കരച്ചിലുകാരി

ലാ റിയോഹ എന്ന ഗ്രാമത്തിൽ മരീയ എന്നു പേരുള്ള അതിസുന്ദരിയായ ഒരു പെൺകുട്ടിയുണ്ടായിരുന്നു. പാവപ്പെട്ടവളായിരുന്നു അവൾ. അങ്ങനെയിരിക്കെ ധനികനായ ഒരു വ്യാപാരി അവിടെ വന്നെത്തി. മരീയയുടെ സൗന്ദര്യത്തിൽ അയാൾ ആകൃഷ്ടനായി. അയാളുടെ പെരുമാറ്റം അവൾക്കും ഇഷ്ടമായി. അങ്ങനെ അവർ വിവാഹം കഴിച്ചു.

കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അവർക്ക് രണ്ടു കുട്ടികൾ ജനിച്ചു. അതോടെ വ്യാപാരിയുടെ സ്വഭാവത്തിന് മാറ്റംവരാൻ തുടങ്ങി. കച്ചവടാവശ്യങ്ങൾക്കെന്നുപറഞ്ഞ് അയാൾ വീടുവിട്ടുപോകും. പിന്നെ ഏറെനാളത്തേക്ക് ഒരു വിവരവും ഉണ്ടാവുകയില്ല. ഒടുവിൽ അയാൾ തന്നെ അവഗണിക്കുകയാണെന്ന് അവൾക്ക് ബോധ്യമായി.

ഒരുദിവസം വീട്ടിൽനിന്നിറങ്ങാൻ തുടങ്ങിയ ഭർത്താവിനെ അവൾ തടഞ്ഞു.

”നിങ്ങൾ ഇങ്ങനെ നാടുവിട്ടുപോയാൽ ഞാനും കുട്ടികളും എന്തുചെയ്യും? അവൾ ചോദിച്ചു.

“നീയവരെ നദിയിലൊഴുക്ക്.” അതും പറഞ്ഞ് വ്യാപാരി കുതിരപ്പുറത്തു കയറി സ്ഥലം വിട്ടു.

ആ വീട്ടിൽ ആഹാരസാധനങ്ങളൊന്നുമുണ്ടായിരുന്നില്ല. കുട്ടികൾ വിശന്നു കരഞ്ഞു. കരയുന്ന കുട്ടികളെയുംകൊണ്ട് മരീയ നദിക്കരയിലേക്കു ചെന്നു. സങ്കടവും വിശപ്പും കോപവും കാരണം അവൾക്ക് ഭ്രാന്തുപിടിച്ചതു പോലെയായി. മനസ്സ് പിടിവിട്ടുപോയ ഒരു നിമിഷത്തിൽ അവൾ കുട്ടികളെ നദിയിൽ മുക്കിക്കൊന്നു.

ഏറെനാൾ കഴിഞ്ഞ് വ്യാപാരി മടങ്ങി വന്നു. മരീയ ഒരു മൂലയിൽ ചുരുണ്ടുകൂടിയിരുന്ന് കരയുന്നതാണ് അയാൾ കണ്ടത്.

“കുട്ടികൾ എവിടെ,” വ്യാപാരി ചോദിച്ചു.

കരഞ്ഞുകൊണ്ട് മരീയ നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു. കോപാകുലനായ ഭർത്താവ് അവളെ നദിക്കരയിലേക്ക് വലിച്ചിഴച്ചു; എന്നിട്ട് വെള്ളത്തിൽ മുക്കിക്കൊന്നു.

അവളുടെ ആത്മാവ് പരലോകത്തെത്തി. എന്നാൽ അകത്തേക്കു കടക്കാൻ പരലോകാധിപൻ സമ്മതിച്ചില്ല.

” നിന്റെ മക്കളുടെ ആത്മാക്കൾ ഇങ്ങോട്ടെത്തിയിട്ടില്ല. നദിക്കിടയിൽ കിടക്കുന്ന അവരുടെ ശരീരങ്ങൾ കണ്ടെത്തി മണ്ണിൽ അടക്കം ചെയ്താൽ മാത്രമേ ആത്മാക്കൾ ഇവിടെയെത്തുകയുള്ളൂ. അത് ചെയ്യാത്തിടത്തോളം നിന്നെയും അകത്തു കടക്കാൻ ഞാൻ അനുവദിക്കില്ല,” അദ്ദേഹം പറഞ്ഞു.

അങ്ങനെ മരീയയുടെ ആത്മാവ് തിരികെ വന്നു. കറുത്ത മുഖാവരണവും വെള്ളവസ്ത്രങ്ങളും ധരിച്ചുകൊണ്ട് അത് ഭൂമിയിലൂടെ അലയാനാരംഭിച്ചു. നിലാവുള്ള രാത്രികളിൽ അത് നദിയിലിറങ്ങി തന്റെ മക്കളുടെ മൃതദേഹങ്ങൾ പരതും. എന്നാൽ ഒരിക്കലും അവൾക്കവ കണ്ടെത്താനായില്ല.

അങ്ങനെ അവൾ കരയാൻ തുടങ്ങി. ഭീതിദമായ ആ കരച്ചിൽ കേൾക്കുന്നത് ഒരു ദുഃശകുനമാണെന്ന് ആളുകൾ കരുതി. അവർ അവൾക്ക് പുതിയൊരു പേരും നൽകി – ലാ യൊറോണ (കരച്ചിലുകാരി).

മക്കളുടെ ശരീരങ്ങൾ കണ്ടെത്താനാവാതെ വന്നപ്പോൾ കരച്ചിലുകാരി മറ്റൊരു ക്രൂരത കൂടി കാണിക്കാൻ തുടങ്ങി. സന്ധ്യാസമയത്ത് ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന കുട്ടികളെ അവൾ പിടികൂടും; എന്നിട്ട് നദിയിൽ മുക്കിക്കൊല്ലും.

നദിയുടെ അങ്ങേക്കരയിലുളള ഒരു കുടിലിൽ അലൂഷ്യ എന്ന ഒരു സ്ത്രീയും അവളുടെ പത്തു വയസ്സുള്ള മകൻ ഏൻഹെലോയും താമസിച്ചിരുന്നു. ഒരു ദിവസം കാട്ടിൽ നിന്ന് വിറകുമായി വീട്ടിലെത്തിയപ്പോഴാണ് അവർ അതു കണ്ടത്.  തങ്ങളുടെ കറുത്ത ആട്ടിൻകുട്ടി കൂട്ടിലില്ല.

ഉടൻതന്നെ ഏൻഹെലോ ആട്ടിൻകുട്ടിയെ അന്വേഷിച്ചു പുറപ്പെട്ടു. സന്ധ്യയായി. പക്ഷേ അവന് ആട്ടിൻകുട്ടിയെ കണ്ടെത്താനായില്ല. അപ്പോഴാണ് കരച്ചിലുകാരിയുടെ ശബ്ദം അവൻ കേട്ടത്. അത് വളരെ ദൂരെ നിന്നാണ് വരുന്നതെന്ന് ഏൻഹെലോവിന് തോന്നി. അതു കൊണ്ട് അവർ വീണ്ടും ആട്ടിൻകുട്ടിയെ അന്വേഷിച്ച് മുന്നോട്ടു നടന്നു.jayakrishnan, childrens stories, iemalayalam
കരച്ചിലുകാരിയുടെ ശബ്ദം ദൂരെ നിന്നാണു കേൾക്കുന്നതെങ്കിൽ അവൾ അടുത്തുതന്നെയുണ്ടാവുമെന്നും അടുത്തുനിന്നാണ് കേൾക്കുന്നതെങ്കിൽ അവൾ വളരെ ദൂരെയായിരിക്കുമെന്നുള്ള കാര്യം ഏൻഹെലോയ്ക്കറിയില്ലായിരുന്നു.

ശരിക്കും അവന്റെ തൊട്ടടുത്തുതന്നെ നിൽപ്പുണ്ടായിരുന്നു കരച്ചിലുക്കാരി. അവൾ ഏൻഹെലോയെ പിടികൂടി. എന്നിട്ട് മുക്കിക്കൊല്ലാൻവേണ്ടി നദിക്കരയിലേക്ക് അവനെ വലിച്ചിഴച്ചു.

ഏറെനേരം കഴിഞ്ഞിട്ടും മകനെ കാണാതെ പരിഭ്രമിച്ചിരിക്കുകയായിരുന്നു അലൂഷ്യ. കരച്ചിലുകാരിയുടെ ഒച്ച കൂടി കേൾക്കാൻ തുടങ്ങിയതോടെ അവൾ പിന്നെ നേരംകളഞ്ഞില്ല. ഒരു പുതപ്പെടുത്ത് തലമൂടിയിട്ട് അവൾ നദിക്കരയിലേക്കോടി.

വഴിയിൽവെച്ച് കറുത്ത ആട്ടിൻകുട്ടി തന്റെ നേർക്ക് ഓടിവരുന്നത് അവൾ കണ്ടു.

“കറുത്ത ആട്ടിൻകുട്ടീ, കറുത്ത ആട്ടിൻകുട്ടീ നീ ഏൻഹെലിത്തോയെ കണ്ടോ?” അവൾ ചോദിച്ചു.

”സെഞ്യോറ അലൂഷ്യ, സെഞ്യോറ അലൂഷ്യ, അവനെ കരച്ചിലുകാരി പിടിച്ചു കൊണ്ടുപോയി,”കറുത്ത ആട്ടിൻകുട്ടി പറഞ്ഞു.

”അയ്യോ, ഇനി നമ്മളെങ്ങനെ അവനെ രക്ഷിക്കും,” അലൂഷ്യ പേടിച്ചുകരഞ്ഞു.

“വിഷമിക്കേണ്ട സെഞ്യോറ അലൂഷ്യ. എന്നെ അവൾക്കു കൊടുത്തിട്ട് ഏൻഹെലിത്തോയെ തിരിച്ചു വാങ്ങിക്കോളൂ,” കറുത്ത ആട്ടിൻകുട്ടി സമാധാനിപ്പിച്ചു.

രണ്ടുപേരും കൂടി നദീതീരത്തേക്കോടി. അവിടെ ഏൻഹെലോയെ മുക്കിക്കൊല്ലാൻ ശ്രമിക്കുകയാണ് കരച്ചിലുകാരി.

“സെഞ്യോറ ലാ യൊറോണാ, സെഞ്യോറ ലാ യൊറോണാ,” അലൂഷ്യ വിളിച്ചു. “നീയെന്താണ് ചെയ്യുന്നത്?”

“ഞാനീ ചെറുക്കനെ മുക്കിക്കൊല്ലാൻ പോവുകയാണ്,” കരച്ചിലുകാരി മുരണ്ടു.

”നീയൊരു വിഡ്ഢിയാണ് സെഞ്യോറ ലാ യൊറോണ,” അലൂഷ്യ പറഞ്ഞു.  “നീ മുക്കിക്കൊല്ലാൻ നോക്കുന്നത് മനുഷ്യക്കുട്ടിയെയല്ല, എന്റെ ആട്ടിൻകുട്ടിയെയാണ്.”

കരച്ചിലുകാരിക്ക് കാഴ്ചശക്തി കുറവായിരുന്നു . അവൾ സംശയത്തോടെ എൻഹെലോയെയും അലൂഷ്യയെയും മാറിമാറി നോക്കി.

“ആ ആട്ടിൻകുട്ടിയെ എനിക്കു തരൂ,” അലൂഷ്യ പറഞ്ഞു. “എന്നിട്ട് ഇതാ എന്റെ മകനെ നീ മുക്കിക്കൊന്നോളൂ.” കറുത്ത ആട്ടിൻകുട്ടിയെ പുതപ്പിൽ പൊതിഞ്ഞ് കരച്ചിലുകാരിക്കു നീട്ടിക്കൊണ്ട് അവൾ തുടർന്നു. ”സത്യത്തിൽ അവനൊരു ശല്യക്കാരനാണ്.”

ശരിയാണെന്നു വിചാരിച്ച് കരച്ചിലുകാരി ഏൻഹെലോയെ അലൂഷ്യയ്ക്ക് കൊടുത്തിട്ട് കറുത്ത ആട്ടിൻകുട്ടിയെ വാങ്ങിച്ചു. പുഴവക്കിലിരുന്ന് അവൾ അതിനെ മുക്കിക്കൊല്ലാനൊരുങ്ങി.

ആ സമയത്ത് കറുത്ത ആട്ടിൻകുട്ടി എന്തു ചെയ്തു? അത് കരയിലേക്ക് എടുത്തൊരു ചാട്ടം ചാടി. നിലതെറ്റിയ കരച്ചിലുകാരി നദിയിലും വീണു.

നദിയുടെ അടിത്തട്ടിൽ നിറയെ കരച്ചിലുകാരി മുക്കിക്കൊന്ന കുട്ടികളുടെ പ്രേതങ്ങളായിരുന്നു. പ്രതികാരം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു അവർ. പൊങ്ങിവരാൻ കഴിയാത്ത വിധം അവരവളെ നദിക്കിടയിലേക്ക് വലിച്ചുതാഴ്ത്തി.

കരച്ചിലുകാരിയെ പിന്നീട് ആരും കണ്ടിട്ടില്ല.

(അർജന്റീന – കരച്ചിലുകാരിയെപ്പറ്റിയുള്ള കഥകൾ മറ്റു രാജ്യങ്ങളിലുമുണ്ട്.)

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ’ എന്ന പുസ്തകത്തിൽ നിന്ന്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook