scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

ഇദ്രിസിന്റെ ഇരിപ്പിടം

“ഈ അതികായർ കൂടുതൽ ശക്തർ ആകുന്നു. അവരുടെ ആയുസ്സ് കൂടുന്നു. അവരെ ആവശ്യമുള്ള കുട്ടികൾ എമ്പാടും ഉള്ളപ്പോൾ അവർക്കെങ്ങനെ ഇല്ലാതാകാൻ കഴിയും?” മഹേഷ് നായർ എഴുതിയ കഥ

mahesh nair, story , iemalayalam

“അശ്വിൻ, ആ ഗേറ്റ് ഒന്ന് തുറക്കാമോ മോനേ?”

അടച്ചിട്ട ഗേറ്റിന് മുമ്പിൽ ജീപ്പ് നിർത്തി ചന്ദ്രകുമാർ പറഞ്ഞു. മരം കൊണ്ടുള്ള പഴയൊരു ഗേറ്റ്. അതിൽ കെട്ടിത്തൂക്കിയിരിക്കുന്ന കല്ലോട് കഷണത്തിൽ രണ്ടു വാക്കുകൾ ‘Ty Idris.’

“എന്താ ചന്ദു മാമാ ടൈ ഐട്രിസ് എന്നു വച്ചാൽ,” ജീപ്പിൽ തിരിച്ചു കയറിയിട്ട് അശ്വിൻ ചോദിച്ചു.

“ടൈ ഐട്രിസ് അല്ല മോനേ, റ്റി ഇദ്രിസ്. വെൽഷ് ഭാഷയിൽ ഇദ്രിസിന്റെ വീട് എന്നാണ് അർഥം,” ചന്ദു മാമൻ പറഞ്ഞു.

“അപ്പൊ ഇത് നിങ്ങടെ വീടല്ലേ?”

“ആണ്, ഇപ്പോൾ. ആന്റിയും ഞാനും കഴിഞ്ഞ വർഷമാണ് ഈ വീട് വാങ്ങിയത്. പക്ഷേ ഇതിന് നാനൂറിലധികം വർഷത്തെ പഴക്കമുണ്ട്. ആദ്യം മുതൽ റ്റി ഇദ്രിസ് എന്ന് തന്നെയായിരുന്നിരിക്കും പേര്. വേറൊരു പേരും ഇവിടങ്ങളിൽ ആരുടെയും ഓർമയിൽ ഇല്ല.”

“ആരാ ഇദ്രിസ്? “

“വെൽഷ് കഥകളിലെ ഒരു ‘കാ-ഉർ’ ആണ് ഇദ്രിസ്. ഇംഗ്ലീഷിൽ ജയന്റ് എന്നു കേട്ടിട്ടില്ലേ?”

“അയ്യോ!” ജയന്റ് എന്നു വച്ചാൽ രാക്ഷസനല്ലേ? രാമായണത്തിലെ രാവണനെ പോലെ. രാക്ഷസന്മാർ ദുഷ്ടന്മാരാണ്. കേട്ടാൽ പേടിയാകും. ഒരു കഥയിലും അശ്വിന് ഇഷ്ടമുള്ള ഒറ്റ രാക്ഷസൻ പോലുമില്ല. അവൻ എന്തായാലും സ്വന്തം വീടിന് ഒരിക്കലും ഒരു രാക്ഷസന്റെ പേര് കൊടുക്കില്ല.

ചാര നിറമുള്ള ഒരു കൂറ്റൻ വീടായിരുന്നു അശ്വിന്റെ കണ്മുന്നിൽ. കൽഭിത്തി കളും കല്ലോട് കൊണ്ടുള്ള മേൽക്കൂരയും ചെറിയ ജനാലകളും. നഗരത്തിരക്കിൽ നിന്നെല്ലാം ദൂരെ, ചെമ്മരിയാടുകളും ആട്ടിൻകുട്ടികളും മേയുന്ന ആ കുന്നിൻചരിവിൽ, അടുത്ത് മറ്റു വീടുകളൊന്നും ഇല്ല. ചുറ്റിനുമുള്ള മേടുകളിൽ ആടുകൾ പുല്ല് തിന്നുന്നതിന്റെ “ചോം, ചോം” ശബ്ദമൊഴികെ എല്ലാം നിശബ്ദം, ശാന്തം. ഏതാനും മൈലുകൾക്കപ്പുറമുള്ള കടലിൽ സൂര്യൻ താഴുന്നത് ഇവിടെ നിന്ന് കാണാം.

” മാമാ, എന്തൊരു ഭംഗി,” അശ്വിൻ മന്ത്രിച്ചു. നാലുപാടും ഉള്ള കാഴ്ചകൾ കാണാൻ അവൻ നിന്നിടത്ത് കറങ്ങിത്തിരിഞ്ഞു നോക്കി.

mahesh nair, story , iemalayalam

വീടിന്റെ ഒരു വശത്ത് കുന്നുകൾ ചെറിയ തിരമാലകൾ പോലെ ഉയർന്നു താഴ്ന്നു കടൽത്തീരത്തേക്ക് ഇറങ്ങുന്നു. മറുവശത്തു കുത്തനെ പൊങ്ങി വലിയ മലകളായി മാറുന്നു. കാണാവുന്നതിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന കൊടുമുടി മേഘക്കീറുകൾ കൊണ്ട് പാതി മറഞ്ഞിരിക്കുന്നു.

“അതാണ് കദേർ ഇദ്രിസ്. വെൽഷ് ഭാഷയിൽ ‘ഇദ്രിസിന്റെ കസേര’ എന്ന് അർത്ഥം…” അശ്വിന്റെ പിന്നിൽ വന്നു നിന്ന് ചന്ദു മാമൻ പറഞ്ഞു.

“ഇവിടെ നിന്ന് നാലു മണിക്കൂർ നടന്നാൽ ആ കൊടുമുടിയിൽ എത്തും. എന്റെ കൂട്ടുകാരൻ ദായിയുടെ ഫാമിൽക്കൂടി വണ്ടിയിൽ പോയി അതിന്റെ വടക്കേ അതിർത്തിയിൽ ഇറങ്ങി നടന്നാൽ രണ്ടു മണിക്കൂർ മതി. ഞായറാഴ്ച നമുക്ക് അവിടെ പോകാം. എല്ലാം കാണാൻ ഒരു മാസം ഉണ്ടല്ലോ. ഇപ്പോ വീട്ടിൽ കേറാം. തണുപ്പായിത്തുടങ്ങി. പൊന്നുമോനെ വീട്ടിൽ നിന്ന് ഇത്രയും ദൂരെ കൊണ്ടു വന്ന് ജലദോഷം പിടിപ്പിച്ചാൽ ചേച്ചി എന്നെ കൊല്ലും.”

ചന്ദു മാമൻ അശ്വിന്റെ തോളിൽ മൃദുവായി കൈ വച്ച് അവനെ വീടിന്റെ ദിശയിലേക്ക് നടത്തി.

അശ്വിൻ കൊച്ചിയിൽ ആണ് താമസം. ആദ്യമായാണ് വെയിൽസിൽ ഉള്ള മാമനെയും ഭാര്യയെയും സന്ദർശിക്കുന്നത്. ഈ സ്ഥലമൊന്നും മുമ്പ് കണ്ടിട്ടേയില്ല. ചന്ദുമാമൻ അവിടെയാണ് താമസിക്കുന്നത് എന്ന് അറിയാമെങ്കിലും വെയിൽസ് ലണ്ടനിലെ ഒരു ചെറിയ സ്ഥലമാണെന്നായിരുന്നു അശ്വിൻ കരുതിയിരുന്നത്. അല്ലെങ്കിൽ എന്തിനാണ് ചാൾസ് രാജകുമാരനെ പ്രിൻസ് ഒഫ് വെയിൽസ് എന്ന് വിളിക്കുന്നത്? മഹാരാജ്ഞി ലണ്ടനിൽ ആണല്ലോ.

അശ്വിന്റെ അച്ഛമ്മ അവരുടെ വീട്ടിൽ ഉള്ളത് പോലെ രാജ്ഞിയും മോന്റെയൊപ്പം ആയിരിക്കുമല്ലോ താമസം. പിന്നീട് ഭൂമിശാസ്ത്ര ക്ലാസിലാണ് എല്ലാം തെറ്റിദ്ധാരണയായിരുന്നു എന്ന് അവന് മനസ്സിലായത്. ഇപ്പോൾ അവൻ എല്ലാവർക്കും ആ പുതുവിജ്ഞാനം പകർന്നു കൊടുക്കുകയാണ്.

“അറിയാമോ, വെയിൽസ് എന്നു പറയുന്നത് യുകെയിലെ വലിയൊരു സ്ഥലം ആണ്. ഇന്ത്യയിൽ കേരളം പോലെ…”

mahesh nair, story , iemalayalam

എങ്കിലും, വെയിൽസിൽ വരാനുള്ള കാരണം ഓർക്കുന്നത് അവന് ഇഷ്ടമല്ല. ഓർത്താൽ വല്ലാത്ത സങ്കടവും ഒറ്റപ്പെടലും തോന്നും. അച്ഛനുമമ്മയും അവനെ നെടുങ്ങാടി ഡോക്ടറെ കാണാൻ കൊണ്ടു പോയപ്പോൾ, അതൊന്നും ചിന്തിക്കണ്ട എന്നാണ് അദ്ദേഹവും ഉപദേശിച്ചത്.

“അശ്വിൻ അമ്മാവന്റെ കൂടെ കുറച്ചു നാൾ നിൽക്കട്ടെ എന്നു നിങ്ങൾ തീരുമാനിച്ചത് വളരെ നന്നായി,” മേശപ്പുറത്തെ നോട്ട്പാഡിൽ പേന കിടത്തിക്കറക്കിക്കൊണ്ട് ഡോക്ടർ അശ്വിന്റെ അച്ഛനമ്മമാരോട് പറഞ്ഞു “ഒരു മാറ്റം നല്ലത് തന്നെ ആണ്…”

പക്ഷേ അശ്വിന്റെ അച്ഛനോ അമ്മയ്‌ക്കോ അവനെ കൊണ്ടു പോകാൻ അവധി കിട്ടിയില്ല. മൂന്നു വിമാന ടിക്കറ്റിന്റെ വിലയാണെങ്കിൽ അവർക്ക് താങ്ങാവുന്നതിലും അൽപ്പം കൂടുതലും. അത് കൊണ്ട് ചന്ദു മാമൻ അടുത്ത തവണ നാട്ടിൽ വന്നിട്ട് മടങ്ങുമ്പോൾ അശ്വിനെയും കൂടെ കൊണ്ടു പോകാൻ തീരുമാനമായി.

റ്റി ഇദ്രിസിൽ തനിക്ക് മാത്രമായി ഉള്ള മുറി കണ്ടപ്പോൾ അശ്വിന് സന്തോഷമായി. വളരെ വലിയൊരു ഫയർപ്ലേസ് ഉള്ള വിശാലമായ മുറി. ഇപ്പോൾ സെൻട്രൽ ഹീറ്റിങ് വഴി വീട്ടിനുള്ളില്‍ വേണ്ടത്ര ചൂടുള്ളത് കൊണ്ട് ഫയർ പ്ലേസിൽ തീ കത്തിച്ചിട്ടില്ല. കുറേക്കൂടി തണുപ്പായിരുന്നെങ്കിൽ എന്ന് അശ്വിൻ ആഗ്രഹിച്ചു, ഉറങ്ങും വരെ ഫയർപ്ലേസിലെ തീ നോക്കി കിടക്കാൻ വേണ്ടി മാത്രം. പുസ്‌തകങ്ങളിൽ മാത്രം വായിച്ചറിഞ്ഞ ആ അനുഭവം നേരിട്ട് ആസ്വദിക്കാൻ എത്ര കൊതിച്ചിട്ടുള്ളതാണ്.

തന്റെ ആദ്യ വിദേശ യാത്രയുടെ ഉത്സാഹത്തിമിർപ്പിൽ അവൻ ഉറങ്ങാതെ കിടന്നു. എങ്കിലും കുറെ നേരം കഴിഞ്ഞ് ഒന്നു മയങ്ങിയിട്ടുണ്ടാകണം. ഒരു കരകര ശബ്ദം കേട്ടാണ് അവൻ പെട്ടെന്ന് ഉണർന്നത്. ഇപ്പോൾ മുറിയിൽ ഇരുട്ടല്ല. ഫയർപ്ലേസിൽ തീ കത്തുന്നു.

