ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ-9

മനുഷ്യർക്ക് മറ്റുള്ളവരുടെ കണ്ണിൽ നോക്കിയാൽ അവരുടെ ദുഃഖം മനസ്സിലാകില്ല, പക്ഷേ കരടികൾക്കത് കഴിയുമെന്ന് ബ്രസിലില്‍നിന്നുള്ള ഈ കഥ

jayakrishnan, childrens stories, iemalayalam

കരടികൾ തലകുനിച്ച് നടക്കാൻ തുടങ്ങിയതെങ്ങനെ?

ഒരിടത്തൊരു ദുഷ്ടനായ യുവാവും അമ്മയും താമസിച്ചിരുന്നു. ദുർമന്ത്രവാദിനിയായിരുന്നു അമ്മ.

അടുത്ത വീട്ടിലാകട്ടെ, സുന്ദരിയും പാവപ്പെട്ടവളുമായ ഒരു പെൺകുട്ടിയും കഴിഞ്ഞുപോന്നു. യുവാവിന് അവളെ വിവാഹം കഴിക്കാൻ താത്പര്യമുണ്ട്. അയാൾ നിരന്തരം വിവാഹാഭ്യർത്ഥന നടത്തി. പക്ഷേ അയാൾ ദുഷ്ടനായതിനാൽ അവൾക്കത് സമ്മതമായിരുന്നില്ല.

ഇങ്ങനെ കുറെക്കാലം കഴിഞ്ഞപ്പോൾ ദുഷ്ടൻയുവാവിന് അവളോടു പകയായി. അയാളും ദുർമ്മന്ത്രവാദിനിത്തള്ളയും ചേർന്ന് പകപോക്കാൻ ഒരു വഴി കണ്ടു പിടിച്ചു.

അങ്ങനെ ഒരു ദിവസം അയാൾ അവളുടെ വീട്ടിൽ ചെന്നു.

“നിന്റെ വലിയ മൺപാത്രം ഒന്നെനിക്കു കടം തരൂ,” അയാൾ മര്യാദ നടിച്ചു പറഞ്ഞു.  “ഇറച്ചി വേവിക്കാനാണ്.”

“പാത്രം തരാം, ” പെൺകുട്ടി പറഞ്ഞു, “പക്ഷേ പകരം എനിക്ക് കുറച്ച് ഇറച്ചി തരണം. രണ്ടു ദിവസമായി ഞാനെന്തെങ്കിലും കഴിച്ചിട്ട്.”

ദുഷ്ടൻ യുവാവ് സമ്മതിച്ചു. അയാൾ പാത്രം കൊണ്ടുപോയി. കുറെ നേരം കഴിഞ്ഞപ്പോൾ തിരിച്ചു കൊണ്ടുവരികയും ചെയ്തു.

ഇല കൊണ്ട് മൂടിയാണ് അയാൾ പാത്രം കൊണ്ടുവന്നത്. പെൺകുട്ടി ഇല മാറ്റി നോക്കിയപ്പോഴോ? അതാ നിറയെ ആവി പറക്കുന്ന കരടിയിറച്ചി.

അവൾ ആർത്തിയോടെ വാരിവാരിത്തിന്നു. ദുഷ്ടൻ യുവാവ് അമർത്തിയ ചിരിയോടെ നോക്കി നിൽക്കുകയാണ്. ഇനിയെന്തു സംഭവിക്കുമെന്ന് അയാൾക്കേ അറിയൂ.

മന്ത്രവാദം ചെയ്ത ഇറച്ചിയായിരുന്നു അത്. പാവം പെൺകുട്ടി, രാത്രിയായപ്പോൾ അവളൊരു കരടിയായി മാറിക്കഴിഞ്ഞിരുന്നു.

നേരം വെളുത്താൽ ആളുകൾ തന്നെ കൊന്നു തിന്നും, പെൺകുട്ടിക്ക് തീർച്ചയായിരുന്നു. അവൾ വേഗം വീട്ടിൽ നിന്നിറങ്ങി കാട്ടിലേക്കോടി. രണ്ടു പകലും രാത്രിയും അവൾ നിർത്താതെ സഞ്ചരിച്ചു.

അവൾക്ക് പിന്നെയും വിശക്കാൻ തുടങ്ങി. ഭക്ഷിക്കാൻ പറ്റിയ ഒന്നും അവൾക്ക് കണ്ടെത്താനായില്ല. അപ്പോഴാണ് അവളുടെ തലയിൽ എന്തോ ഇറ്റുവീണത്. അവൾ മുകളിലേക്കു നോക്കി. അവിടെയതാ ഒരു മരക്കൊമ്പിൽ തേൻതുള്ളികൾ പൊഴിച്ചു നിൽക്കുന്ന ഒരു തേനീച്ചക്കൂട്!jayakrishnan, childrens stories, iemalayalam
സമയം കളയാതെ കരടിപ്പെൺകുട്ടി മരത്തിൽ വലിഞ്ഞുകയറി. അടുത്തെത്തിയപ്പോഴാണ് അവൾക്കു മനസ്സിലായത്  അത് തേനീച്ചക്കൂടായിരുന്നില്ല; കണ്ണീരൊഴുക്കുന്ന ഒരു കൂട്ടം കണ്ണുകളായിരുന്നു.

പേടിച്ചു പോയ പെൺകുട്ടി പിടിവിട്ട് താഴോട്ടു വീണു. അവൾ പക്ഷേ നിലം തൊട്ടില്ല: ഒരു ആൺകരടിയുടെ നീട്ടിപ്പിടിച്ച കൈകളിലാണ് അവൾ വന്നു വീണത്.

തന്നെ രക്ഷിച്ച കരടിയോട് അവൾക്ക് വളരെയധികം സ്നേഹം തോന്നി. കരടിക്ക് അവളോടും. അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു.

വിവാഹ ദിവസം പെൺകുട്ടി കരടിയോട് ചോദിച്ചു “ആ മരത്തിൽ കണ്ട കണ്ണീരൊഴുക്കുന്ന കണ്ണുകൾ ആരുടേതായിരുന്നു?”

കുറച്ചു നേരം മിണ്ടാതിരുന്നിട്ട് കരടി പറഞ്ഞു “നിനക്കറിയില്ല അല്ലേ? മനുഷ്യർ കൊന്നുതിന്ന കരടികളുടെ കണ്ണകളാണ് അവ. ജീവിച്ചു മതിയാകാതെ മരിച്ചു പോയതുകൊണ്ടാണ് അവ കണ്ണീരൊഴുക്കുന്നത്. നിങ്ങൾ മനുഷ്യർക്ക് മറ്റുള്ളവരുടെ കണ്ണിൽ നോക്കിയാൽ അവരുടെ ദുഃഖം മനസ്സിലാകില്ല; പക്ഷേ ഞങ്ങൾ കരടികൾക്കത് കഴിയും.”

കരടിയിറച്ചി തിന്നതുകൊണ്ടാണല്ലോ താനിങ്ങനെയായതെന്നോർത്തപ്പോൾ കുറ്റബോധം കൊണ്ട് പെൺകുട്ടിയുടെ മുഖം കുനിഞ്ഞുപോയി. അവൾ പിന്നീട് മുഖമുയർത്തിയതേയില്ല.

അവളുടെ സന്തതിപരമ്പരകളായ കരടികളും അവളെപ്പോലെ മുഖം കുനിച്ചു തന്നെയാണ് നടന്നത്. അങ്ങനെയാണത്രേ കരടികൾ തലകുനിച്ചു നടക്കുന്നവരായത്.

 

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ’ എന്ന പുസ്തകത്തിൽ നിന്ന്

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Latin american folk tales girl and the bear brazil

Next Story
ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ-8jayakrishnan, childrens stories, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X