തവളയുടെ ശരീരത്തിൽ അടയാളങ്ങളുണ്ടായതെങ്ങനെ?
പണ്ട്, തവളയുടെ തൊലി മിനുസമുള്ളതും അടയാളങ്ങളില്ലാത്തതുമായിരുന്നു. അക്കാലത്ത് വലിയൊരു സഞ്ചാരപ്രിയൻ കൂടിയായിരുന്നു തവള. എവിടെ സദ്യയുണ്ടെന്നറിഞ്ഞാലും അവനവിടെ എത്തിയിരിക്കും – സദ്യ നടക്കുന്ന സ്ഥലം എത്ര ദൂരെയാണെങ്കിലും.
അങ്ങനെയിരിക്കെ തവളയ്ക്ക് ഒരു സദ്യക്ക് ക്ഷണം കിട്ടി. മറ്റെവിടെയുമല്ല, ആകാശത്തു വെച്ചായിരുന്നു സദ്യ.
“നിനക്കൊരിക്കലും അവിടെയെത്താനാവില്ല,” തവളയുടെ സുഹൃത്തായ *അർമദീയോ പറഞ്ഞു. ”കാരണം നിനക്ക് ചിറകിലല്ലല്ലോ.”
”നീ കണ്ടോ,” തവള പറഞ്ഞു. ”ഞാനവിടെയെത്തും, സദ്യയുണ്ണുകയും ചെയ്യും.”
എന്നിട്ട് തവള അടുത്തുള്ള ഒരു മരത്തിൽ വീടുള്ള കഴുകനെ കാണാൻ പോയി. കഴുകനോട് ആർക്കും വലിയ അടുപ്പമുണ്ടായിരുന്നില്ല. സ്വന്തംകാര്യം മാത്രം നോക്കുന്നവനായിരുന്നു അവൻ.
തവള ചെല്ലുമ്പോൾ വീട്ടിനു പുറത്തിരുന്ന് വയലിൻ വായിക്കുകയായിരുന്നു കഴുകൻ.
“ആകാശത്തുവെച്ചു നടക്കുന്ന സദ്യക്ക് നീ പോകുന്നുണ്ടോ സുഹൃത്തേ,” തവള കഴുകനോട് ചോദിച്ചു.
”തീർച്ചയായും പോകുന്നുണ്ട്” കഴുകൻ പറഞ്ഞു.
”എങ്കിൽ നമുക്കൊരുമിച്ചു പോകാം,” തവള പറഞ്ഞു.
കഴുകന് സന്തോഷമായി; അവനുമായി ചങ്ങാത്തംകൂടാൻ ആർക്കും ഇഷ്ടമായിരുന്നില്ലല്ലോ. ഒന്നിച്ചുപോകാമെന്നു സമ്മതിക്കാൻ കഴുകന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
”അങ്ങനെയെങ്കിൽ നാളെ രാവിലെ നാലുമണിക്ക് എന്റെ വീട്ടിൽ വരൂ. നമുക്ക് ഒന്നിച്ചിറങ്ങാം. പിന്നെ നിന്റെ വയലിൻ കൊണ്ടുവരാൻ മറക്കേണ്ട.” അതും പറഞ്ഞ് തവള സ്ഥലംവിട്ടു.
ജയകൃഷ്ണൻ എഴുതിയ കഥകൾ ഇവിടെ വായിക്കാം
പറഞ്ഞ സമയത്തുതന്നെ കഴുകൻ തവളയുടെ വീട്ടിലെത്തി.
“ഞാൻ തയ്യാറാവുന്നതേയുള്ളൂ;” കഴുകൻ വിളിക്കുന്നതുകേട്ട് വീട്ടിനകത്തുനിന്ന് തവള പറഞ്ഞു. ” ആ വയലിൻ പുറത്തു വെച്ചിട്ട് നീ അകത്തുവന്നിരിക്കൂ.”
കഴുകൻ അകത്തുകയറുന്ന തക്കത്തിന് തവള എന്തു ചെയ്തു? അവൻ ജനലിലൂടെ പുറത്തുചാടി കഴുകന്റെ വയലിന്റെയകത്തുകയറി ഒളിച്ചിരുന്നു.
കാത്തിരുന്നുകാത്തിരുന്ന് കഴുകൻ മടുത്തു. എത്ര വിളിച്ചിട്ടും തവളയുടെ അനക്കം പോലും കേട്ടില്ല. ഒടുവിൽ ക്ഷമനശിച്ച് അവൻ വയലിനുംകൊണ്ട് ആകാശത്തേക്കു പറന്നു.
കഴുകനെത്തിയപ്പോഴേക്കും സദ്യ തുടങ്ങിക്കഴിഞ്ഞിരുന്നു. തവളയെ കാത്തു നിന്നതുകൊണ്ടാണ് വൈകിയതെന്ന് കഴുകൻ ക്ഷമാപണം നടത്തി.
“നീയെന്തൊരു മണ്ടനാണ്!” ആതിഥേയൻ കഴുകനെ കളിയാക്കി.
“ആകാശത്തക്കു വരാൻ ആരെങ്കിലും തവളയെ കാത്തുനിൽക്കുമോ? അവനൊരിക്കലും ഇവിടെ എത്തിച്ചേരാൻ കഴിയില്ല. ഏതായാലും വയലിൻ എവിടെയെങ്കിലും വെച്ചിട്ട് ഭക്ഷണം കഴിക്കൂ.”
വയലിൻ നിലത്തുവെച്ചിട്ട് കഴുകൻ തിരിയേണ്ട താമസം, തവള അതിനകത്തുനിന്ന് പുറത്തുചാടി. സമയം കളയാതെ അവൻ തിന്നാനും കുടിക്കാനും ആടാനും പാടാനും തുടങ്ങി.
“നീയെങ്ങനെ ഇവിടെയെത്തി?” തവളയെക്കണ്ട് കഴുകൻ അത്ഭുതപ്പെട്ടു.
”അതൊന്നും നീയറിയേണ്ട.” തവള പറഞ്ഞു. എന്നിട്ട് കൂടുതൽ ഉഷാറോടെ
തിന്നുകയും കുടിക്കുകയും ആടുകയും പാടുകയും ചെയ്തു.
കുറച്ചു കഴിഞ്ഞപ്പോൾ കഴുകന് മടുത്തു. സ്വതവേ അധികമാരുടെയും കൂടെക്കൂടാനിഷ്ടമില്ലാത്തവനാണ് അവൻ. അവൻ തിരിച്ചുപോകാനൊരുങ്ങി.
ആതിഥേയനോടുപോലും പറയാതെ കഴുകൻ വീട്ടിലേക്കു പറന്നു. അവൻ തന്റെ വയലിനും കൊണ്ടുപോയില്ല.
തിന്നും കുടിച്ചും ആടിയും പാടിയും തളർന്നപ്പോൾ തവളയ്ക്ക് തിരിച്ചുപോകേണ്ട കാര്യം ഓർമ്മവന്നു. നോക്കിയപ്പോൾ, ഭാഗ്യം! വയലിൻ അവിടെത്തന്നെയിരിപ്പുണ്ട്. അവൻ വേഗംചെന്ന് വയലിന്റെയകത്തു കയറിയിരുന്നു.
കാത്തിരുന്നുകാത്തിരുന്ന് തവള മടുത്തു. ആരും വയലിൻ കൊണ്ടുപോകാൻ വന്നില്ല. അവിടേക്കുവന്നത് അബദ്ധമായെന്ന് അവനു തോന്നാൻ തുടങ്ങി.
അപ്പോഴാണ് പ്രാപ്പിടിയൻ വയലിനിരിക്കുന്നതു കണ്ടത്.
“കഴുകന്റെ വയലിനല്ലേ ഇത്?” പ്രാപ്പിടിയൻ പറഞ്ഞു. “അവനത് എടുക്കാൻ മറന്നുകാണും. ഏതായാലും ഞാനിത് തിരിച്ചുകൊടുത്തേക്കാം.”
വയലിനുമെടുത്ത് പ്രാപ്പിടിയൻ താഴേക്കു പറന്നു. ആ വലിയ വയലിൻ ചുമക്കാൻ മാത്രമുള്ള ശേഷി പ്രാപ്പിടിയനില്ല. അവന്റെ കൊക്കിലിരുന്ന് വയലിൻ വല്ലാതെ ആടാൻ തുടങ്ങി. അകത്തിരുന്ന തവള അങ്ങോട്ടുമിങ്ങോട്ടും തെറിച്ച് ആകെ ഒരു പരുവമായി.
കുറച്ചു കഴിഞ്ഞപ്പോൾ പ്രാപ്പിടിയന് വല്ലാത്ത തളർച്ച തോന്നി.
“ഞാനിതുംകൊണ്ട് എന്തിനാണ് കഷ്ടപ്പെടുന്നത്?” അവൻ ചിന്തിച്ചു.
“കഴുകനേതായാലും എന്റെ ചങ്ങാതിയൊന്നുമല്ലല്ലോ. ഞാനിത് കളയാൻ പോവുകയാണ്,”എന്നിട്ട് പ്രാപ്പിടിയൻ വയലിൻ താഴോട്ടിട്ടു.
താൻ വീഴാൻപോവുകാണെന്ന് തവളയ്ക്ക് മനസ്സിലായി.
”കുഞ്ഞിക്കല്ലുകളേ, കുഞ്ഞിക്കല്ലുകളേ എന്നെ കീറി മുറിക്കല്ലേ!” വീഴുന്നതിനിടയിൽ അവൻ ഉച്ചത്തിൽ കരഞ്ഞു. പക്ഷേ കുഞ്ഞിക്കല്ലുകൾക്ക് ചെവി കേൾക്കില്ലായിരുന്നു. അവ തവളയെ കീറിമുറിച്ചു.
തന്റെ വയലിനെന്തു പറ്റിയെന്നോ,തവളയുടെ മിനുമിനുത്ത ദേഹംനിറയെ പാടുകളും തിണർപ്പുകളും എങ്ങനെ വന്നെന്നോ കഴുകൻ ഒരിക്കലുമറിഞ്ഞില്ല.
ഏതായാലും ഒന്നു സംഭവിച്ചു. അതോടെ നാടുതെണ്ടൽ നിർത്തി നമ്മുടെ തവള മര്യാദക്കാരനായി.
*അർമദീയോ (Armadillo): തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഒരു ജീവി
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ’ എന്ന പുസ്തകത്തിൽ നിന്ന്