scorecardresearch

ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ-15

വാൽനക്ഷത്രം ഉണ്ടായതും മായന്‍ സ്ത്രീകൾ മൃഗങ്ങളുമായി സംസാരിക്കാതായതെന്തുകൊണ്ടെന്നും എൽസാൽവദോറില്‍ നിന്നുള്ള ഈ കഥ പറഞ്ഞു തരും

വാൽനക്ഷത്രം ഉണ്ടായതും മായന്‍ സ്ത്രീകൾ മൃഗങ്ങളുമായി സംസാരിക്കാതായതെന്തുകൊണ്ടെന്നും എൽസാൽവദോറില്‍ നിന്നുള്ള ഈ കഥ പറഞ്ഞു തരും

author-image
Jayakrishnan
New Update
jayakrishnan, childrens stories, iemalayalam

സെബാസ്ത്യാനയുടെ കഥ

സെബാസ്ത്യാന എന്നായിരുന്നു അവളുടെ പേര്. ചെറുപ്പം മുതലേ കുഴിമടിച്ചിയായിരുന്നു അവൾ. മാതാപിതാക്കൾ വേണ്ടവിധത്തിൽ ഉപദേശിക്കാത്തതുകൊണ്ടാണ് അവൾ അങ്ങനെയായിപ്പോയതെന്നായിരുന്നു നാട്ടുകാരുടെ അഭിപ്രായം.

Advertisment

വലുതായപ്പോൾ അവൾ വിവാഹം കഴിച്ചു. ഇസ്കുക് എന്നായിരുന്നു ഭർത്താവിന്റെ പേര്. വിവാഹം കഴിഞ്ഞതോടെ അവൾ ഒന്നുകൂടി ബുദ്ധിമുട്ടിലായി. ഇപ്പോൾ അവൾക്ക് സ്വന്തം കാര്യം മാത്രം നോക്കിയാൽപ്പോരാ, ഭർത്താവിന്റെ കാര്യം കൂടി നോക്കണമല്ലോ.

അയാൾക്ക് ആഹാരമുണ്ടാക്കിക്കൊടുക്കണം, അയാളുടെ വസ്ത്രം കഴുകണം; അങ്ങനെയൊക്കെ. ഒരു പണിയും ചെയ്യാതെ ദിവസം മുഴുവനും കിടന്നുറങ്ങിയിരുന്ന അവൾ കെണിയിൽപ്പെട്ടതു പോലെയായി.

അതിലും വലിയ കുരുക്കിലായിരുന്നു ഇസ്കുക് ചെന്നുപെട്ടത്. കഠിനാധ്വാനിയായിരുന്നു അയാൾ. പകലന്തിയോളം പണിയെടുത്ത് അയാൾ ചോളവും ബീൻസും വിളയിച്ചു. പക്ഷേ മഹാമടിച്ചിയായ ഭാര്യ അയാളുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകളഞ്ഞു. ശാസിച്ചിട്ടും ഉപദേശിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല.

Advertisment

അങ്ങനെയിരിക്കെ അവർക്കൊരു കുഞ്ഞു ജനിച്ചു. അതോടെ സെബാസ്ത്യാനയ്ക്ക് ഭ്രാന്തു പിടിച്ചപോലെയായി. ഇനി കുഞ്ഞിന്റെ കാര്യം കൂടി നോക്കണമല്ലോ അവൾക്ക്. പാവം ഇസ്കുക്; അയാളുടെ എല്ലാ സമാധാനവും നഷ്ടപ്പെട്ടു.

അങ്ങനെയിരിക്കെ ഒരുദിവസം ഒരു നായ വിശന്നുവലഞ്ഞ് അവിടെയെത്തി. തിന്നാൻ ഒരു തൊർത്തിയയെങ്കിലും കിട്ടുമെന്ന വിശ്വാസത്തോടെ അത് അടുക്കളപ്പുറത്ത് ചുറ്റിപ്പറ്റി നിന്നു. ഭക്ഷണമുണ്ടാക്കണമല്ലോ എന്നോർത്ത് ദേഷ്യം പിടിച്ചിരിക്കുകയായിരുന്ന സെബാസ്ത്യാനയ്ക്ക് നായയെ കണ്ട് കലി കയറി.

