നോവൽ രണ്ടാം ഭാഗം
കൂവലിന്റെ രസതന്ത്രം
പിറ്റേന്ന് വീടിനു പിന്നിലെ മല കയറാന്‍ പോയി അവളും അമ്മയും. മലയുടെ മുകളില്‍ കയറിയാല്‍ നല്ല രസമാണ്. ദൂരേക്ക് ദൂരേക്ക് നീളുന്ന കുന്നുകള്‍. ആദ്യത്തെ കുന്ന് പച്ച. പിന്നെ പച്ചകലര്‍ന്ന നീല. മേഘനീല, പിന്നെപ്പിന്നെ നിറംമങ്ങി പോകുന്ന മലനിരകള്‍.. താഴെ ആറ് പലയിടത്തും വെളളമില്ലാതെ മണ്‍പാതപോലെ തോന്നുന്നു. റോഡിലൂടെ ആളുകള്‍ പോകുന്നത് ചെറുതായി കാണാനാകും . വാഹനങ്ങള്‍ കുറച്ചു വലിയ കളിവണ്ടികളാണെന്നേ തോന്നൂ. മലയുടെ തുഞ്ചത്ത് എത്തുമ്പോള്‍ അമ്മ കൂവുന്നു. വിസിലടിക്കുന്നു.
അമ്മുണുവൊന്ന് ശ്രമിച്ചു നോക്കി. രണ്ടുവിരലുകള്‍ നാവിലേക്ക് വെച്ച്….
‘ഒന്ന് പഠിപ്പിച്ചു തരാമോ?’ അവള്‍ ചോദിച്ചു.
‘ദാ ഇങ്ങനെ..’. ചൂണ്ടുവിരലും തളളവിരലും ചേര്‍ത്തുവെച്ച് നാവ് മുകളിലേക്ക് മടക്കി അമ്മ പറഞ്ഞു.
‘അമ്മ പഠിച്ചതെങ്ങനെയാ..?’
അതൊക്കെ പഠിച്ചു.പറഞ്ഞു തരാം. അവര്‍ ഇരുവരും മതിയാവോളം പാറയിലിരുന്ന് വിസലടിച്ചു.
അന്നു രാത്രി അമ്മ ഡയറിയില്‍ കൂവലിന്റെ രസതന്ത്രമെഴുതി അവള്‍ക്ക് നല്‍കി.
കൂവാന്‍ തോന്നുന്നുണ്ടോ?
കൂവുന്നവര്‍ മോശമാണെന്നും ഇതൊന്നും നമുക്കു പറ്റിയ പണിയല്ലെന്നും പലരും ചിന്തിച്ചേക്കാം. എന്നാല്‍ അത്തരം ചിന്തകളൊക്കെ കളഞ്ഞ് തനിച്ചൊന്നു നടന്നു നോക്കൂ…അപ്പോള്‍ എവിടെ നിന്നോ ഒരു തോന്നല്‍ വരും. ഒന്നു കൂവാന്‍..ഒന്നു ചൂളമടിക്കാന്‍, വിസിലടിക്കാന്‍.
കാടും മലയും പാറക്കെട്ടും ഒക്കെ നിറഞ്ഞ ഇവിടെ കൂവല്‍ ആശയ വിനിമയത്തിനൊരുപാധിയായിരുന്നു -ചിലര്‍ക്കെങ്കിലും. കാട്ടില്‍ നിന്ന് തടിയുമായി വരുന്നവര്‍ ഉയര്‍ന്ന പാറക്കുമുകളില്‍ നിന്ന് ഉച്ചത്തില്‍ കൂവും. ആരെങ്കിലും മലകയറി വരുന്നുണ്ടെങ്കില്‍ മാറി നിൽക്കാനാണത്. പാറയ്ക്കു മുകളില്‍ നിന്ന് തടി താഴേയ്ക്കു ഉരുട്ടാനുള്ള പണിയുടെ ആരംഭമാണത്. സന്ധ്യകഴിഞ്ഞ് താഴെ വഴിയിലൂടെ ചൂളം വിളി കേള്‍ക്കുമ്പഴറിയാം. എല്‍ദോസ് പണി കഴിഞ്ഞു വരുന്ന വഴിയാണ്.
അക്കരെ നിന്നൊരുവിസില്‍…ചീട്ടുകളിക്കാരുടെ സംഘം ചേരലിന്.
ഇതിനൊക്കെ അപ്പുറത്താണ് കുട്ടികളുടെ കൂവലും വിസിലടി പരിശീലനവും.
മഴയില്ലാത്ത ചില സന്ധ്യയ്ക്ക് ഞങ്ങള്‍ കുട്ടികള്‍ മലമുകളിലേക്ക് കയറും. പ്രത്യേകച്ചൊരു കാരണവുമില്ലാതെ കൂവും. ഞങ്ങളുടെ കൂവല്‍ മലഞ്ചെരുവുകളിലെ പാറകളില്‍ തട്ടി പ്രതിധ്വനിക്കും. കാട്ടില്‍ ഗുഹാമുഖ ങ്ങള്‍ക്കരുകില്‍ നിന്നു കൂവിയാല്‍ അത് ആയിരം മടങ്ങായി പ്രതിധ്വനിക്കും.
പാറയ്ക്ക് മുകളിലിരുന്നുള്ള ആ കൂവലുകള്‍ക്കിടയിലാണ് കുഞ്ഞാങ്ങളമാര്‍ വിസിലടിയിലേക്ക് തിരിഞ്ഞത്. പലതാളത്തില്‍. ഈണത്തില്‍. വിസിലടിക്ക് കൂവലിനേക്കാള്‍ ശബ്ദം കൂടുതലുമുണ്ട്. അവരോട് അസൂയ തോന്നി. എങ്ങനെ വിസിലടിക്കും? പെണ്‍ പിള്ളേര്‍ വിസിലടിക്കാന്‍ നോക്കിയാല്‍ നടക്കുമോ? പൊതുവെ പുരുഷന്മാരാണ് കൂവലിന്റേയും വിസിലടിയുടേയും ആശാന്മാര്‍.
ലീലചേച്ചി മരത്തില്‍ കയറും. മാവിലോ പ്ലാവിലോ തെങ്ങിലോ കവുങ്ങിലോ എവിടെയും. ആണുങ്ങളെടുക്കുന്ന ഏതു ഭാരപ്പെട്ട പണിയുമെടുക്കും. മലമുകളില്‍ നിന്ന് ഉച്ചത്തില്‍ കൂവുകയും വിസിലടിക്കുകയും ചെയ്യും. പക്ഷേ, എന്തു ചെയ്യാന്‍…നാട്ടുകാര്‍ രഹസ്യമായി ലീലചേച്ചിയെ ‘ലീലച്ചേട്ടന്‍’ എന്നു വിളിച്ചു.
‘ലീലച്ചേട്ടനെ’ പോലെയല്ലെങ്കിലും ചെറിയ മരങ്ങളിലൊക്കെ ഞങ്ങള്‍ പെണ്‍കുട്ടികളും കയറുമായിരുന്നു. പക്ഷേ, ഈ വിസിലടിയുടെ രസതന്ത്രം അങ്ങനെ വഴങ്ങുമോ?
നാവുമടക്കി രണ്ടുവിരലുകള്‍ വെച്ച് ഊതിനോക്കി…ദയനീയമായ കൂവല്‍ പുറപ്പെട്ടു.
സാധ്യമല്ല.
പക്ഷേ, ഉപേക്ഷിക്കാന്‍ തോന്നിയില്ല.
‘വിസിലടിക്കുന്നതൊന്നു പഠിപ്പിച്ചു താടാ.’ ആങ്ങളമാരോട് കെഞ്ചി.
‘അതു പഠിക്കാനൊന്നുമില്ല. നാക്ക് മടക്കി വെരലുവെച്ച് ഒരൂത്ത് ഊതിയാ മതി…’അവര്‍ പറഞ്ഞു.
‘ദേ ഇങ്ങനെ ചെയ്യ് ‘എന്നു പറഞ്ഞ് അവന്‍ നാവു മടക്കുന്നതും വിരലു വെക്കുന്നതും കാണിച്ചു തന്നു.
ആദ്യമൊക്കെ തോറ്റുപോയി.
പിന്നെയും പിന്നെയും
ഓക്കെ
ഇത്തവണ റെഡി.
പറഞ്ഞറിയിക്കാനാവാത്ത ആനന്ദം.
സഹജീവനം
ചാമ്പങ്ങ പറിക്കാന്‍ മുകളിലേക്ക് ഒറ്റയ്ക്ക് കയറിയതാണ് അമ്മുണു. വീണുകിടന്ന മടലുകള്‍ക്കിടയില്‍ ഒരനക്കം. ഇരട്ടനാവു ചലിപ്പിച്ച് അതാ ശബളിമയാര്‍ന്നൊരു പാമ്പ്. നല്ല രസമുണ്ട് കാണാന്‍. ചുവപ്പും കറുപ്പും നീളന്‍ വര. നാവിളക്കി, മെലിഞ്ഞ ശരീരത്തിന്റെ പകുതിഭാഗത്തോളം ഇളക്കി തിരക്കില്‍ എന്തോ തിരയുകയാണ്. പാമ്പെന്നു കേട്ടാല്‍ തന്നെ പേടി തോന്നേണ്ടതാണ്. പക്ഷേ, അവള്‍ക്ക് പണ്ടേ പേടിയില്ല.
അനിമല്‍ പ്ലാനറ്റിലും മറ്റും മുമ്പേ കണ്ടു ശീലിച്ചതുകൊണ്ടാവണമെന്നാണ് അമ്മ പറയുന്നത്.
പക്ഷേ, ഇതാരാണെന്ന് അമ്മുണുവിന് മനസ്സിലായില്ല.
‘അമ്മേ..അമ്മേ ഇങ്ങു വന്നേ.’ ഒട്ടും പേടിയൊച്ചയില്ലാതെയാണ് അവള്‍ വിളിച്ചത്. അമ്മ കയറി വന്നതും വളരെ പതുക്കെയാണ്. കൂടെ അമ്മമ്മയുമുണ്ട്.
‘ഇതേതു പാമ്പാമ്മേ…?’
അമ്മമ്മയാണ് മറുപടി പറഞ്ഞത്.
‘വില്ലൂന്നി ആയിരിക്കും’
വില്ലൂന്നി താമസിക്കുന്നത് കല്‍ക്കെട്ടിനുളളിലെ പൊത്തിലാണത്രേ! മിക്കവാറും അമ്മമ്മ അതിനെ കാണാറുണ്ടെന്ന്.
ഈ പറമ്പില്‍ അമ്മമ്മ എന്തൊക്കെയാണെന്നോ നട്ടു വളര്‍ത്തിയി രിക്കുന്നത്. കുരുമുളക്, കാപ്പി, ജാതി, കശുമാവ,് മാവ്, പ്ലാവ്, പുളി. എല്ലാമുണ്ട്. കൂട്ടത്തില്‍ ഒരുപാട് ഔഷധസസ്യങ്ങളുണ്ട്. അപൂര്‍വ സസ്യങ്ങളാണ് മിക്കവയും എന്നാണ് അമ്മ പറയാറ്. കറളകം, അശോകം, നീലയമരി, കൂവളം, കരിനൊച്ചി, വാഴപ്പുന്ന, മേന്തോന്നി, ഇരുവേലി, ഉഴിഞ്ഞ…ഓരോന്നിനെയും പേരുപറഞ്ഞ് പരിചയപ്പെടുത്തും അമ്മ. എല്ലാമൊന്നുമറിയില്ല അവള്‍ക്ക്. അപ്പോള്‍ അമ്മ സമാധാനിപ്പിക്കും പതുക്കെ പഠിച്ചാല്‍ മതി എന്നും കണ്ടാല്‍ ഓര്‍ക്കാന്‍ പറ്റും.
ഭാഗം വാങ്ങിപ്പോയവര്‍ വിറ്റ സ്ഥലത്ത് ഇപ്പോള്‍ വീടുകളാണധികവും. പക്ഷേ, ഈ പറമ്പ് അമ്മമ്മ ഏദന്‍തോട്ടമാക്കിക്കൊണ്ടിരിക്കുന്നതില്‍ അമ്മയ്ക്ക് അഭിമാനമുണ്ട്.
അമ്മയുടെ ഡയറിയില്‍ പഴയ പറമ്പിനെപ്പറ്റി എഴുതിയിട്ടുണ്ട്. അതിങ്ങിനെയാണ്.
“പറമ്പിന്റെ കിഴക്കേ അതിര് വയലായിരുന്നു. ഒരുപാട് കിളികള്‍ അവിടെ പറന്നിറങ്ങിയിരുന്നു. കൊയ്ത്തുകാരികള്‍ക്കൊപ്പം പോകുന്ന ഞങ്ങളുടെ മേലേയ്ക്ക് പച്ചക്കുതിരകള്‍ പറന്നുവന്നിരുന്നു. കണ്ടത്തിനോട് ചേര്‍ന്ന പറമ്പ് ഇരുള്‍മൂടിക്കിടന്നു. മാവും പ്ലാവും പുല്ലാഞ്ഞിയും വട്ടിരുമ്പും. കരിയിലകള്‍ വീണ് നിലം കാണാന്‍ കഴിയുമായിരുന്നില്ല. വേനലവധി ക്കാലങ്ങളില്‍ ആ കരിയിലകളില്‍ ഞങ്ങള്‍ കുത്തിമറിഞ്ഞു. അന്നേരം കരിയില അൽപ്പം നീക്കിയാല്‍ തണുത്ത മണ്ണ് കാണാമായിരുന്നു. വിരലില്‍ കുത്തിനോവിച്ചു കൊണ്ട് ഇരുവാലന്‍ ഉറുമ്പ്, ആദ്യമായി ആകാശം കണ്ടമട്ടില്‍ ഞങ്ങളെ നോക്കിച്ചിരിക്കുന്ന മണ്ണിര, ചേരട്ടയും ചെറുപ്രാണി കളും. ചിതലുകള്‍… ഇരുട്ടില്‍ മൂളിപ്പേടിപ്പിച്ച നത്ത്…രാത്രികാലങ്ങളില്‍കാട്ടില്‍ നിന്ന് കോഴിയെപിടിക്കാന്‍ വന്നിരുന്ന കുറുക്കന്‍. കോഴികളുടെ എണ്ണം ഓരോന്നായി കുറയുമ്പോള്‍ കാടിനു തീയിട്ട് കുറുക്കനെ ഓടിക്കാനല്ല ശ്രമിച്ചത്. ഇവിടെ കോഴി വാഴില്ലെന്ന് പറഞ്ഞ് കോഴിക്കൂട് കിഴക്കുവശത്തു നിന്ന് പടിഞ്ഞാട്ടേക്ക് മാറ്റി. കലപില ഒച്ചവെച്ചുകൊണ്ട് പൂത്താങ്കീരികള്‍ പറന്നിറങ്ങി, മുറ്റത്തും പറമ്പിലും മാടത്തകള്‍, ഓലേഞ്ഞാലി.”
“മരങ്ങളുടെ വേരുകള്‍ ഇറങ്ങുന്നുവെന്ന് പറഞ്ഞ് കണ്ടത്തില്‍ കപ്പനട്ടു. പിന്നെ വാഴയായി. കുറച്ചുകാലം വെളിമ്പ്രദേശം പോലെയായി. കണ്ടത്തിന്റെ ഒരറ്റത്ത് ഓലികുത്തി. തെളിനീര്‍വെള്ളം. വെളളം മൂക്കാന്‍ ഉപ്പും കരിക്കട്ടയുമിട്ടു. മണ്ണിന്റെ അവകാശിയായ അപ്പൂപ്പനോടോ ഓലി കുത്താന്‍ മുന്നില്‍ നിന്ന അമ്മയോടോ അനുവാദം ചോദിക്കാതൊരു ദിവസം വെളളത്തിപ്രാണി വന്നു. ഇനിയങ്ങോട്ട് വെള്ളം തെളിയിക്കാന്‍ ഞങ്ങളുണ്ടെന്ന് അവ പ്രഖ്യാപിച്ചു. അതിനടുത്തൊരുനാള്‍ പലതരം മീനുകള്‍ വന്നു. പിന്നെ തവള, ഞണ്ട്, നീര്‍ക്കോലി… കവുങ്ങിന്‍ തലപ്പത്തൊരു പൊന്മാന്‍.”
“പക്ഷേ, ഭാഗം കിട്ടിയവര്‍ കണ്ടവും അതിനോട് ചേര്‍ന്ന ഇരുള്‍മൂടിയ പറമ്പും വിറ്റു. കരിയിലകള്‍ പുതഞ്ഞുകിടന്നിടം ഒരു വീട്ടിലേക്കു വണ്ടി കയറിപ്പോകുന്ന റോഡായി..കണ്ടത്തില്‍ നാലോ അഞ്ചോവീടുകള്‍…തീര്‍ച്ചയായും, മരങ്ങള്‍, അവിടെ വസിച്ചിരുന്ന ജീവികള്‍, ആ നിഴലില്‍ പറ്റിപ്പിടിച്ചു വളര്‍ന്നിരുന്ന സസ്യങ്ങള്‍ ഒന്നുമില്ലാതായി. ഒന്നിന്റെ നാശം സര്‍വ്വതിന്റെയും നാശമായി..മനുഷ്യന്റെ, ജീവിജാലങ്ങള്‍ക്കിടയിലെ പരസ്പരാശ്രിതത്വമാണ് അതോടെ ഇല്ലാതായത്. എവിടെ നിന്നെങ്കിലും ഒരു പാമ്പ് കയറി വന്നാല്‍ നമ്മള്‍ വിറയ്ക്കുന്നു. കൊല്ലാന്‍ വിറകുകോലെടുക്കുന്നു.”