അർമദീയോ പാടാൻ പഠിച്ചതെങ്ങനെ?

ഒരിടത്ത് സംഗീതത്തെ ജീവനേക്കാൾ സ്നേഹിച്ച ഒരു *അർമദീയോ ഉണ്ടായിരുന്നു. മഴ പെയ്യാൻ തുടങ്ങുമ്പോൾ കുളത്തിലെ പച്ചത്തവളകൾ പാട്ടുപാടാൻ തുടങ്ങും. അപ്പോൾ, അർമദീയോ തന്റെ കട്ടിയുള്ള പുറന്തോടും വലിച്ചിഴച്ച് അടുത്തുചെന്ന് കൊതിയോടെ തവളകളുടെ പാട്ട് കേട്ടുനിൽക്കും – അത് കഴിയുവോളം.

“എന്നെയും പാട്ടു പഠിപ്പിക്കാമോ?” അവൻ തവളകളോടു ചോദിച്ചു. ”എന്തൊരു വിഡ്ഢി” തവളകൾ ആർത്തു ചിരിച്ചു. “അർമദീയോക്കെങ്ങനെ പാടാൻ കഴിയും?”

ഒരിക്കൽ, ചീവീടുകളുടെ ഒരു കുടുംബം അർമദിയോയുടെ വീടിനടുത്ത് താമസം തുടങ്ങി. അവരുടെ പാട്ടുകേട്ട് അവൻ കൂടുതൽ അത്ഭുതപ്പെട്ടു. രാവും പകലും അവൻ അവരുടെ വീട്ടിനടുത്തു ചെന്ന് പാട്ടുകേട്ട് നിന്നു.

”എനിക്കും ഇതുപോലെ പാടാൻ കഴിഞ്ഞിരുന്നെങ്കിൽ, ”  അവൻ നെടുവീര്‍പ്പിട്ടു.

”എന്തൊരു വിഡ്ഢി” ചീവീടുകൾ ആർത്തു ചിരിച്ചു. “അർമദീയോക്കെങ്ങനെ പാടാൻ കഴിയും?”

ഒരുദിവസം അർമദീയോവിന്റെ വീടിനടുത്തുള്ള വഴിയിലൂടെ ഒരു മനുഷ്യൻ കടന്നുപോയി. നിറയെ കാനറിപ്പക്ഷികളുള്ള ഒരു കൂട് അയാളുടെ കൈവശമുണ്ടായിരുന്നു. അതിനകത്തിരുന്ന് കാനറിപ്പക്ഷികൾ അതിമധുരമായി പാടി. തവളകളുടേതിനേക്കാളും ചീവീടുകളുടേതിനേക്കാളും മനോഹരമായിരുന്നു അവയുടെ പാട്ട്. അർമദീയോവിന്റെ അത്ഭുതത്തിനും സന്തോഷത്തിനും അതിരില്ലായിരുന്നു. പാട്ടു കേട്ടുകൊണ്ട്, തന്റെ കുറിയ കാലുകൾ അനുവദിക്കുന്ന വേഗത്തിൽ അവനാ മനുഷ്യനെ പിന്തുടർന്നു.

“എനിക്ക്”… അർമദീയോ കിതച്ചു, ”എനിക്കും ഇങ്ങനെ പാടാൻ കഴിഞ്ഞിരുന്നെങ്കിൽ…”

”എന്തൊരു വിഡ്ഢി” കാനറിപ്പക്ഷികൾ ആർത്തു ചിലച്ചു: “അർമദീയോക്കെങ്ങനെ പാടാൻ കഴിയും?”

പാവം അർമദീയോവിന് അധികം സമയം ആ മനുഷ്യനെ പിന്തുടരാൻ കഴിഞ്ഞില്ല; നടന്നുനടന്ന് അവൻ തളർന്നുവീണു.
അവൻ വീണത് മഹാമാന്ത്രികന്റെ വീടിന്റെ മുന്നിലായിരുന്നു.

jayakrishnan, children stories, iemalayalamബോധം തെളിഞ്ഞപ്പോൾ അവൻ മഹാമാന്ത്രികനെ ചെന്നുകണ്ടു. മടിച്ചുമടിച്ച് അവൻ അപേക്ഷിച്ചു,  ”മഹാമാന്ത്രികാ, തവളകളെപ്പോലെയും ചീവീടുകളെപ്പോലെയും കാനറിപ്പക്ഷികളെപ്പോലെയും എനിക്ക് പാടാൻ കഴിയണം. എന്റെയീ ആഗ്രഹം സാധിപ്പിച്ചു തരുമോ അങ്ങ്?”

മഹാമാന്ത്രികന് ചിരി വന്നു. അർമദീയോ പാടുന്ന കാര്യം കേട്ടാൽ ആർക്കു തന്നെ ചിരിവരില്ല? പക്ഷേ ആ കൊച്ചു മൃഗം ആത്മാർത്ഥമായാണ് അക്കാര്യം പറഞ്ഞതെന്ന് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു. മഹാമാന്ത്രികൻ നിലംപറ്റെ കുനിഞ്ഞ് അമദീയോവിന്റെ കണ്ണുകളിലേക്ക് നോക്കി.

“അർമാദീയോ, നിന്നെ ഞാൻ പാട്ടുകാരനാക്കാം.” അദ്ദേഹം പറഞ്ഞു. “പക്ഷേ അതിനു നൽകേണ്ടുന്ന വില നിനക്ക് താങ്ങാൻപറ്റിയെന്നു വരില്ല. കാരണം, നിന്റെ ജീവനാണ് അതിനുള്ള വില.”

“മരിച്ചു കഴിഞ്ഞാൽ എനിക്ക് പാടാൻ കഴിയുമെന്നാണോ അങ്ങ് പറഞ്ഞുവരുന്നത്?” അർമദീയോ അത്ഭുതത്തോടെ ചോദിച്ചു.

”അതെ, അർമദീയോ” മഹാമാന്ത്രികൻ പറഞ്ഞു.

”എങ്കിൽ ഞാൻ ഇപ്പോൾ തന്നെ മരിച്ചോളാം,” അർമദീയോ പറഞ്ഞു. “പാട്ടുകാരനാകാൻ വേണ്ടി എന്തുചെയ്യാനും ഞാനൊരുക്കമാണ്.”

പിന്തിരിപ്പിക്കാൻ മഹാമാന്ത്രികൻ ആവുന്നത്ര ശ്രമിച്ചു. പക്ഷേ, അർമദീയോവിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അദ്ദേഹം തോറ്റുപോയി. അങ്ങനെ ഒടുവിൽ മഹാമാന്ത്രികൻ അർമദീയോയെ കൊന്നു. എന്നിട്ട് അതിന്റെ തോടുകൊണ്ട് അത്ഭുതകരമായ ഒരു സംഗീതോപകരണമുണ്ടാക്കി.

അന്നാട്ടിൽ വലിയൊരു സംഗീതജ്ഞനുണ്ടായിരുന്നു. മഹാമാന്ത്രികൻ ആ സംഗീതോപകരണം അദ്ദേഹത്തിന് സമ്മാനിച്ചു. സംഗീതജ്ഞൻ അതു വായിക്കുമ്പോൾ പുറത്തു വരുന്ന സംഗീതം പറഞ്ഞറിയിക്കാനാവുന്നതല്ല.

ചില സമയത്ത് അദ്ദേഹം തന്റെ സംഗീതോപകരണവുമായി കുളക്കരയിലേക്കു പോകും; എന്നിട്ട് അവിടെയിരുന്ന് അത് മീട്ടും…

“എന്തൊരത്ഭുതം!” കുളത്തിൽ താമസിക്കുന്ന തവളകൾ പറഞ്ഞു, ”നമ്മുടെ അർമദീയോ പാടാൻ പഠിച്ചു!”

മറ്റുചിലപ്പോൾ സംഗീതജ്ഞൻ പോയിരിക്കുക ചീവീടുകളുടെ വീടിനടുത്തായിരിക്കും. “എന്തൊരത്ഭുതം!” സംഗീതം കേട്ട് ചീവീടുകൾ പറഞ്ഞു. ”നമ്മുടെ അർമദീയോ പാടാൻ പഠിച്ചു!”

ചിലദിവസങ്ങളിൽ സംഗീതജ്ഞൻ കാനറിപ്പക്ഷികളുടെ ഉടമയുടെയടുത്താവും പോവുക. അദ്ദേഹത്തിന്റെ കൂട്ടുകാരനായിരുന്നു അയാൾ. അവിടെയിരുന്ന് അദ്ദേഹം തന്റെ അത്ഭുതസംഗീതോപകരണം വായിക്കും.

“എന്തൊരത്ഭുതം!” കൂട്ടിലിരുന്ന് കാനറികൾ പറഞ്ഞു, ”നമ്മുടെ അർമദീയോ പാടാൻ പഠിച്ചു!”

അങ്ങനെ ഒടുവിൽ അർമദീയോ പാട്ടുകാരനായിത്തീർന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ സ്വരം അവന്റേതായിരുന്നു താനും. പക്ഷേ എല്ലാ വലിയ കലാകാരന്മാരേയും പോലെ തന്റെ കലയ്ക്കു വേണ്ടി അവനും വലിയൊരു വില കൊടുക്കേണ്ടി വന്നു. സ്വന്തം ജീവിതം.

*അർമദീയോ (Armadillo)- ഈനാംപേച്ചിയെ പോലുള്ള ഒരു ജീവി
(ബ്രസീൽ)

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ’ എന്ന പുസ്തകത്തിൽ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook