വെള്ളപ്പിടക്കോഴി പുള്ളിപ്പിടക്കോഴിയായതെങ്ങനെ?

വിശപ്പടക്കാൻ പുഴുക്കളെത്തേടി മണ്ണിൽ ചിക്കിച്ചികയുകയായിരുന്നു വെള്ളപ്പിടക്കോഴി. അപ്പോഴാണ് അവളൊരു കടലാസ്കഷണം കണ്ടത്.

”കൊക്കക്കോ, കൊക്കക്കോ, ഇതൊരു എഴുത്താണ്,” വെള്ളപ്പിടക്കോഴി പറഞ്ഞു.  ”ഞാനിത് രാജാവിനു കൊടുക്കാൻ പോകുന്നു.”

കുറെനാൾ മുമ്പ് അടുത്തുള്ള മൈതാനത്ത് രാജാവൊരു സദസ്സ് നടത്തിയിരുന്നു. അന്ന് അനേകം പേർ രാജാവിന് കത്തുകളും നിവേദനങ്ങളും സമർപ്പിക്കുന്നത് വെള്ളപ്പിടക്കോഴി കണ്ടതാണ്. ഇതും അത്തരത്തിലൊരു എഴുത്താണെന്ന് അവൾ കരുതി.

അങ്ങനെ വെളളപ്പിടക്കോഴി രാജധാനിയിലേക്ക് യാത്രതിരിച്ചു. അത്ര ദൂരമൊന്നും അതിനുമുമ്പ് അവൾ യാത്ര ചെയ്തിട്ടില്ല. ഏതായാലും ആ കത്ത് ഒരു സഞ്ചിക്കകത്ത് ഭദ്രമായി വെച്ചുകൊണ്ട് അവൾ നടന്നു.

കുറച്ചുദൂരം ചെന്നപ്പോഴാണ് അവൾ ചങ്ങാതിക്കുറുക്കനെ കണ്ടത്. സാധാരണനിലയ്ക്ക് കുറുക്കനും കോഴിയും കൂട്ടുകാരാവില്ല. പക്ഷേ പണ്ടൊരിക്കൽ വെള്ളപ്പിടക്കോഴി കുറുക്കനെ വേട്ടക്കാർ വെച്ച ഒരു കെണിയിൽനിന്ന് രക്ഷപ്പെടുത്തിയിരുന്നു. അങ്ങനെയാണ് അവർ ചങ്ങാതിമാരായത്.

”വെള്ളപ്പിടക്കോഴീ, വെള്ളപ്പിടക്കോഴീ എങ്ങോട്ടാണ് യാത്ര?”ചങ്ങാതിക്കുറുക്കൻ ചോദിച്ചു.

”കൊക്കക്കോ, കൊക്കക്കോ, ഞാൻ രാജാവിനെ കാണാൻ പോകുന്നു,” വെളളപ്പിടക്കോഴി പറഞ്ഞു.

“ഞാനും വരുന്നുണ്ട് നിന്റെ കൂടെ,'” ചങ്ങാതിക്കുറുക്കൻ പറഞ്ഞു.

“വരുന്നതിൽ കുഴപ്പമില്ല, പക്ഷേ, ഏറെദൂരം നടക്കാനുണ്ട്. അതുകൊണ്ട് നീയീ സഞ്ചിക്കകത്തു കയറിയിരുന്നോളൂ,” വെള്ളപ്പിടക്കോഴി പറഞ്ഞു.

ചങ്ങാതിക്കുറുക്കൻ വേഗം സഞ്ചിക്കകത്തു കയറിയിരുന്നു.
വെള്ളപ്പിടക്കോഴി പിന്നെയും ഏറെദൂരം നടന്നു അപ്പോഴാണ് അവൾ ചങ്ങാതിപ്പുഴയെ കണ്ടുമുട്ടിയത്.

പണ്ടൊരിക്കൽ ഒഴുക്കിൽപ്പെട്ട കുറെ വൃത്തികെട്ട പുഴുക്കളെ പുഴ കരയിലേക്കെറിഞ്ഞു. അവ വീണ്ടും തിരികെ ഇഴഞ്ഞിറങ്ങുമോ എന്ന് പേടിച്ചിരിക്കുമ്പോഴാണ് വെള്ളപ്പിടക്കോഴി പുഴക്കരയിലെത്തിയത്. പുഴുക്കളെ മുഴുവൻ അവൾ കൊത്തിവിഴുങ്ങി. അങ്ങനെ പുഴയും വെള്ളപ്പിടക്കോഴിയും കൂട്ടുകാരായി.

”വെള്ളപ്പിടക്കോഴീ, വെള്ളപ്പിടക്കോഴീ എങ്ങോട്ടാണ് യാത്ര,”ചങ്ങാതിപ്പുഴ ചോദിച്ചു.

”കൊക്കക്കോ, കൊക്കക്കോ, ഞാൻ രാജാവിനെ കാണാൻ പോകുന്നു,” വെളളപ്പിടക്കോഴി പറഞ്ഞു.

“ഞാനും വരുന്നുണ്ട് നിന്റെ കൂടെ,'” ചങ്ങാതിപ്പുഴ പറഞ്ഞു.

“വരുന്നതിൽ കുഴപ്പമില്ല, പക്ഷേ, ഏറെദൂരം നടക്കാനുണ്ട്. അതുകൊണ്ട് നീയീ സഞ്ചിക്കകത്തു കയറിയിരുന്നോളൂ,” വെള്ളപ്പിടക്കോഴി പറഞ്ഞു.

ചങ്ങാതിപ്പുഴയും വേഗം സഞ്ചിക്കകത്തു കയറിയിരുന്നു.

വെള്ളപ്പിടക്കോഴി പിന്നെയും വളരെവളരെ ദൂരം നടന്നു. അപ്പോഴാണ് അവൾ ചങ്ങാതിത്തീയെ കണ്ടുമുട്ടിയത്. പണ്ടൊരിക്കൽ തീ അണയാൻ തുടങ്ങിയപ്പോൾ വെള്ളപ്പിടക്കോടി അതുവഴി വന്നു. അവൾ വേഗം കുറെ ഉണക്കപ്പുല്ലെടുത്ത് തീയിലേക്കിട്ടു. അങ്ങനെ തീ കെടാതെ രക്ഷപ്പെട്ടു. അന്നുമുതൽ വെളളപ്പിടക്കോഴിയും തീയും ചങ്ങാതിമാരായിത്തീർന്നു.

”വെള്ളപ്പിടക്കോഴീ, വെള്ളപ്പിടക്കോഴീ എങ്ങോട്ടാണ് യാത്ര,”ചങ്ങാതിത്തീ ചോദിച്ചു.

”കൊക്കക്കോ, കൊക്കക്കോ, ഞാൻ രാജാവിനെ കാണാൻ പോകുന്നു,” വെളളപ്പിടക്കോഴി പറഞ്ഞു.

“ഞാനും വരുന്നുണ്ട് നിന്റെ കൂടെ,'” ചങ്ങാതിത്തീ പറഞ്ഞു.

“വരുന്നതിൽ കുഴപ്പമില്ല, പക്ഷേ, ഏറെദൂരം നടക്കാനുണ്ട്. അതുകൊണ്ട് നീയീ സഞ്ചിക്കകത്തു കയറിയിരുന്നോളൂ,” വെള്ളപ്പിടക്കോഴി പറഞ്ഞു.

ചങ്ങാതിത്തീയും വേഗം സഞ്ചിക്കകത്തു കയറിയിരുന്നു.jayakrishnan, childrens stories, iemalayalam
നടന്നുനടന്നുനടന്ന് വെളളപ്പിടക്കോഴി ഒടുവിൽ കൊട്ടാരത്തിലെത്തി.

“ആരാണു നീ,” കൊട്ടാരം കാവൽക്കാരൻ ചോദിച്ചു. “എന്താണു നിന്റെ സഞ്ചിയിൽ?”

“ഞാനാണു വെള്ളപ്പിടക്കോഴി,” അവൾ മറുപടി പറഞ്ഞു.

”രാജാവിന് സമർപ്പിക്കാൻ കൊണ്ടുവന്ന എഴുത്താണെന്റെ സഞ്ചിയിൽ.”

സഞ്ചിയിൽ ചങ്ങാതിക്കുറുക്കനും ചങ്ങാതിപ്പുഴയും ചങ്ങാതിത്തീയുമുണ്ടെന്ന കാര്യം അവൾ മിണ്ടിയതേയില്ല.

കാവൽക്കാരൻ അവളെ കടത്തിവിട്ടു. അവൾ ദർബാറിലെത്തി. വലിയ സിംഹാസനത്തിൽ ഞെളിഞ്ഞിരിക്കുകയാണ് രാജാവ്. വെളളപ്പിടക്കോഴി പേടിയോടെ താണുവണങ്ങി. എന്നിട്ട് എഴുത്തെടുത്ത് അദ്ദേഹത്തിന്റെ മുന്നിൽ സമർപ്പിച്ചു.

“ആരാണു നീ? എന്തു വേണം,” രാജാവ് മുഴങ്ങുന്ന കനത്ത സ്വരത്തിൽ ചോദിച്ചു.

“കൊക്കക്കോ, കൊക്കക്കോ. ഞാനാണു വെള്ളപ്പിടക്കോഴി” വെള്ളപ്പിടക്കോഴി പേടിയോടെ മറുപടി പറഞ്ഞു.

”അങ്ങയ്ക്ക് സമർപ്പിക്കാൻ ഒരു എഴുത്തും കൊണ്ടുവന്നതാണു ഞാൻ.”

എന്നിട്ട് അവൾ സഞ്ചിയിൽനിന്ന് എഴുത്ത് പുറത്തെടുത്തു. കുറുക്കൻ കിടന്നിടത്ത് കടലാസ്സിൽ അഴുക്കുപുരണ്ടിരുന്നു. പുഴ കിടന്നിടത്ത് കടലാസ്സ് നനഞ്ഞിരുന്നു. തീ കിടന്നിടത്താകട്ടെ കടലാസ്സ് കരിഞ്ഞിട്ടുമുണ്ടായിരുന്നു. ഇതെല്ലാംകണ്ട് രാജാവിനു ദേഷ്യംവന്നു.

“ഈ വൃത്തികെട്ട കടലാസ്സ്കഷണവും കൊണ്ട് രാജസദസ്സിൽ വരാൻ നിനക്കെങ്ങനെ ധൈര്യം വന്നു?” രാജാവ് അലറി.

എന്നിട്ട് അദ്ദേഹം കിങ്കരമാരോട് ആജ്ഞാപിച്ചു “ഈ വിഡ്ഢിക്കോഴിയെപ്പിടിച്ച് കോഴിക്കൂട്ടിൽ എറിയൂ. നാളെ ഉച്ചയ്ക്ക് നമുക്കിവളെ സൂപ്പുവെയ്ക്കണം.”

കേൾക്കണ്ടതാമസം, ഭടന്മാർ അവളെ തൂക്കിയെടുത്ത് കോഴിക്കൂട്ടിലെറിഞ്ഞു. വളരെ വലുതായിരുന്നു രാജാവിന്റെ കോഴിക്കൂട്.

വെളളപ്പിടക്കോഴിയെക്കണ്ട് നാലുഭാഗത്തു നിന്നും അനേകം കോഴികൾ അവളുടെ നേർക്ക് പാഞ്ഞടുത്തു. അവ അവളെ കൊത്തിക്കീറാൻ തുടങ്ങി. അപ്പോഴാണ് സഞ്ചിയിൽ നിന്ന് കുറുക്കൻ പുറത്തുകടന്നത്. നേരം കളയാതെ അവൻ രാജാവിന്റെ കോഴികളുടെ മേൽ ചാടിവീണു.

ഒച്ചയും ബഹളവും കേട്ട് ഓടിവന്ന രാജാവും പരിവാരങ്ങളും കണ്ടത് കോഴിക്കൂടു നിറയെ ജീവനറ്റ കോഴികൾ ചിതറിക്കിടക്കുന്നതാണ്. രാജാവിനു വന്ന ദേഷ്യം പറഞ്ഞിയാക്കാനാവില്ല. വാളൂരിപ്പിടിച്ച് അദ്ദേഹവും കിങ്കരന്മാരും കുറുക്കന്റെയും വെള്ളപ്പിടക്കോഴിയുടെയും നേർക്ക് പാഞ്ഞടുത്തു.

കുറുക്കനും കോഴിയും പിന്നെ അമാന്തിച്ചില്ല; കോഴിക്കൂടിന്റെ വാതിൽ തുറന്ന് അവർ പുറത്തേക്ക് വെച്ചുപിടിച്ചു. രാജാവും പരിവാരങ്ങളും പുറകെയും.

ഓടിയോടി വെളളപ്പിടക്കോഴി രാജാവിന്റെ കൈയിൽ പെട്ടു – പെട്ടില്ല എന്ന നിലയിലായി. അപ്പേഴാണ് സഞ്ചിയിൽ നിന്ന് പുഴ പുറത്തുചാടിയത്. രാജാവിനും കോഴിക്കുമിടയിൽ അത് ആർത്തലച്ച് പരന്നൊഴുകി.

ചങ്ങാടമൊക്കെ കൊണ്ടുവന്ന് പുഴകടക്കാൻ രാജാവിനും ഭടന്മാർക്കും ഏറെനേരം വേണ്ടിവന്നു. ആ സമയംകൊണ്ട് വെള്ളപ്പിടക്കോഴി ഒരുപാട് ദൂരെയെത്തി. പക്ഷേ അവൾ തീർത്തും രക്ഷപ്പെട്ടെന്ന് പറയാറായിട്ടില്ല.

കുറേനേരംകൊണ്ട് രാജാവും കിങ്കരന്മാരും വീണ്ടും വെള്ളപ്പിടക്കോഴിയുടെ അടുത്തെത്തി. പക്ഷേ അവർക്കവളെ പിടിക്കാൻ കഴിഞ്ഞോ? ഇല്ല. സഞ്ചിയിൽ നിന്ന് ഇത്തവണ പുറത്തുചാടിയത് തീയായിരുന്നു.

ആളിപ്പടർന്നുകൊണ്ട് തീ രാജാവിനും പരിവാരങ്ങൾക്കും നേരേ കുതിച്ചു. ഓടിരക്ഷപ്പെടുകയല്ലാതെ അവർക്ക് മറ്റുവഴിയില്ലായിരുന്നു.

അങ്ങനെ ഒരുവിധത്തിൽ വെള്ളപ്പിടക്കോഴി രക്ഷപ്പെട്ടു. പക്ഷേ ഇതിനിടയിൽ ഒരു കുഴപ്പംപറ്റി. സഞ്ചിയിൽനിന്ന് പുറത്തുചാടിയില്ലേ തീയ്?

ആളിപ്പടരുന്നതിനിടയിൽ അത് ചുറ്റുപാടും ചാരം തെറിപ്പിച്ചിരുന്നു. കുറെ ചാരം നമ്മുടെ വെളളപ്പിടക്കോഴിയുടെ മേലും വീണു. അങ്ങനെയാണ് വെളളപ്പിടക്കോഴി പുള്ളിപ്പിടക്കോഴിയായത്.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ’ എന്ന പുസ്തകത്തിൽ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook