scorecardresearch

ഹൈറേഞ്ച് തീവണ്ടി-കുട്ടികളുടെ നോവൽ ഒന്ന്

“ഹൈറേഞ്ചുകാര്‍ക്കിന്നും സ്വപ്‌നം മാത്രമാണ് തീവണ്ടി. എത്രയോ പേര്‍ ഇന്നും തീവണ്ടിയില്‍ കയറാത്തവരായുണ്ട്. ഈ മലമ്പാമ്പിനെ, ഈ ചേരട്ടയെ അവര്‍ക്കൊന്ന് തൊടാന്‍ എന്നാണോ സാധിക്കുക?” കുട്ടികൾക്കായുളള നോവൽ

maina umaiban, novel

മൈന ഉമൈബാൻ എഴുതിയ നോവൽ തുടങ്ങുന്നു

മറവി

ചിലനേരങ്ങളില്‍ അമ്മ ഓരോന്ന് കുത്തിക്കുറിക്കുന്നത് കാണാം. ഡയറിയില്‍ ഓര്‍മകള്‍ സൂക്ഷിക്കുകയാണ്. ഡാഡി കൊടുക്കുന്ന ഡയറികളിലോ അമ്മയ്ക്ക് കിട്ടുന്ന ഡയറികളിലോ ഒന്നും എഴുതി കണ്ടിട്ടില്ല. പക്ഷെ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്നു. അമ്മയുടെ ഡയറിയില്‍ ഏറെയും കുട്ടിക്കാലത്തെ കാര്യങ്ങളാണ്. അമ്മുണുവിനും അത് വായിക്കാം.

അമ്മുണു വായിച്ചാല്‍ സന്തോഷമേയുള്ളൂ. നിനക്കുവേണ്ടി എഴുതിവയ്ക്കുന്നതാ ഇത് എന്ന് അമ്മ ഒരിക്കല്‍ പറഞ്ഞു. എന്തിനാണ് എഴുതുന്നത്? പറഞ്ഞാല്‍ പോരെ? എന്ന് തിരിച്ചു ചോദിച്ചപ്പോള്‍ ഓര്‍മ്മയൊക്കെ പോയിത്തുടങ്ങി എന്നാണ് മറുപടി കിട്ടിയത്.

അമ്മ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് അവള്‍ക്ക് മനസ്സിലായില്ല. ഇപ്പോഴും അറിയില്ല. ഒരു ഡയറി മുഴുവന്‍ എഴുതി തീര്‍ത്തിട്ടുണ്ട് എന്നേ അറിയൂ.

കുറേക്കാലമായി അമ്മയ്ക്ക് ഉറക്കമില്ല എന്നാണ് പരാതി. നഗരത്തിലെ ഫ്‌ളാറ്റില്‍ എപ്പോഴും വെളിച്ചം ആണത്രേ! ഇവിടെ രാത്രിയും പകലും വേര്‍തിരിച്ചറിയാന്‍ വയ്യ എന്നാണ് പറയുന്നത്. അമ്മ ഇതൊക്കെ പറയുമ്പോള്‍ അവള്‍ക്ക് അതിന്റെ അര്‍ത്ഥം മനസ്സിലാവാറില്ല.

നഗരജീവിതം തന്റെ ശരീരത്തെ ആകെ താളം തെറ്റിക്കുന്നു എന്ന് അമ്മ പറയുന്നു.

ഓരോ ദിവസവും തടിച്ചു തടിച്ചു വരുന്ന ശരീരം, പൊഴിഞ്ഞു പോകുന്ന മുടി, ഉറക്കമില്ലായ്മ, ഓര്‍മക്കുറവ്… വിവിധ ആശുപത്രികളിലെ പരിശോധനകള്‍… ഒന്നുമില്ല. അമ്മയ്ക്ക് ഒരു രോഗവുമില്ല. രോഗമൊന്നുമില്ലെങ്കില്‍ എനിക്കെന്താണ് പ്രശ്‌നം എന്നാണ് അമ്മ ചോദിക്കുന്നത്.

‘എല്ലാം സഹിക്കാം. ഓര്‍മ പോയാല്‍ എന്തു ചെയ്യും? പഴയകാര്യങ്ങള്‍ പലതും മാഞ്ഞുപോകുംപോലെ..പലരുടേയും പേരോര്‍ക്കാന്‍ കഴിയുന്നേയില്ല. മുഖമോര്‍ക്കുമ്പോള്‍ പേര് എത്ര ശ്രമിച്ചിട്ടും കിട്ടുന്നില്ല. വളരെ അടുപ്പമുളളവരുടേത് പോലും’- എന്നാണ് അമ്മ പറയുന്നത്.

മുഖവും പേരും അല്ലെങ്കില്‍ ഛായയും ഭാഷയും വെവ്വേറെ ഇടങ്ങളിലായിരിക്കുമോ സൂക്ഷിക്കപ്പെടുന്നത്? അമ്മുണുവിന് ഉത്തരമറിയില്ല.

നാടുമായി കൂടുതല്‍ ബന്ധമില്ലാതെ വരുമ്പോള്‍ പഴയ ഓര്‍മയ്ക്കു മുകളില്‍ പുതിയ ഓര്‍മകളായിരിക്കും സ്ഥാനം പിടിച്ചിട്ടുണ്ടാവുക എന്ന് ഡാഡി പറയുന്നു.

വ്യായാമമില്ലായ്മ ആവാം അല്ലെങ്കില്‍ അത്യാവശ്യം നടക്കുകയെങ്കിലും വേണം എന്നൊക്കെ ഡാഡി ഉപദേശിക്കാറുണ്ട്. പക്ഷേ അമ്മ തറപ്പിച്ച് പറയുന്നു, നഗരജീവിതമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന്. അമ്മയുടെ ജൈവഘടികാരം ഗ്രാമത്തിന്റേതാണെന്ന്. ശരീരം ചിട്ടപ്പെടുത്തി വെച്ചിരിക്കുന്നത് ഗ്രാമഘടികാരമുപയോഗിച്ചാണെന്ന്.

അമ്മുണു വളര്‍ന്നത് മുഴുവന്‍ ഈ നഗരത്തില്‍ ആണ്. അമ്മയും ഡാഡിയും ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ജോലി കിട്ടി വന്നതാണ്.

അമ്മ പഠിച്ചതും വളര്‍ന്നതുമൊക്കെ ഹൈറേഞ്ചിലെ ഉള്‍പ്രദേശത്താണ്. ജോലികിട്ടിയത് നഗരത്തിലെ പുതുതലമുറ ബാങ്കിലും. നഗരത്തിന്റെ ഹൃദയഭാഗത്താണ് ബാങ്ക്. അവിടെ എപ്പോഴും തിരക്കാണ്. ആഗ്രിഹിക്കുന്ന സമയത്ത് ഒരവധിപോലും കിട്ടില്ല. ഡാഡിയും ബാങ്കില്‍ തന്നെയാ ണ് ജോലിചെയ്യുന്നത്. പക്ഷേ, ദേശീയബാങ്കിലാണ്. അമ്മയുടെ ജോലിയിലെ ബുദ്ധിമുട്ട് ഡാഡിക്കില്ലെന്നാണ് അവരുടെ സംസാരത്തില്‍ നിന്ന് അമ്മുണുവിന് മനസ്സിലായിട്ടുളളത്.

നഗരം അമ്മയ്ക്ക് ഇഷ്ടമാണെന്ന് അമ്മുണുവിനറിയാം. അത് അമ്മ പറയാറുമുണ്ട്.

ജൈവഘടികാരം

അമ്മയുടെ ഡയറിയില്‍ നഗരവും ഗ്രാമവും താരതമ്യപ്പെടുത്തി എഴുതിയിട്ടുണ്ട്. ആ കുറിപ്പിന് അമ്മ കൊടുത്ത തലക്കെട്ട് ജൈവഘടികാരം എന്നായിരുന്നു.

അതിങ്ങനെയായിരുന്നു.

നഗരത്തിലേക്കൊരിക്കല്‍ പോകാനാകുമെന്ന് പ്രതീക്ഷിക്കാവുന്ന ഒന്നും യൗവ്വനാരംഭം വരെ ജീവിതത്തിലുണ്ടായിരുന്നില്ലmaina umaiban ,novel

 

ചുറ്റും മലകളാലും വനങ്ങളാലും നിബിഡമായ ഒരു പ്രദേശത്തിന്റെ താഴ്‌വരയിലായിരുന്നു ജനിച്ചതും വളര്‍ന്നതും. എന്നിട്ടും സ്വപ്നങ്ങള്‍ക്കും വിചാരങ്ങള്‍ക്കുമപ്പുറം നഗരത്തിലേക്ക് ചേക്കേറി.

ഗ്രാമത്തിന്റേയും നഗരത്തിന്റേയും ഘടികാരങ്ങള്‍ വ്യത്യസ്തമായിരുന്നു. ഗ്രാമത്തിലെ ജീവിതത്തെ നിയന്ത്രിച്ചിരുന്നത് പ്രകൃതിയിലെ അതിസ്വഭാവികമായ ഘടികാരമായിരുന്നു. സമയമറിയാന്‍ വാച്ചുകളോ മറ്റെന്തെങ്കിലുമോ ആവശ്യമില്ലായിരുന്നു. അത്രയേറെയൊന്നും സമയത്തെപ്പറ്റി വ്യാകുലപ്പെട്ടുമില്ല. തണുപ്പുകാലത്ത് ജൈവഘടികാരം ഞങ്ങളെ മയങ്ങിയിരിക്കാന്‍ പ്രേരിപ്പിച്ചു. മഴയത്ത് തണുത്തു വിറച്ചു. വേനലില്‍ ഉല്ലാസത്തോടെ തുള്ളിച്ചാടി. മുതിര്‍ന്നവര്‍ ആ നേരത്ത് രക്തം തിളപ്പിച്ച് പണിയെടുത്തു. നഗരത്തില്‍ പക്ഷേ, കൃത്രിമമായ ഘടികാരമാണുണ്ടായിരുന്നത്. എല്ലാം സമയം നിശ്ചയിച്ചു. കൃത്യസമയങ്ങള്‍ക്ക് വേണ്ടി ഉഴറി – ശീലം കൊണ്ട് മറ്റൊന്നായിരുന്നു ഞാന്‍.

ഓരോ അംശത്തിലും ഗ്രാമീണയായിരുന്ന എന്നിലെ ജൈവഘടികാരം പലപ്പോഴും പിണങ്ങി. മനസ്സുകൊണ്ട് പൊരുത്തപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ശരീരം അതിനൊത്ത് വഴങ്ങിയില്ല.
ഏറ്റവും വലിയ നഷ്ടം രാത്രികളായിരുന്നു. ഞങ്ങള്‍ ഉറങ്ങിയിരുന്നത് പുഴയുടെ ഒഴുക്കിന്റെ താരാട്ട് കേട്ടാണ്. ഉണര്‍ന്നതും ആറൊഴുക്കിന്റെ സംഗീതത്തിലാണ്. ഒരുപാട് പക്ഷികളുടെ പാട്ടുകള്‍, ഇലകളുടെ മര്‍മ്മരങ്ങള്‍, മണ്ണിന്റെ തണുപ്പ്, വെയിലിന്റെ ഇളംചൂട്…

പക്ഷേ,നഗരത്തില്‍ എറ്റവും വലിയ സങ്കടം ഇരട്ടത്തല്ല ഉറങ്ങുന്നത് എന്നതായിരുന്നു. രാത്രി പോലും കൃത്രിമമായി ഉണ്ടാക്കേണ്ടിയിരുന്നു. വെളിച്ചം സര്‍വ്വത്ര വെളിച്ചം! പകല്‍ പോലെ വെളിച്ചം!

മുമ്പ് ജീവിച്ച ഗ്രാമത്തിലെ വര്‍ഷങ്ങളത്രയും ജൈവഘടികാരം പഠിപ്പിച്ചുവെച്ചത് രാത്രിയില്‍ ഉറങ്ങാനാണെങ്കില്‍ ഇവിടെ നഗരത്തില്‍ രാത്രിയെവിടെ? കുട്ടിക്കാലത്ത് സന്ധ്യയ്ക്ക് വിളക്കു വെച്ചാല്‍ ( മണ്ണെണ്ണ വിളക്കായിരുന്നു. വൈദ്യുതിയില്ലാക്കാലം) അധികം വൈകാതെ ഭക്ഷണം കഴിച്ചുറങ്ങിയിരുന്നു.

രാത്രിയില്‍ പുറത്തെ വൈദ്യുത വിളക്കുകളുടെ പ്രകാശത്താല്‍ ഉറക്കം വന്നതേയില്ല. ഒരുതരം മയക്കം മാത്രമായിരുന്നു ഏറെയും.

രാത്രി പുഴയുടെ കള കള സംഗീതവും വാവലുകളുടെ ഒരു ചിറകടിയും നത്തുകളുടെ മൂളലുമൊക്കെയാണ് കേട്ടിരുന്നത്. അതും ഇടയ്‌ക്കെങ്ങാനും. പൂര്‍ണ്ണ നിശബ്ദതയായിരുന്നു എങ്ങും.

വാഹനങ്ങളുടെ തുരുതുരെയുള്ള ഇരമ്പിപ്പായല്‍, ഹോണടി ശബ്ദങ്ങള്‍, യന്ത്രശാലകളില്‍ നിന്നുള്ള ശബ്ദങ്ങള്‍, ഏതൊക്കെ ശബ്ദങ്ങളെന്ന് തിരിച്ചറിയാനാവാത്ത വിധം കൂടിക്കുഴഞ്ഞു കിടക്കുന്നു. കൂടെ കൊതുകുകളുടെ രാഗവിസ്താരവും കടിയും കൂടി . ഹോ! ഈ രാത്രി എങ്ങനെ കഴിച്ചുകൂട്ടും ?

ഗ്രാമത്തില്‍ നടക്കുന്ന വഴിയില്‍ എത്രയെത്ര നീര്‍ച്ചാലുകള്‍, അതില്‍ നീന്തിക്കളിക്കുന്ന പൊടിമീനുകള്‍… ഇവിടെ കരിവാരിയൊഴിച്ചതു പോലെ മാലിന്യമൊഴുകുന്ന, ദുര്‍ഗന്ധം വമിക്കുന്ന ഓടകള്‍.

അന്തരീക്ഷം പലപ്പോഴും പുകയിലും പൊടിയിലുമാകുമ്പോള്‍ അവിടെ മഞ്ഞു പെയ്യുകയായിരുന്നു.

ഞങ്ങളുടെ അകത്തെ ഗന്ധം സുഗന്ധവ്യഞ്ജനങ്ങളുടേതായിരുന്നു. കാപ്പിയും, കുരുമുളകും, ഇഞ്ചിയും, ഗ്രാമ്പുവുമൊക്കെ വിളവെടുത്തത് ചാക്കില്‍ കെട്ടിവെച്ചത് പലവിധ രസഗന്ധങ്ങളോടെ ഞങ്ങളെ ഉറക്കി. കൊതുകുതിരിയുടെ രൂക്ഷഗന്ധമായിരുന്നു നഗരമുറിക്ക്.

മലകള്‍, പാറകള്‍, മരങ്ങളമൊക്കെയായിരുന്നു ഞങ്ങളുടെ കാഴ്ചകളെ ഭ്രമിപ്പിച്ചതെങ്കില്‍ ഇവിടെ അംബരചുംബികളായ എടുപ്പുകള്‍ക്കിടയില്‍ ഒരു കീറാകാശം മാത്രമേ ഉണ്ടായിരുന്നുള്ളു.

ഗ്രാമത്തിലെ ശബ്ദങ്ങളും ചലനങ്ങളും ഒരു നേരം കഴിഞ്ഞാല്‍ പേടിപ്പിച്ചു. സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ പേടിയായിരുന്നു. പിശാചുകള്‍ അലഞ്ഞു നടന്നു. വീടിനു ചുറ്റും ചേങ്ങില കൊട്ടിക്കൊണ്ട് ഏതോ ഒരുവള്‍ നടന്നു. ചിലമ്പൊലികള്‍, മുറ്റത്തിനു കുറുകെ ചെന്തെങ്ങില്‍ തൊട്ടു തൊട്ടു പോകുന്ന ഗന്ധര്‍വ്വത്തേര് എന്ന് അമ്മുമ്മ പറഞ്ഞപ്പോഴൊക്കെ പേടിച്ചു. പ്രേത കഥകള്‍ കേള്‍ക്കുമ്പോള്‍ അടുക്കളയിലേക്ക് എന്തിന് തൊട്ടടുത്ത മുറിയിലേക്ക് വരെ പോകാന്‍ പേടിയായിരുന്നു. എന്നാല്‍, കൃത്രിമമായ ചലനങ്ങളും ശബ്ദങ്ങളും നഗരങ്ങളെ എപ്പോഴും സജീവമാക്കുകയും പേടിയെ കുറയ്ക്കുകയും ചെയ്തു.

ഞാന്‍ നഗരത്തെ ഇഷ്ടപ്പെട്ടു. ആള്‍ക്കൂട്ടത്തില്‍ ആരാലും തിരിച്ചറിയാതെ നടക്കാന്‍, എന്തിനോടും പ്രതികരിക്കുവാനുള്ള ധൈര്യം, ഗ്രാമത്തിലേക്കാള്‍ കൂടിയ സ്വാതന്ത്ര്യം നഗരം തന്നു. ഏതു രാത്രിയിലും വേണ്ടി വന്നാല്‍ യാത്ര ചെയ്തു മടങ്ങാന്‍ പേടിയില്ലായിരുന്നു.പെണ്‍ യാത്രകളില്‍ കൂടുതല്‍ സുരക്ഷിതം നഗരയാത്രകളിലായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എപ്പോഴും ഓട്ടോ പിടിച്ച് വീടെത്താന്‍ ധൈര്യമായിരുന്നു. ഗ്രാമം പക്ഷേ, സ്ത്രീക്ക് പ്രത്യേകിച്ച് പരിമിതികള്‍ നല്‍കി. പ്രകൃതി കൊണ്ടും ആളുകളെക്കൊണ്ടും.

നല്ല വായു, വെള്ളം, ആഹാരം, നല്ല കാഴ്ചകള്‍ ഒക്കെയുണ്ടെങ്കിലും നഗരം നല്‍കുന്ന അവസരങ്ങള്‍, പുതിയ തരം കാഴ്ചകള്‍ക്കൊപ്പമെത്താന്‍ സാധ്യമല്ല ഗ്രാമത്തിന്.

ജനനം മുതല്‍ ഏറിയ പങ്കും എന്റെ ജീവിതത്തെ നിര്‍ണ്ണയിച്ചത് ഗ്രാമത്തിന്റെ ജൈവഘടികാരമായിരുന്നതുകൊണ്ട് മനസ്സുകൊണ്ട് എത്രമാത്രം നഗര ജീവിതത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടും ശരീരം അതിനൊത്തു നിൽക്കുന്നില്ല എന്നറിയാമായിരുന്നു. കൂടെപ്പിറപ്പായ ജലദോഷം ഒരു ശ്വാസം മുട്ടുകാരിയിലേക്കെത്തിച്ചത് അതുകൊണ്ടല്ലേ എന്നു സംശയിക്കുന്നു. മെലിഞ്ഞുണങ്ങിയിരുന്നവള്‍ സ്ഥൂല ശരീരിണിയാവാന്‍ തുടങ്ങിയതും ഘടികാര ചലനങ്ങളെ അസ്വസ്ഥപ്പെടുത്തിയതുകൊണ്ടല്ലേ എന്നോര്‍ക്കുന്നു.
എങ്കിലും, സ്വാതന്ത്ര്യത്തിന്റെ അതിരുകളില്ലാത്ത ആകാശം നഗരം കാത്തുവെയ്ക്കുന്നതു കൊണ്ടു തന്നെ ഞാന്‍ നഗരത്തെ സ്‌നേഹിക്കുന്നു!

ഓര്‍മകളിലേയ്ക്കൊരു യാത്ര

മധ്യവേനലവധിക്ക് സ്‌കൂള്‍ പൂട്ടാന്‍ കാത്തിരിക്കുകയായിരുന്നു അമ്മുണു. അമ്മേടെ നാട്ടില് പോകണം. നീന്താന്‍ പഠിക്കണം. വീടിന് മുന്നിലൂടെ ഒരു ആറൊഴുകുന്നുണ്ട്. ഒത്തിരി വലിയ ആറൊന്നുമല്ല. പക്ഷേ, മഴക്കാലത്ത് കലങ്ങികുത്തിമറിഞ്ഞ് നിറഞ്ഞൊഴുകും. ഓണാവധിക്ക് പോകുമ്പോള്‍ ആറ്റില്‍ കുളിക്കാന്‍ പോകാറില്ല. നിറഞ്ഞൊഴുകുവല്ലേ ആറ്.. അമ്മയ്ക്ക് നീന്തലറിയാം. എന്തോരം വെളളമായാലും അമ്മയ്ക്ക് പ്രശ്നമല്ല. അമ്മ അക്കരയിക്കരെ നീന്തും. അതു കാണുമ്പോള്‍ അവള്‍ക്ക് കൊതിയാവും. ഒന്ന് നീന്താന്‍ പഠിച്ചിരുന്നെങ്കില്‍..വെള്ളം കുറയട്ടെ, അന്നേരം നീന്തല് പഠിപ്പിച്ചു തരാമെന്നാണ് അമ്മ പറയുന്നത്. എന്നാല്‍, ആറ്റില് വെള്ളം കുറയുമ്പോഴൊന്നും അമ്മയ്ക്ക് അവധി കിട്ടാറില്ല.

അമ്മയുടെ നാട് അവള്‍ക്കൊരുപാടിഷ്ടമാണ്. വീടിനടുത്ത് ആറ്, പുറകില്‍ മല, മലയ്ക്കുമുകളില്‍ കയറിയാല്‍ പിന്നെയും പിന്നെയും മലനിരകള്‍…രണ്ടുമലകള്‍ക്കിടയിലൂടെ വെള്ളിയരഞ്ഞാണം പോലൊഴുകുന്ന പെരിയാര്‍, എങ്ങും പച്ചപ്പ്, കൈത്തോടു കള്‍. ഇത്തവണ മധ്യവേനലവധിക്ക് നാട്ടിലേക്ക് പോകണമെന്നു തന്നെ നിശ്ചയിച്ചു.

അത്ര കൊതിയാണെങ്കില്‍ മധ്യവേനലവധിക്കാലത്ത് അമ്മമ്മയോടൊപ്പം നാട്ടില്‍ പോയി നിന്നോളാന്‍ അമ്മ പറയാറുണ്ട്. പക്ഷേ അമ്മയില്ലാതെ നാട്ടിലേക്കു പോകാനിഷ്ടം തോന്നാറില്ല. അമ്മയുടെ കുട്ടിക്കാലത്തെ കഥകളൊക്കെ ആരു പറഞ്ഞു തരും? അമ്മ നടന്ന വഴികള്‍ എങ്ങനെ തിരിച്ചറിയും? അമ്മയെ വിട്ടു നിൽക്കാന്‍ അമ്മുണുവിന് ഇഷ്ടമല്ല എന്നതാണ് നേര്. പക്ഷേ, ഇത്തവണ അമ്മ പോകാമെന്നുറപ്പു തന്നിട്ടുണ്ട്.
ജൈവഘടികാരം ശരിയാക്കാനാവും ഡാഡി അത് പറഞ്ഞ് ചിരിച്ചു. അമ്മുണുവും കൂടെ ചിരിച്ചു.

അമ്മ ഡയറി എഴുതി നോക്കുകയാണ്. എന്തൊക്കെ ഓര്‍ക്കുന്നെന്ന്..എന്തൊക്കെ മറക്കുന്നെന്ന്…

ട്രെയിനിനാണ് അവര്‍ പോകാറ്. ട്രെയിന്‍ യാത്ര അവള്‍ക്കൊരുപാടിഷ്ടമാണ്. എന്നാണ് ആദ്യമായി ട്രെയിനില്‍ കയറിയതെന്ന് ഓര്‍മയില്ല. അമ്മുണൂന് മൂന്നുമാസമുളളപ്പോഴാ ആദ്യമായിട്ട് ട്രെയിനില്‍ കയറിയേ എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. പിന്നെ നാട്ടില്‍ പോകുമ്പോഴൊക്കെ കയറി. ഭക്ഷണം കഴിയ്ക്കാന്‍ കുറച്ചു മടിയുളള കൂട്ടത്തിലാ അവളെന്നാണ് അമ്മേം ഡാഡീം പറയാറ്. പക്ഷേ, ട്രെയിനില്‍ കയറിയാല്‍ നന്നായിട്ട് കഴിയ്ക്കും. ഇറങ്ങുന്നിടം വരെ കിട്ടുന്നതൊക്കെ കഴിയ്ക്കണം. അതു കാണുമ്പോള്‍ ഡാഡി പറയും അമ്മുണൂനെ എന്നും ട്രെയിനില്‍ യാത്ര ചെയ്യിക്കണം. അങ്ങനെയെങ്കിലും കഴിച്ചോളൂലോ..maina umaiban,novel,

അമ്മുണു കുറച്ച് മെലിഞ്ഞ കുട്ടിയാ..അമ്മയ്ക്ക് നേരത്തിന് ഭക്ഷണമുണ്ടാക്കിക്കൊടുക്കാനൊന്നും നേരമില്ലാത്തതുകൊണ്ടാണ് അവളിങ്ങനെ മെലിഞ്ഞു പോകുന്നതെന്നാണ് ബന്ധുക്കളുടെ പരാതി. നേരത്തിന് ഭക്ഷണമുണ്ടാക്കാന്‍ കഴിയാത്ത അമ്മ പക്ഷേ, തടിച്ചുരുണ്ടു വരുന്നു. അതോര്‍ത്തപ്പോള്‍ അവള്‍ക്ക് ചിരിപൊട്ടി.
ട്രെയിനില്‍ കയറുമ്പോള്‍ ടാബിലോ മൊബൈല്‍ ഫോണിലോ നോക്കിയിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല. പുറം കാഴ്ചകള്‍ കാണണം. ഫ്‌ളാറ്റ് മുറിയിലിരുന്ന് കാണുന്നതല്ല ലോകം. നമ്മുടെ നാട് കണ്ണുതുറന്നു കാണണം. അമ്മയുടെ വാക്കുകള്‍ അത്ര ഇഷ്ടമായില്ല അമ്മുണുവിന്. അമ്മ ഉപദേശക്കോട്ടയാ. അവള്‍ മനസ്സില്‍ പറഞ്ഞു.

‘നമ്മുടെ കണ്ണ് ഈ ഫോണില്‍ നോക്കിയിരിക്കാനുളളതല്ല. പ്രകൃതിയെ കാണാന്‍ കൂടിയാ’-അമ്മ തുടര്‍ന്നു.

‘അമ്മ എന്തൊരു ബോറാ. ..’എന്നു ചിന്തിച്ച്

അമ്മുണു ദേഷ്യം പിടിച്ചിരിപ്പായി ജനലരുകില്‍. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുന്നു. എന്തെന്ത് കാഴ്ചകള്‍.

പക്ഷേ കാഴ്ചകള്‍ കണ്ടു തുടങ്ങിയപ്പോള്‍ ഒരു ചിത്രം വരയ്ക്കണം എന്നു തോന്നി. ബാഗില്‍നിന്ന് കടലാസും പെന്‍സിലും എടുത്തു ഒരു തീവണ്ടി പാലത്തിലൂടെ പോകുന്നത് വരച്ചു. താഴെ പുഴയില്‍ വെള്ളം ഒഴുകുന്നു. ഹായ് എന്തു നല്ല ചിത്രവാ. ഡാഡിയും അമ്മയും ഒരുമിച്ചാണ് പറഞ്ഞത്.

അപ്പോള്‍ അമ്മുണുവിന് ഒരുപാട് സന്തോഷം തോന്നി. പുറത്തെ കാഴ്ചകള്‍ക്ക് ഇരട്ടി ഭംഗിയുണ്ടെന്ന് തോന്നി.

 

ഹൈറേഞ്ച് തീവണ്ടി

 

‘അമ്മ ആദ്യാമായിട്ട് തീവണ്ടിയില്‍ കേറിയതെന്നാ..’അമ്മുണു ചോദിച്ചു.

‘തീവണ്ടിയെന്നാല്‍ ചേരട്ടയായിരുന്നു ഞങ്ങള്‍ക്ക്. ചേരട്ടയുടെ ഇഴച്ചിലിനെ നോക്കി ആരോ പറഞ്ഞു തന്നതാണ് ഇങ്ങനെയാണ് തീവണ്ടി പോകുന്നതെന്ന്. ചിലര്‍ക്ക് മലമ്പാമ്പാണ് തീവണ്ടി! ഞങ്ങള്‍ ഹൈറേഞ്ചുകാരല്ലേ..ഞങ്ങള്‍ക്കെവിടെയാ തീവണ്ടി’- അവള്‍ അത്ഭുതത്തോടെയാണ് അത് കേട്ടത്.

മലയുടെ മുകളില്‍ നിന്നാല്‍ മറുവശത്ത് അങ്ങുതാഴെ പെരിയാറൊഴുകുന്നത് കാണാമായിരുന്നു. വളഞ്ഞും പുളഞ്ഞും പോകുന്ന റോഡ് കാണാമായിരുന്നു. പക്ഷേ തീവണ്ടി കാണുമായിരുന്നില്ല. ഈ മലയ്ക്കും അപ്പുറെ അതിനുമപ്പുറമപ്പുറം റെയിലുണ്ടെന്നും അതിലൂടെ ട്രെയിനോടുന്നുണ്ടെന്നും പലരും പറഞ്ഞു കേട്ടിട്ടുണ്ട്.maina umaiban,novel,

ചുറ്റിനുമുള്ള മലകള്‍ക്കപ്പുറം ലോകം കാണാത്ത ഞങ്ങള്‍ ഹൈറേഞ്ചുകാ ര്‍ക്ക് തീവണ്ടിയും തീവണ്ടിയാത്രയും എന്നും സ്വപ്‌നം മാത്രമായിരുന്നു. കുട്ടികളായ ഞങ്ങള്‍ കാലിത്തീപ്പെട്ടി ഒന്നിനെ പുറകെ ഒന്നായ് വെച്ച് തീവണ്ടിയുണ്ടാക്കി കളിക്കുമായിരുന്നു. സിനിമകളിലും ചിത്രങ്ങളിലും മാത്രമേ ഞങ്ങള്‍ തീവണ്ടി കണ്ടുള്ളു. എന്നാല്‍ കുട്ടിക്കാലം മുതലേ സ്വപ്‌നലോകത്തുകൂടി തീവണ്ടിയാത്ര ചെയ്തുകൊണ്ടിരുന്നു.

‘എന്നിട്ടോ?’ അമ്മുണു ചോദിച്ചു.

ഒന്നാംവര്‍ഷം ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് ട്രെയിനില്‍ കയറിയത്.. അതുപക്ഷേ, സ്വപ്‌നയാത്രകളെ മുഴുവന്‍ തകിടം മറിക്കുന്നതായിരുന്നു. ഒരു എക്‌സ്പ്രസിലായിരുന്നു ആ കന്നിയാത്ര. നിര്‍ത്താതെ പെയ്ത മഴയെ വകഞ്ഞുമാറ്റി വന്നു നിന്ന ആ ട്രെയിനിനെ ഒട്ടും ഉള്‍ക്കൊനായില്ല. തിടുക്കത്തില്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റിലേയ്ക്ക് ഇടിച്ചു കയറുന്നത് സങ്കല്‍പത്തിലേ ഇല്ലായിരുന്നു. കണ്ട സിനിമകളിലോ വായിച്ച കഥകളിലോ ഒന്നും ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ തിക്കിലും തിരക്കിലും പെട്ട് ഞെരിഞ്ഞ മരുന്ന ഒരു പെണ്‍കുട്ടിയില്ലായിരുന്നു. പുറത്ത് മഴയായിരുന്നു. ഓരോ സ്‌റ്റേഷനില്‍ നിന്നും കയറിയവര്‍ നനഞ്ഞൊട്ടി നിന്നു. ആ കന്നിയാത്രയില്‍ പകുതിദൂരവും ഇടനാഴിയില്‍ തന്നെ നില്‍ക്കാനേ സാധിച്ചുള്ളു.

‘അക്കാലത്തെ തീവണ്ടിയാത്രകളെല്ലാം ജനറല്‍ കമ്പാര്‍ട്ടുമെന്റിലായിരുന്നു. രാത്രിയാത്രകള്‍ അങ്ങേയറ്റം ദുഷ്‌ക്കരമായിരുന്നു.’

‘അമ്മുണു ആരോടും പറയല്ലേ..ഒരു രഹസ്യം പറയാം…’
എന്താണ് അമ്മയുടെ രഹസ്യമെന്നറിയാന്‍ അവള്‍ക്ക് കൗതുകമായി.

ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഹൈറേഞ്ചുകാരിയ്ക്ക് സീസണ്‍ യാത്രക്കാരിയാകേണ്ടി വന്നപ്പോള്‍ ഉണ്ടായ പൊട്ടത്തരമായിരുന്നു അത്.

അമ്മ കുറച്ചായി സീസണ്‍ യാത്രക്കാരിയാണ്. ഒരു മണിക്കൂര്‍ യാത്രയുണ്ട് ട്രെയിനില്‍. രാവിലെ, പുറപ്പെടുന്ന സ്റ്റേഷനില്‍ നിന്ന് സൂപ്പര്‍ ഫാസ്റ്റിനുള്ള സീസണ്‍ ടിക്കറ്റെടുത്ത് കൈയ്യില്‍ വെച്ചിട്ട് വൈകിട്ട് തിരിച്ചു വരുന്ന സ്റ്റേഷനില്‍ ഇടിച്ച് ക്യൂവില്‍ നിന്ന് സൂപ്പര്‍ ഫാസ്റ്റ് ജനറല്‍ ടിക്കറ്റെടുത്തു. സീസണ്‍ ടിക്കറ്റിനു വേണ്ട അപേക്ഷയെഴുതാന്‍ സമയമില്ലാത്തതുകൊണ്ടായിരുന്നു ആ നാല്‍പത്തിയഞ്ചു രൂപാ ടിക്കറ്റെടുപ്പ്. ഒരു സുഹൃത്ത് പരിചയം പുതുക്കാന്‍ വന്നപ്പോഴാണ് മണ്ടത്തരം പിടികിട്ടിയത്. അങ്ങോട്ടുമിങ്ങോട്ടും കൂടി ഒറ്റ സീസണ്‍ ടിക്കറ്റ് മതിയത്രേ!

അമ്മുണുവും അമ്മയും ചിരിച്ചു മറിഞ്ഞു.

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ മൂന്നാറില്‍ പറഞ്ഞിരുന്നു. കണ്ണന്‍ദേവന്‍ ഹില്‍സ് ടാറ്റ ടീയുടെ ഓഫീസ് പണ്ട് റെയില്‍വേ സ്റ്റേഷനായിരുന്ന ത്രേ! അവള്‍ക്കത് വിശ്വസിക്കാനായില്ല. ഇന്നും ഇടുക്കിയില്‍ താഴ്ന്ന ഇടങ്ങളില്‍പോലും ട്രെയിനില്ല. പിന്നെയാണോ ഒരു നൂറ്റാണ്ട് മുമ്പ്… അവള്‍ക്ക് അത്ഭുതമായിരുന്നു.

ഹൈറേഞ്ചുകാര്‍ എന്തു പറയുമ്പോഴും തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെപ്പറ്റി പറയും. ഹൈറേഞ്ചിലേക്കുള്ള യാത്രാമാര്‍ഗ്ഗങ്ങളെയെല്ലാം തകര്‍ത്തെറിഞ്ഞു ആ വെള്ളപ്പൊക്കം. 1924 ലായിരുന്നു അത്. പല പ്രദേശങ്ങളേയും ഒറ്റപ്പെട്ട ദേശങ്ങളാക്കി. കരിന്തിരിപൊട്ടി മലകള്‍ തന്നെ പിളര്‍ന്നു മാറി എന്നൊക്കെയാണ് കേള്‍വി. അങ്ങനെ ഹൈറേഞ്ചുകാര്‍ക്ക് നഷ്ടപ്പെട്ട ഒന്നായിരുന്നു സ്വന്തമായി ഉണ്ടായിരുന്ന റെയില്‍വേ.

കണ്ണന്‍ദേവന്‍ മലകളിലെ തേയില സംസ്‌ക്കരിച്ച് കൊണ്ടു പോകാന്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതായിരുന്നു ഇന്ത്യയിലെ ആദ്യത്തെ മോണോ റെയില്‍. 1902 ലായിരുന്നു തുടക്കം. കുണ്ടളവാലി റെയില്‍ വേ എന്നറിയപ്പെട്ട ആ പാത മൂന്നാറില്‍ നിന്ന് ടോപ്പ്‌സ്റ്റേഷനിലേയ്ക്കു ള്ളതായിരുന്നു. അവിടെ എത്തിക്കുന്ന തേയിലപ്പെട്ടികള്‍ റോപ്പ് വേ വഴി തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിന് അടുത്ത് കൊട്ടഗുഡിയിലെത്തിക്കും. അവിടെ നിന്ന് തൂത്തുക്കുടി തുറമുഖത്തേക്ക്. തൂത്തുക്കുടിയില്‍ നിന്ന് നേരെ ബ്രിട്ടനിലേക്ക്.

1908 ല്‍ മോണോ റെയില്‍ നാരോഗേജായി പരിഷ്‌ക്കരിച്ച് ആവിയന്ത്ര ത്തില്‍ ഓടാന്‍ തുടങ്ങി. 1924 ലെ പേമാരിയില്‍ പെട്ട് പുനര്‍ നിര്‍മ്മിക്കാന്‍ സാധ്യമല്ലാത്തവിധം തകര്‍ന്നുപോയി ആ റെയില്‍ സംവിധാനം. കുണ്ടളവാലി റെയില്‍വേയുടെ അവശിഷ്ടങ്ങള്‍ ഇന്നും പലയിടത്തായി കാണാന്‍ പറ്റും.

ഹൈറേഞ്ചുകാര്‍ക്കിന്നും സ്വപ്‌നം മാത്രമാണ് തീവണ്ടി. എത്രയോ പേര്‍ ഇന്നും തീവണ്ടിയില്‍ കയറാത്തവരായുണ്ട്. ഈ മലമ്പാമ്പിനെ, ഈ ചേരട്ടയെ അവര്‍ക്കൊന്ന് തൊടാന്‍ എന്നാണോ സാധിക്കുക?

പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ബാലസാഹിത്യ സമാഹാരത്തിലെ നോവലിൽ നിന്ന്

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Maina umaiban childrens novel high range theevandi part