''നിനക്കൊക്കെ എന്തു സുഖമാണ്!" അവൾ അതിന്റെ നേരേ ഒച്ചവെച്ചു. "വല്ലവരും വെച്ചുണ്ടാക്കിത്തരുന്നതും തിന്ന് തെണ്ടി നടന്നാൽ മതിയല്ലോ. വെറുതെ നിൽക്കാതെ ഈ ചോളം പൊടിക്കാനെങ്കിലും നിനക്ക് കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു."

അവൾ പട്ടിയെ കല്ലെറിഞ്ഞോടിച്ചു. എന്നിട്ട് വെള്ളമെടുക്കാൻ വേണ്ടി പുഴയിലേക്കു പോയി.

ഏറുകൊണ്ട് പട്ടിയ്ക്ക് സങ്കടവും ദേഷ്യവും വന്നു. "എനിക്ക് മനുഷ്യരെപ്പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, മനുഷ്യരെപ്പോലെ കൈയും കാലും ചലിപ്പിക്കാനായിരുന്നെങ്കിൽ," അത് മനസ്സിൽ പറഞ്ഞു. "എങ്കിൽ ഞാനിതിന് പകരം വീട്ടിയേനേ."

പട്ടി മനസ്സിൽ പറഞ്ഞത് ദുർദേവതയായ ഇസ്ബാൽബേ കേൾക്കുന്നുണ്ടായിരുന്നു. അവൾ പട്ടിയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ''ആഗ്രഹിച്ചതെല്ലാം നിനക്കു ലഭിക്കും. ഇവരോട് പകരം വീട്ടാൻ നിന്നെ ഞാൻ സഹായിക്കുകയും ചെയ്യും."

അടുത്ത നിമിഷത്തിൽ പട്ടിയുടെ കൈകളും കാലുകളും മനുഷ്യരുടേതു പോലെ ആയിത്തീർന്നു. ''ഇനി നീ ഞാൻ പറയുന്നതുപോലെ ചെയ്യണം," ഇസ്ബാൽബേ ആവശ്യപ്പെട്ടു.jayakrishnan, childrens stories, iemalayalam

" ചെയ്യാം," പട്ടി മനുഷ്യശബ്ദത്തിൽ പറഞ്ഞു.

"ആദ്യം അടുപ്പിൽ തീ കത്തിയ്ക്ക്," ഇസ്ബാൽബേ പറഞ്ഞു.

നായ തീ കത്തിച്ചു.

"ഇനി വലിയ പാത്രത്തിൽ വെള്ളമൊഴിച്ച് അടുപ്പത്തു വെയ്ക്ക്."

നായ അങ്ങനെ ചെയ്തു.

''ഉള്ളിയും തക്കാളിയും മല്ലിയിലയും അരിഞ്ഞുവെയ്ക്ക്."

നായ അതും ചെയ്തു.

''അവസാനമായി തൊട്ടിലിൽ നിന്ന് കുട്ടിയെയെടുത്ത് തിളച്ച വെള്ളത്തിലിട്. എന്നിട്ട് കുട്ടിയ്ക്കു പകരം അരകല്ലെടുത്ത് തൊട്ടിലിൽ വെയ്ക്ക്." ഇസ്ബാൽബേ ആജ്ഞാപിച്ചു.

പറഞ്ഞപോലെയെല്ലാം നായ ചെയ്തു. അങ്ങനെ അവർ ഭക്ഷണം തയ്യാറാക്കി. അപ്പോഴേക്കും സെബാസ്ത്യാന വെള്ളവുമായി വന്നു. ഉടനെ ഇസ്ബാൽബേ അപ്രത്യക്ഷയായി.

"ഭക്ഷണം തയ്യാറായിക്കഴിഞ്ഞു." നായ മനുഷ്യഭാഷയിൽ സെബാസ്ത്യാനയോട് പറഞ്ഞു. "കുട്ടിയെ ഞാൻ തൊട്ടിലിൽ കിടത്തി ഉറക്കിയും കഴിഞ്ഞു. ഞാനിനി രാത്രിയിലെ ഭക്ഷണത്തിന് ഇറച്ചി വാങ്ങാൻ ചന്തയിലേക്കു പോവുകയാണ്."

''നീ മനുഷ്യരെപ്പോലെ സംസാരിക്കാനും ജോലിചെയ്യാനും പഠിച്ചെന്നോ?!" സെബാസ്ത്യാന ആശ്ചര്യപ്പെട്ടു.

"നന്നായി . നീ ചന്തയിൽ പൊയ്ക്കോളൂ. പിന്നെ പോകുന്ന വഴിക്ക് നിന്നെപ്പോലെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികളെയോ പൂച്ചകളെയോ കണ്ടാൽ ഇങ്ങോട്ടു കൂട്ടിക്കോളൂ. അവ കൂടി ജോലിയെടുത്താൽപ്പിന്നെ എനിക്കെപ്പോഴും സുഖമായി കിടന്നുറങ്ങാമല്ലോ."

പുറത്തിറങ്ങിയയുടനെ നായയുടെ കാലുകൾ പഴയപടിയായി; സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തു.

സെബാസ്ത്യാനയാകട്ടെ, ആർത്തിയോടെ ഭക്ഷണം കഴിച്ചു. സ്വന്തം കുഞ്ഞിനെയാണ് തിന്നുന്നതെന്ന കാര്യം അവളെങ്ങനെയറിയാനാണ്? വയർ നിറഞ്ഞപ്പോൾ ബാക്കി വന്ന ഭക്ഷണം ഇസ്കുക്കിന് കഴിക്കാൻ വേണ്ടി അടച്ചുവെച്ചിട്ട് അവൾ സുഖമായി കിടന്നുറങ്ങി.

കുട്ടി ഇടയ്ക്കിടെ കരഞ്ഞ് ശല്യപ്പെടുത്താതിരുന്നത് അവളെ കൂടുതൽ സന്തോഷിപ്പിച്ചു.

വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചു വന്ന ഇസ്കുക് കണ്ടത് ഭാര്യ കിടന്നുറങ്ങുന്നതാണ്. അയാളവളെ വിളിച്ചുണർത്തി.

"നീ ഭക്ഷണമുണ്ടാക്കിയോ?" അയാൾ ചോദിച്ചു.

''നല്ല ഒന്നാന്തരം ഭക്ഷണം ഉണ്ടാക്കിവെച്ചിട്ടുണ്ട്. എന്നെ ശല്യപ്പെടുത്താതെ പോയി എടുത്തു കഴിക്ക്."

അതും പറഞ്ഞിട്ട് സെബാസ്ത്യാന തിരിഞ്ഞുകിടന്ന് കൂർക്കംവലിച്ചു.

പാത്രത്തിന്റെ മൂടി പൊക്കിനോക്കിയ ഇസ്കുക് കണ്ടത് ഒരറ്റത്ത് കുട്ടിയുടെ തലകിടക്കുന്നതാണ്. പേടിച്ചുപോയ അയാൾ ഓടിച്ചെന്ന് തൊട്ടിലിൽ നോക്കി. അവിടെയതാ കുട്ടിയ്ക്ക് പകരം അരകല്ല്!

ഇസ്കുക് ഉച്ചത്തിൽ കരഞ്ഞു. കരച്ചിൽ കേട്ട് അയൽക്കാർ ഓടിക്കൂടി. കാര്യമറിഞ്ഞപ്പോൾ അവർ വേഗം ഒരു മന്ത്രവാദിയെ കൊണ്ടുവന്നു. മന്ത്രവാദി ചില മന്ത്രങ്ങൾ ചൊല്ലി. ഉടനെ മരിച്ച കുട്ടി ജീവിച്ചെഴുന്നേറ്റു.

ഭാര്യയുടെ മടിയാണ് എല്ലാത്തിനും കാരണം. അക്കാര്യം ഇസ്കുകിന് തീർച്ചയായി. ഇനിയും അവളെ കൂടെ പൊറുപ്പിച്ചുകൂടാ. അതായിരുന്നു അയാളുടെ നിശ്ചയം. സമയംകളയാതെ അയാളവളെ വീട്ടിൽനിന്ന് പുറത്താക്കി.

സെബാസ്ത്യാന പലയിടത്തും അലഞ്ഞു നടന്നു. ആരും അവളെ അടുപ്പിച്ചില്ല. ഒടുവിൽ അവൾ ആകാശത്തേക്കുയർന്നു. അവളാണ് നമ്മളിന്നു കാണുന്ന വാൽനക്ഷത്രം.

അതിനുശേഷമാണ് മായൻവർഗ്ഗത്തിൽപ്പെട്ട സ്ത്രീകൾ മൃഗങ്ങളുമായി സംസാരിക്കാതായത്.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന 'ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ' എന്ന പുസ്തകത്തിൽ നിന്ന്.

Stories Children

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: