ചുവന്ന ദുർമന്ത്രവാദിയുടെ കഥ
ക്വിച്ചെ വർഗ്ഗക്കാരുടെ ചുവന്ന ദുർമന്ത്രവാദിയെക്കുറിച്ചുള്ള കഥയാണിത്. രാജാവായ ടെക്കൂൺ ഉമാൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ജ്യോത്സ്യന്മാരും മന്ത്രവാദികളും പരസ്പരം പിരിയാൻ തീരുമാനിച്ചു.
രാജാവിന്റെ ജീവൻ കാത്തുസൂക്ഷിക്കാനായില്ലെങ്കിൽപ്പിന്നെ ഒന്നിച്ചു താമസിച്ചിട്ടു കാര്യമില്ല; അതായിരുന്നു അവരുടെ വിചാരം. അങ്ങനെ അവർ മലനിരകളിലേക്കു പലായനംചെയ്തു.
ചുവന്ന ദുർമന്ത്രവാദി തീരുമാനിച്ചത് ചുവാ ക്രിസ്ത്യാലൻ മലയിൽ താമസിക്കാനായിരുന്നു. ആ പ്രദേശത്തു താമസിച്ചിരുന്ന ത്സൂതുഹിൽ വർഗക്കാർ അയാളെ അഹിസ് കോക്സോൽ എന്നു വിളിച്ചു.
അഹിസ് കോക്സോൽ താമസിക്കാൻ തുടങ്ങിയതോടെ ആ മലയുടെ താഴ്വരയിലുള്ള സാൻ ഹോസേ പട്ടണം സമ്പന്നമായിത്തീർന്നു. മലയടിവാരത്തിൽ ചെന്നാൽ ധാരാളം കല്ലുകൾ കാണാം. നിങ്ങൾ അതിലൊരു കല്ല് കൈയിലെടുക്കുക; അതുടനെ സ്വർണമായി മാറിയിട്ടുണ്ടാവും. അങ്ങനെ, ത്സൂതുഹിൽ വർഗക്കാർ ദാരിദ്ര്യമെന്തെന്നറിയാത്തവരായി.
കാര്യമിങ്ങനെയൊക്കെയാണെങ്കിലും ചുവന്ന ദുർമന്ത്രവാദിക്ക് ത്സൂതുഹിൽ വർഗ്ഗക്കാരെ പുച്ഛമായിരുന്നു. ക്വിച്ചെവർഗ്ഗക്കാരനായിരുന്നല്ലോ അയാൾ. മദ്യം കുടിച്ചു കഴിഞ്ഞാൽ അയാൾ കുന്നിന്മുകളിൽ കയറി ത്സൂതുഹിലുകളെ ചീത്ത വിളിക്കും. അവർ ചത്ത മത്സ്യങ്ങളും ചത്ത ഞണ്ടുകളുമാണെന്നാണ് അയാൾ പറയുക.
കുറെനാൾ കഴിഞ്ഞപ്പോൾ പട്ടണത്തിലുള്ളവർക്ക് സഹികെട്ടു . ഇതിനൊരു അറുതി വരുത്തിയേ തീരൂ എന്നായി അവർ. അങ്ങനെ അവിടെയുള്ള ദുർമ്മന്ത്രവാദികളും മൃഗപ്പിശാചുക്കളും പക്ഷിപ്പിശാചുകളും ഒത്തുചേർന്ന് ഒരു തീരുമാനമെടുത്തു.
മൃഗപ്പിശാചുക്കൾ സിംഹങ്ങളുടെയും ജാഗ്വാറുകളുടെയും കയോടികളുടെയും രൂപം ധരിച്ചു, പക്ഷിപ്പിശാചുക്കളാകട്ടെ മൂങ്ങകളായും പ്രാപ്പിടിയന്മാരായും പരുന്തുകളായും രൂപം മാറി. ദുർമന്ത്രവാദികൾ ഒരു പടുകൂറ്റൻ കല്ല് സൃഷ്ടിച്ചു.ഒരു രാത്രി, പതിവുപോലെ മദ്യം കഴിച്ച് ചുവന്ന ദുർമന്ത്രവാദി പട്ടണവാസികളെ ചീത്ത വിളിക്കാൻ തുടങ്ങിയയുടനെ പക്ഷിപ്പിശാചുക്കൾ പറന്നു ചെന്ന് അയാളെ റാഞ്ചിക്കൊണ്ടുവന്നു. അവരയാളെ മലയടിവാരത്തിൽ കൊണ്ടു വന്നിട്ടു . ഉടനെ മൃഗപ്പിശാചുക്കൾ കൂറ്റൻകല്ല് അയാളുടെ നേർക്ക് ഉരുട്ടി.
കല്ല് ഉരുണ്ടു വരുന്നതുകണ്ട് ചുവന്ന മന്ത്രവാദി മന്ത്രം ചൊല്ലി
”ഉരുളും കല്ലേ, ഉരുളൻ കല്ലേ,
എന്റെ മേൽ വീഴാതെ മാറിപ്പോ.”
ഉരുളൻ കല്ല് ദുർമന്ത്രവാദിയുടെ ദേഹത്ത് വീഴാതെ മറ്റൊരു വഴിക്ക് ഉരുണ്ടുപോയി. ഉടനെ മൃഗപ്പിശാചുക്കൾ അയാളെ ആക്രമിച്ചു. പക്ഷേ, അതിശക്തനായ ചുവന്ന ദുർമന്ത്രവാദിയെ കൊല്ലാൻ അവർക്കും സാധിച്ചില്ല. ഇങ്ങനെ അവർ പല തവണ അയാളെ വധിക്കാൻ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല.
എന്നാൽ കൂടെക്കൂടെയുണ്ടായ ആക്രമണങ്ങൾ കാരണം ചുവന്ന ദുർമന്ത്രവാദി അവശനായിത്തീർന്നു. ഒടുവിൽ അയാൾ അവിടം വിട്ടുപോകാൻ തീരുമാനിച്ചു. പക്ഷേ പോകുന്നതിനു മുമ്പ് ചുവന്ന ദുർമന്ത്രവാദി സാൻ ഹോസെ പട്ടണവാസികളെ ശപിച്ചു. അവർ ദരിദ്രരായിത്തീരട്ടെ എന്ന്. എന്നിട്ട് അവിടെയുള്ള സമ്പത്തു മുഴുവൻ സാന്താ ക്ലാരാ പട്ടണത്തിലേക്കു മാറ്റി. അങ്ങനെയാണ് സാൻ ഹോസെ പട്ടണവാസികൾ പട്ടിണിക്കാരായും സാന്താ ക്ലാരായിലുള്ളവർ ധനികരായും മാറിയത്.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ’ എന്ന പുസ്തകത്തിൽ നിന്ന്