ലുട്ടാപ്പിയെ അറിയാത്തവരായി ബാലരമ വായനക്കാരില്‍ ആരുമുണ്ടാവില്ല. എന്തൊക്കെ ദുഷ്ടത്തരം കാണിച്ചാലും ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയില്ല ലുട്ടാപ്പിയെ. എന്നെന്നും ഒരു വികൃതിക്കുട്ടിയെപ്പോലെ, നമ്മുടെ മനസ്സില്‍നിന്നും അവന്‍ ഇഷ്ടം പിടിച്ചു വാങ്ങുന്നു.

മായാവിയെ പിടിച്ചു കൊടുത്ത് കുട്ടൂസനില്‍ നിന്ന് പ്രശംസ നേടുമ്പോള്‍ അവനുണ്ടാകുന്ന സന്തോഷവും ‘ഞാനൊരു സംഭവം തന്നെ’ എന്ന തോന്നലും മായാവി അവരെ പറ്റിച്ച് രക്ഷപ്പെടുമ്പോഴവനുണ്ടാകുന്ന അസൂയയും വിഷമവുമെല്ലം അവന്റെ ശരിയ്ക്കുള്ള ‘കൊച്ചു കുട്ടി’ മനോഭാവത്തെ വെളിപ്പെടുത്തിത്തരുന്നു.

എന്തെങ്കിലും കള്ളത്തരം കാണിക്കാനായി വിക്രമന്‍, മുത്തു, ഡാകിനി എന്നിവരുടേയോ മറ്റോ കൂടെ പോകുന്ന ലുട്ടാപ്പിയുടെ, ‘പിടിക്കപ്പെടും’ എന്നുറപ്പായാല്‍ സ്വന്തം തടി രക്ഷിച്ചുകൊണ്ടുള്ള ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്നുള്ള പാച്ചില്‍ എന്തെങ്കിലും കുരുത്തക്കേടിന് പിടിക്കപ്പെട്ട് പ്രിന്‍സിപ്പലിന്റെ മുമ്പിലെത്തുമ്പോള്‍ ഒരു സ്‌ക്കൂള്‍കുട്ടി കാട്ടിക്കൂട്ടുന്ന വെപ്രാളങ്ങള്‍ക്ക് സമാനമാണ്.

ലുട്ടാപ്പിയുടെ പച്ചയുടുപ്പും മാന്ത്രികക്കുന്തവും തീയൂതാനുള്ള കഴിവുമാണ് അവന്റെ ട്രേഡ്മാര്‍ക്. ‘കുന്തം എപ്പോഴും കേടാ, വര്‍ക്‌ഷോപ്പില്‍ കേറ്റണം, പുതിയതൊന്നു വാങ്ങിത്തരാന്‍ എത്രനാളായി പറയുന്നു…,’ എന്നിങ്ങനെയുള്ള ലുട്ടാപ്പിയുടെ ആവലാതികളും പരാതികളും അവന് ഒരു വാശിക്കാരന്‍ കുട്ടിയുടെ പരിവേഷം നല്‍കുന്നു.

Read Alos: ഒരു ചെറുകത്ത് കൊണ്ടൊരു വലിയ ഇന്ദ്രജാലം തീര്‍ത്ത ‘മായാവി’

മായാവിക്കഥകള്‍ ആദ്യം വന്ന സമയത്ത് കുട്ടൂസന്‍ ലുട്ടാപ്പിയെ ഒരു കുടത്തിനകത്താക്കിയിട്ട്, ആവശ്യമുള്ളപ്പോള്‍ ‘ഭിം ഭോം ലുട്ടാപ്പി’ എന്നു മന്ത്രം ജപിച്ചു പുറത്തു വരുത്തുകയായിരുന്നു പതിവ്. അന്ന് ലുട്ടാപ്പിയുടെ വേഷം, നാണം മറയ്ക്കാന്‍ പാകത്തില്‍ ഒരു കറുത്ത തുണിയായിരുന്നു. പിന്നീടാണ് വേഷം, ഇപ്പോള്‍ കാണുന്ന നീളന്‍ പച്ചപ്പെറ്റിക്കോട്ടായി മാറിയത്.

അന്നവന്റെ ഇരിപ്പും വേറൊരു തരത്തിലായിരുന്നു… കുന്തത്തില്‍ കയറി കുന്തിച്ചിരുന്ന് രണ്ടു കൈ കൊണ്ടും കുന്തം പിടിച്ച് ഇരുന്നിരുന്ന ലുട്ടാപ്പി ഇപ്പോള്‍  കാല് കീഴ്‌പോട്ടിട്ട് ബൈക്കോടിക്കുന്ന സ്‌റ്റെലിലാണ് ഇരിപ്പ്. വാല് കൊണ്ട് കുന്തത്തില്‍ ചുറ്റിപ്പിടിക്കുന്നതാണ് പുള്ളിയുടെ സ്റ്റിയറിങ്ങും ആക്‌സിലറേറ്ററും. അതായത് വാലിന് ഒരു ‘ഓള്‍ ഇന്‍ ആള്‍ എഫക്റ്റ്’ ആണ്.

ഡാകിനി ഒരിക്കല്‍ കുന്തം ഓടിക്കാന്‍ നോക്കി, പറ്റണില്ലല്ലോ എന്ന് ലുട്ടാപ്പിയോട് പറയുകയും ‘വാലു കൊണ്ട് ചുറ്റിപ്പിടി’ എന്നു ലുട്ടാപ്പി പരാതിപ്പെടുകയും ‘അതിനെനിക്കെവിടുന്നാടാ വാല്?’ എന്നു ഡാകിനി ചോദിക്കുകയും ‘ഒരു വാലുണ്ടാക്കുനുള്ള വിദ്യയൊന്നും നിങ്ങക്കറിയില്ലേ തള്ളേ?’എന്ന് ലുട്ടാപ്പി കളിയാക്കുകയും ചെയ്ത ഒരു കഥയുണ്ട്.  വാശി കയറി, ‘ഏതെങ്കിലും ഒരു ജീവീടെ വാല് മനസ്സില്‍ കാണ്’ എന്ന് ഡാകിനി അപ്പോള്‍ ലുട്ടാപ്പിയോട് പറയുകയും അവന്‍ വെറുതെ ദിനോസറിന്റെ വാല് സങ്കല്‍പ്പിക്കുകയും ഡാകിനിക്ക് ദിനോസര്‍ വാലുണ്ടാവുകയും വാലിന്റെ ഭാരം കാരണം ഡാകിനി കുന്തത്തീന്ന് അടിച്ചുതല്ലി വീഴുകയും ചെയ്തത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്.luttappi, thanmoy

മായാവി പണ്ട് ദുര്‍മന്ത്രവാദിനിയായ ഡാകിനിയുടെ അടിമയായിരുന്നു. ഒരു കുപ്പിയിലവനെ അടച്ചു വയ്ക്കുകയായിരുന്നു അവരുടെ പതിവ്. ഒരിക്കല്‍ രാജുവും രാധയും എന്ന രണ്ടു നല്ല കുട്ടികള്‍ ഈ കുപ്പി കാണാനിടയായി. അവരത് തുറക്കുന്നതിനിടയിലൂടെ മായാവി രക്ഷപ്പെട്ടു. ആ കടപ്പാടും മറ്റും മൂലം അവനാ കുട്ടികളോട് കൂട്ടായി. ഇവര്‍ മൂന്നു കൂട്ടുകാര്‍ ഡാകിനിയെയും അവരുടെ കൂട്ടുകാരനും മറ്റൊരു ദുര്‍മന്ത്രവാദിയുമായ കുട്ടൂസനെയും കുട്ടൂസന്റെ ശിങ്കിടിയായ ലുട്ടാപ്പിയെയും മറ്റും പറ്റിക്കുന്നതും അവരുടെ കുതന്ത്രങ്ങളില്‍ നിന്ന് പല പല സൂത്രങ്ങളാല്‍ രക്ഷപ്പെടുന്നതും ആണ് ഈ ചിത്രകഥയുടെ അടിസ്ഥാനം. വിക്രമനും മുത്തുവും എന്ന രണ്ട് കൊള്ളക്കാരും ഡാകിനി സെറ്റിലുണ്ട്. പ്രതാപം നഷ്ടപ്പെട്ട പഴയ കൊള്ളക്കാരാണ് ഇവര്‍.

വായിച്ചു കേട്ടാണ് ഞാനാദ്യം ലുട്ടാപ്പിയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്. അന്നെനിക്ക് ഒരു വയസ്സ്. മായാവി വായിച്ചു തന്നിരുന്നത് എന്റെ അപ്പൂപ്പനാണ്. അപ്പൂപ്പന്‍ ഒരു കൈ നീട്ടും, എന്നിട്ട് അതില്‍ കയറ്റി എന്നെയിരുത്തും, ഞാനതിലിരുന്ന് ‘കുന്തമോടിച്ച്’ രസിക്കും – അങ്ങനെയാണ് അമ്മയും അമ്മൂമ്മയും പറയാറ്.

ഡിങ്കിനി എന്ന പുതുമുഖം വന്നാലൊന്നും ലുട്ടാപ്പിക്ക് പ്രാധാന്യം കുറയില്ല. ലുട്ടാപ്പി എത്തിച്ചേര്‍ന്നിരുന്നില്ല എങ്കില്‍ ഈ മായാവിക്കഥ രസകരമാകില്ലായിരുന്നു എന്നും ഈ ചിത്രകഥ ഇത്ര രസം നിറഞ്ഞു തുളുമ്പുന്നതാവുന്നതായി തീര്‍ന്നിരിക്കുന്നത് ലുട്ടാപ്പി കാരണമാണെന്നും ആണ് എന്റെ അഭിപ്രായം. ഇങ്ങനെയുള്ള ലുട്ടാപ്പിയെ കൈവെടിയാനോ അവന്റെ പ്രാധാന്യം കുറയ്ക്കാനോ ‘മായാവി’ ചിത്രകഥയ്‌ക്കോ മായാവി എന്ന കുട്ടിച്ചാത്തന് തന്നെയോ കഴിയില്ല എന്ന് എനിക്ക് തോന്നുന്നു.

എന്നും പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഹൈടെക് കാലമാണിതെങ്കിലും ലുട്ടാപ്പിക്കഥകളോടുള്ള കുട്ടികളുടെ ഇഷ്ടം കുറയുമെന്നും തോന്നുന്നില്ല. ഈയിടെ ഞാന്‍ ഭാഗമായ ഒരു തെരുവു നാടകത്തന്റെ റിഹേഴ്‌സലിനിടയില്‍ ഭടന്മാരുടെ റോളിലഭിനയിക്കുന്ന ഏഴാം ക്‌ളാസുകാരുടെ കൈയില്‍ കുന്തം കിട്ടിയപ്പോള്‍, ‘ലുട്ടാപ്പി’ എന്നു പറഞ്ഞ് അവര്‍ തുള്ളിച്ചാടുന്നത് ഞാന്‍ കണ്ടതാണ്. ഇനിയും കുട്ടികളുടെ ഇടയില്‍ ‘മായാവി-ലുട്ടാപ്പി ഇംപാക്റ്റ്’ തുടരുക തന്നെ ചെയ്യും എന്നു ഞാന്‍ കരുതുന്നു.

എറണാകുളം വിദ്യോദയ സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയാണ് തന്‍മോയ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook