മുയലും കറുമ്പനും
നൂറു വർഷം മുമ്പ് നടന്ന കഥയാണിത്. രാജാവിന്റെ മക്കളിൽ ഏറ്റവും ഇളയ രാജകുമാരിയായിരുന്നു സുന്ദരി. മാത്രമല്ല, ആ രാജ്യത്തെ ഏറ്റവും സുന്ദരിയും അവൾ തന്നെയായിരുന്നു. പറഞ്ഞിട്ടെന്തു ഫലം? ഏറ്റവും പാവപ്പെട്ടവനെ വിവാഹം കഴിക്കാനായിരുന്നു അവൾക്ക് താത്പര്യം.
രാജാവും രാജ്ഞിയും മറ്റുള്ളവരും ഒരുപാടെതിർത്തു നോക്കി. അവൾ ആരു പറഞ്ഞതും ചെവിക്കൊണ്ടില്ല. അങ്ങനെ ഒരു ദിവസം ഏറ്റവും പാവപ്പെട്ടവന്റെ കൂടെ അവൾ കൊട്ടാരത്തിൽ നിന്നിറങ്ങിപ്പോയി.
പക്ഷേ, രാജാവ് തങ്ങളെ ഉപദ്രവിക്കുമോ എന്ന് അവർക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ട് അവർ രാജ്യം വിടാൻ തീരുമാനിച്ചു. ഏറെ ദൂരെയുള്ള ഒരിടത്തു ചെന്ന് അവർ താമസം തുടങ്ങി.
ഭർത്താവ് എന്നും ജോലി തേടി പോകും. ഭാര്യ വീട്ടുകാര്യങ്ങൾ നോക്കും. പക്ഷേ, കഷ്ടിച്ച് കഴിഞ്ഞു കൂടാനുള്ള വക മാത്രമേ അവർക്ക് സമ്പാദിക്കാൻ കഴിഞ്ഞുള്ളൂ. രാജകീയസുഖങ്ങളുപേക്ഷിച്ച് ഒരു പട്ടിണിക്കാരന്റെ കൂടെ നാടുവിട്ടതിൽ രാജകുമാരിക്ക് വിഷമം തോന്നാൻ തുടങ്ങി.
അങ്ങനെയിരിക്കെ ഒരു ദിവസം ഭർത്താവ് ഭാര്യയോടു പറഞ്ഞു ”ഇവിടെയിപ്പോൾ ജോലിയൊന്നുമില്ല; നാളെ ഞാൻ മലമുകളിലേക്കു പോകുന്നു. അവിടെ എന്തെങ്കിലും ജോലി കിട്ടാതിരിക്കില്ല.”
അങ്ങനെ ഭർത്താവ് പിറ്റേദിവസം മല കയറി. മുകളിൽ അയാളൊരു വീടു കണ്ടു. വാതിലിൽ മുട്ടിയെങ്കിലും ആരും വന്നില്ല. അയാൾ വീടിന്റെ പിന്നിലേക്കു ചെന്നു. അവിടെ വലിയൊരു തോട്ടമുണ്ടായിരുന്നു; നിറയെ പഴങ്ങളും പച്ചക്കറികളും. അയാൾ കുറെ പറിച്ചു തിന്നു. പിന്നെ ഒരു ചാക്കു നിറയെ പഴങ്ങളും പച്ചക്കറികളുമായി വീട്ടിലേക്കു മടങ്ങി. അയാളുടെ ഭാര്യയ്ക്ക് സന്തോഷമായെന്ന് പറയേണ്ടല്ലോ.
അടുത്ത ദിവസവും അയാൾ മലമുകളിൽ ചെന്ന് പഴങ്ങളും പച്ചക്കറികളുമായി വന്നു. ” ഇത്രയും നല്ല പഴങ്ങളും മറ്റും കൊട്ടാരത്തിൽപ്പോലും ഞാൻ കണ്ടിട്ടില്ല,” ഭാര്യ പറഞ്ഞു.
”നാളെ ഞാനും നിങ്ങളുടെ കൂടെ വരാം. ഒരു ചാക്ക് പഴങ്ങളും പച്ചക്കറികളും കൂടിയുണ്ടെങ്കിൽ നമുക്കത് ചന്തയിൽ കൊണ്ടുപോയി വിൽക്കാം.”
മൂന്നാമത്തെ ദിവസം അങ്ങനെ അവരൊരുമിച്ചു പോയി. പക്ഷേ, പഴങ്ങൾ പറിക്കാൻ തുടങ്ങിയപ്പോഴേക്കും വീടിന്റെ വാതിൽ തുറന്നു: അകത്തുനിന്ന് ഇറങ്ങി വരികയാണ് ഭീമാകാരനായ ഒരു കറുത്ത മനുഷ്യൻ!
സമയം കളയാതെ കറുമ്പൻ അവർക്കു നേരെ കുതിച്ചു. ഭാര്യയും ഭർത്താവും അയാളുടെ പിടിലായി. രക്ഷയ്ക്കായി അവർ വാവിട്ടു കരഞ്ഞു.
“നിന്നെ ഞാൻ വിട്ടയയ്ക്കാം,” ഭർത്താവിനോട് കറുമ്പൻ പറഞ്ഞു. “പക്ഷേ ഇവളിവിടെ നിൽക്കട്ടെ. വീട്ടുജോലികൾ ചെയ്യാൻ എനിക്ക് ഒരുത്തിയെ ആവശ്യമുണ്ട്.”
അതിശക്തനായിരുന്നു കറുമ്പൻ. അയാളെ എതിർത്തു തോൽപ്പിക്കാനാവില്ലെന്ന് തീർച്ചയാണ്. അതുകൊണ്ട് ഭർത്താവ് കരഞ്ഞുകൊണ്ട് കുന്നിറങ്ങി. പട്ടണത്തിൽച്ചെന്ന് അയാൾ പലരോടും സഹായമഭ്യർത്ഥിച്ചു. ആരും അയാളുടെ കരച്ചിൽ ചെവിക്കൊണ്ടില്ല.
അന്ന് മൃഗങ്ങൾ മനുഷ്യരോട് സംസാരിക്കുമായിരുന്നു. ആരും തന്നോട് ദയ കാണിക്കാത്തതിനാൽ മൃഗങ്ങളോട് സഹായത്തിനപേക്ഷിക്കാൻ ഭർത്താവ് തീരുമാനിച്ചു.
ആദ്യം അയാൾ ചെന്നു കണ്ടത് സിംഹത്തിനെ ആയിരുന്നു.
സിംഹം അയാളെ സഹായിക്കാമെന്നേറ്റു. അവർ രണ്ടു പേരുംകൂടി മലമുകളിലേക്കു പുറപ്പെട്ടു.
അവർ വീടിന്റെ വാതിലിൽ മുട്ടി. കറുമ്പൻ വാതിൽ തുറന്നു. സിംഹത്തെ കണ്ടയുടനെ അവനൊരു വെട്ടുകത്തിയെടുത്ത് അതിന്റെ തലയിൽ ആഞ്ഞു വെട്ടി . പാവം സിംഹം ചോരയൊലിപ്പിച്ചു കൊണ്ട് തിരിഞ്ഞോടി. കൂടെ ഭർത്താവും.
പിന്നെ അയാൾ പോയിക്കണ്ടത് ജാഗ്വാറിനെയായിരുന്നു. വീണ്ടും പഴയതൊക്കെ ആവർത്തിച്ചു. ജാഗ്വാറിനെ കണ്ട കറുമ്പൻ വെട്ടുകത്തികൊണ്ട് രണ്ടു തവണ വെട്ടി. ജാഗ്വാറും ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടു.
നേരിട്ടുള്ള യുദ്ധം കൊണ്ട് കറുമ്പനെ തോൽപ്പിക്കാനാവില്ലെന്നു മനസ്സിലായപ്പോൾ ഭർത്താവ് പാമ്പിനെ സമീപിച്ചു.
പാമ്പു പറഞ്ഞു “പാമ്പുകളെ കാണേണ്ട താമസം, നിങ്ങൾ മനുഷ്യർ അടിച്ചു കൊല്ലും. എന്നിട്ടിപ്പോൾ നീയിതാ എന്റെയടുത്ത് സഹായം ചോദിച്ചു വന്നിരിക്കുന്നു. ഏതായാലും ഞാൻ നിന്റെ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കാം.”
പാമ്പ് രാത്രി കറുമ്പന്റെ വീട്ടിലേക്ക് ഇഴഞ്ഞു കയറി. എന്നിട്ട് അവനെ ശ്വാസം മുട്ടിച്ചു കൊല്ലാൻ വേണ്ടി തന്റെ വാൽകൊണ്ട് അവന്റെ മൂക്കടച്ചു പിടിച്ചു. പക്ഷേ കറുമ്പൻ പാമ്പിനെ നിലത്തേക്കു വലിച്ചെറിഞ്ഞ് വെട്ടുകത്തി കൊണ്ട് വെട്ടി. ഭാഗ്യം കൊണ്ടു മാത്രമാണ് പാമ്പ് ചാകാതെ രക്ഷപ്പെട്ടത്.
ബുദ്ധികൊണ്ടേ കറുമ്പനെ തോൽപ്പിക്കാനാവൂ എന്ന് ഭർത്താവിനു മനസ്സിലായി. അതുകൊണ്ട്അയാൾ ബുദ്ധിമാനായ മുയലിനെ കാണാൻ പോയി.
“സെഞ്യോർ മുയലേ, സുപ്രഭാതം!”
”നീയിപ്പോൾ എന്നെ സെഞ്യോർ എന്നു വിളിക്കുന്നു, സുപ്രഭാതം പറയുന്നു. അതെല്ലാം നിന്റെ കാര്യം സാധിക്കാനാണെന്ന് വ്യക്തം. അല്ലെങ്കിൽ നിങ്ങൾ നട്ട ചെടികളുടെ ഒരില കടിച്ചാലുടനെ, ഞങ്ങളെ നിങ്ങൾ കൊന്നുതിന്നും. അതെന്തെങ്കിലുമാകട്ടെ ഞാൻ നിന്നെ സഹായിക്കാം. അതിനു വേണ്ടി നീ കുറേയേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.”
മുയൽ പറഞ്ഞതനുസരിച്ച് ഭർത്താവ് കറുമ്പന്റെ വീടു മുതൽ മലയടിവാരം വരെയെത്തുന്ന ഒരു തുരങ്കമുണ്ടാക്കി. തുരങ്കത്തിന്റെ ഇരുവശങ്ങളിലായി പുറത്തു കടക്കാൻ പന്ത്രണ്ട് വാതിലുകളുമുണ്ടായിരുന്നു.
പിന്നെ ബുദ്ധിമാനായ മുയൽ ഒരു വടിയുമായി ഉറങ്ങിക്കിടക്കുന്ന കറുമ്പന്റെയടുത്തെത്തി. വടികൊണ്ട് കറുമ്പന്റെ തലയ്ക്കടിച്ചിട്ട് അവൻ പിന്തിരിഞ്ഞോടി. വെട്ടുകത്തിയുമായി കറുമ്പൻ പുറകെയും.
തുരങ്കത്തിലേക്ക് ഓടിക്കയറിയ മുയൽ പന്ത്രണ്ടു വാതിലുകളിലൊന്നിലൂടെ പുറത്തുകടന്നു. കറുമ്പൻ വാതിലിലൂടെ തലപുറത്തേക്കിട്ടയുടനെ മുയൽ വീണ്ടും അവന്റെ തലയ്ക്കടിച്ചു. എന്നിട്ട് അടുത്ത വാതിലിലൂടെ അകത്തു കയറി. ഓട്ടവും അടിയും കുറേനേരം തുടർന്നപ്പോൾ കറുമ്പൻ തളർന്നുവീണു.
മുയൽ പിന്നെ സമയം കളഞ്ഞില്ല; വെട്ടുകത്തികൊണ്ട് കറുമ്പന്റെ തലയറുത്തു.
ഭർത്താവും മുയലും കൂടി വേഗം കറുമ്പന്റെ വീട്ടിന്നകത്തു കയറി. ഒരു മുറിക്കുള്ളിൽ പൂട്ടിയിട്ടിരുന്ന ഭാര്യയെ അവർ മോചിപ്പിച്ചു.
അങ്ങനെ കറുമ്പന്റെ വീടും തോട്ടവും അവർക്കു കിട്ടി. ബുദ്ധിമാനായ മുയലിനോ? അവന് എന്നും അവർ പന്ത്രണ്ട് ക്യാരറ്റുകളും പന്ത്രണ്ട് ബീറ്റ്റൂട്ടുകളും പന്ത്രണ്ട് പഴങ്ങളും തിന്നാൻ കൊടുത്തു.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ’ എന്ന പുസ്തകത്തിൽ നിന്ന്