താൻ ഉറങ്ങുമ്പോൾ സ്റ്റെല്ല ആന്റി വന്നു തീ കത്തിച്ചതാകും. തണുപ്പൊന്നും തോന്നുന്നില്ല എന്ന് പറഞ്ഞെങ്കിലും ആന്റിക്ക് അത് അത്ര ബോധ്യപ്പെട്ടിരുന്നില്ല.

mahesh nair, story , iemalayalam

ഇപ്പോൾ മുറിയിലെ ചൂട് അൽപ്പം കൂടുതലാണ്. ഒരു ജനാല തുറക്കാം എന്ന് അശ്വിൻ തീരുമാനിച്ചു. കുന്നിൻചരിവിലെ തണുപ്പുള്ള തെളിഞ്ഞ വായു ആവോളം ഉള്ളിലേക്ക് എടുക്കാൻ അവൻ തല പുറത്തേക്ക് നീട്ടി.

പൗർണമിയാണ്. കദേർ ഇദ്രിസ് നിലാവിൽ കുളിച്ചു നിൽക്കുന്നു. കുറച്ചു നേരം അശ്വിൻ അത് നോക്കി നിന്നു. മാമൻ പറഞ്ഞത് ഓർക്കാൻ ശ്രമിച്ചു. ഇദ്രിസ് എന്ന ഭീമാകാരനായ കാ-ഉറിന്റെ കസേര. അശ്വിനു കൊടുമുടി കണ്ടിട്ട് കസേര പോലെയൊന്നും തോന്നിയില്ല. ഒരു പക്ഷേ, മുകളിൽ എത്തിക്കഴിഞ്ഞാൽ കസേര പോലെ തോന്നുന്ന പാറക്കൂട്ടം വല്ലതും കാണുമായിരിക്കും. അവൻ കിടക്കയിലേക്ക് മടങ്ങി. പാതി ഉറക്കത്തിൽ ഒരു കസേരയെയും അതിൽ ഇരിക്കുന്ന ഭീമരൂപിയെയും ഭാവനയിൽ കാണാൻ ശ്രമിച്ചു.

അതിശയം, ഇപ്പോൾ ആ ചിത്രം അവനെ ഭയപ്പെടുത്തുന്നില്ല. അഗാധമായൊരു ശാന്തതയിൽ ലയിച്ച് അവൻ ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി. അപ്പോൾ ആ ഭാവനാ ചിത്രം ഒരു സ്വപ്നമായി. വെളുത്ത നിലാവിൽ കുളിച്ച ഒരു കൃഷ്ണശിലാ രൂപമാണ് അവൻ കണ്ടത്.

ഒരു മാമലമുകളിലെ ഭീമമായൊരു പാറക്കസേരയിൽ അതിന്റെ ഒരു ഭാഗം പോലെ ചേർന്നിരിക്കുന്ന രൂപം. ഇടത് കാൽ അലസമായി നീട്ടി വച്ചിരിക്കുന്നു. ഇടതു കൈ കസേരക്കൈമേൽ താങ്ങി വച്ചിരിക്കുന്നു. വലതു കാൽ മടക്കി കാൽപാദം കസേരയിൽ കയറ്റി വച്ചിരിക്കുന്നു. വലതു കൈ വലതു കാൽമുട്ടിൽ താങ്ങിയിരിക്കുന്നു.

വലതു കൈപ്പത്തി അശ്വിനെ അരികിലേക്ക് വിളിക്കുന്നതു പോലെ നീട്ടിയിരിക്കുന്നു. ആ പർവതത്തെ പോലെ ഇദ്രിസും നിശ്ചലനാണ്. എങ്കിലും മാടിവിളിക്കുന്ന ആ കൈമുദ്ര അവന് ജീവനുള്ളതായി തോന്നിക്കുന്നു. അല്ല, കൈയ്യിൽ മാത്രമല്ല, മുഖാകൃതിയുള്ള ആ പരുക്കൻ പാറയുടെ അഴങ്ങളിൽ ചൈതന്യമുള്ള രണ്ടു കണ്ണുകളിലുമുണ്ട് ജീവൻ. നെടുങ്ങാടി ഡോക്ടറുടെ കണ്ണുകളിലെ അതേ കുസൃതിത്തിളക്കം.

അശ്വിൻ കണ്ടിട്ടുള്ളതിൽ ഏറ്റവും കനിവുള്ള കണ്ണുകൾ.

പിറ്റേന്ന് അശ്വിൻ ഉറക്കം ഉണർന്നത് മഴ ശബ്ദം കേട്ടാണ്. ആ മഴ കൂടിയും കുറഞ്ഞും ദിവസം മുഴുവൻ തുടർന്നു. തലേന്നത്തേക്കാൾ തണുപ്പും ഉണ്ട്.

“ഐ ആം സോ സോറി മൈ ഡിയർ,” സ്റ്റെല്ല ആന്റി പരിതപിച്ചു. “വാട്ട് എ ഷെയിം ദ വെതർ ഇസ് സോ ഗാസ്റ്റ്ലി ഓൺ യുവർ ഫേസ്റ്റ് മോർണിംഗ്.”

തനിക്ക് മഴ ഇഷ്ടമാണെന്ന് പറഞ്ഞിട്ടും ആന്റിക്ക് വിശ്വാസം ആകാത്തത് പോലെ. പകൽ മുഴുവൻ ‘ഗാസ്റ്റ്ലി വെതർ’ എന്ന് ഇടയ്ക്കിടെ പിറുപിറുത്തു കൊണ്ട് അവർ ലാപ്ടോപ് എടുത്തു വച്ച് എന്തോ വാശിയുള്ളത് പോലെ ടൈപ് ചെയ്തു. ചന്ദു മാമൻ മൂക്കത്ത് ഒരു കണ്ണട എടുത്തു വച്ച് ഗൗരവപൂർവം തടിച്ചൊരു കടലാസ്സുകെട്ടിൽ നിന്നുo ഓരോന്ന് എടുത്തു ചുവന്ന മഷിയുള്ള പേന കൊണ്ട് എന്തൊക്കെയോ കുത്തിക്കുറിച്ചു.

സ്വീകരണ മുറിയിലെ അലമാരയിൽ നിന്നു കിട്ടിയ ‘വെൽഷ് ലെജെൻഡ്സ്’ എന്ന തലക്കെട്ടുള്ള ഒരു പുസ്തകവും വായിച്ചു കൊണ്ട് അശ്വിൻ സോഫയിൽ ചുരുണ്ടു കൂടി. ഗാസ്റ്റ്ലി വെതറിനു ഒരു പരിഹാരം എന്ന വണ്ണം സ്റ്റെല്ല ആന്റി വലിയൊരു കോപ്പയിൽ ഇടയ്ക്കിടെ കൊണ്ട് വരുന്ന ഹോട്ട് ചോക്ലേറ്റ് കുടിച്ച്, തൊട്ടടുത്ത ഫയർപ്ലേസിൽ അലസമായി കത്തുന്ന തീയുടെ ചൂടുമേറ്റ്…

വായിച്ച് വായിച്ച് അന്ന് രാത്രിയും അശ്വിൻ വൈകിയാണ് കിടന്നത്.

അടുത്ത ദിവസം നനുത്ത കുളിരുണ്ടെങ്കിലും മഴ മാറി വെയിൽ പരന്നിട്ടുണ്ടായിരുന്നു.

mahesh nair, story , iemalayalam

ദിവസത്തിന്റെ അധികഭാഗവും അവർ കടൽത്തീരത്താണ് ചെലവഴിച്ചത്. നീന്താൻ നോക്കിയെങ്കിലും തണുപ്പ് കൂടുതൽ തോന്നിയത് കൊണ്ട് അതു വേണ്ടെന്ന് വച്ചു. ഫ്രിസ്ബി കളിച്ചു തളർന്നപ്പോൾ കുറെ നേരം വെയിൽ കായാൻ കിടന്നു. പിന്നെ തീ കൂട്ടി, കൈയിൽ കൊണ്ടു വന്നിരുന്ന ഭക്ഷണം പാകപ്പെടുത്തി.

കഴിക്കാൻ ചുട്ടെടുത്ത കൂണും കാപ്സിക്കവും ഉള്ളിൽ വച്ച് ചുരുട്ടിയ ചപ്പാത്തിയും, എരിവും മധുരവും പുളിരസവും ചേർന്ന എവെനി ചീസും, റ്റി ഇദ്രിസിലെ തോട്ടത്തിലെ ആപ്പിൾ പഴങ്ങളിൽ നിന്നുണ്ടാക്കിയ ജെല്ലിയും. കുടിക്കാൻ ക്രാൻബെറി ജൂസ്.

ഉച്ചയ്ക്ക് മുമ്പ് തിരിച്ചെത്തി. അത്താഴം വരെ വിശ്രമിക്കാൻ തീരുമാനിച്ചു. സ്റ്റെല്ല ആന്റിയും ചന്ദു മാമനും ചെസ്സ് കളിയിൽ മുഴുകി. തലേന്ന് ഷെൽഫിൽ നിന്ന് കിട്ടിയ പുസ്തകത്തിൽ അശ്വിനും.

എങ്കിലും അല്പനേരം കഴിഞ്ഞ് അശ്വിൻ ക്ഷീണമുണ്ടെന്ന് പറഞ്ഞു മുറിയിലേക്ക് പോകാൻ എഴുന്നേറ്റു. അത്താഴം കഴിച്ചിട്ടു കിടക്കാൻ സ്റ്റെല്ല ആന്റി നിർബന്ധിപ്പോൾ വിശപ്പില്ല, ഉച്ചഭക്ഷണം ഹെവി ആയിരുന്നു, ഇനി ബ്രേക്ഫാസ്റ്റ് മതി, അത് വരെ ഒന്നുറങ്ങണം എന്നായിരുന്നു മറുപടി.

അശ്വിന്റെ കാലൊച്ച നിശബ്ദമാകുന്നത് വരെ കാത്തിട്ട് സ്റ്റെല്ല പറഞ്ഞു, “ചന്ദു, അവനു കുഴപ്പമൊന്നും ഉണ്ടായിരിക്കില്ലല്ലോ, അല്ലേ? ഈ പ്രായത്തിൽ ഒരു കുട്ടി ക്ഷീണമുണ്ടെന്നു പറഞ്ഞ് ഇത്ര നേരത്തെ കിടക്കാൻ പോകുന്നത് ഞാൻ ഇതു വരെ കണ്ടിട്ടില്ല. ഇരുട്ടാകാൻ ഇനിയും അഞ്ചു മണിക്കൂറെങ്കിലും ഉണ്ട്.”

അവർ പറഞ്ഞത് ശരിയായിരുന്നു. മധ്യവേനലാണ്. നാട്ടിലെ ഏറ്റവും നീണ്ട പകലുകളെക്കാൾ നാലഞ്ചു മണിക്കൂർ കൂടുതൽ വൈകിട്ട് സൂര്യപ്രകാശ മുണ്ടാകും. ആദ്യ ദിവസം, വായിച്ച അറിവ് മാത്രമുള്ള നീണ്ട പകൽ കണ്ടപ്പോൾ അശ്വിന്റെ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. ആ പ്രായത്തിലെ എല്ലാ കുട്ടികളെയും പോലെ, പുതിയ സ്ഥലത്ത് എത്തിയതിന്റെ ആവേശത്തിൽ അവന് ഉറങ്ങാൻ മടിയായിരുന്നു. ഒടുവിൽ അർധരാത്രി കഴിഞ്ഞാണ് കിടക്കാൻ കൂട്ടാക്കിയത്. രണ്ടാം ദിവസവും വൈകി തന്നെ ആണ് കിടക്കാൻ പോയത്.

“അവൻ ഇവിടെ സുഖമായിരുന്നാൽ മതിയായിരുന്നു. അവനെ ഒറ്റയ്ക്ക് ഇങ്ങോട്ട് കൊണ്ടു പോന്നത് ബുദ്ധിമോശമായോ ആവോ? വീട് വിട്ടു നിൽക്കുന്നതിന്റെ വിഷമമുണ്ടാകും. അതു കൊണ്ട് പ്രശ്നം വഷളായാലോ? “

സ്റ്റെല്ല സൂചിപ്പിച്ച ‘പ്രശ്നം’ കാരണമാണ് അശ്വിന്റെ സഹപാഠികൾ അവനെ “പ്രാന്തൻ” എന്ന് വിളിച്ചു തുടങ്ങിയത്. സ്കൂളിൽ ഒരു ഹാസ്യപരിപാടി നടന്നപ്പോഴാണ് അതുണ്ടായത് . കോമാളി വേഷക്കാരന്റെ അഭ്യാസങ്ങൾ കണ്ടു മറ്റു കുട്ടികളെല്ലാം ചിരിച്ചു കുഴയുമ്പോൾ അശ്വിൻ പൊട്ടിക്കരഞ്ഞു.

അതു വരെ അവൻ “ഒരു പ്രത്യേക ടൈപ്പ്” മാത്രമായിരുന്നു. മിടുക്കനും കളിചിരിയും കൂട്ടുകൂടലുമൊക്കെ ഇഷ്ടപ്പെടുന്നവനും ആണെങ്കിലും ഇടയ്ക്ക് പരിസരം മറന്നത് പോലെ ഇരിക്കും, ചിലപ്പോൾ ഒറ്റയ്ക്കിരുന്നു ചിരിക്കും.

mahesh nair, story , iemalayalam

അശ്വിന് ‘പ്രാന്തൻ’ എന്ന പേര് വീണ സംഭവം നടന്ന ശേഷമാണ് അച്ഛനമ്മമാർ അവനെ പ്രശസ്ത ചൈൽഡ് സൈക്കിയാട്രിസ്റ്റ് ആയ ഡോക്ടർ നെടുങ്ങാടിയുടെ അടുത്തേക്ക് കൊണ്ടു പോയത്. ഡോക്ടർ അവന് ഭ്രാന്താണെന്ന് പറഞ്ഞില്ല. ‘പ്രശ്‌ന’ത്തിന് ആദ്ദേഹം മറ്റേതോ പേരാണ് പറഞ്ഞത്.

പിറ്റേന്ന് രാവിലെ, അശ്വിൻ ക്ഷീണം മാറുന്നതു വരെ ഉറങ്ങിക്കോട്ടെ എന്ന് സ്റ്റെല്ലയും ചന്ദ്രകുമാറും വിചാരിച്ചു. പക്ഷേ അവൻ പ്രാതലിന് വരാതിരുന്നപ്പോൾ അവന് അസുഖം വല്ലതും ആയിരിക്കും എന്ന് സ്റ്റെല്ലക്കു ആശങ്ക തോന്നി. അവൻ കിടക്കാൻ പോയിട്ട് 16 മണിക്കൂറോളം ആകുന്നു. ഭക്ഷണം അവന്റെ മുറിയിലേക്ക് കൊണ്ടു പോയി അവന് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്താമെന്ന് അവർ തീരുമാനിച്ചു.

ചന്ദ്രകുമാർ കാപ്പി കുടിക്കുന്നതിനിടയിൽ പത്രം വായിക്കുകയായിരുന്നു. മുകളിൽ ചില്ലുപാത്രം വീണുടയുന്ന ശബ്ദം കേട്ടപ്പോൾ, പത്രവായനയ്ക്ക് വരുന്ന വിഘ്നങ്ങളെ നേരിടാൻ മാത്രം മാറ്റി വച്ചിട്ടുള്ള കർക്കശ ഭാവത്തോടെ അയാൾ കണ്ണുകൾ ഉയർത്തി. ഒരു കടലാസു കഷണം വീശിക്കൊണ്ട് സ്റ്റെല്ല പടികൾ ഓടിയിറങ്ങി വരികയാണ്.

“ചന്ദു, ചന്ദു, അവൻ പോയി… അശ്വിൻ പോയി… ” അവർ നിയന്ത്രണം വിട്ടു നിലവിളിക്കുന്നു. ” ഇതാ ഈ കുറിപ്പ്…”

“ഇദ്രിസിന്റെ കൂടെ പോകുന്നു.” അശ്വിൻ വലിയ അക്ഷരങ്ങളിൽ എഴുതിയിരിക്കുന്നു. അതിന്റെ താഴെ അവന്റെ സാധാരണ കൈയക്ഷരത്തിൽ, പിന്നാലെ ഓർത്തത് പോലെ ഒരു വരി കൂടി ചേർത്തിട്ടുണ്ട്. “എനിക്ക് കുഴപ്പമൊന്നും ഉണ്ടാവില്ല. അവൻ കാ-ഉർ ആണ്, പക്ഷേ നല്ലവനാണ്.”

“ഗാർഡനിലേക്ക് ഒരു കയർ ഇറക്കിയിട്ടുണ്ട്,” സ്റ്റെല്ല പറഞ്ഞു.

“ദൂരെയൊന്നും പോവില്ല,” എന്ന് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ട് ചന്ദ്രകുമാർ പുറത്തേക്കോടി.

അപ്പോഴും സമനില വീണ്ടെടുത്തിട്ടില്ലായിരുന്നെങ്കിലും സ്റ്റെല്ല ആണ് ഫോൺ ചെയ്യുന്നതിനെ പറ്റി ആദ്യം ചിന്തിച്ചത്. എങ്ങനെയോ വെപ്രാളം നിയന്ത്രിച്ചു കൊണ്ട് അവർ 999 ലേക്ക് വിളിച്ചു.

“പൊലീസ്.. ആംബുലൻസ്.. വിച്ചെവർ.. ഐ ഡോണ്ട് നോ… മൈ നെവ്യു ഇസ് മിസ്സിങ്…”

ഫോൺ താഴെ വച്ചപ്പോൾ ഭർത്താവിന്റെ ജീപ്പ് പാഞ്ഞു പോകുന്ന ശബ്ദമാണ് കേട്ടത്.

അശ്വിന്റെ പേരു വിളിച്ച് അങ്ങോട്ടും ഇങ്ങോട്ടും കുറെ ഓടിക്കഴിഞ്ഞപ്പോഴാണ് അവന്റെ മുറിയിൽ പരതി നോക്കാം എന്ന് ചന്ദ്രകുമാറിന് തോന്നിയത്. തലയണയ്ക്കടിയിൽ അയാൾ ഒരു ചെറിയ ഡയറി കണ്ടെത്തി. അതിൽ ഒടുവിലെഴുതിയിരിക്കുന്നത് വായിച്ചപ്പോൾ എല്ലാം വ്യക്തമായി.

mahesh nair, story , iemalayalam

“ഐ ആം സോ എക്സൈറ്റഡ് … എന്റെ സ്വപ്നം സത്യമാവും. അതു പോലെ തന്നെ ആ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടല്ലോ… അതു കൊണ്ടായിരിക്കും ഇദ്രിസ് സ്വപ്നത്തിൽ വന്ന് എന്നെ വിളിച്ചത്… അവന്റെ കൊടുമുടിയിലേക്ക് കൊണ്ടു പോകാം എന്നു പറഞ്ഞത്. ആ കസേരയിൽ ഇരുന്ന് അവൻ എന്റെ ഉറക്കത്തിനു കാവലാകും. രാവിലെ ഉണരുമ്പോൾ എനിക്ക് ഭ്രാന്തുണ്ടാവില്ല. പിന്നെ ആരും എന്നെ കളിയാക്കില്ല.”

ചന്ദ്രകുമാർ ഇതു സ്റ്റെല്ലയോട് പറഞ്ഞിരുന്നെങ്കിൽ അവർ അക്കാര്യം പൊലീസിനെ അറിയിക്കുമായിരുന്നു. അയാൾ എത്താവുന്നതിനു വളരെ മുമ്പേ റെസ്ക്യൂ ഹെലികോപ്ടർ കൊടുമുടിമേൽ എത്തുമായിരുന്നു. പക്ഷേ ജീവിതത്തിലാദ്യമായി ചന്ദ്രകുമാറിന് സ്ഥിരബുദ്ധി നഷ്ടപ്പെട്ടിരുന്നു.

മലമുകളിലേക്ക് പാഞ്ഞു പോകാനാണ് അപ്പോൾ തോന്നിയത്. അയാൾ ഭ്രാന്തനെ പോലെ സുഹൃത്ത് ദായിയുടെ ഫാമിലേക്കും അതിനുള്ളിലൂടെയും ജീപ്പ് ഓടിച്ച് കദേർ ഇദ്രിസിലേക്കുള്ള കയറ്റം തുടങ്ങുന്നിടത്തു നിർത്തി. അതു വരെ സങ്കൽപ്പിച്ചിട്ടു പോലും ഇല്ലാത്ത വേഗത്തിൽ മല കയറി ഒന്നര മണിക്കൂറിനുള്ളിൽ കൊടുമുടിയിൽ എത്തി. ശ്വാസകോശം തകർക്കുന്ന കിതപ്പോടെ അവിടെ നിൽക്കുമ്പോൾ അയാൾ അശ്വിനെ കണ്ടു.

അവൻ ഒരു കമ്പിളിപ്പുതപ്പ് മൂടി ഒരു സ്വപ്നാടകന്റെ പുഞ്ചിരിയോടെ അവിടെ അങ്ങനെ ഇരിക്കുകയാണ്. അപ്പോൾ ചന്ദ്രകുമാറിന് തോന്നിയ ആശ്വാസം ഞൊടിയിടയിൽ ഉഗ്രകോപമായി മാറി. ഇത്രയും പേടിപ്പിച്ചതോർത്ത്, താൻ വീട്ടിനുള്ളിൽ ധരിച്ചിരുന്ന അതേ വേഷത്തിൽ തളർന്നു കിതച്ചു മരവിച്ചു നിൽക്കുമ്പോൾ അശ്വിൻ സുഖമായി ഇരുന്നു സ്വപ്നം കാണുന്നതോർത്ത് അയാൾക്ക് കലി കയറി. അയാൾ ഉത്കണ്ഠയും കരുതലുമെല്ലാം മറന്നു.

“എന്ത് പ്രാന്താടാ ഇത്,” ചന്ദ്രകുമാർ അലറി.

അതു കഴിഞ്ഞാണ് താൻ എന്താണ് ചെയ്തതെന്ന് ഒരു ഞെട്ടലോടെ അയാൾ മനസിലാക്കിയത്. മാനസികാസ്വാസ്ഥ്യമുള്ള ഒരു കുട്ടിയോട്, തന്റെ പ്രിയപ്പെട്ട അനന്തരവനോട് ആക്രോശിച്ച വാക്കുകൾ എത്ര ക്രൂരം ആയിരുന്നെന്ന്. പാവം കുട്ടി ആകെ ചെയ്തതോ, ‘നോർമൽ’ ആകാൻ വേണ്ടി ഒരു അതിസാഹസം, മാനസിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം.

സ്വയം ശപിച്ചു കൊണ്ട്, കുട്ടിയുടെ ഉള്ളു തുളച്ച വാക്കുകൾ വലിച്ചു പുറത്തെടുക്കാൻ എന്തു വഴി എന്ന് വിഹ്വലതയോടെ ചിന്തിച്ച് അങ്ങനെ നിൽക്കുമ്പോൾ മുകളിൽ വട്ടം ചുറ്റുന്ന റെസ്ക്യൂ ഹെലികോപ്റ്റരിന്റെ ശബ്ദം പോലും അയാൾ കേട്ടില്ല.

പിന്നെ എന്തോ വെളിപാടുണ്ടായത് പോലെ അയാൾ ഓടിച്ചെന്നു കമ്പിളിപ്പുതപ്പിനുമേൽ കൈകൾ ചുറ്റി അശ്വിനെ അമർത്തിപ്പിടിച്ചു.

“പോട്ടെ മോനേ, സാരമില്ല. വെറുതെ അല്ലല്ലോ. ഒരു കവിയായില്ലേ നീയിപ്പോ!”

mahesh nair, story , iemalayalam

Read More: മഹേഷ് നായരുടെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

കവിയോ? മലയാളം അറിയാവുന്ന ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ മാമനും ഭ്രാന്തായോ എന്നു ചിന്തിച്ചേനേ. പക്ഷേ അത് കേട്ടപ്പോൾ അശ്വിന്റെ മുഖത്ത് വിടർന്ന ചിരിക്കു നൂറ് നിലാവിന്റെ തെളിച്ചമുണ്ടായിരുന്നു.

മാസങ്ങൾക്ക് ശേഷം, ഡൽഹിയിൽ നടക്കുന്ന മനോരോഗ ചികിത്സകരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ ഡോക്ടർ നെടുങ്ങാടി പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു.

“ഈ പ്രതിഭാസത്തിന് ഒരു ഉത്തമ ഉദാഹരണമാണ് എന്റെ പേഷ്യന്റായിരുന്ന ഒരു കുട്ടി. നമുക്ക് അവനെ ‘എ’ എന്നു വിളിക്കാം.”

തുടർന്ന് അദ്ദേഹം വെയിൽസ് സന്ദർശനത്തോടെ താൻ രോഗ മുക്തനാകും എന്ന ‘എ’യുടെ ഉപബോധ മനസ്സിലെ ഉറച്ച വിശ്വാസം കൊണ്ട് അവൻ സ്വയം സുഖപ്പെടുത്തിയത് എങ്ങനെ എന്ന് വിവരിച്ചു.

സഹപാഠികളുടെ മാനസിക പീഡനത്തിൽ നിന്ന് രക്ഷപ്പെടാനാണ് ‘എ ‘ ഏറ്റവും അധികം ആഗ്രഹിച്ചത് എന്ന് ഡോക്ടർ പറഞ്ഞു. കരുത്തനായ ഒരു കൂട്ടുകാരനെ കിട്ടാൻ അവൻ കൊതിച്ചു. ചട്ടമ്പിമാരെ തല്ലിച്ചതയ്ക്കാനല്ല – ‘എ’ അക്രമം ഇഷ്ടപ്പെട്ടിരുന്നില്ല – പക്ഷേ ആ കൂട്ടുകാരന്റെ കരുത്തു കണ്ട് അവർ തന്നെ ഉപദ്രവിക്കുന്നതിൽ നിന്ന് പിന്മാറണം.

“ഈ ആഗ്രഹത്തിന്റെ ശക്തി രാക്ഷസൻമാരുടെ ക്രൂരതയെ കുറിച്ചുള്ള അവന്റെ ധാരണകളെ ഒരു ശുഭസങ്കൽപ്പം ആക്കി മാറ്റി. അവന്റെ മനസ്സിലെ ഇദ്രിസ് മഹാബലവാനെങ്കിലും സൗമ്യനും ദയാലുവുമായ ഒരു അതികായൻ ആയിത്തീർന്നു.

അമ്മാവന്റെ വീടിന്റെ പേരിന്റെ അർഥം ‘ഇദ്രിസിന്റെ വീട്’ എന്നായതു കൊണ്ട് താൻ ആ കാ-ഉറിന്റെ സംരക്ഷണത്തിൽ ആണെന്ന് അവൻ സങ്കൽപ്പിച്ചിരിക്കാം, ഈ ചിന്ത ആദ്യം ബോധ മനസ്സിലേക്ക് വന്നില്ലെങ്കിലും. വീട്ടിലെ ആദ്യത്തെ രാത്രിയിൽ തന്നെ കണ്ട സ്വപ്നത്തിൽ അവന്റെ ഉപബോധ മനസ്സ് അവന് അതു വ്യക്തമാക്കിക്കൊടുത്തു. സ്നേഹസമ്പന്നരായ അമ്മാവന്റെയും ഭാര്യയുടെയും സാമീപ്യവും സ്കൂളിലെ ചട്ടമ്പിമാർ അവിടെ എത്തില്ല എന്ന ഉറപ്പും മനസ്സിലെ ഭയം മാറ്റി ശുഭ ചിന്തകൾക്ക് വഴി തെളിച്ചിരിക്കാം.

അതിനു ശേഷം, അമ്മാവന്റെ വീട്ടിൽ ഉണ്ടായിരുന്ന ഒരു പുസ്തകത്തിൽ അവൻ ഇദ്രിസ് എന്ന അതികായനെയും അവന്റെ മലയെയും കുറിച്ചുമുള്ള ഐതിഹ്യങ്ങൾ വായിച്ചു. വെൽഷ് ഐതിഹ്യങ്ങളിൽ ഇദ്രിസ് ക്രൂരനായ രാക്ഷസനല്ല, കവിയും തത്വജ്ഞാനിയും ജ്യോതിശാസ്ത്രജ്ഞനും ആണെന്ന് പുസ്തകത്തിൽ പറഞ്ഞിരുന്നു. കദേർ ഇദ്രിസിന്റെ കൊടുമുടിയിൽ ഒരു രാത്രി ഉറങ്ങിയാൽ അവന്റെ രോഗം മാറുമെന്ന വിശ്വാസം പുസ്തകത്തിൽ വിവരിച്ചിട്ടുള്ള ഒരു ഐതിഹ്യത്തിൽ നിന്ന് അവന് കിട്ടി.

പക്ഷേ അവന്റെ പദ്ധതി മുതിർന്നവർക്ക് അത്ര ഇഷ്ടപ്പെടാൻ ഇടയില്ല എന്നത് അവൻ വിസ്മരിച്ചില്ല. അതു കൊണ്ട് കദേർ ഇദ്രിസിലേക്കുള്ള യാത്രയ്ക്ക് അവൻ ശ്രദ്ധാപൂർവം രഹസ്യ ഒരുക്കങ്ങൾ നടത്തി. ഒരു ബാക്ക്പാക്കിൽ കമ്പിളി പുതപ്പിന് പുറമേ കോമ്പസ്സ്, ടോർച്ച്, കൊടുമുടിയിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം കാണിക്കുന്ന ഓർഡിനൻസ് സർവേ മാപ്, ഫ്ലാസ്കിൽ ചൂടു വെള്ളം, കുറച്ചു ചോക്ലേറ്റ് എന്നിവയും എടുത്തിരുന്നു. തണുപ്പകറ്റാൻ വേണ്ടത്ര കട്ടിയുള്ള വസ്ത്രങ്ങളും ധരിക്കാൻ അവൻ മറന്നില്ലായിരുന്നു.

നേരത്തെ ഉറങ്ങണം എന്നു പറഞ്ഞ് അമ്മാവനെയും ഭാര്യയെയും കബളിപ്പിച്ചിട്ട്, വൈകാതെ പുറപ്പെട്ട് ഇരുട്ടാകും മുമ്പ് ലക്ഷ്യത്തിലെത്തി. തന്നെ ഇദ്രിസ് തോളിലെടുത്തു നടക്കും എന്ന് അവൻ സ്വയം വിശ്വസിപ്പിച്ചിരുന്നു. അതാണ് സംഭവിക്കുന്നത് എന്ന സങ്കൽപ്പത്തിന്റെ ബലത്തിലാണ് ആ ചെറിയ കുട്ടി ദുർഘടമായ ആ കയറ്റം പൂർത്തിയാക്കിയത്. ഉറച്ച വിശ്വാസം കാരണം, തന്റെ അസുഖം മാറി എന്ന ബോധത്തോടെയാണ് അവൻ ഉറക്കമുണർന്നത്. അതു കൊണ്ട് അസുഖം മാറുക തന്നെ ചെയ്തു.

പിന്നീട് തന്റെ മനോരോഗ ചികിത്സകനുമായി നടന്ന കൂടിക്കാഴ്ചകളിൽ ഇതെല്ലാം ഭാവനയായിരുന്നു എന്ന് അവൻ തിരിച്ചറിഞ്ഞു. പക്ഷേ ആ ഭാവന കൊണ്ട് ഉദ്ദേശിച്ച ഫലം ഉണ്ടായിക്കഴിഞ്ഞിരുന്നു. പ്രക്ഷുബ്ധമായ വികാരങ്ങളെ അവൻ കടലാസിലേക്ക് പകർത്താൻ തുടങ്ങി. അതോടെ പൊതുസ്ഥലത്തുള്ള വികാര വിക്ഷോഭങ്ങൾ അവസാനിച്ചു. എല്ലാവരെയും ചിരിപ്പിക്കുമെങ്കിലും ഉള്ളിൽ ദുഖിതനായ ഒരു കോമാളിയെ കുറിച്ചായിരുന്നു അവന്റെ ആദ്യ കവിത. അതോടെ കൂട്ടുകാരുടെ കളിയാക്കലും നിന്നു.”

അവതരണം കഴിഞ്ഞപ്പോൾ മറ്റൊരു ഡോക്ടർ അദ്ദേഹത്തെ സമീപിച്ചു.

“പ്രബന്ധം ഗംഭീരമായിരുന്നു, അഭിനന്ദനങ്ങൾ,” അദ്ദേഹം പറഞ്ഞു. “ഞാൻ ചിന്തിക്കുകയായിരുന്നു – ആ പർവതം മനോരോഗം സുഖപ്പെടുത്തുമെന്ന വെൽഷ് ഐതിഹ്യത്തെ പറ്റി താങ്കൾ കൂടുതലൊന്നും പറഞ്ഞില്ലല്ലോ. ഇത് എനിക്ക് താൽപ്പര്യമുള്ള വിഷയമാണ്. ഐതിഹ്യങ്ങളും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ഞാൻ ഗവേഷണം ചെയ്യുകയാണ്.”

“ഓ, അതേയതെ” ഡോക്ടർ നെടുങ്ങാടി പറഞ്ഞു. “വാസ്തവത്തിൽ ആ ഐതിഹ്യം മനോരോഗം സുഖപ്പെടുത്തുന്നതിനെ കുറിച്ചല്ല. കദേർ ഇദ്രിസിന്റെ കൊടുമുടിയിൽ ഒരു രാത്രി ഉറങ്ങുന്നയാൾ പിറ്റേന്ന് ഉണരുമ്പോൾ ഒന്നുകിൽ ഭ്രാന്തനാകും അല്ലെങ്കിൽ കവിയാകും എന്നാണ് ഐതിഹ്യം. സ്വാഭാവികമായും, ഞാൻ ചികിൽസിച്ച കുട്ടിയുടെ യുക്തിയനുസരിച്ച് അവൻ പണ്ടേ ‘പ്രാന്തൻ’ ആയതു കൊണ്ട് അവിടെ ഉറങ്ങിയുണരുമ്പോൾ കവി ആയിത്തീരാനേ തരമുള്ളൂ.”

“അതു ശരി,” മറ്റേ ഡോക്ടർ പറഞ്ഞു. “മനുഷ്യ മനസ്സ് ഒരദ്‌ഭുതം തന്നെ. യഥാർത്ഥ മരുന്നുകൾ ഫലിക്കാത്തിടത്ത് ഒരു കെട്ടുകഥ ഉപയോഗിച്ചു സ്വയം സുഖപ്പെടുത്തുക! ഒന്നോർത്തു നോക്കൂ, വാനനിരീക്ഷകനും തത്ത്വ ചിന്തകനും, ജ്യോതിഷിയിയും ഒക്കെ ആയ ഒരു രാക്ഷസകവി, ങേ!”

ഈ സമയത്ത് വെയിൽസിൽ ശൈത്യകാലം ആയിരുന്നു. മഞ്ഞു മൂടിയൊരു കൊടുമുടിമേൽ ഒരു കാ-ഉർ ആർത്ത് ചിരിച്ചു. ഫെയറികൾ എന്ന ഇത്തിരി പോന്ന മാന്ത്രിക ജീവികൾ ഇല്ലെന്ന് ഏതെങ്കിലും ഒരു കുട്ടി പറഞ്ഞാൽ മതി, ഉടൻ ഒരു ഫെയറി മരിച്ചു വീഴും എന്നൊരു വിശ്വാസം ഉണ്ടല്ലോ. പക്ഷേ എവിടെയെങ്കിലും ആരെങ്കിലും ഒരു കാ-ഉറിനെ കളിയാക്കുമ്പോൾ, കാ-ഉറുകൾ മിഥ്യ ആണെന്ന് പറയുമ്പോൾ, ഈ അതികായർ കൂടുതൽ ശക്തർ ആകുന്നു. അവരുടെ ആയുസ്സ് കൂടുന്നു. അവരെ ആവശ്യമുള്ള കുട്ടികൾ എമ്പാടും ഉള്ളപ്പോൾ അവർക്കെങ്ങനെ ഇല്ലാതാകാൻ കഴിയും?

Read More: ഒരു കഥ കൂടി വായിക്കാന്‍ തോന്നുന്നുണ്ടോ, എന്നാല്‍ ഇവിടെ ക്ലിക്ക് ചെയ്യു

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Mahesh nair story for children idrisinte irippadam