പെൺകുട്ടി താമസിക്കുന്ന കുന്ന്

നമ്മുടെ പട്ടണത്തിന്റെ തെക്കുകിഴക്കുഭാഗത്ത്, ഇന്ന് ചുവാ കാപ്പോഹ് എന്നറിയപ്പെടുന്ന കുന്നിനെപ്പറ്റിയുള്ള കഥയാണിത്. പണ്ട് അവിടെ ഏറെനാൾ നീണ്ടുനിൽക്കുന്ന ഒരു നൃത്തോത്സവം നടത്തപ്പെട്ടിരുന്നു. ഓരോ കുടുംബത്തിൽ നിന്നും ഒരു പെൺകുട്ടി വീതം നൃത്തത്തിൽ പങ്കെടുക്കണമെന്നായിരുന്നു വ്യവസ്ഥ.

അങ്ങനെ അവർ നൃത്തം ചെയ്തു.
അവർ മാനിന്റെ നൃത്തം ചെയ്തു.
അവർ കുരങ്ങന്റെ നൃത്തം ചെയ്തു.
അവർ വിജയനൃത്തവും ചെയ്തു.

അക്കാലത്തെ രാജാവ് ഭയങ്കരനായിരുന്നു. നൃത്തോത്സവത്തിൽ പങ്കെടുക്കാത്ത കുടുംബങ്ങളെ  തുറുങ്കിലടയ്ക്കുമെന്ന് അദ്ദേഹം കൽപ്പന പുറപ്പെടുവിച്ചു.

അന്നീ പട്ടണത്തിൽ പരമദരിദ്രനായ ഒരു മനുഷ്യനുണ്ടായിരുന്നു. വിറകുവെട്ടിയും വെള്ളംകോരിയുമാണ് അയാൾ ജീവിക്കാനുള്ള വക കണ്ടെത്തിയത്. അതാകട്ടെ അയാൾക്കും ഭാര്യയ്ക്കും മകൾക്കും കഷ്ടിച്ച് ഭക്ഷണം കഴിക്കാൻ മാത്രമേ തികയുമായിരുന്നുള്ളു.

മകളെ നൃത്തത്തിനയയക്കാനുള്ള ചിലവുകളെപ്പറ്റിയോർത്തപ്പോൾ അയാൾ ഭയചകിതനായി. മകൾ സുന്ദരിയായിരുന്നു. പക്ഷേ, നൃത്തത്തിൽ പങ്കെടുക്കണമെങ്കിൽ മനോഹരമായ, വിലയേറിയ വസ്ത്രങ്ങളും മറ്റും അവൾ അണിഞ്ഞിരിക്കണം. രണ്ടുനേരം ആഹാരത്തിനു വകയില്ലാത്ത താൻ അതൊക്കെയെങ്ങനെ വാങ്ങിക്കാനാണ്?

താനും കുടുംബവും തടവറയിലടയ്ക്കപ്പെടുമെന്ന് അയാൾ തീർച്ചപ്പെടുത്തി.
അന്നുമുതൽ അയാൾ കൂടുതൽ അധ്വാനിക്കാൻ തുടങ്ങി. പക്ഷേ എത്ര ശ്രമിച്ചിട്ടും ഒന്നും തന്നെ മിച്ചംപിടിക്കാനായില്ല.

അങ്ങനെ നൃത്തോത്സവത്തിന്റെ തലേദിവസമായി. തുറുങ്കിലടയ്ക്കപ്പെടാതിരിക്കാൻ വേണ്ടി അയാൾ നാടുവിടാൻ തീരുമാനിച്ചു. ആരുടെയും കണ്ണിൽപ്പെടാതെ അതിരാവിലെ അയാൾ വീട്ടിൽ നിന്നിറങ്ങി. വഴിക്ക് കഴിക്കാൻ വേണ്ടി ഭാര്യയും മകളും പൊതിഞ്ഞുകൊടുത്ത രണ്ടോ മൂന്നോ * തൊർത്തിയകളും ഉപ്പും മാത്രമേ അയാളുടെ കൈവശമുണ്ടായിരുന്നുള്ളൂ.

പട്ടണത്തിനു പുറത്തുള്ള കുന്നിൻപുറത്തെത്തിയപ്പോൾ അയാളുടെ സങ്കടവും നിരാശയും അണപൊട്ടി. നിലത്ത് മുട്ടുകുത്തിയിരുന്ന് അയാൾ വിലപിച്ചു.

”എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല.
എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല.
എന്തുകൊണ്ടാണ് ഞാനിത്രയും ഭാഗ്യംകെട്ടവനായത്?
എന്തുകൊണ്ടാണ് എന്റെ അച്ഛനുമമ്മയും ഇത്രയും ദരിദ്രരായിപ്പോയത്?
എന്റെ മകളെ എനിക്ക് നൃത്തത്തിനയക്കാനായില്ലല്ലോ.
നമ്മുടെ രാജാവിത്ര ക്രൂരനായിപ്പോയല്ലോ.
എന്റെ ഭാര്യയെയും മകളെയും അയാൾ തടവിലാക്കുമല്ലോ.
എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല.”

അപ്പോൾ ഒരു കാറ്റുവീശി. കരയുന്ന മനുഷ്യന്റെ മുന്നിൽ സുന്ദരനായ ഒരു യുവാവ് പ്രത്യക്ഷപ്പെട്ടു. യുവാവ് കരച്ചിലിന്റെ കാരണം തിരക്കി. അയാൾ തന്റെ ദുഃഖകഥ പറഞ്ഞു കേൾപ്പിച്ചു.

”നിങ്ങൾ വിഷമിക്കേണ്ട. ഞാനാണ് കുന്നുകളുടെ രാജാവ്,”  യുവാവ് പറഞ്ഞു. “സ്വർണ്ണവും വെള്ളിയും എന്റേതാണ്. ഭൂമിയിലെ മറഞ്ഞിരിക്കുന്ന നിധികൾ മുഴുവൻ എന്റേതാണ്. എന്റേതാണ് നൃത്തങ്ങളും നൃത്തവേഷങ്ങളും. എന്റേതാണ് ഭൂമിയിലെ മുഴുവൻ മൃഗങ്ങളും പക്ഷികളും. എന്റെ ചാട്ടവാറുകളാണ് സർപ്പങ്ങൾ. എന്റെ കാവൽക്കാരാണ് ചെന്നായകൾ. എന്റെ ദൂതന്മാരാണ് **കയോടികൾ. കോഴികൾ തെറ്റു ചെയ്തെന്നിരിക്കട്ടെ, ഞാനുടനെ കയോടികളെ പറഞ്ഞയയ്ക്കും. അവ പട്ടണത്തിൽ ചെന്ന് കോഴികളെ പിടിച്ചു കൊണ്ടുവരും. പാവപ്പെട്ട മനുഷ്യാ, നിങ്ങൾക്ക് വേണ്ടതൊക്കെ ഞാൻ തരാം – എന്നെ കണ്ട കാര്യം ആരോടും പറയരുതെന്നു മാത്രം.”jayakrishnan, childrens stories, iemalayalam
എന്നിട്ട് കുന്നുകളുടെ ദൈവം അയാളോട് കണ്ണടയ്ക്കാനാവശ്യപ്പെട്ടു. കണ്ണു തുറന്നപ്പോൾ അയാളൊരു ഗുഹയ്ക്കകത്തായിരുന്നു. അവിടെ സൂര്യനെയും ചന്ദ്രനെയും കാണാനില്ലായിരുന്നു; നക്ഷത്രങ്ങളെയും. എന്നിട്ടും വെളിച്ചമുണ്ടായിരുന്നു. കുന്നുകളുടെ രാജാവ് അനേകം വാതിലുകൾ തുറന്ന് അയാളേയുംകൊണ്ട് നടന്നു പോയി. ഒടുവിൽ അവർ ഒരു മുറിയിലെത്തി. മുറിയിൽ നിറയെ നൃത്തത്തിനുള്ള ഉടയാടകളായിരുന്നു.

“നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം തിരഞ്ഞെടുക്കാം. ഒരുകാര്യം മാത്രം. ഈ കണ്ടതൊന്നും ആരോടും പറയരുത്. പറഞ്ഞാൽ നിങ്ങളുടെ മകൾ ഇവിടെ എന്റെയടുത്തെത്തും.പിന്നെയൊരിക്കലും അവളെ ആർക്കും കാണാനാവില്ല.”

പാവപ്പെട്ട മനുഷ്യൻ ആ വിലയേറിയ ഉടയാടകളിൽനിന്ന് ഏറ്റവും ഭംഗിയുള്ള ഒരെണ്ണം തിരഞ്ഞെടുത്തു. ഉടനെ കുന്നുകളുടെ ദൈവം അയാളുടെ നേരേ ഒരു ആംഗ്യം കാണിച്ചു. അടുത്ത നിമിഷം അയാൾ എവിടെയെത്തി? സ്വന്തം വീടിന്റെ മുന്നിൽ.

നൃത്തത്തിൽ പങ്കെടുക്കാത്തതുകൊണ്ട് അയാളുടെ ഭാര്യയെ ഭടന്മാർ പിടിച്ചുകൊണ്ടു പോയിരുന്നു. മകളാകട്ടെ ആരും കാണാതെ ഇരുട്ടിൽ ഒളിച്ചിരിക്കുകയും. അയാൾ മകളെ നൃത്തവേഷങ്ങൾ ധരിപ്പിച്ചു. എന്നിട്ട് രാജാവിന്റെയടുത്തേക്ക് കൊണ്ടുപോയി.

