ചുരങ്ങയ്ക്കുള്ളിൽ കുടുങ്ങിയ പിശാച്
ഒരിടത്തൊരു സ്ത്രീയുണ്ടായിരുന്നു. അഹംഭാവിയും നാട്യക്കാരിയുമായിരുന്നു അവൾ. മുപ്പതു വയസ്സു കഴിഞ്ഞിട്ടും അവൾ വിവാഹിതയായില്ല. പലരും വിവാഹാലോചനകളുമായി വന്നു. പ്രായം ചെന്ന മാതാപിതാക്കളും അവളെ നിർബന്ധിച്ചു. എല്ലാവരോടും അവൾ പറഞ്ഞത് ഇതാണ് “സ്വർണ്ണപ്പല്ലുള്ള ഒരുവനെ മാത്രമേ ഞാൻ വിവാഹം കഴിയ്ക്കുകയുള്ളൂ.”
സ്വർണ്ണപ്പല്ലുള്ള ആരും വന്നില്ല; അവളുടെ വിവാഹം നടന്നതുമില്ല. അങ്ങനെയിരിക്കെ ഒരു ദിവസം സ്ത്രീ പുഴയിൽ തുണിയലക്കാൻ പോയി. അപ്പോഴാണ് പിശാച് അവളെ കണ്ടത്.
അവളുടെ നാട്യവും അഹങ്കാരവും കണ്ടപ്പോൾ അവളെ കുടുക്കിലാക്കണമെന്ന് പിശാച് തീരുമാനിച്ചു. പിശാച് എന്തു ചെയ്തു? അവൻ ഒരു മനുഷ്യനായി രൂപം മാറിയിട്ട് പുഴയ്ക്കു മുകളിലുള്ള പാലത്തിലൂടെ നടന്നു.
താഴെ തുണിയലക്കുകയാണ് സ്ത്രീ. പിശാച് അവളെ നോക്കി ചിരിച്ചു. അപ്പോഴാണ് സ്ത്രീ അതു കണ്ടത് – വായ്ക്കുള്ളിലതാ ഒരു സ്വർണ്ണപ്പല്ല്! അവൾക്കു വന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല.
“ഇങ്ങോട്ടു വരൂ,” അവളയാളെ വിളിച്ചു. ”നിങ്ങളാണെന്റെ ഭർത്താവ്. സ്വർണ്ണപ്പല്ലുള്ള ഒരാളെ വിവാഹം കഴിക്കാനാഗ്രഹിച്ചിരിക്കുകയായി രുന്നു ഞാൻ.”
പുഴയിലേക്കിറങ്ങി വന്നിട്ട് പിശാച് പറഞ്ഞു: “തീർച്ചയായും നീയാണെന്റെ ഭാര്യ. നിന്നെ ഞാൻ സന്തോഷിപ്പിക്കും. കണ്ടില്ലേ എന്റെ സ്വർണ്ണപ്പല്ല്?”
അവൾ പിശാചിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവളുടെ അച്ഛനമ്മമാർക്കും അയാളെ ഇഷ്ടപ്പെട്ടു. അങ്ങനെ അവർ വിവാഹിതരായി. വിവാഹപ്പിറ്റേന്ന് സ്ത്രീയുടെ അച്ഛൻ പിശാചിനോടു പറഞ്ഞു ”മരുമകനേ, നാളെ നമുക്ക് കൃഷിയിറക്കാൻ പോകണം. ഇത്രയും കാലം ഞാനൊറ്റയ്ക്കാണ് എല്ലാം ചെയ്തിരുന്നത്. ഇനിയിപ്പോൾ നീയുണ്ടല്ലോ സഹായത്തിന്.”
പിറ്റേദിവസം ഭാര്യാപിതാവ് മരുമകനെ വിളിച്ചു. പക്ഷേ, പിശാച് പറഞ്ഞതിങ്ങനെയാണ് ”കൃഷിപ്പണിക്കൊന്നും ഞാനില്ല. എനിക്ക് മറ്റുകാര്യങ്ങൾ ചെയ്യാനുണ്ട്.”
“എന്തു കാര്യമാണ് നിനക്ക് ചെയ്യാനുള്ളത്?” ഭാര്യാപിതാവ് ശുണ്ഠിയെടുത്തു. ഉടനെ പിശാച് ഒരു മൺപാത്രത്തിൽ നിറച്ചു വെച്ചിരുന്ന വെള്ളത്തിലിറങ്ങി അപ്രത്യക്ഷനായി. തുടർന്ന് അവൻ കിണറ്റിലിറങ്ങി അപ്രത്യക്ഷനായി. തീർന്നില്ല, പിശാച് നേരെ അടുപ്പിനകത്തേക്കു നടന്നുചെന്ന് തീയ്ക്കുള്ളിൽ മറഞ്ഞു.
“നീയെന്താണീ കാണിക്കുന്നത്?” ഭാര്യയുടെ അമ്മ നിലവിളിച്ചു. “പിശാചാണോ നീ?”
സംഗതി അപകടമാണെന്ന് ഭാര്യയ്ക്കു മനസ്സിലായി. അവളുടനെ ഒരു മന്ത്രവാദിയുടെ അടുത്തുചെന്ന് കാര്യം പറഞ്ഞു.
“പിശാചാണ് നിന്നെ വിവാഹം കഴിച്ചിരിക്കുന്നത്,” മന്ത്രവാദി പറഞ്ഞു. “അവനിൽനിന്ന് രക്ഷപ്പെടാൻ ഒരു വഴിയേയുള്ളൂ. ഉണങ്ങിയ ഒരു ചുരങ്ങാത്തൊണ്ടെടുക്കുക, എന്നിട്ട് നിന്റെ ഭർത്താവിനോട് അതിനുള്ളിൽ കയറാൻ പറയുക. അവൻ കയറിയാലുടനെ ചുരങ്ങാത്തൊണ്ട് അടപ്പിട്ടു മുറുക്കിയിട്ട് എച്ചിൽക്കുഴിയിൽ വലിച്ചെറിയുക. പിന്നെയൊരിക്കലും അവൻ നിന്നെ ശല്യപ്പെടുത്താൻ വരില്ല.”
മന്ത്രവാദി പറഞ്ഞതുപോലെ ഭാര്യ പിശാചിനോട് ചുരങ്ങാത്തോടിനുള്ളിൽ കയറാൻ പറഞ്ഞു. പിശാച് ചിരിച്ചുകൊണ്ട് അകത്തു കയറി. ഉടനെ അവൾ ചുരങ്ങാത്തൊണ്ട് അടപ്പിട്ടു മുറുക്കിയിട്ട് അത് എച്ചിൽക്കുഴിയിലേക്ക് വലിച്ചെറിഞ്ഞു.
മൂന്നുദിവസം പിശാച് എച്ചിൽക്കുഴിയിൽക്കിടന്നു കരഞ്ഞു. ആരും ആ വഴി വന്നില്ല. നാലാമത്തെ ദിവസം ഒരു കുടിയൻ അവിടെ മൂത്രമൊഴിക്കാൻ വന്നു. പുണ്യവാളൻ എന്നായിരുന്നു എല്ലാവരും അവനെ കളിയാക്കി വിളിച്ചിരുന്നത്. പുണ്യവാളൻ പിശാചിന്റെ കരച്ചിൽ കേട്ടു. പക്ഷേ, ആരാണ് കരയുന്നതെന്ന് അവന് മനസ്സിലായില്ല.

”എന്നെ രക്ഷിക്കണേ,” പിശാച് നിലവിളിച്ചു: ”ഇതാ ഈ ചുരങ്ങാത്തൊണ്ടിന്റെ അകത്താണ് ഞാൻ.”
”ആരാണു നീ?” ചുരങ്ങാത്തൊണ്ട് കൈയിലെടുത്തുകൊണ്ട് പുണ്യവാളൻ ചോദിച്ചു.
“പിശാചാണു ഞാൻ.” ചുരങ്ങാത്തൊണ്ടിനകത്തു നിന്നുള്ള ശബ്ദം പറഞ്ഞു. “ഞാനിതിനകത്തായിട്ട് മൂന്നു ദിവസം കഴിഞ്ഞു. എന്നെ രക്ഷിക്കണേ.”
പുണ്യവാളൻ ആളൊരു വിരുതനായിരുന്നു. ” ഞാൻ നിന്നെ രക്ഷിക്കാം.” അവൻ പറഞ്ഞു. “പക്ഷേ നീയെനിക്ക് വേണ്ടത്ര മദ്യം വാങ്ങിത്തരണം.”
എന്തും ചെയ്തുകൊള്ളാമെന്ന് പിശാച് സത്യം ചെയ്തു. ഉടനെ അടപ്പു തുറന്ന് പുണ്യവാളൻ പിശാചിനെ സ്വതന്ത്രനാക്കി. പുറത്തു വന്ന പിശാചിന്റെ കൈയിൽ ഒരു ചെറിയ കുപ്പി നിറയെ വെള്ളമുണ്ടായിരുന്നു.
“മദ്യം വാങ്ങിത്തരാൻ ഇപ്പോൾ എന്റെ കൈവശം പണമില്ല.” പിശാചു പറഞ്ഞു.
”പക്ഷേ ഈ കുപ്പി വാങ്ങിക്കൊള്ളുക. മാന്ത്രികജലമാണ് ഇതിനുള്ളിൽ. ഞാൻ പറയുന്നതുപോലെ ചെയ്താൽ നാളെ നിനക്ക് ആവശ്യത്തിനു പണം കിട്ടും.”
ചെയ്യേണ്ട കാര്യങ്ങൾ പുണ്യവാളന് പറഞ്ഞുകൊടുത്തിട്ട് പിശാച് രാജാവിന്റെ കൊട്ടാരത്തിലേക്കു പോയി. എന്നിട്ട് അവൻ രാജാവിന്റെ ചെവിയ്ക്കുള്ളിൽ കടന്നു. ചെവിവേദന കാരണം രാജാവ് നിലവിളിക്കാൻ തുടങ്ങി.
കൊട്ടാരം വൈദ്യന്മാർ ഓടിയെത്തി. അവർ രാജാവിന്റെ ചെവി പരിശോധിക്കാൻ തുടങ്ങിയപ്പോൾ പിശാച് ചെവി വിട്ട് പല്ലിനുള്ളിൽ കയറി. പല്ലുവേദനയേക്കാൾ വലിയ വേദനയുണ്ടോ? രാജാവ് വാവിട്ടു നിലവിളിച്ചു.
ഉടനെ വൈദ്യന്മാർ പല്ല് പരിശോധന ആരംഭിച്ചു. പിശാചുടനെ രാജാവിന്റെ വയറിനകത്തേക്കിറങ്ങി. വയറുവേദന കൊണ്ട് രാജാവ് നിലത്തു വീണുരുണ്ട് കരഞ്ഞു. രാജവൈദ്യന്മാർ എത്ര ശ്രമിച്ചിട്ടും രോഗം ഭേദമായില്ല.
അന്നു രാത്രി രാജാവിന്റെ ഉച്ചത്തിലുള്ള നിലവിളി കാരണം നാട്ടിലുള്ള ഒറ്റയാൾക്കും ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേന്ന് പുണ്യവാളൻ മാന്ത്രിക ജലവുമായി കൊട്ടാരത്തിലെത്തി.
താനൊരു ലാടവൈദ്യനാണെന്നും രാജാവിന്റെ രോഗം മാറ്റാനുള്ള മരുന്ന് തന്റെ കൈവശമുണ്ടെന്നും അവൻ ഭൃത്യന്മാരോടു പറഞ്ഞു. ഇതറിഞ്ഞപ്പോൾ രാജാവ് അവനെ കൂട്ടിക്കൊണ്ടുവരാനാജ്ഞാപിച്ചു.
ആദ്യം പുണ്യവാളൻ ഏതാനും തുള്ളി മാന്ത്രികജലം രാജാവിന്റെ ചെവിയിലുറ്റിച്ചു. ഉടനെ അദ്ദേഹത്തിന്റെ ചെവിവേദന മാറി. തുടർന്ന് കുപ്പിയിലെ കുറച്ചു വെള്ളംകൊണ്ട് വായ കഴുകാൻ പറഞ്ഞു. അപ്പോൾ പല്ലുവേദന ഇല്ലാതായി. പിന്നെ പുണ്യവാളൻ മാന്ത്രികജലം രാജാവിന് കുടിക്കാൻ കൊടുത്തു. അതോടെ വയറുവേദനയും ഭേദമായി.
രോഗം മാറിയ രാജാവ് പുണ്യവാളന് അഞ്ച് പണക്കിഴികൾ സമ്മാനിച്ചു. ഇഷ്ടംപോലെ പണം കിട്ടിയ അയാൾ ഇഷ്ടംപോലെ മദ്യം കുടിച്ച് ബോധമില്ലാതെ കിടന്നു.
ഇന്നും ആളുകൾ പറയുന്നത് ശരിയായ വൈദ്യന്മാരുടെ ചികിത്സയേക്കാൾ ഫലിക്കുന്നത് ലാടവൈദ്യന്മാരുടെ മരുന്നാണെന്നാണ്. പക്ഷേ, പണം കിട്ടിയാൽ അവർ കണ്ടമാനം കുടിക്കും. പിശാചിന്റെ ഉറ്റചങ്ങാതിമാരായതിനാൽ അതുകൊണ്ട് അവർക്കൊന്നും സംഭവിക്കുകയുമില്ല.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ’ എന്ന പുസ്തകത്തിൽ നിന്ന്