scorecardresearch
Latest News

ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ-1

കുട്ടികൾക്കായുള്ള ലാറ്റിനമേരിക്കൻ നാടോടിക്കഥകളുടെ പരമ്പര തുടങ്ങുന്നു. ഇന്ന് ഗ്വോട്ടിമാലയില്‍നിന്ന് തൊപ്പികാരന്റെയും സുസാനയുടെയും കഥ

jayakrishnan, childrens stories, iemalayalam

 

തൊപ്പിക്കാരൻ

ഒരിടത്ത് സുസാന എന്നു പേരുള്ള അതിസുന്ദരിയായ ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവളുടെ തവിട്ടു നിറമുള്ള കണ്ണുകളും ഇരുണ്ട തലമുടിയും കണ്ടാൽ ആരും നോക്കിനിന്നുപോകും. സ്വപ്നം കാണാൻ ഇഷ്ടമായിരുന്നു സുസാനയ്ക്ക്. അതുകൊണ്ട് വീടിന്റെ മട്ടുപ്പാവിൽ ആകാശവും മരങ്ങളും നോക്കി അവൾ ഏറെനേരം ചെലവഴിച്ചു.

അങ്ങനെ ഒരുരാത്രി അവൾ ആകാശവും നോക്കിയിരിയ്ക്കുമ്പോൾ അസാധാരണനായ ഒരു കുറിയ മനുഷ്യൻ അവൾക്കരികിൽ പ്രത്യക്ഷപ്പെട്ടു. അയാളുടെ വസ്ത്രങ്ങൾ മുഴുവൻ കറുത്ത നിറത്തിലുള്ളവയായിരുന്നു. അയാളുടെ കറുത്ത തൊപ്പി വളരെ വലുതായിരുന്നു. വെള്ളിയരപ്പെട്ട കെട്ടിയ അയാൾ വെള്ളി കൊണ്ടുള്ള ഗിറ്റാർ മീട്ടി പാടി.

എൽ സോംബ്രെറോൺ (തൊപ്പിക്കാരൻ) എന്നറിയപ്പെട്ടിരുന്ന പിശാചായിരുന്നു അത്. സുന്ദരികളായ പെൺകുട്ടികളെ വശീകരിക്കുക എന്നതായിരുന്നു അവന്റെ വിനോദം. വിശേഷിച്ച് നീണ്ട മുടിയും വലിയ കണ്ണുകളുമുള്ള സുന്ദരികളെ. അവനോടുള്ള പ്രണയം കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പെൺകുട്ടിക്ക് കഴിയാതാകും; അങ്ങനെ, കുറച്ചുനാൾകൊണ്ട് അവൾ മരിച്ചുപോവുകയും ചെയ്യും.

സുസാനയുടെ അടുത്തു നിന്ന് അവൻ പാടി

”സ്നേഹിപ്പൂ നിന്നെ ഞാ-
നെന്റെ പ്രണയമേ,
കൈവിടുകില്ല ഞാൻ നിന്നെ…”

പാട്ടിന്റെ മാന്ത്രികശക്തിക്ക് അടിപ്പെട്ട സുസാന ആ പിശാചുമായി പ്രണയത്തിലായി. ഗിറ്റാർ മീട്ടുന്നതും പാട്ടു പാടുന്നതും കേട്ട് വന്നു നോക്കിയ സുസാനയുടെ അച്ഛനമ്മമാർ കണ്ടത് മകൾ ഒരപരിചിതനുമായി സംസാരിച്ചു നിൽക്കുന്നതാണ്. അവരുടനെ അവളെ വീട്ടിനകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. മേലിലൊരിക്കലും അയാളുമായി സംസാരിക്കാനേ പാടില്ല – അവരവളെ കർശനമായി താക്കീത് ചെയ്തു.

തൊപ്പിക്കാരൻ പക്ഷേ പോയില്ല, അവൻ തന്റെ കറുത്ത കോവർകഴുതകളെ സുസാനയുടെ വീടിനടുത്തുള്ള ഒരു കുറ്റിയിൽ കെട്ടിയിട്ടു; എന്നിട്ട് അവരുടെ ജനലിനു താഴെ നിന്ന് വീണ്ടും പാട്ടു പാടാനും ഗിത്താർ വായിക്കാനും തുടങ്ങി.
ഇപ്പോൾ അവൾക്കു മാത്രമേ അവന്റെ പാട്ടുകേൾക്കാൻ കഴിയുമായിരുന്നുള്ളൂ; പക്ഷേ അത് തന്റെ ഹൃദയത്തിനുള്ളിൽ നിന്നാണ് വരുന്നതെന്ന് അവൾക്കു തോന്നി. പ്രണയംകൊണ്ട് അവൾക്ക് ഭ്രാന്തു പിടിച്ചു. ഉറങ്ങാനും ഭക്ഷണം കഴിക്കാനും അവൾക്ക് കഴിയാതായി. പട്ടിണി കിടന്ന് അവൾ ഒടുവിൽ തീർത്തും അവശയായി.

തൊപ്പിക്കാരന്റെ കൂടോത്രം ഇല്ലാതാക്കാൻ സുസാനയുടെ അച്ഛനമ്മമാർ ആവുന്നതെല്ലാം ചെയ്തു. അവരവളെ പള്ളീലച്ചന്റെ അടുത്തു കൊണ്ടുപോയി. അച്ചൻ അവളുടെ തലയിൽ ഹനാൻ വെള്ളം തളിച്ചു. വീട്ടിലെത്തിയപ്പോൾ അവരവളുടെ മുടി മുറിച്ചു. അങ്ങനെ അവളുടെ ഭംഗി കുറയുമെന്നും തൊപ്പിക്കാരന് അവളോടുള്ള ഇഷ്ടം ഇല്ലാതാകുമെന്നും അവർ വിചാരിച്ചു. എല്ലാം വെറുതെയായി. തൊപ്പിക്കാരന്റെ കോവർകഴുതകളെ കുറ്റിയിൽ നിന്ന് അഴിച്ചുവിടാനും അവർക്കായില്ല. അത്രയും മുറുകെയായിരുന്നു അവനവയെ കെട്ടിയിരുന്നത്. കയർ മുറിക്കാൻ ശ്രമിച്ചപ്പോളാകട്ടെ, കത്തി ഒടിഞ്ഞു പോവുകയും ചെയ്തു.jayakrishnan, childrens stories, iemalayalam
ആ നാട്ടിൽ പെദ്രോ എന്നു പേരുള്ള ഒരു യുവാവുണ്ടായിരുന്നു. സത്യസന്ധനും ധൈര്യശാലിയുമായ അവൻ സുസാനയെ ഗാഢമായി പ്രണയിച്ചിരുന്നു. ഒരു പിശാചു കാരണം അവൾ മരണത്തിലേക്കു നീങ്ങുന്നത് അവന് കണ്ടുനിൽക്കാനാകുമായിരുന്നില്ല. എന്തുവന്നാലും തൊപ്പിക്കാരനിൽ നിന്ന് അവളെ രക്ഷിക്കണം – അവൻ തീരുമാനിച്ചു.

പക്ഷേ തൊപ്പിക്കാരനെ എങ്ങനെ നേരിടണമെന്ന് പെദ്രോക്കറിയില്ല. അങ്ങനെയാണ് അവൻ ലാ യൊറോണ (കരച്ചിലുകാരി) എന്നറിയപ്പെടുന്ന പ്രേതത്തെ കാണാൻ തീരുമാനിച്ചത് – പിശാചിനെ തോൽപ്പിക്കാനുള്ള വിദ്യ പ്രേതത്തിനറിയാതെ വരില്ലല്ലോ…

നദിയിൽ മുങ്ങിമരിച്ച തന്റെ കുട്ടികളെത്തേടി നിലാവുള്ള രാത്രികളിൽ അലഞ്ഞു നടക്കുന്ന ഒരു പ്രേതമായിരുന്നു കരച്ചിലുകാരി. പ്രേതത്തിന്റെ കണ്ണീർ തുടയ്ക്കുന്നതിനു വേണ്ടി പെദ്രോ ഭംഗിയുള്ള ഒരു തൂവാല കൈയിൽ കരുതിയിരുന്നു.

നിലാവെളിച്ചത്തിൽ നദിക്കരയിലൂടെ നടക്കുമ്പോൾ പെദ്രോ പെട്ടെന്ന് ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടു. ദൂരെ ഒരു രൂപം തെളിഞ്ഞു. മരിച്ചു പോയ തന്റെ കുട്ടികളെ നദിയിൽ പരതുന്നതിനിടയിൽ ആ രൂപം കരയുകയും വിലപിക്കുകയും ചെയ്തുകൊണ്ടിരുന്നു; കരച്ചിലുകാരിയായിരുന്നു അത്. ആളുകളെ കണ്ടാലുടൻ അവളവരെ പിടികൂടും; എന്നിട്ട് നദിയിൽ മുക്കിക്കൊല്ലും.

പെദ്രോയ്ക്ക് പക്ഷേ പേടി തോന്നിയതേയില്ല. തൂവാല നീട്ടിക്കൊണ്ട് അവൻ കരച്ചിലുകാരിയുടെ നേർക്ക് നടന്നടുത്തു. കാലൊച്ച കേട്ട് തിരിഞ്ഞു നോക്കിയ പ്രേതം അവന്റെ നേർക്ക് ചാടിവീണു. അപ്പോഴാണവൾ തൂവാല കണ്ടത്. അവളുടെ ഭാവം മാറി. തൂവാല വാങ്ങി കണ്ണീർ തുടച്ചിട്ട് അവൾ പുഞ്ചിരിച്ചു.

”നന്ദി, സിഞ്യോർ” അവൾ പറഞ്ഞു: “ഏറെക്കാലത്തിനു ശേഷമാണ് ഒരാൾ എന്നോട് ദയകാണിക്കുന്നത്. സാധാരണഗതിയിൽ, എന്നെക്കണ്ടാലുടനെ മനുഷ്യർ പേടിച്ചോടുകയാണ് ചെയ്യുക. നിങ്ങളെന്താണ് അങ്ങനെ ചെയ്യാതിരുന്നത്?”

പെദ്രോ ഉടനെ തൊപ്പിക്കാരൻ സുസാനയെ മയക്കിയെടുത്ത കഥ പറഞ്ഞു. എല്ലാം കേട്ടശേഷം കരച്ചിലുകാരി പറഞ്ഞു:

“പെദ്രോ, നിങ്ങൾ ചെന്ന് തൊപ്പിക്കാരനെ ദ്വന്ദയുദ്ധം നടത്താൻ വെല്ലുവിളിക്കണം.”

”പക്ഷേ, ഞാനെങ്ങനെ ഒരു പിശാചിനോട് യുദ്ധംചെയ്യും?” പെദ്രോ ചോദിച്ചു.

ചെയ്യേണ്ട കാര്യങ്ങളൊക്കെ കരച്ചിലുകാരി വിശദമായി പറഞ്ഞു കൊടുത്തു. അങ്ങനെ, അടുത്ത ദിവസം പെദ്രോ, തൊപ്പിക്കാരൻ കോവർകഴുതകളെ കെട്ടിയിട്ട കുറ്റിക്കടുത്തു ചെന്ന് അവനെ വെല്ലുവിളിച്ചു:

”തൊപ്പിക്കാരാ, ധൈര്യമുണ്ടെങ്കിൽ വന്ന് എന്നോടു യുദ്ധം ചെയ്യൂ.”

പറയേണ്ട താമസം, പെദ്രോക്കു മുമ്പിൽ തൊപ്പിക്കാരൻ പ്രത്യക്ഷപ്പെട്ടു. ഒരു മതിലിൽ ചാരിനിന്ന് അവൻ ചിരിക്കാൻ തുടങ്ങി:

“ഞാനാരാണെന്ന് നിനക്കറിയാമോ?” അവൻ ചോദിച്ചു: “എങ്ങനെയാണ് നീയെന്നോട് യുദ്ധം ചെയ്യുക?”

“ഞാൻ പോരാടും.” പെദ്രോ ധൈര്യത്തോടെ പറഞ്ഞു. ‘നിന്നെ തോൽപ്പിക്കുകയും ചെയ്യും.”

ഉടനെ തൊപ്പിക്കാരൻ തലയിൽ നിന്ന് തന്റെ വലിയ കറുത്ത തൊപ്പി ഊരിമാറ്റി. അതിനടിയിൽ ഒരു കാളയുടേതിനോളം പോരുന്ന വലിയ രണ്ടു കൊമ്പുകൾ പെദ്രോ കണ്ടു. അടുത്ത നിമിഷം തൊപ്പിക്കാരൻ കൈകൾ നിലത്തു കുത്തി പെദ്രോയുടെ നേർക്കു കുതിച്ചു. അവന്റെ മൂക്കിന്റെ ദ്വാരങ്ങളിൽ നിന്ന് തീയും പുകയും വമിക്കുന്നുണ്ടായിരുന്നു.

എന്തു ചെയ്യണമെന്ന് കരച്ചിലുകാരി പെദ്രോയ്ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്. അവൻ പിന്തിരിഞ്ഞോടി. വിശുദ്ധമാണെന്ന് എല്ലാവരും കരുതിയിരുന്ന സീബാ മരത്തിന്റെ നേർക്കാണ് അവനോടിയത്. മരത്തിനടുത്തെത്തിയപ്പോൾ അവനുടനെ ഒരു വശത്തേക്കു മാറി. തൊട്ടുപിന്നാലെയുണ്ടായിരുന്ന തൊപ്പിക്കാരന് വേഗത നിയന്ത്രിക്കാനായില്ല; അവൻ മുന്നോട്ടു നീങ്ങുകയും അവന്റെ കൊമ്പുകൾ മരത്തിൽ തുളച്ചുകയറുകയും ചെയ്തു.

”എന്നെ രക്ഷിക്കണേ!” ഒരു തരത്തിലും വിശുദ്ധമരത്തിൽ നിന്ന് കൊമ്പുകളൂരിയെടുക്കാൻ കഴിയാതെ വന്നപ്പോൾ തൊപ്പിക്കാരൻ നിലവിളിച്ചു.

“ഞാൻ നിന്നെ രക്ഷിക്കാം;” പെദ്രോ പറഞ്ഞു: “പക്ഷേ, അതിനുമുമ്പ് നീയൊരു സത്യം ചെയ്യണം – സുസാനയെ നിന്റെ കൂടോത്രത്തിൽ നിന്ന് മോചിപ്പിക്കാമെന്നും ഇനിയൊരിക്കലും ഭൂമിയിലേക്ക് വരില്ലെന്നും.”

സത്യം ചെയ്യുകയല്ലാതെ തൊപ്പിക്കാരന് വേറെ വഴിയില്ലായിരുന്നു. ഉടനെ, ഒരു മഴുകൊണ്ട് പെദ്രോ അവന്റെ കൊമ്പുകൾ മുറിച്ചുകളഞ്ഞു. മരുഭൂമിയിലെ കാറ്റിന്റെ വേഗത്തിൽ, തൊപ്പിക്കാരനും അവന്റെ കോവർകഴുതകളും ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.

തൊപ്പിക്കാരൻ മറഞ്ഞപ്പോൾ, അവന്റെ വെള്ളി ഗിത്താറിലെ സംഗീതമുണ്ടാക്കിയ മാന്ത്രികത്വത്തിൽ നിന്ന് സുസാന മോചിപ്പിക്കപ്പെടുക മാത്രമല്ല, അക്കാര്യമെല്ലാം അവൾ മറക്കുകയും ചെയ്തു.

അവളുടെ അച്ഛനമ്മമാർക്കുണ്ടായ സന്തോഷം പറയാനില്ല; തങ്ങളുടെ മകളെ പിശാചിൽ നിന്ന് മോചിപ്പിച്ച പെദ്രോക്ക് അവരവളെ വിവാഹം കഴിച്ചു കൊടുത്തു.

വിവാഹാഘോഷം പന്ത്രണ്ട് ദിവസം നീണ്ടെന്നും അതിൽ പങ്കെടുത്ത അതിഥികൾ *ഇസ്തബേൻതൂൺ കുടിച്ച് ഇരുപത്തിനാലു ദിവസം ബോധമില്ലാതെ കിടന്നെന്നും സീബാമരത്തിൽ കൂടുവെച്ച ഒരു തത്ത ഇന്നും പറയുന്നു.

*ഇസ്തബേൻതൂൺ (Xtabentun) ഒരു ഗ്വാട്ടിമാലൻ മദ്യം

 

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ലാറ്റിനമേരിക്കൻ  നാടോടിക്കഥകൾ’ എന്ന പുസ്തകത്തിൽ നിന്ന്

Stay updated with the latest news headlines and all the latest Children news download Indian Express Malayalam App.

Web Title: Latin american folk tales el sombreron guatemala