രാജാവിന് സന്തോഷമായി. അദ്ദേഹം ഉടൻതന്നെ പാവപ്പെട്ട മനുഷ്യന്റെ ഭാര്യയെ തടവറയിൽ നിന്ന് മോചിപ്പിച്ചു. അങ്ങനെ നൃത്തം തുടങ്ങി.

ഏറ്റവും നന്നായി നൃത്തം ചെയ്തത് പാവപ്പെട്ട മനുഷ്യന്റെ മകളായിരുന്നു. മാത്രമല്ല, ഏറ്റവും ഭംഗിയുള്ളതും വിലയേറിയതുമായ ഉടയാടകളും അവളുടേതായിരുന്നു. സുന്ദരിയായ അവളോടൊപ്പം നൃത്തം ചെയ്യാൻ ചെറുപ്പക്കാർ മത്സരിച്ചു.

നൃത്തം അവസാനിക്കാറായി. പാവപ്പെട്ട മനുഷ്യൻ ചങ്ങാതിമാരുടെ കൂടെയിരുന്ന് ***ചിച്ചാ കുടിക്കുകയായിരുന്നു. അവരുടെ മുന്നിലൂടെ നൃത്തക്കാർ രാജാങ്കണത്തിലേക്ക് പ്രവേശിക്കുകയാണ്. അയാളുടെ മകളാണ് അവരെ നയിക്കുന്നത്. അപ്പോൾ ശക്തമായ ഒരു കാറ്റുവീശി. അവിടം മുഴുവൻ പൊടികൊണ്ടു മൂടി. നാട്ടുകാർ പേടിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ കാറ്റടങ്ങി. നൃത്തം സമാപിക്കാൻ കുറച്ചു സമയംകൂടിയേ ബാക്കിയുള്ളൂ. അപ്പോഴാണ് ഒരു അയൽക്കാരൻ നമ്മുടെ പാവപ്പെട്ടവനോട് ചോദിച്ചത് “സെഞ്യോർ, കൈയിൽ പണമൊന്നുമില്ലാതിരുന്നിട്ടും ഇത്രയും വിലയേറിയ വസ്ത്രങ്ങൾ നിങ്ങളെങ്ങനെ വാങ്ങിച്ചു?”

മൂക്കറ്റം കുടിച്ച ചിച്ചായുടെ ലഹരിയിലായിരുന്ന പാവപ്പെട്ടവൻ കുന്നുകളുടെ ദൈവത്തിന്റെ താക്കീത് മറന്നുപോയി.

“ചങ്ങാതീ,” അയാൾ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു. “ഇതെല്ലാം എനിക്ക് കുന്നുകളുടെ ദൈവം തന്നതാണ്. പക്ഷേ, ഇക്കാര്യം ആരോടും പറയരുതെന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിട്ടുണ്ട്.”

ഉടനെ മറ്റൊരു കാറ്റുവീശി. നേരത്തേതിലും അതിശക്തമായ ഒന്ന്. നൊടിയിടയിൽ പാവപ്പെട്ട മനുഷ്യന്റെ മകൾ മുകളിലേക്കുയർന്നു. ആദ്യം അവൾ പട്ടണത്തിനു മുകളിലായി. പിന്നെ ഏറ്റവും ഉയരമുള്ള മരത്തേക്കാൾ ഉയരത്തിലായി. അടുത്ത നിമിഷത്തിൽ അവൾ കുന്നിന്മുകളിലെത്തി. പിന്നെ അപ്രത്യക്ഷയായി.

അവളെ കുന്നുകളുടെ ദൈവം കൊണ്ടുപോയതായിരുന്നു. അവർ മറഞ്ഞ കുന്ന് പിന്നീട് ചുവാ കാപ്പോഹ് (പെൺകുട്ടി താമസിക്കുന്ന കുന്ന്) എന്നറിയപ്പെട്ടു.

മകൾ നഷ്ടപ്പെട്ട സങ്കടം കാരണം പാവപ്പെട്ട മനുഷ്യനും ഭാര്യയും ഇരുപതുദിവസം കഴിഞ്ഞപ്പോൾ മരിച്ചുപോയി. ദരിദ്രരായതു കൊണ്ട് അവരുടെ മൃതദേഹങ്ങൾ പനയോലകൊണ്ടാണ് പൊതിഞ്ഞത്. ഒരേ കുഴിയിൽ അവരെ അടക്കം ചെയ്യുകയും ചെയ്തു.

*തൊർത്തിയ (Tortilla): ഒരിനം ചപ്പാത്തി
**കയോടി (Coyote): കുറുനരിയെപ്പോലുള്ള ഒരു ജീവി
*** ചിച്ചാ (Chicha) : ചോളത്തിൽ നിന്നുണ്ടാക്കുന്ന മദ്യം

 

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ’ എന്ന പുസ്തകത്തിൽ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook