മഴയുടെ നാനാര്‍ത്ഥങ്ങള്‍-കുട്ടികളുടെ നോവൽ മൂന്നാം ഭാഗം

“പക്ഷേ, മിഥുനത്തില്‍ തുടങ്ങിയ മഴ കര്‍ക്കിടകത്തിലും തോര്‍ന്നില്ല. മുപ്പത്തിയൊമ്പതാം ദിവസമാണ് ഉമ്മൂമ്മയുടെ മകള്‍ക്ക് മടങ്ങിപ്പോകാനായത്” മൈന ഉമൈബാൻ എഴുതുന്ന കുട്ടികളുടെ നോവൽ

maina umaiban, novel

നോവൽ മൂന്നാം ഭാഗം

മഴയുടെ നാനാര്‍ത്ഥങ്ങള്‍

ഓര്‍ക്കാപ്പുറത്താണ് മഴ വീഴാന്‍ തുടങ്ങിയത്. വേനലിലെ ആദ്യമഴ. പുതുമണ്ണിന്റെ മണമെങ്ങും. ശക്തമായ മഴയായിരുന്നു. മുറ്റത്ത് തളംകെട്ടിയ വെളളത്തില്‍ അമ്മുണു വളളമുണ്ടാക്കി കളിച്ചു.

മഴയെന്നാല്‍ ഞങ്ങള്‍ക്ക് ഏററവും പ്രിയപ്പെട്ടതും ചിലപ്പോള്‍ ഏറെ പേടിപ്പിക്കുന്നതുമായിരുന്നു. അമ്മ പറഞ്ഞു.

അതു കേട്ടപ്പോള്‍ അമ്മയുടെ ഡയറി വായിക്കാന്‍ അമ്മുണുവിന് തിടുക്കമായി. അമ്മ മഴയെപ്പറ്റി എന്തൊക്കെ എഴുതിയിട്ടുണ്ടാവും അതില്‍. മഴയുടെ എത്രയെത്ര ഓര്‍മകള്‍.

അവള്‍ മഴയുടെ ഒന്നാംപേജ് നിവര്‍ത്തി.

അൽപ്പം ക്രൂരമായ ഭാവനയായിരുന്നു കര്‍ക്കിടകത്തേക്കുറിച്ച് കുട്ടിക്കാലത്തുണ്ടായിരുന്നത്. വീട്ടില്‍ നിന്നു നോക്കിയാല്‍ ആറ്റിലെ വെള്ളം കാണാം. തോട് പുറുമ്പോക്കും അതിലൊരു വീടും പഞ്ചായത്ത് വഴിയും കഴിഞ്ഞ് കുറച്ച് ഉയരത്തിലാണ് ഞങ്ങളുടെ വീടും പറമ്പും.

കര്‍ക്കിടകത്തില്‍ കലങ്ങികുത്തിയൊഴുകിവരുന്ന കലക്കവെളളത്തെ നോക്കിയിരിക്കും. എത്രത്തോളം വെള്ളം പൊങ്ങി എന്നറിയാന്‍ ആറ്റിലെ പാറകളും അക്കരെ പറമ്പും അളവുകോലാവും. നിര്‍ത്താതെയുള്ള മഴയില്‍ വെള്ളം ആറ്റുപാറകളെ മറക്കുമ്പോള്‍ ഞങ്ങള്‍ക്കറിയാം താഴെ തോട്ടുപുറമ്പോക്കിലെ കുടിലുകളില്‍ വെള്ളം കയറി തുടങ്ങിയിട്ടു ണ്ടാവുമെന്ന്. എടുക്കാവുന്നതൊക്കെയും പെറുക്കിയെടുത്ത് മുങ്ങിക്കൊണ്ടിരിക്കുന്ന വീടിനെയും പറമ്പിനെയും നോക്കി മഴനനഞ്ഞ് അവര്‍ നില്‍ക്കുകയായിരിക്കുമെന്ന്. ആറ്റുപാറകള്‍ മൂടി അക്കരെ റബ്ബര്‍തോട്ടത്തിലെ ആദ്യതൊട്ടിയില്‍ വെള്ളം കടക്കുമ്പോള്‍ ഇനി പെട്ടെന്നൊ ന്നും വെള്ളമിറങ്ങില്ലെന്നും ഞങ്ങള്‍ക്ക് ഇനി മുതല്‍ സ്‌കൂളവധിയാണെന്ന് കരുതാം. താഴെ മുങ്ങുന്ന വീടുനോക്കി നിന്നവര്‍ അഭയാര്‍ത്ഥികളാവു കയാണ്. സ്‌കൂളാണ് അഭയാര്‍ത്ഥി ക്യാമ്പാകുന്നത്. വീടിന് പിന്നിലെ മലയെ, പാറയെ ഭയക്കുന്നവര്‍, മണ്ണിടിയുമെന്നും മരം വീഴുമെന്നും കരുതുന്നവരുമൊക്കെയാണ് പിന്നീട് സ്‌കൂളിലുണ്ടാവുക. അക്കൂട്ടത്തില്‍ ഞങ്ങളുടെ കൂട്ടുകാരുമുണ്ടാവും.

maina umaiban, novel
ചിത്രീകരണം : ജയകൃഷ്ണന്‍

കര്‍ക്കിടകത്തിലെ ഈ സ്‌കൂളവധി പക്ഷേ, ഞങ്ങള്‍ക്ക് തോരാത്ത മഴയില്‍ വീട്ടിനുള്ളില്‍ ചടഞ്ഞിരിക്കാനുള്ളതാണ്. എന്നാല്‍, അഭയാര്‍ത്ഥികളാവുന്ന കൂട്ടുകാര്‍ പരസ്പരം കാണുന്നു. ഒരുമിച്ചു കഞ്ഞിവെച്ചു കുടിക്കുന്നു. പഠിക്കേണ്ട, പുസ്തകമെടുക്കേണ്ട, സാറന്മാരെ പേടിക്കേണ്ട. സ്‌കൂളില്‍ കളിച്ചു നടക്കുന്നു. ഓര്‍ക്കുമ്പോള്‍ അസൂയതോന്നും. മഴതോരുന്നത് അപ്പോള്‍ ചിന്തിക്കാന്‍പോലും കഴിയില്ല. ഇനിയും പെയ്യട്ടെ. വെള്ളം ഉയര്‍ന്നുയര്‍ന്നു വരട്ടെ. താഴത്തെ അയല്‍ക്കാരുടെ വീടിനെ മുക്കട്ടെ. പഞ്ചായത്തുവഴിയെ. പിന്നെ ഞങ്ങളുടെ പറമ്പിനെ. പതുക്കെ പതുക്കെ വെള്ളം മുകളിലോട്ടുകയറി. ഞങ്ങളുടെ മുറ്റത്ത്. അപ്പോള്‍ ഞങ്ങള്‍ ജനലിനിടയിലൂടെ ചൂണ്ടയിടും. മുറ്റത്തുകൂടി ഒഴുകുന്ന പുഴയില്‍ നീന്തും.പിന്നെയും വെള്ളം പൊങ്ങുമ്പോള്‍ ഞങ്ങളും പായും പുതപ്പു മെടുത്ത് സ്‌കൂളിലേക്ക് നടക്കും. എത്രവട്ടമാണ് ഭാവനയില്‍ ഇതെല്ലാം കണ്ടത്. പക്ഷേ, പഞ്ചായത്ത് വഴിയിലേക്കെങ്കിലും വെള്ളം കയറിയാല്‍ സ്കൂളില്ല, ആശുപത്രിയില്ല, ഞങ്ങള്‍ അരിയും സാധനങ്ങളും വാങ്ങുന്ന കവലയില്ല, റോഡില്ല. അഭയാര്‍ത്ഥികളാവുന്ന മുതിര്‍ന്നവരുടെ മനസ്സ് മലവെള്ളത്തേക്കാള്‍ കലങ്ങിയിരിക്കുമെന്ന് അന്നൊന്നും ചിന്തിച്ചതേയില്ല.

കര്‍ക്കിടക സംക്രാന്തിക്ക് മുന്നേ മൂശേട്ടയെ അടിച്ചു പുറത്താക്കി ഭഗവതിയെ കുടിയിരുത്താന്‍ നോക്കിയാലും മൂശേട്ടതന്നെ അകത്തുകയറും. അടിച്ചു കളഞ്ഞ വിരുത്താമ്പലും പൊടിയും വെറുതെ. കഴുകി വൃത്തിയാക്കിയ കുട്ടയും വട്ടിയും പാത്രങ്ങളും വെറുതേ. പേമാരിയുടെ, വെള്ളപ്പൊക്കത്തിന്റെ, മണ്ണിടിച്ചിലിന്റെ, ഉരുള്‍പൊട്ടലിന്റെ ഇതൊന്നുമല്ലെങ്കില്‍ പട്ടിണിയുടെ, അസുഖത്തിന്റെ മരണത്തിന്റെയുമൊ ക്കെ വേഷം കെട്ടി മൂശേട്ട വരും.

പേമാരി

മറ്റൊരു മഴക്കഥയായിരുന്നു അമ്മയുടെ ഡയറിയില്‍.അതു വായിക്കുകയായിരുന്നു അമ്മുണു.

ഞങ്ങളുടെ വീടും പറമ്പും കഴിഞ്ഞാല്‍ ഇരു വശത്തും കോളനികളാണ്. ഇരുപതുസെന്റു കോളനിയും ലക്ഷം വീടു കോളനിയും. അവിടുള്ളവരൊ ന്നും കൃഷിക്കാരല്ല. കൂലിപ്പണിക്കാര്‍. ദുര്‍ബ്ബലര്‍. മഴ തുടങ്ങിയാല്‍ പണിയില്ല. ഇടവം തുടങ്ങുന്നതോടെ പലരും മുണ്ടുമുറുക്കി കെട്ടി തുടങ്ങും. കഞ്ഞിവെപ്പ് കുറയും. റേഷന്‍കിട്ടുന്ന ഇരുമ്പരി കുറച്ചെടുത്ത് സൂക്ഷിക്കാന്‍ തുടങ്ങും. മേടത്തിലും ഇടവത്തിലും ചക്കയും ചക്കക്കുരു വുമായിരിക്കും പ്രധാന ആഹാരം. കുട്ടികളാണ് മുതിര്‍ന്നവരേക്കാള്‍ ഭേദം. അവര്‍ക്ക് കശുമാങ്ങ, ചാമ്പങ്ങ, മാമ്പഴം, പേരക്ക, കാട്ടിലേയ്ക്ക് പോയാല്‍ പൂച്ചപ്പഴം, കൊങ്ങിണിക്ക, അങ്ങനെ പലതുമുണ്ടാകും. കുട്ടികള്‍ പൊതുവേ ഇങ്ങനെ ആഹാരകാര്യത്തില്‍ സമ്പന്നരായിരിക്കും. പക്ഷേ, മഴക്കാലത്തെയോര്‍ത്ത് മുതിര്‍ന്നവര്‍ മുണ്ടുമുറിക്കിയുടുക്കും.

ചക്കക്കുരു ഒരു കരുതലാണ്. ജലാംശമില്ലാതെ തോലുണങ്ങിയ ചക്കക്കുരു വീടിന്റെ മൂലയില്‍ നനവില്ലാത്ത മണ്ണില്‍ കുഴിച്ചിടും. നനവില്ലാത്തതുകൊണ്ട് ചക്കക്കുരു മുളക്കില്ല. അടുത്ത ചക്കക്കാലം വരെ കേടൊന്നും വരില്ല.

അടുത്തത് കപ്പയാണ്. വലിയ കപ്പക്കാലാകളില്‍ കപ്പ പറിച്ചു കഴിഞ്ഞാല്‍ ശേഷിക്കുന്ന പൊടിക്കപ്പ പെറുക്കി അരിഞ്ഞുണങ്ങി വെക്കും. വാട്ടിയുണക്കും വെള്ളുണക്കുമായി. വെള്ളുണക്കുകപ്പ പൊടിച്ചാല്‍ പുട്ടുണ്ടാക്കാം. റബ്ബറുപോലുണ്ടാവും. തേങ്ങാ നല്ലോണം വേണം രുചിക്ക്. വാട്ടുണക്കു കപ്പ വേവിച്ച് പുഴുക്കാക്കുകയോ, ഉലര്‍ത്തുകയോ ചെയ്യാം. പക്ഷേ, അങ്ങനെ രുചിയായിട്ടു തിന്നാന്‍ പറ്റിയ കാലമല്ല കര്‍ക്കിടകം. ചേര്‍ക്കേണ്ട തേങ്ങയും, വെളിച്ചെണ്ണയുമോര്‍ക്കുമ്പോള്‍ ചങ്കുപൊട്ടും.

അതില്‍ ചേര്‍ക്കുന്ന തേങ്ങയുടേയും വെളിച്ചെണ്ണയുടേയും കാശുണ്ടെങ്കില്‍ ഇരുമ്പരി രണ്ടുകിലോ മേടിക്കാം. കൃഷിപ്പണിക്ക് പോകുമ്പോള്‍ കിട്ടുന്ന മുതിര, പയര്‍…

maina umaiban, novel
ചിത്രീകരണം : ജയകൃഷ്ണന്‍

ഇങ്ങനെയൊക്കെ കരുതലുമായിരുന്നാലും വിശപ്പുകൂടും. കാട്ടുതാളും തകരയും കപ്ലങ്ങയും മൂക്കാത്ത ചേനയും ചേമ്പും വരെ പറിച്ചെടുക്കേ ണ്ടിവരും. ആകെക്കുടി മഴക്കാലത്തു കിട്ടുന്നത് ചൂണ്ടയില്‍ കുരുങ്ങുന്ന മീനാണ്.

മിഥുനത്തില്‍ തെളിഞ്ഞ വെയിലില്‍ അയല്‍ക്കാരി ഉമ്മുമ്മയുടെ വീട്ടില്‍ കല്ലാറുകുട്ടിയില്‍ നിന്ന് മകള്‍ വന്നു. മകളുടെ ആ വരവിന് പിന്നിലുണ്ടാ യിരുന്നത് കര്‍ക്കിടകത്തില്‍ വിരുന്നു പോകുന്നത് ശരിയല്ലെന്നും മഴ കൂടിയാല്‍ പുഴ കടന്ന് അക്കരെ കടക്കാന്‍ സാധിക്കില്ല എന്നതുമാ യിരുന്നു. മഴ തുടങ്ങിയാല്‍ ആറിനിക്കരെ താമസിക്കുന്നവര്‍ക്ക് കിഴക്കോട്ടും പടിഞ്ഞാട്ടും അകലെയുള്ള പാലങ്ങള്‍ കടക്കണമായിരുന്നു അന്ന്. പുഴയില്‍ വെളളം കൂടിയാല്‍ പാലങ്ങളിലെത്താന്‍ വഴിയില്ല. പുഴയിറമ്പിലൂടെയുള്ള വഴി വെള്ളത്തിനടിയിലാവും.

ഇക്കാര്യങ്ങളൊക്കെ നന്നായിറിയാവുന്ന മധ്വയസ്സ് പിന്നിട്ട മകള്‍ മഴയ്ക്ക് മുമ്പേ ഉമ്മയെ കണ്ട് മടങ്ങാമെന്ന് കരുതി. ഉമ്മുമ്മയുടെ പറമ്പിലാണെ ങ്കില്‍ രണ്ടു തെങ്ങും ഒരു കൊക്കോമരവും മുറ്റത്ത് അഞ്ചാറ് തുളസിച്ചെടി യുമാണ് ആകെയുള്ളത്.

മകള്‍ക്ക് കല്ലാര്‍കുട്ടിയില്‍ നല്ല കാലമാണ്. നെല്ലും കാപ്പിയും മാവും പ്ലാവും കപ്പയും ചേമ്പും ചേനയും എല്ലാമുണ്ട്. പോന്നപ്പോള്‍ ചെറിയൊരു സഞ്ചിയില്‍ കുറച്ച് ഉണക്കക്കപ്പ കരുതി അവര്‍. എത്തുമ്പോള്‍ നല്ല വെയിലായിരുന്നു. ആറ് കടന്ന് ഇക്കരെ കേറിയപ്പോള്‍ മാനമിരുണ്ടു. ഉമ്മയുടെ അടുത്തെത്തുമ്പോള്‍ മഴ ചാറി തുടങ്ങി.

ഉമ്മുമ്മ മകളോട് പറഞ്ഞു.
ഏതായാലും മഴയല്ലേ..നേരം പെലന്നെട്ട് പോകാടീ……
മഴ ആര്‍ത്തലച്ചു പെയ്തു തുടങ്ങി..
ഈ മഴയത്ത് കല്ലാര്‍കുട്ടി പോകണ്ടേ. നേരം ഉച്ച തിരിഞ്ഞു. ഇനിയെന്തായാലും നേരം വെളുത്തിട്ടു പോകാം. ഉമ്മാക്ക് സന്തോഷമാവട്ടെ. എന്ന് മകളും വിചാരിച്ചു.

പക്ഷേ, മിഥുനത്തില്‍ തുടങ്ങിയ മഴ കര്‍ക്കിടകത്തിലും തോര്‍ന്നില്ല. മുപ്പത്തിയൊമ്പതാം ദിവസമാണ് ഉമ്മൂമ്മയുടെ മകള്‍ക്ക് മടങ്ങിപ്പോകാനായത്.

പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ബാലസാഹിത്യ സമാഹാരത്തിലെ നോവലിൽ നിന്ന്

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Maina umaiban childrens novel highrange theevandi part

Next Story
കുഞ്ഞു കുഞ്ഞു കഥകൾShort Story, uma praseeda, nadodikathakal, folktales, folktales for children, children literature,
The moderation of comments is automated and not cleared manually by malayalam.indianexpress.com