നോവൽ അഞ്ചാം ഭാഗം
ആദ്യ സിനിമയുടെ ഓര്‍മ
അമ്മയുടെ ഡയറിയില്‍ ഒരു സിനിമാക്കഥയുണ്ട്. സിനിമയുടെ കഥയായിരുന്നില്ല അത്. ആദ്യമായി സിനിമ കാണാന്‍ പോയ കാര്യമായിരുന്നു. അന്ന് അമ്മ മൂന്നാം ക്ലാസ്സിലായിരുന്നു പഠിച്ചിരുന്നത്. ആ സിനിമാക്കഥയെപ്പറ്റി അമ്മ ഇങ്ങനെയാണ് എഴുതിയിരുന്നത്.
നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് സ്വൈര്യക്കേടൊഴിയാന്‍ അമ്മ ഞങ്ങളെ സിനിമയ്ക്ക് വിട്ടത്. അന്നുവരെ സിനിമയോ തീയറ്ററോ ഞങ്ങള്‍ക്ക് പരിചതമായിരുന്നില്ല.
അമ്മയുടെ പുതിയ ജോലിസ്ഥലം എന്തുകൊണ്ടും ഞങ്ങള്‍ക്ക് ബോധിച്ചു. അന്നു വരെ ഞങ്ങള്‍ താമസിച്ചിരുന്ന കുഗ്രാമത്തില്‍ നിന്ന് മറയൂരിലേയ്ക്കു ള്ള താമസം മാറ്റം വെളിച്ചത്തിലെത്തിപ്പെട്ടതുപോലെയായിരുന്നു. എങ്ങും ചന്ദനമരങ്ങള്‍, ചുവപ്പും റോസും കൊങ്ങിണി പൂക്കള്‍, കരിമ്പു തോട്ടങ്ങള്‍, അതിലേറെ അയല്‍വാസി ജോഷിച്ചേട്ടന്റെ വീടും പറമ്പും പറുദീസയായിരുന്നു.
മുന്തിരിവള്ളി, പപ്പായമരങ്ങള്‍, ഫാഷന്‍ഫ്രൂട്ട് , പേര, മാതളനാരകം, നെല്ലി, മുറ്റത്ത് കനകാംബരം,പിച്ചി, പലതരത്തിലും നിറത്തിലും പനിനീര്‍പൂക്കളും. വയലില്‍ നിലക്കടല, പിന്നീടങ്ങോട്ട് കരിമ്പിന്‍ തോട്ടം. തോട്ടത്തിനിടയിലൂ ടെ തെളിഞ്ഞൊഴികിയ കൈത്തോട്. ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെത്തപ്പെട്ടതു പോലെ ഞങ്ങള്‍ ആ പരിസരത്ത് കളിച്ചു നടന്നു.
ഞാനന്ന് മൂന്നിലും അനിയത്തി രണ്ടിലുമാണ് പഠിക്കുന്നത്. അധികം ദൂരത്തല്ല ചന്ദന തീയറ്റര്‍. സിനിമയെക്കുറിച്ച് കേട്ടറിവുകളെ ഉള്ളൂ. സിനിമ കാണണമെന്ന് പറയുമ്പോഴൊക്കെ അമ്മയ്ക്ക് അലക്കൊഴിഞ്ഞിട്ട് നേരമില്ല.
സ്വൈര്യം കെട്ടപ്പോള്‍ അമ്മ അയല്‍വക്കത്തെ ജോഷിച്ചേട്ടന്റെ കൂടെ ഞങ്ങളെ മാറ്റിനിക്കു പറഞ്ഞയച്ചു. ജോഷിച്ചേട്ടന്‍ അന്ന് ഒന്‍പതില്‍ പഠിത്തം നിര്‍ത്തി വീട്ടിലെ മാടുകളെ കാട്ടിലേക്കടിച്ചും വൈകിട്ട് തിരിച്ചടിച്ചും നടക്കുന്ന കാലം.
എന്തോ ഞങ്ങള്‍ ഇത്തിരിപോന്ന കൊച്ചുങ്ങളുടെ കൂടെയിരുന്ന് സിനിമകാണാന്‍ പറ്റില്ലെന്നു തോന്നിയാവണം ടിക്കറ്റെടുത്ത് ഞങ്ങളെ തീയറ്ററിനകത്ത് ഇരുത്തിയിട്ട് മൂപ്പര്‍ മുങ്ങി. മുമ്പേ അമ്മയോട് പറഞ്ഞതുമാണ്.
സിനിമ മൂന്നു മണിക്കാണ് തുടങ്ങുന്നത്. സിനിമ കഴിഞ്ഞ് കാട്ടില്‍ പോയി മാടുകളെ തിരിച്ചടിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് ജോഷിച്ചേട്ടന്‍ ടിക്കറ്റെടുത്ത് കയറ്റി വിടാം എന്നേറ്റത്. വീട്ടിലേക്ക് അധികം ദൂരത്തല്ലാ ത്തതുകൊണ്ട് ഞങ്ങള്‍ തനിച്ചു മടങ്ങിക്കോളാം എന്നേറ്റു.
തീയറ്ററിനുള്ളില്‍ മങ്ങിയ വെളിച്ചം.
വലിയൊരു വെള്ളത്തുണി വലിച്ചു കെട്ടിയിരിക്കുന്നു. തുണിക്കിരുവശവും ഭിത്തിയില്‍ ശകുന്തള മാന്‍പേടയെ ഓമനിക്കുന്ന ചിത്രം വരച്ചു വെച്ചിരുന്നു. തുണിക്കു താഴെ ചുവപ്പു പെയിന്റടിച്ച കുറെ ഇരുമ്പുതൊട്ടികൾ തൂക്കിയിരുന്നു. അതെന്തിനാണെന്ന് മനസ്സിലായില്ല.
ഏറ്റവും മുന്നില്‍ കുറേ സ്ഥലം ഒഴിഞ്ഞു കിടന്നിരുന്നു. അതിനടുത്തായി ബഞ്ചുകള്‍. ഞങ്ങളിരുന്നത് നടുക്കാണ്. സെക്കന്റ് ക്ലാസ്. അവിടെ ചാരു ബെഞ്ചാണ്. ഏറ്റവും പുറകില്‍ കസേര. ജോഷിച്ചേട്ടന്‍ എന്തിനാണ് ഞങ്ങളെ നടുക്ക് കൊണ്ടുപോയി ഇരുത്തിയത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. മുമ്പിലിരുന്നാല്‍ മതിയായിരുന്നു. നല്ലോണം കാണായിരുന്നു- എന്നോര്‍ത്ത് സങ്കടപ്പെട്ടു. പിന്നെ സമാധാനിച്ചു. എറ്റോം പുറകിക്കൊണ്ടിരുത്തിയില്ലല്ലോ.
കുറച്ചു സമയം അങ്ങനെ ചിന്തിച്ചും എന്തൊക്കെയോ സംസാരിച്ചും ഇരുന്നപ്പോഴേക്കും ആളുകള്‍ നിറഞ്ഞു. മുന്നില്‍ നിന്ന് വെളുത്ത പുകച്ചുരുളുകള്‍ മേലോട്ടുയര്‍ന്നു. ബീഡിയുടെ കട്ടു മണം. ഛര്‍ദിക്കാന്‍ തോന്നി.
അക്കാലത്ത് മറയൂര്‍ ചന്ദനയിലും കോവില്‍ക്കടവ് റോസയിലും തമിഴ് സിനിമകളാണ് വരാറ്.

അന്നു വരെ കാണാത്ത അത്ഭുതം ഞങ്ങള്‍ നോക്കിയിരുന്നു. വെളുത്ത തുണിയില്‍ അതാ ആളുകള്‍. വാഹനങ്ങള്‍. പാട്ടുപാടി നൃത്തം ചെയ്യുന്നു. സാധാരണകാണുന്ന മനുഷ്യരേക്കാള്‍ എത്രയോ വലിപ്പമുണ്ട് ഇതിലെ മനുഷ്യര്‍ക്ക്. തമിഴ് സിനിമയായിരുന്നു. അന്നുവരെ കാണാത്ത നടന്മാരെയും ഭാഷയും കഥയും ഒന്നും മനസ്സിലാവാതെ മിഴിച്ചിരുന്നു കണ്ടു. സാധാരണ മനുഷ്യനേക്കാള്‍ പത്തിരട്ടിയോളം വലിപ്പമുള്ള മുഖങ്ങളും ഓട്ടവും ചാട്ടവും ബസ്സും കാറും പല പല നിറങ്ങളും പാട്ടും ഡാന്‍സും. ഒന്നുമൊന്നും മനസ്സിലായില്ലെങ്കിലും വെള്ളിത്തിരയിലെ ആ അത്ഭുതം ഞങ്ങള്‍ക്ക് രസിച്ചു. എവിടെ നിന്നാണ് സിനിമവരുന്നതറിയാന്‍ ചുറ്റും നോക്കി. ഒരു പിടുത്തവുമില്ല. പുറകോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ തലക്കു മുകളിലൂടെ ടോര്‍ച്ചടിക്കുന്നതു പോലെ ഒരു വെളിച്ചം കടന്നു പോകുന്നുണ്ട്. അങ്ങനെ രസിച്ചിരുന്നു കാണുമ്പോഴാണ് സിനിമ തീര്‍ന്നത്. ഇനി എന്തെങ്കിലുമുണ്ടോ എന്നറിയാന്‍ ചാരുബഞ്ചില്‍ അമര്‍ന്നിരുന്നു നോക്കി. നേര്‍ത്ത വെളിച്ചത്തില്‍ വെളുത്തതുണി മാത്രം.
പുകച്ചുരുളുകള്‍ വീണ്ടുമുയര്‍ന്നു. ആളുകള്‍ പുറത്തേക്കു കടക്കുന്നു. ഞങ്ങളും എഴുന്നേറ്റ് പുറത്തേക്കു നടന്നു. പുറത്തിറങ്ങിയപ്പോള്‍ കണ്ണിനു പുളിപ്പ്. വെയിലിനു ശക്തി കൂടിയതു പോലൊരു തോന്നല്‍. നല്ല പ്രകാശം.
ആദ്യമായി സിനിമ കണ്ടു എന്ന അത്യാഹ്ലാദത്തില്‍ ഞങ്ങള്‍ ഓടിയും ചാടിയും പുതുക്കടക്ക് അടുത്തുകൂടിയുള്ള വഴിയെ പട്ടിക്കാട്ടിലെ തീട്ടപ്പറമ്പ് കടന്ന് വൃത്തിഹീനമായ തെരുവിലൂടെ കരിമുട്ടിയിലേയ്ക്കുള്ള വഴിയേ നേരെ ജോഷിച്ചേട്ടന്റെ വീട്ടിലേക്കാണു ചെന്നത്. അമ്മ മുറ്റത്തെ മുന്തിരവള്ളിക്കരുകിലിട്ടിരുന്ന ഉരലില്‍ അരി ഇടിച്ചു കൊണ്ടു നിൽക്കുന്നു.
അമ്മ സിനിമാക്കഥ ചോദിക്കുമെന്നും കണ്ട അത്ഭുതം വാതോരാതെ പറയണമെന്നും വിചാരിച്ചത് തെറ്റി. ഞങ്ങളെ കണ്ടതേ അമ്മ അര ഇടിക്കല്‍ നിര്‍ത്തി ഉലക്ക പിടിച്ചു നിന്ന് ചോദിച്ചു. ഇത്ര വേഗം സിനിമ തീര്‍ന്നോ?
തീര്‍ന്നു എന്ന് ഞങ്ങള്‍
ചേച്ചിയെ നേരമെന്നായി..എന്ന് അമ്മ ജോഷിച്ചേട്ടന്റെ അമ്മ ഏലിയാമ്മ ചേച്ചിയോട് വിളിച്ചു ചോദിച്ചു. അമ്മയ്ക്കുണ്ടായ സംശയം തീര്‍ക്കണമല്ലോ.
അപ്പോള്‍ നാലരമണിയായിരുന്നു.
പിന്നെ ഉച്ചത്തിലുള്ള കൂട്ടച്ചിരിയാണ് ഞങ്ങള്‍ കേട്ടത്.
കാരണം ഞങ്ങള്‍ ഇന്റര്‍വെല്ലിനാണ് ഇറങ്ങിപ്പോന്നത്!
കാച്ചാംകാട്
കാച്ചാംകാട്ടിലുളളതെന്തും പേടിപ്പെടുത്തുന്നതായിരിന്നുവെന്നാണ് അമ്മ പറയാറ്. മറയൂരിലെ വീട്ടില്‍ നിന്നും സ്‌കൂളിലേയ്ക്ക് പോകാന്‍ പല വഴികളുണ്ടായിരുന്നു. അതില്‍ എളുപ്പമുളള വഴിയായിരുന്നു കാച്ചാംകാടുവഴിയുളള യാത്ര. പക്ഷേ, രണ്ടു ശ്മശാനങ്ങള്‍ക്കു നടുവിലൂടെ വേണം കടന്നു പോകാന്‍ .ശ്മശാനമാണെങ്കില്‍ കൊങ്ങിണിയും ഇലമുളച്ചിച്ചെടിയും പടര്‍ന്ന് കാടുപിടിച്ചു കിടക്കുകയാണ്. ഇലമുളച്ചിച്ചെടിയുടെ പൊക്കം തന്നെ പേടിപ്പെടുത്തുന്നതാണ്. വഴിയരുകില്‍ ശ്മശാനത്തോട് ചേര്‍ന്ന് ഒരു ഈഴച്ചെമ്പകം പൂത്തു നിന്നിരുന്നു.
അതിന്റെ പൂവുകളുടെ ഗന്ധം അതിലെറെ പേടിപ്പിക്കുമായിരുന്നു. അമ്മയുടെ കൂട്ടുകാരി മിനിയുടെ പ്രിയപ്പെട്ട പൂവാണെന്നായിരുന്നു പറയുന്നത്. ഈ ഗന്ധം, ഇലമുളച്ചിയുടെ പൊക്കം എല്ലാം ഭീകരാന്തരീക്ഷമുണ്ടാക്കുന്നതാണെന്ന് അമ്മയേയും ചിറ്റയേയും പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഒരേവഴിക്കു പോകുന്നവരായിരുന്നു അവര്‍. പക്ഷേ, അമ്മയ്ക്ക് ഒട്ടും പേടിയില്ലായിരുന്നുവത്രേ!
ക്ലാസ്സില്ലാത്ത സമയങ്ങളില്‍ അമ്മയും കൂട്ടുകാരും ചേര്‍ന്ന് കാച്ചാംകാട്ടില്‍ ചൊടൊക്കൊടിക്കാന്‍ പോയിരുന്നു. ചൊടക്ക് ഇലമുളച്ചിച്ചെടിയുടെ പൂവാണ്. നെറ്റിയില്‍ ഇടിച്ച് ഞൊട്ടയുണ്ടാക്കാനായിരുന്നു ചൊടക്ക്. കുട്ടികളുടെ പ്രധാനവിനോദങ്ങളിലൊന്ന് ചൊടക്കൊടിച്ച് ഞൊട്ട കേള്‍പ്പിക്കലായിരുന്നുവത്രേ! അമ്മുണുവിന് അതൊന്നും ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. അവള്‍ ഫ്ളാറ്റിന് മുന്നിലെത്തുന്ന ബസ്സില്‍ കയറി സ്‌കൂള്‍ മുറ്റത്തിറങ്ങാറാണ്. കൂറ്റന്‍ ഗേറ്റിനടുത്ത് കാവല്‍ക്കാരനുണ്ടായിരുന്നു. എന്നാല്‍, അമ്മയുടെ സ്‌കൂള്‍ കാടിനോട് ചേര്‍ന്നായിരുന്നു. മാനോടുന്ന മുററമായിരുന്നു.
പക്ഷേ, ചൊടക്കുളളത് ശ്മശാനത്തിലായിരുന്നു. പ്രത്യേകിച്ച് ശവക്കല്ലറകളുടെ മുകളിലേക്ക് ചാഞ്ഞ്, വീണു കിടന്നിരുന്നു അവ. പല ശവക്കല്ലറകള്‍ക്ക് മുകളിലും മുറിഞ്ഞ് മൂടികിടന്നിരുന്നു. നീളമുളളവയും കുറഞ്ഞവയും. അതിനെപ്പറ്റി മിനി പറഞ്ഞിട്ടുളളത് രസകരമായിരുന്നു. സന്ധ്യയോടുകൂടി കല്ലറകള്‍ക്കുളളില്‍ നിന്ന് പ്രേതം പുറത്തിറങ്ങും പോലും. കോഴികൂവുമ്പോള്‍ തിരിച്ചു കയറുകയും ചെയ്യുമത്രേ! കോഴികൂവിക്കഴിയുന്നതിനിടയില്‍ മുടി ചിലപ്പോള്‍ പുറത്താകും. അതാണത്രേ കല്ലറയുടെ പരിസരത്തുളളത്. ചിറ്റ അതെല്ലാം വിശ്വസിച്ചു.

അങ്ങനൊരു ദിവസം സ്‌കൂളുവിട്ടുപോരുമ്പോള്‍ മാനമിരുണ്ടു. കണ്ടാല്‍ സന്ധ്യയായെന്നേ തോന്നുമായിരുന്നുളളു. കാച്ചാംകാട് വിജനമാണ്. അവിടെയെത്തിയപ്പോള്‍ മിനി പേടിപ്പിച്ചു. പേയിറങ്ങാറായി. വേഗമോടിക്കോ. ഒറ്റമോട്ടമായിരുന്നു അവര്‍ മൂവരും. പക്ഷേ, വീട്ടിലെത്തിയതേ ചിറ്റ പനിച്ചു വീണു. ചികിത്സകള്‍ പലതു ചെയ്തിട്ടും പനിമാറിയില്ല. അവസാനം അയല്‍ക്കാരാണ് വല്ലതും കണ്ട് പേടിച്ചിരുന്നോ എന്ന് ചോദിച്ചത്.
അമ്മമ്മയന്ന് അമ്മയെ ചോദ്യം ചെയ്തു. മിനി പേടിപ്പിച്ച കഥ അമ്മ പറഞ്ഞു. ചിറ്റയെ ഒരു മന്ത്രവാദിയുടെ അടുത്തുകൊണ്ടുപോയി നൂലുമന്ത്രിച്ചു കെട്ടിയതില്‍ പിന്നെയാണ് പനി നിന്നതത്രേ!
പക്ഷേ, അമ്മ പറയുന്നത് കാച്ചാംകാട്ടിലേക്ക് ചൊടൊക്കൊടിക്കാനുളള യാത്രകള്‍ തുടര്‍ന്നുവെന്നാണ്. ഏതു നട്ടുച്ചയ്ക്കും അവര്‍ പോയിരുന്നു. ഒരു പിശാചിനെയും അവിടെ കാണേണ്ടി വന്നിട്ടില്ല. മാത്രമല്ല, മറ്റൊരു കൂട്ടുകാരി കാച്ചാംകാട്ടിലെ മുറിഞ്ഞ മുടിയുടെ യഥാര്‍ത്ഥ കഥ പറഞ്ഞു. മരിച്ചു പോയൊരാളെ സംസ്‌ക്കരിച്ചു കഴിഞ്ഞാല്‍ ചില വിശേഷ ദിവസങ്ങളില്‍ മക്കള്‍ വന്ന് മുടി മുറിച്ചിട്ടു പോകുമത്രേ! അവരുടെ ആചാരമായിരുന്നുവത്. കാച്ചാംകാട്ടിലെ ചൊടൊക്കൊടിക്കല്‍ അമ്മയെ യുക്തിബോധമുളളവളാക്കി എന്നാണ് പറയാറ്.
അമ്മയില്‍ നിന്ന് അമ്മുണു പ്രേതഭൂതപിശാചുക്കളുടെ പലകഥകളും കേട്ടിട്ടുണ്ട്. അങ്ങനെ കേട്ട മറ്റൊരു കഥയായിരുന്നു ചുടലപറമ്പില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് വീട്ടുകാരെ കാണാന്‍ പോകുന്ന കുമ്മിട്ടാംകുഴിപേകള്‍. കുമ്മിട്ടാംകുഴി എന്ന സ്ഥലത്തെ ആളുകളെ സംസ്‌ക രിക്കുന്ന ഇടമായിരുന്നു ആ ചുടലപ്പറമ്പ്. ഇടയ്ക്ക് ഒരു കാറ്റ് റോഡിലൂടെ പോകുന്നത് കാണാം. ഉരുണ്ടുരുണ്ട് പോകുന്ന കാറ്റ്. അമ്മ ആ കാറ്റില്‍ പെട്ടിട്ടുണ്ടെന്നാണ് പറയാറ്. കണ്ണിലും മുഖത്തുമൊക്കെ നിറച്ച് മണലാകും. തിരിഞ്ഞു നോക്കിയാല്‍ കാണാം. ഉരുണ്ടുരുണ്ട്….
ഒരിക്കല്‍ അമ്മമ്മയുടെ മുന്നിലിരുന്ന് അമ്മ ഈ കഥ പറഞ്ഞപ്പോള്‍ അമ്മമ്മ പറഞ്ഞു ആ പോയത് പേയൊന്നുമല്ല. അവിടുത്തെ കാലാവസ്ഥയായിരുന്നുവെന്ന്. ചിലസമയത്ത് വരണ്ട കാറ്റ്..ചില നേരത്ത് അതിശക്തമായ കാറ്റ്…ആളെപ്പോലും പറത്തിക്കളയും.
എനിക്കന്നേ അറിയാമായിരുന്നെന്ന് അമ്മ മറുപടി പറഞ്ഞു.
അമ്മുണുവിനും കുറച്ചൊക്കെ യുക്തിബോധം വരുന്നുണ്ട്….