍ന്നു.
അതെങ്ങനെയെന്നല്ലേ…
മലമുകളില്‍ മഴപെയ്യും..ആ വെള്ളം കൊച്ചരുവികളിലൂടെ പുതച്ചിക്കനാലി ലെത്തുന്നു. കനാലിലൂടെ വെള്ളം താഴ്വരയിലെ കൃഷിയിടങ്ങളിലൂടെ ഒഴുകുന്നു. താഴ്‌വരയില്‍ തെളിഞ്ഞ വെയിലായിരിക്കുമ്പോഴും ചിലപ്പോള്‍ കാണാം കനാല്‍ നിറഞ്ഞൊഴുകുന്നത്. മലമുകളിലെ മഴയെ, മഴവില്ലിനെ നീരീക്ഷിക്കലായിരുന്നു അക്കാലത്തെ പ്രധാന വിനോദം.
അങ്ങനെയിരിക്കെ ഒരുദിവസം ഉച്ചകഴിഞ്ഞനേരത്ത് ആകാശം മഴമേഘങ്ങളെക്കൊണ്ട് നിറഞ്ഞു. ഞങ്ങളുടെ വീടിനുചുറ്റും വണ്ണാത്തിപ്പൂച്ചികള്‍ പാറിപ്പറക്കാന്‍ തുടങ്ങി. വണ്ണാത്തിപ്പൂച്ചികള്‍ മഴകൊണ്ടുവരികയാണെന്ന് അയല്‍വീട്ടിലെ കൂട്ടുകാരി പറഞ്ഞു.
സന്ധ്യയ്ക്കുമുമ്പേ തുടങ്ങി ശക്തമായ കാറ്റും മഴയും. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ മേൽക്കൂരയില്‍ അതുവരെ പെയ്ത മഴയ്ക്കൊക്കെ പതിഞ്ഞ താളമായിരുന്നെങ്കില്‍ അന്നത്തെ മഴയ്ക്ക് ഭയപ്പെടുത്തുന്ന ഏതോ ശബ്ദമായിരുന്നു. മഴ തുടങ്ങി അധിക നേരമാകുംമുമ്പേ കറണ്ട് പോയിരുന്നു. ഞാനുമനിയിത്തിയും കമ്പിളിക്കടിയില്‍ പേടിയോടെ കെട്ടിപ്പിടിച്ചു കിടന്നു. അന്നുരാത്രി ലോകമവസാനിക്കുമെന്നൊരു തോന്നലായിരുന്നു ഞങ്ങള്‍ക്ക്. ഞങ്ങള്‍ പരസ്പരം പറയുന്ന വാക്കുകള്‍ പലപ്പോഴും മഴയുടെ ശബ്ദത്തില്‍ കേട്ടില്ല. അടുത്ത പറമ്പിലെ അരണമരം ജനാലയ്ക്കല്‍ തട്ടി. മഴയുടെ ആര്‍ത്തലയ്ക്കലിനിടയിലെപ്പോഴോ ഞങ്ങള്‍ ഉറങ്ങിപ്പോയി.

എണീറ്റതേ, മുറ്റത്തേക്കോടി. ഞങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്ന ചെടികളെല്ലാം നിലം ചേര്‍ന്നിരുന്നു, കുറച്ചുദൂരെ, വാഴകള്‍ മാത്രമുള്ളൊരു പറമ്പുണ്ടായി രുന്നു. വാഴയ്ക്കെന്തുപറ്റിയെന്ന് നോക്കാന്‍ അമ്മ അതിവെളുപ്പിനേ ഞങ്ങളെ പറഞ്ഞയച്ചു. ഒരു വാഴപോലുമില്ലായിരുന്നു ആകാശത്തേയ്ക്കുയ ര്‍ന്ന്. എല്ലാം നിലം ചേര്‍ന്നുകിടന്നിരുന്നു. തിരിച്ചു നടക്കുമ്പോള്‍ മഴ വീണ്ടും പെയ്യാന്‍ തുടങ്ങി. നീലപ്പിടിയുള്ള ഒറ്റക്കാലന്‍ കുടയായിരുന്നു അനിയത്തിയുടേത്. കാറ്റിന് നേരെ പിടിച്ചിരുന്ന കുട മേലോട്ട് വളഞ്ഞു പോയി. അവള്‍ കരഞ്ഞു. അമ്മ അടിക്കുമെന്ന് പേടിച്ച്, വഴക്കു പറയുമെന്ന് പേടിച്ച്… കാറ്റിനെതിരെ പിടിച്ചാല്‍ കുട നേരെയാവുമെന്നൊ ന്നും ഞങ്ങള്‍ക്കന്ന് അറിയില്ലായിരുന്നു. അമ്മയാണെങ്കില്‍ ഞങ്ങളെ കാണാഞ്ഞ് റോഡിലിറങ്ങി നിൽക്കുകയായിരുന്നു. അമ്മയെ കണ്ടതേ അവളുടെ കരച്ചില്‍ ഉച്ചത്തിലായി.
ഏതായാലും പതിവുപോലെ ഞങ്ങള്‍ സ്‌കൂളിലേയ്ക്ക് പോയി. പക്ഷേ, സ്‌കൂള്‍ കെട്ടിടം മേഞ്ഞിരുന്ന ഓടുമിക്കതും പറന്നുപോയിരുന്നു. ഞങ്ങള്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ടായിരുന്നു. സ്‌കൂള്‍ നന്നാക്കുന്നവരെ അവധി. മഴക്കാലത്ത് ഞങ്ങള്‍ക്കൊരവധിക്കാലം.
മഴ തന്നെയായിരുന്നു കുറേ ദിവസത്തയ്ക്ക്. പുറത്തേക്കിറങ്ങാന്‍ വയ്യാതെ വീടിനുള്ളില്‍ തന്നെയിരുന്നു കളിച്ചു. മൂത്തതും മൂക്കത്തതുമായ വാഴക്കുലകള്‍ മുഴുവന്‍ വെട്ടിയെടുത്തു കൊണ്ടുവന്നിരുന്നു. കുറേയൊക്കെ അയൽക്കാര്‍ക്ക് കൊടുത്തു. ആ ദിവസങ്ങളില്‍ പഴം തിന്നും മൂക്കാത്തവ പുഴുങ്ങി മുളകുചമ്മന്തി കൂട്ടി തിന്നും ഞങ്ങള്‍ മടുത്തു. ഒന്നു സ്‌കൂളു തുറന്നാല്‍ മതിയെന്ന് പ്രാര്‍ത്ഥനയോടെ കാത്തിരുന്നു.
കാട്ടിലേയ്ക്കുള്ള വഴി
അമ്മ കാട്ടിലേയ്ക്ക് പോയതൊക്കെ പല പല ആവശ്യങ്ങള്‍ക്ക് ആയിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അടുത്തുള്ള കൂട്ടുകാരോടൊപ്പം വിറകുപെറുക്കാന്‍, പുല്ലു മുറിക്കാന്‍ അങ്ങനെയങ്ങനെ. ഇപ്പോള്‍ അമ്മൂമ്മയുടെ വീട്ടില്‍ പാചകം ചെയ്യുന്നത് ഗ്യാസടുപ്പിലാണ്. വല്ലപ്പോഴുമാണ് വിറകടുപ്പ് കത്തിക്കുന്നത്. വല്ലപ്പോഴും അടുപ്പ് കത്തിക്കാനുളള വിറക് പറമ്പില്‍ നിന്ന് തന്നെ കിട്ടുന്നുണ്ട്. എന്നാല്‍ ഗ്യാസില്ലാതിരുന്ന കാലത്ത് അതായിരുന്നില്ല അവസ്ഥ. വിറക് മേടിക്കണം. അല്ലെങ്കില്‍ കാട്ടില്‍ പോയി കൊണ്ടുവരണം.
അമ്മുണുവിന് കാട്ടിലേയ്ക്ക് പോകാന്‍ വലിയ ആഗ്രഹമുണ്ട്. എത്രദൂരം നടക്കാനും അവള്‍ തയ്യാറായിരുന്നു. പക്ഷേ, അമ്മ കൊണ്ടുപോകേണ്ടേ? അമ്മയുടെ കൂട്ടുകാരെപ്പോലെ കാട്ടില്‍ പോകുന്ന കൂട്ടുകാരില്ലാത്തതില്‍ അവള്‍ക്ക് സങ്കടം തോന്നി. എല്ലായിടത്തും പോകണമെന്ന് വാശിപിടി ക്കരുത്. നടന്നെന്ന് വരില്ല. എന്നെങ്കിലുമൊരിക്കല്‍ നടന്നു കൂടായ്കയുമില്ല-അമ്മ പറഞ്ഞു.
യാത്ര പോകുന്ന ചിലര്‍ എന്തിനാണെന്നോ യാത്രവിവരണങ്ങള്‍ എഴുതുന്നത്? അമ്മ ചേദിച്ചു.
പോകാത്തവര്‍ക്ക് വായിക്കാന്‍..അമ്മുണു ഉത്തരം പറഞ്ഞു.
ശരിയുത്തരമാണല്ലോ-അമ്മ അഭിനന്ദിച്ചു. അപ്പോള്‍ വായിച്ചൊരു ദേശത്തെ അറിയുക. പറ്റുമ്പോള്‍ പോവുക.
ഞങ്ങള്‍ അവധി ദിവസങ്ങളിലേറെയും കാടുകയറി. ഞങ്ങളെന്നു പറഞ്ഞാല്‍ അന്നത്തെ മിക്കവാറും കുട്ടികള്‍. ചുള്ളിക്കമ്പുകള്‍ പെറുക്കാന്‍, പുല്ലരിയാന്‍, ഓണക്കാലത്തും മറ്റും പൂക്കള്‍ തേടി… അങ്ങനെ അങ്ങനെ എന്തെങ്കിലും കാരണങ്ങളൊക്കെയുണ്ടാക്കും. ചിലപ്പോള്‍ ഒരു കാരണവുമില്ലാതെ ചുമ്മാതങ്ങു പോകും. കൂടുതല്‍ സാധാരണമായ ചെടികളേയും മരങ്ങളേയുമൊക്കെ അന്നേ തിരിച്ചറിഞ്ഞി രുന്നു.
അന്ന് ഹൈറേഞ്ചില്‍ അത്യാവശ്യം ദാരിദ്ര്യമുള്ള കാലമാണ്. കലാഭിരുചിയേ ക്കാള്‍ കുട്ടികളില്‍ മുന്നിട്ടു നിന്നത് കായികാഭിരുചിയായിരുന്നു. കായിക മത്സരങ്ങളില്‍ വിജയിക്കുന്ന പലര്‍ക്കും ഉപജില്ല ,ജില്ല, സംസ്ഥാന മത്സരങ്ങ ള്‍ക്ക് പങ്കെടുക്കണമെങ്കില്‍ പണമുണ്ടാവില്ല. പലരും കാട്ടിലേക്കു നടക്കും. വിറകുവെട്ടി വില്ക്കും. പത്തിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവ രാണ് കോടാലിയും വാക്കത്തിയുമൊക്കെയായി കാട്ടിലേയ്ക്ക് പോകുന്നത്. അന്ന് വനം വകുപ്പ് അത്ര കര്‍ക്കശമായിരുന്നില്ല. പാരിസ്ഥിതിക ബോധത്തിനപ്പുറം ദാരിദ്യമായിരുന്നു പ്രധാന പ്രശ്‌നം. അന്നത്തെ ആ കുട്ടികളില്‍ ചിലര്‍ പൊലീസും വനപാലകരുമൊക്കെയായിത്തീര്‍ന്നു! ചിലര്‍ കാട്ടു കള്ളന്മാരും! ഈ വൈരുദ്ധ്യം വല്ലാതെ അമ്പരപ്പിക്കാറുണ്ട്. നീളന്‍ തോക്കുമായി പോകുന്നവരെ കണ്ടിട്ടുണ്ട്, തേനെടുക്കാന്‍ പോകുന്നവര്‍.
കാട് ശോഷിച്ചു ശോഷിച്ചു വന്നു. കാടിന്റെ പ്രാധാന്യത്തെ പറ്റി ആരും കാര്യമായിട്ടൊന്നും പറഞ്ഞിരുന്നില്ല. കാട്ടിലുള്ളതൊക്കെ യഥേഷ്ടം എടുക്കാമെന്നും എങ്ങനെ വേണമെങ്കിലും കൈയ്യേറാം എന്നുമൊക്കെ യായിരുന്നു ധാരണ.
എന്നാല്‍, ഇന്നത്തെ കുട്ടികള്‍ക്ക് പലവിധത്തില്‍ പാരിസ്ഥിതികാവ ബോധം കിട്ടുന്നുണ്ട്. പക്ഷേ, കാടു കാണാന്‍ കിട്ടുന്നില്ല. കാട്ടുചോലയിലെ വെള്ളത്തിന്റെ തണുപ്പ്, ഇലപ്പച്ചകള്‍ക്കും വള്ളികള്‍ക്കിടയിലൂടെയുമുള്ള നൂണ്ടിറക്കത്തിന്റെ അനുഭൂതികള്‍, വേരുകളുടെ സഞ്ചാര പാതകള്‍, മാനത്തോളം മുട്ടുന്ന മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യവെളിച്ച ച്ചന്തം, കിളികളുടെ പാട്ടുകള്‍, കൊച്ചരുവിക്കരുകിലെ പല മൃഗച്ചൂരും കുളമ്പുപാടുകളും. ഈ ഭൂമി എത്ര സുന്ദരമെന്ന് തോന്നിപ്പിക്കുന്നത് കാനന യാത്രകളാണ്.
കാട്ടിലേയ്ക്കുള്ള കന്നിയാത്ര അഞ്ചാം വയസ്സിലായിരുന്നു. അതൊരിക്കലും കാടിനെ, സസ്യങ്ങളെ അടുത്തറിയാനുള്ള യാത്രയായിരുന്നില്ല. വിറകു വെട്ടുകാരന് ഉച്ചയൂണുമായി പോകുമ്പോള്‍ അമ്മച്ചി എന്നെയും ഒപ്പം കൂട്ടിയതാണ്. പറമ്പിന്റെ തെക്കേ അതിരിലെ ചെരിഞ്ഞ പാറകേറിയാല്‍ പിന്നെ നിരന്ന പാറയും പുല്‍മേടും കടന്ന് കുറേ നടക്കണമായിരുന്നു. ഇത്രദൂരം ഞാന്‍ നടക്കുമോ എന്നായിരിക്കാം അന്ന് അമ്മച്ചി ആശങ്കപ്പെ ട്ടത്. ഒരുകൂട്ട് എന്നതിലപ്പുറം കാടുകാണിക്കാനൊന്നുമല്ല എന്നെയും കൂട്ടി നടന്നത്. പക്ഷേ, ഇന്നും ആ യാത്ര എന്റെ ഓര്‍മയിലുണ്ട്.
വനവിഭവങ്ങള്‍ എടുക്കുക എന്നതിനപ്പുറം കാടിനെ യാത്രയായ് കണ്ട ചിലരുമുണ്ടായിരുന്നു. ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് ബസ്സു കയറി പോകുന്നതിനേക്കാള്‍ കാട്ടുവഴികളിലൂടെ നടന്നു പോയിരുന്നവരെ അറിയാം. വീട്ടിലുമുണ്ടായിരുന്നു അങ്ങനെ ചിലര്‍. എഴുപതോ എമ്പതോ കിലോമീറ്റര്‍ ദൂരെ താമസിക്കുന്ന അനിയന്റെ വീട്ടിലേക്ക് എന്റെ അപ്പൂപ്പന്‍ രണ്ടു മൂന്നു മലകള്‍ കയറിയിറങ്ങി പോയിട്ടുണ്ട്. എന്തിനായിരുന്നു അത് എന്നു ചോദിച്ചാല്‍ ഉത്തരമില്ല. അമ്മായിയുടെ മകന്‍ പെരിയാര്‍ നീന്തിക്കടന്ന് നേര്യമംഗലം കാടുകയറി വീട്ടിലെത്തിയത് ഇന്നലെ അല്ലായിരുന്നോ എന്ന് തോന്നിപ്പോകുന്നു. ഞാനും അത്തയും (അച്ഛന്‍) കൂടി പൂയംകുട്ടി കാട്ടിലൂടെ ചെച്ചയുടെ (ഇളയച്ഛന്‍ ) അടുത്തേക്ക് പോയിട്ടുണ്ട്. പിന്നെയും എത്രയോ ചെറുതും വലുതുമായ ഒറ്റയ്ക്കും കൂട്ടായുമുളള കാനന യാത്രകള്‍. കാട് ഒട്ടും പേടിപ്പെടുത്തിയിരുന്നില്ല. എന്തുകൊണ്ടായിരുന്നു ആ യാത്രകള്‍ എന്നു ചോദിച്ചാല്‍ ഉത്തരമൊ ന്നുമില്ല. പിന്നീട് ചിന്തിക്കുമ്പോള്‍ ആ യാത്രകള്‍ തന്ന ആനന്ദ നിമിഷങ്ങള്‍ മറ്റൊന്നിലും കിട്ടിയിട്ടില്ലെന്നു മാത്രമോര്‍ക്കുന്നു.
കാട് കാണുമ്പോള്‍ കാട്ടിലേയ്ക്ക് നടന്ന് പോകാന്‍ വെമ്പിയില്ലെങ്കില്‍, പുഴ കാണുമ്പോള്‍ അതിലേയ്ക്കിറങ്ങാന്‍ തോന്നിയില്ലെങ്കില്‍, ഒറ്റപ്പെട്ട പാറ കാണുമ്പോള്‍ അതിനു മുകളില്‍ കയറിയിരുന്ന് ആകാശക്കാഴ്ച കാണാന്‍ തുടിച്ചില്ലെങ്കില്‍ നാം മനുഷ്യര്‍ക്ക് എന്തോ കുഴപ്പമുണ്ടെന്ന് വിചാരിക്കുന്നു. തീര്‍ച്ചയായും നാം ആധുനിക മനുഷ്യരാണ്. സംസ്‌കാര സമ്പന്നരാണെന്ന് പറയുന്നു. പറച്ചിലില്‍ മാത്രമാണെങ്കിലും. കാടും പുഴയും മണ്ണുമൊന്നുമില്ലാത്ത അംബരചുംബികളായ ഭവനങ്ങളിലിരുന്ന് ഭാവിയെ സ്വപ്നം കാണുകയാവണം. പക്ഷേ, സംസ്‌ക്കാര സമ്പന്നത എന്നത് പലപ്പോഴും ചില കാര്യങ്ങളില്‍ മാത്രമാകുന്നു.

കാട്ടു മനുഷ്യനില്‍ നിന്ന് നാം ഇന്നും അത്ര ദൂരത്തേയ്ക്കൊന്നും നടന്നിട്ടില്ല. അതുകൊണ്ടാണ് നമ്മളെ കാനന ജീവിതം പ്രലോഭിപ്പിക്കുന്നത്. പ്രാകൃത മനുഷ്യനില്‍ നിന്ന് ആധുനിക മനുഷ്യനിലേയ്ക്കുള്ള വളര്‍ച്ചയില്‍ ഇടയ്‌ക്കെങ്കിലും കാട് വന്ന് നമ്മെ തിരികെ വിളിക്കും. അതുകൊണ്ടാണ് എന്‍ എ നസീറിന്റെ കാനനയാത്രകള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നത്. വിഭൂതി ഭൂഷണ്‍ ബന്ദോപാധ്യയുടെ ‘ആരണ്യക’ത്തെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നത്. കാടിന്റെ സമസ്ത ഭാവങ്ങളും കാട്ടിലേയ്ക്കു പോയി കാണാന്‍ കഴിയാത്തവര്‍ക്ക് ‘ആരണ്യക’മെന്ന പുസ്തകത്തിലൂടെ കാട്ടിലേക്ക് പ്രവേശിക്കാം. പതുക്കെ കാട് നമ്മളെ കീഴ്‌പ്പെടുത്തിക്കളയും.
ചിലപ്പോള്‍ ഞാനൊരു സ്വപ്നത്തില്‍ അകപ്പെടാറുണ്ട്. അതിങ്ങനെയാണ്. മണ്ണ് ഒരുതരിപോലും പുറത്തേക്ക് കാണാതെ ഇലകളാല്‍ മൂടിക്കിടക്കുക യായിരുന്നു അവിടം. പേരറിയാത്ത ഒരുപാട് മരങ്ങളും വള്ളികളും പടര്‍ന്നു കിടക്കുകയായിരുന്നു ചുറ്റും. ആ കാട്ടിലൂടെ ഒറ്റയ്ക്ക് നടക്കുകയായി രുന്നു ഞാന്‍. ആകാശമെവിടെ എന്നറിയാന്‍ മേലെ ഇലകള്‍ക്കിടയിലൂടെ ചുഴിഞ്ഞു നോക്കണമായിരുന്നു. വലിയൊരു മരച്ചുവട്ടില്‍ നിൽക്കുമ്പോള്‍ ഒന്നു കിടക്കണമെന്ന് തോന്നി. നീണ്ടു നിവര്‍ന്നു കിടക്കുമ്പോള്‍ കുളിര്‍ന്നു. അപ്പോഴുണ്ട് മരങ്ങള്‍ ഇലപൊഴിക്കാന്‍ തുടങ്ങി. അതെന്റെ ദേഹത്തേയ്ക്കാണ് വീണത്. ഇലകളെന്നെ പുതപ്പിക്കുകയാണ്. പൊഴിഞ്ഞ ഇലകളുടെ കൂമ്പാരത്തിനുള്ളില്‍ കണ്ണുകളടച്ചു. പുറത്തെ ശബ്ദങ്ങളൊന്നു മറിഞ്ഞില്ല. സുഖമായ ഉറക്കം. ഉണര്‍ന്നപ്പോള്‍ ഞാനൊരു മരക്കൊമ്പിലാ ണിരിക്കുന്നത്. താഴെ കരിയിലക്കൂട്ടത്തിനിടയില്‍ അനക്കം. അതെന്റെ ദേഹം മണ്ണാക്കിക്കൊണ്ടിരുന്ന ചിതലുകളുടെ അനക്കമായിരുന്നു.