മുയലിന്‍റെ ചിരി

വൈക്കോൽകുടിലിലാണ് വൃദ്ധനും ഭാര്യയും താമസിച്ചിരുന്നത്. ഒരു മുയലിനെയും *ജാഗ്വാറിനെയും അവർ വളർത്തിയിരുന്നു. അങ്ങേയറ്റം പാവങ്ങളായിരുന്നു അവർ.

അവസാനത്തെ ചോളമണിയും തീർന്നപ്പോൾ അവർ മുയലിനെ സൂപ്പുവെക്കാൻ തീരുമാനിച്ചു. അതിനു വേണ്ടി ഒരു പാത്രം വെള്ളം അടുപ്പിൽ വെച്ച് തിളപ്പിക്കാൻ തുടങ്ങി.

“ഇപ്രാവശ്യം അവർ നിന്നെ കൊന്നു തിന്നും,” ജാഗ്വാർ മുയലിനോടു പറഞ്ഞു. “ഒരു കഷ്ണം എനിക്കും തരാതിരിക്കില്ല.”

“അതൊന്നുമല്ല കാര്യം,” മുയൽ ചിരിച്ചു: “അവർ പ്രാതലിന് ചോക്കലേറ്റുണ്ടാക്കുകയാണ്.”

“അല്ലേയല്ല. അവർ വെള്ളം ചൂടാക്കുന്നത് നിന്നെ സൂപ്പുവെക്കാൻ വേണ്ടിയാണ്.”

“നീ തെറ്റിദ്ധരിച്ചിരിക്കുകയാണ്,” മുയൽ പറഞ്ഞു. “ഞാനത് തെളിയിക്കാം. നീ എന്‍റെ കൂട്ടിൽ വന്നുകിടക്ക്. അവർ ആദ്യത്തെ ചോക്കലേറ്റ് നിനക്കായിരിക്കും തരിക.”

ശരിയാണെന്നു വിചാരിച്ച് മണ്ടനായ ജാഗ്വാർ മുയലിന്‍റെ കൂട്ടിൽ ചെന്നു കിടന്നു. മുയൽ കാട്ടിലേക്കോടിപ്പോവുകയും ചെയ്തു. വെള്ളം തിളച്ചപ്പോൾ കിഴവനും ഭാര്യയും മുയലിനെ പിടിക്കാൻ വന്നു.

അവർക്ക് കാഴ്ചശക്തി കുറവായിരുന്നു. മുയലാണെന്നു കരുതി അവർ ജാഗ്വാറിനെ പിടികൂടി ചൂടുവെള്ളത്തിൽ കൊണ്ടിട്ടു. ഒരുവിധം പാത്രത്തിൽ നിന്നു പുറത്തുചാടിയ ജാഗ്വാർ തന്നെ പറ്റിച്ച മുയലിനെ പിടിക്കാൻ വനത്തിലേക്കോടി.

കുറെ ചെന്നപ്പോൾ ഒരു കുമ്മായഗുഹക്കകത്ത് മുയൽ ഒളിച്ചിരിക്കുന്നത് ജാഗ്വാർ കണ്ടു. ജാഗ്വാർ മുയലിനെ പിടിക്കാൻ ചെന്നു.

“നിന്നെ ഞാൻ വിടില്ല,” ജാഗ്വാർ മുരണ്ടു.

“എന്താണു കാര്യം,” മുയൽ ഒന്നുമറിയാത്ത പോലെ ചോദിച്ചു.

“എന്തിനാണെന്നോ? ചോക്കലേറ്റ് കിട്ടുമെന്നുപറഞ്ഞ് എന്നെ നീ പറ്റിച്ചതിന്.”

“നിങ്ങൾക്ക് ആളുമാറിപ്പോയി. കഴിഞ്ഞ ഇരുപത് വർഷമായി ഞാനിവിടെ താമസിക്കുന്നു കണ്ടില്ലേ എന്‍റെ വീട് ഇടിഞ്ഞു വീഴാൻ പോവുകയാണ്. നിങ്ങൾ ഈ മേൽക്കൂരയൊന്നു താങ്ങിപ്പിടിക്കാമോ? ഞാൻ തൂണിനു പറ്റിയ ഒരു വടി കൊണ്ടുവരാം,” മുയൽ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

jayakrishnan, childrens stories, iemalayalam
ശരിയാണെന്നു വിചാരിച്ച് മണ്ടൻ ജാഗ്വാർ മേൽക്കൂരയും താങ്ങിപ്പിടിച്ചു നിന്നു. സമയം കളയാതെ മുയൽ രക്ഷപ്പെടുകയും ചെയ്തു.

ഏറെ നേരം കഴിഞ്ഞിട്ടും മുയൽ തിരിച്ചു വന്നില്ല; മേൽക്കൂര ഇടിഞ്ഞു വീണതുമില്ല താൻ വീണ്ടും കബളിപ്പിക്കപ്പെട്ടെന്ന് ജാഗ്വാറിനു മനസ്സിലായി. അവൻ വീണ്ടും മുയലിനെ തേടി പുറപ്പെട്ടു.

ഒരു വള്ളിയിൽ തൂങ്ങിക്കിടന്ന് ജാഗ്വാറിന്റെ മണ്ടത്തരമോർത്ത് ചിരിക്കുകയായിരുന്നു മുയൽ. പെട്ടെന്ന് ജാഗ്വാർ അവന്റെമേൽ ചാടി വീണു. കലിയടക്കാനാവാതെ അവൻ മുയലിനെപ്പിടിച്ച് ആകാശത്തേക്കെറിഞ്ഞു.

ചന്ദ്രനിലാണ് മുയൽ ചെന്നു വീണത്. ജാഗ്വാറിന്റെ നഖം കൊണ്ട് അവന്‍റെ വയർ കീറിപ്പോയിരുന്നു. എന്നിട്ടും അവന് ചിരിയടക്കാനായില്ല. കീറിപ്പോയ വയർ കൈകൊണ്ട് പൊത്തിപ്പിടിച്ച് മുയൽ നിർത്താതെ ചിരിച്ചു.

ഇന്നും വെളുത്തവാവു ദിവസം ചന്ദ്രനിൽ നോക്കിയാൽ നിങ്ങൾക്കു കാണാം; കൈ കൊണ്ട് വയർപൊത്തി ചിരിക്കുന്ന ആ മുയലിന്‍റെ രൂപം.

 

*ജാഗ്വാർ (Jaguar): മധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും കാണപ്പെടുന്ന ഒരിനം പുള്ളിപ്പുലി

 

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ’ എന്ന പുസ്തകത്തിൽ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook