ഞായറാഴ്ച ഏഴ്

താഴ്വരയിലുള്ള ഒരു ഗ്രാമത്തിലാണ് നല്ലവനായ കൂനനും ദുഷ്ടനായ കൂനനും കഴിഞ്ഞിരുന്നത്. എല്ലാവരും പരിഹസിച്ചിരുന്നതുകൊണ്ട് അവർക്ക് ഗ്രാമത്തിൽ ഒരു ജോലിയും ചെയ്യാൻ സാധിച്ചിരുന്നില്ല അങ്ങനെ അവർ മലമുകളിൽ പോയി വിറകുവെട്ടാൻ തീരുമാനിച്ചു.

ദുഷ്ടനായ കൂനൻ മടിയനും കൂടിയനുമായിരുന്നു. അസുഖം ഭാവിച്ച് അവൻ എല്ലാ ദിവസവും വീട്ടിൽത്തന്നെ ചടഞ്ഞുകൂടും. പാവം നല്ലവനായ കൂനൻ ദിവസവും കഷ്ടപ്പെട്ട് വിറകു വെട്ടി കൊണ്ടുവന്ന് ചന്തയിൽ വിൽക്കും. പകുതി പണം അയാൾ എന്നും സുഹൃത്തിന് കൊടുക്കുകയും ചെയ്യും.

ഒരു ദിവസം വിറകുവെട്ട് കഴിഞ്ഞപ്പോൾ നേരം രാത്രിയായിരുന്നു. വല്ലാതെ ക്ഷീണിച്ചിരുന്നതിനാൽ ആ രാത്രി വല്ലവിധേനയും അവിടെത്തന്നെ കഴിച്ചുകൂടാൻ നല്ലവനായ കൂനൻ തീരുമാനിച്ചു.

പാതിരാത്രിയായപ്പോൾ അയാൾ ഒരു പാട്ടുകേട്ടു. അടുത്തെവിടെയോ താമസിക്കുന്ന ആരെങ്കിലും പാടുകയാണ്; അതായിരുന്നു അയാളുടെ വിചാരം. എന്നാൽ അതൊരു സാധാരണ ഗാനമായിരുന്നില്ല.

ഏതായാലും ചെന്നു നോക്കാൻ തന്നെ കൂനൻ തീരുമാനിച്ചു. കുറെ ചെന്നപ്പോൾ ഒരു കാഴ്ച കണ്ട് അയാൾ അത്ഭുതപ്പെട്ടുപോയി. തീക്കുണ്ഠത്തിനു ചുറ്റും പാട്ടുപാടി നൃത്തം ചെയ്യുകയാണ്, മനുഷ്യരല്ല; പിന്നെയോ? ആറ് വനദേവതമാർ.

ഇതായിരുന്നു അവരുടെ പാട്ട്.

തിങ്കൾ, ചൊവ്വ, ബുധൻ – മൂന്ന്.
തിങ്കൾ, ചൊവ്വ, ബുധൻ – മൂന്ന്

ഈ വരികൾ അവർ ആവർത്തിച്ചു കൊണ്ടേയിരുന്നു മറ്റൊരു പാട്ടും അവർക്കറിയില്ലെന്നു തോന്നി. കുറെ നേരം കേട്ടു കഴിഞ്ഞപ്പോൾ നല്ലവനായ കൂനൻ അവരുടെയടുത്തേക്ക് ചെന്നു. അയാളെ കണ്ടയുടനെ അവർ പാട്ടു നിർത്തി.

“എന്തിനാണ് മനുഷ്യാ, നീ ഞങ്ങളെ ഉപദ്രവിക്കുന്നത്,” അവർ ചോദിച്ചു.
“ഞാൻ പാടുന്നതു പോലെ പാടിയാൽ നിങ്ങളുടെ പാട്ട് കൂടുതൽ നന്നാവും,” മരംവെട്ടുകാരൻ പറഞ്ഞു. എന്നിട്ട് അയാൾ പാടി…

തിങ്കൾ, ചൊവ്വ, ബുധൻ – മൂന്ന്
വ്യാഴം, വെള്ളി, ശനി – ആറ്

എത്ര നല്ല പാട്ട്! വനദേവതമാർ സന്തോഷം കൊണ്ട് മതിമറന്നു. അപ്പോഴാണ് അവർ കണ്ടത് – നല്ലവനായ ആ മരംവെട്ടുകാരൻ ഒരു കൂനനാണ്. അവരുടനെ അയാളോട് നിലത്ത് കമിഴ്ന്നു കിടക്കാൻ പറഞ്ഞു. എന്നിട്ട് മാന്ത്രികവടി കൊണ്ട് അയാളുടെ കൂനിൽ തൊട്ടു ഉടനെ അയാളുടെ കൂന് നിവർന്നു.

പെട്ടെന്ന് ഭൂമികുലുങ്ങാനും പാറകൾ ഉരുണ്ടു വീഴാനും തുടങ്ങി.

”പിശാചുക്കൾ വരികയാണ്” വനദേവതമാർ വിളിച്ചു പറഞ്ഞു. “വേഗം ആ മരത്തിൽ കയറി ഒളിക്കു- അല്ലെങ്കിൽ അവർ നിങ്ങളെ കൊന്നു തിന്നും,” എന്ന് പറഞ്ഞ് ആറു വനദേവതമാരും അപ്രത്യക്ഷരായി.

ഞൊടിയിടകൊണ്ട് നമ്മുടെ മരംവെട്ടുകാരൻ മരത്തിൽ വലിഞ്ഞുകയറി. ഇലകൾക്കിടയിൽ അയാൾ ഒളിക്കേണ്ട താമസം, മൂന്ന് പിശാചുകൾ അവിടെ പ്രത്യക്ഷപ്പെട്ടു.

“കഴിഞ്ഞ വർഷം നിങ്ങൾ എന്തൊക്കെ ക്രൂരകൃത്യങ്ങളാണ് ചെയ്തത് സുഹൃത്തുക്കളെ? അവർ പരസ്പരം ചോദിച്ചു.

“ഞാൻ ഒരു പട്ടണത്തിൽ ചെന്ന് അവിടെയുള്ളവരെ മുഴുവൻ അന്ധരാക്കി,” ഒന്നാം പിശാച് പറഞ്ഞു.

“ഒന്നാന്തരം, സിഞ്യോർ,” രണ്ടാം പിശാച് കൂട്ടുകാരനെ അഭിനന്ദിച്ചു.

”ഞാനാകട്ടെ വേറൊരു പട്ടണവാസികളെ മുഴുവൻ ഊമകളാക്കി മാറ്റി.”

“ഹാ! ഹാ!” മൂന്നാം പിശാച് പൊട്ടിച്ചിരിച്ചു. “ഞാൻ ഒരു പട്ടണത്തിലുള്ള മുഴുവൻ പേരെയും ബധിരരാക്കുകയാണ് ചെയ്തത്.”

എന്നിട്ട് അവർ വീണ്ടും പരസ്പരം അഭിനന്ദിക്കുകയും ചിരിച്ചു മറിയുകയും ചെയ്തു.

“അതിരിക്കട്ടെ,”ചിരിക്കിടയിൽ ഒന്നാം പിശാച് ചോദിച്ചു, ”അന്ധരായവരെ സുഖപ്പെടുത്തുന്നതെങ്ങനെയെന്ന് അറിയാമോ?”

“അറിയില്ല, സിഞ്യോർ” മറ്റേ പിശാചുക്കൾ പറഞ്ഞു.

” അത് വളരെ എളുപ്പമാണ്,” ഒന്നാം പിശാച് പറഞ്ഞു. മഞ്ഞുകാലത്തെ ആദ്യദിവസങ്ങളിൽ പുൽനാമ്പുകളിലുള്ള മഞ്ഞു തുള്ളികൾ അവരുടെ കണ്ണിൽ പുരട്ടിക്കൊടുത്താൽ മതി; അവരുടെ കാഴ്ച തിരിച്ചു കിട്ടും.”

” അതിലും എളുപ്പമാണ് മിണ്ടാനാകാത്തവരെ പഴയപടിയാക്കുന്നത്,” രണ്ടാംപിശാച് പറഞ്ഞു.

“വയലുകളിൽ കാണുന്ന നാവിന്‍റെ ആകൃതിയുള്ള പൂക്കൾ ഭക്ഷിച്ചാൽ മതി, അവർ വീണ്ടും സംസാരിക്കാൻ തുടങ്ങും.”

“ബധിരരെ സുഖപ്പെടുത്തുന്നതാണ് ഏറ്റവും എളുപ്പം,” മൂന്നാംപിശാച് പറഞ്ഞു.

”മണിയുടെ ആകൃതിയിലുള്ള മലയിലേക്ക് അവരെ കൊണ്ടു പോവുക: എന്നിട്ട് ഒരു പാറയിൽ ചുറ്റിക കൊണ്ടടിക്കുക. ആ ശബ്ദം ചെവിയിൽ പതിച്ചാലുടനെ അവർക്ക് കേൾവിശക്തി തിരിച്ചു കിട്ടും.”

ഇക്കാര്യം ആരോടുo പറഞ്ഞുപോകരുതെന്നും കൂടുതൽ മികച്ച ക്രൂരകൃത്യങ്ങൾ ചെയ്തിട്ട് അടുത്തവർഷം ഇതേസമയം ഒത്തുകൂടണമെന്നും തീർച്ചപ്പെടുത്തിയിട്ട് പിശാചുക്കൾ അപ്രത്യക്ഷരായി.jayakrishnan, childrens stories, iemalayalam

അപ്പോഴേക്കും നേരം വെളുക്കാറായിരുന്നു മരംവെട്ടുകാരൻ പതുക്കെ മരത്തിൽനിന്ന് താഴെയിറങ്ങി.

“വനദേവതമാർ എനിക്ക് നന്മ ചെയ്ത സ്ഥിതിക്ക് ഞാനും ആർക്കെങ്കിലും നന്മ ചെയ്തേ തീരൂ.” അയാൾ സ്വയം പറഞ്ഞു.

മഞ്ഞുകാലം തുടങ്ങാൻ ഇനിയും സമയമുണ്ടായിരുന്നതുകൊണ്ട് ആദ്യം ബധിരരുടെ പട്ടണത്തിൽ പോകാൻ അയാൾ തീരുമാനിച്ചു. എത്തിയയുടനെ അവിടെയുള്ളവരെ അയാൾ മണിയുടെ ആകൃതിയിലുള്ള മലയിലേക്കു കൊണ്ടുപോയി.

ചുറ്റിക കൊണ്ട് പാറയിലടിച്ചപ്പോള്‍ അവർക്കെല്ലാം കേൾവി തിരിച്ചു കിട്ടി. സന്തോഷംകൊണ്ട് മതിമറന്ന പട്ടണവാസികൾ മരം വെട്ടുകാരന് ഒരു പാട് സ്വർണ്ണനാണയങ്ങൾ സമ്മാനമായി നൽകി.

ഊമകളുടെ പട്ടണത്തിലേക്കാണ് പിന്നീടയാൾ പോയത്. നാവിന്‍റെ ആകൃതിയുള്ള പൂക്കൾ തിന്നപ്പോൾ അവരും സുഖം പ്രാപിച്ചു. അവിടെ നിന്നും അയാൾക്ക് ധാരാളം സമ്മാനങ്ങൾ ലഭിച്ചു.

അപ്പോഴേക്കും മഞ്ഞുകാലം തുടങ്ങാറായിരുന്നു. അന്ധരുടെ പട്ടണത്തിൽ ചെന്ന് അയാൾ മഞ്ഞുതുള്ളികൾ അവരുടെ കണ്ണിലിറ്റിച്ചു. കാഴ്ച തിരിച്ചു കിട്ടിയവരുടെ ആഹ്ലാദം പറയേണ്ടതില്ലല്ലോ. വിലപിടിച്ച അനേകം സാധനങ്ങൾ അവരും വാരിക്കോരിക്കൊടുത്തു.
സമ്മാനങ്ങളുമായി മരംവെടുകാരൻ സുഹൃത്തിന്റെയടുത്ത് തിരിച്ചെത്തി.

കൈയിലെ കാശെല്ലാം തീർന്ന് പട്ടിണിയിലായിരുന്നു ദുഷ്ടനായ കൂനൻ. അയാൾ മരം വെട്ടുകാരനെ ചീത്തവിളിക്കാൻ തുടങ്ങി. അപ്പോഴാണ് അയാൾ മരംവെട്ടുകാരന് കൂനില്ലെന്നു കണ്ടത്. അത്ഭുതംകൊണ്ട് അയാൾക്ക് കുറെനേരം മിണ്ടാനേ കഴിഞ്ഞില്ല.

“ഇതെങ്ങനെ സംഭവിച്ചു?” ഒടുവിൽ അയാൾ ചോദിച്ചു. മരംവെട്ടുകാരൻ കഥ മുഴുവൻ അയാളെ പറഞ്ഞു കേൾപ്പിച്ചു.

“സ്വർണ്ണവും രത്നവുമൊക്കെ അവിടെ നിൽക്കട്ടെ,” ദുരാഗ്രഹം മറച്ചുവെച്ചു കൊണ്ട് ദുഷ്ടനായ കൂനൻ പറഞ്ഞു “എങ്ങനെയും എന്‍റെ കൂന് ഇല്ലാതാക്കണം.”

സഹായിക്കാമെന്ന് മരംവെട്ടുകാരൻ സമ്മതിച്ചു. അങ്ങനെ അടുത്ത വർഷം പിശാചുക്കൾ ഒത്തുകൂടുന്ന ദിവസം സൂര്യനസ്തമിക്കാറായപ്പോൾ ഇരുവരും പഴയ സ്ഥലത്തെത്തി. സുഹൃത്തിനെ മരത്തിൽ കയറ്റിയിരുത്തിയിട്ട് മരംവെട്ടുകാരൻ മടങ്ങിപ്പോയി.

ആദ്യം വന്നത് പക്ഷേ, വനദേവതമാരായിരുന്നില്ല, പിശാചുക്കളായിരുന്നു.

“നിങ്ങളിൽ ആരോ ഒരാൾ എന്നെ വഞ്ചിച്ചു.” ഒന്നാം പിശാച് പറഞ്ഞു “എന്‍റെ കുരുടന്മാർക്കെല്ലാം കാഴ്ച തിരിച്ചുകിട്ടിക്കഴിഞ്ഞു.”

“എന്നെ ഊമകൾ വീണ്ടും സംസാരിക്കാൻ തുടങ്ങി” രണ്ടാം പിശാച് പറഞ്ഞു.

“ഞാൻ കേൾവിശക്തി ഇല്ലാതാക്കിയവർക്കെല്ലാം പഴയതിലും നന്നായി ചെവി കേൾക്കുന്നുണ്ട്,” മൂന്നാം പിശാചും പറഞ്ഞു.

നമ്മൾ പറഞ്ഞതെല്ലാം അപ്പോൾ ആരോ ഒളിഞ്ഞു കേട്ടു,” പിശാചുക്കൾ പറഞ്ഞു.

“നമുക്കവനെ കണ്ടു പിടിക്കണം.”

അപ്പോഴാണ് വനദേവതമാർ പ്രത്യക്ഷപ്പെട്ടത്. പിശാചുക്കളുള്ള കാര്യമറിയാതെ അവർ പാട്ടു പാടി നൃത്തം ചെയ്യാൻ തുടങ്ങി

തിങ്കൾ, ചൊവ്വ, ബുധൻ – മൂന്ന്
വ്യാഴം, വെള്ളി, ശനി – ആറ്

ഇത് കേൾക്കേണ്ട താമസം, മരത്തിലൊളിച്ചിരിക്കുകയായിരുന്ന ദുഷ്ടൻ കൂനൻ വിളിച്ചു പറഞ്ഞു “ഞായർ – ഏഴ്, ഞായർ – ഏഴ്”

മനുഷ്യശബ്ദം കേട്ട് വനദേവതമാരും പിശാചുക്കളും സ്തബ്ലരായി നിന്നു.

“നീ ഞങ്ങളുടെ പാട്ട് നശിപ്പിച്ചു, ” കൂനനെ നോക്കി വിളിച്ചുപറഞ്ഞിട്ട് വനദേവതമാർ അപ്രത്യക്ഷരായി.

പിശാചുക്കളാകട്ടെ നേരം കളയാതെ മരത്തിൽ നിന്നു ദുഷ്ടൻ കൂനനെ വലിച്ചു താഴെയിട്ടു.

“അപ്പോൾ നീയാണല്ലേ ഞങ്ങളെ ചതിച്ചത്,” കൂനനെ വളഞ്ഞിട്ടു തല്ലുന്നതിനിടയിൽ പിശാചുക്കൾ ആക്രോശിച്ചു.

“നിനക്ക് ഞങ്ങൾ നല്ലൊരു സമ്മാനം തരുന്നുണ്ട്.” എന്നിട്ട് അവർ അവന്‍റെ കൂനിനു മുകളിൽ വലിയൊരു മുഴ കൂടി വെച്ചുപിടിപ്പിച്ചു.

 

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ’ എന്ന പുസ്തകത്തിൽ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook