അപ്പത്തിലൊളിപ്പിച്ച സ്വർണക്കട്ടി

പാവപ്പെട്ടവരെ വലിയ കാര്യമായിരുന്നു രാജാവിന്. എല്ലാ വെള്ളിയാഴ്ചയും രാജ്യത്തിലുള്ള എല്ലാ ദരിദ്രരെയും അദ്ദേഹം കൊട്ടാരത്തിലേക്ക് വിളിക്കും. എന്നിട്ട് അവർക്ക് ചോളം കൊണ്ടുണ്ടാക്കിയ അപ്പങ്ങൾ ഭക്ഷണമായി കൊടുക്കും.

പട്ടിണിപ്പാവങ്ങളെല്ലാവരും കൃത്യമായി ഭക്ഷണം കഴിക്കാൻ വന്നുകൊണ്ടിരുന്നു; ഒരാളൊഴികെ. കൊടുംപട്ടിണിക്കാരനായിരുന്നു അയാൾ. പക്ഷേ, രാജാവിന്റെ ദാനശീലത്തെപ്പറ്റിയുള്ള വാർത്തകൾ വളരെ വൈകിയാണ് അയാളറിഞ്ഞത്.

ഏതായാലും അടുത്ത വെള്ളിയാഴ്ച്ച നേരത്തേതന്നെ അയാൾ കൊട്ടാരത്തിൽ ഹാജരായി.
പുതുതായി വന്നയാളെക്കണ്ട് രാജാവു ചോദിച്ചു: ”നിന്നെ ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ. നീ അടുത്ത കാലത്ത് ദരിദ്രനായതാണോ?”

”അങ്ങനെല്ല, മഹാരാജാവേ,” കൊടുംപട്ടിണിക്കാരൻ താണുവണങ്ങിക്കൊണ്ടു പറഞ്ഞു: “ഞാൻ ജന്മനാ ദരിദ്രനാണ്. വീട്ടിൽ എനിക്ക് അച്ഛനും അമ്മയും ഭാര്യയും പിന്നെ കുറെ മക്കളുമുണ്ട്. ഞങ്ങളെല്ലാം പട്ടിണിയിലാണ്. പക്ഷേ, കഴിഞ്ഞയാഴ്ച്ച മാത്രമാണ് അങ്ങയുടെ ദാനശീലത്തെപ്പറ്റി ഞാനറിയുന്നത്. അതുകൊണ്ട് ഞാൻ വരാൻ വൈകിപ്പോയി.”

.ഈ മനുഷ്യൻ മറ്റുള്ളവരേക്കാൾ കഷ്ടതയനുഭവിക്കുന്നയാളാണെന്ന് രാജാവിന് ബോധ്യമായി. അടുത്തയാഴ്ച വരുമ്പോൾ അയാളെ സഹായിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. പക്ഷേ അത് മറ്റ് പട്ടിണിക്കാർ അറിയാതെ വേണംതാനും.

അതിന് അദ്ദേഹം ഒരു വഴി കണ്ടുപിടിച്ചു. ചോളം കൊണ്ടുള്ള അപ്പങ്ങളാണല്ലോ ദരിദ്രർക്ക് കൊടുക്കുക. ഒരപ്പത്തിനകത്ത് രാജാവ് ഒരു സ്വർണ്ണക്കട്ടി ഒളിപ്പിച്ചുവെച്ചു. എന്നിട്ട് അത് പ്രത്യേകം മാറ്റിവെച്ചു.

അടുത്തയാഴ്ച നമ്മുടെ കൊടുംപട്ടിണിക്കാരൻ വന്നപ്പോൾ രാജാവ് ഒന്നിനു പകരം രണ്ട് അപ്പങ്ങൾ കൊടുത്തു. അതിലൊന്ന് സ്വർണക്കട്ടി ഒളിപ്പിച്ചുവെച്ച അപ്പമാണെന്ന് പറയേണ്ടതില്ലല്ലോ.

കൊടുംപട്ടിണിക്കാരന് വന്ന സന്തോഷം പറയേണ്ടതില്ല. അപ്പങ്ങളുമായി അയാൾ വീട്ടിലേക്കു തിരിച്ചു. വഴിക്കു വെച്ച് അയാൾ മറ്റൊരാളെ കണ്ടുമുട്ടി. അയാളും രാജാവിന്റെ കൈയിൽ നിന്ന് ഭക്ഷണം വാങ്ങാൻ പോവുകയായിരുന്നു. jayakrishnan, childrens stories, iemalayalam
“കൂട്ടുകാരാ,” കൊടുംപട്ടിണിക്കാരൻ പറഞ്ഞു, ”നീ വളരെ വൈകി. കൊട്ടാരത്തിലേക്ക് ഇനിയും ഏറെ ദൂരമുണ്ട്. അവിടെയെത്തുമ്പോഴേക്കും ഭക്ഷണം തീർന്നിട്ടുണ്ടാകും.”

“രണ്ടു ദിവസമായി വല്ലതും കഴിച്ചിട്ട്.” രണ്ടാമൻ നിരാശയോടെ പറഞ്ഞു: ”ഞാനിനി എന്തുചെയ്യും?”

“സാരമില്ല,” കൊടുംപട്ടിണിക്കാരൻ മറ്റേയാളെ ആശ്വസിപ്പിച്ചു. “എന്റെ കൈയിൽ രണ്ടപ്പങ്ങളുണ്ട്. അതിലൊന്ന് നിനക്കു തരാം.”

അടുത്തുള്ള മരത്തിന്റെ മുകളിലിരുന് രണ്ടു മൂങ്ങകൾ ഒരുമിച്ചു മൂളി. അതൊരു ദുഃശകുനമായിരുന്നു. പക്ഷേ കൊടുംപട്ടിണിക്കാരന് അതു മനസ്സിലായില്ല.

അടുത്തയാഴ്ച അയാൾ ഭക്ഷണം കിട്ടാൻ വീണ്ടും വരി നിൽക്കുന്നതു കണ്ട് രാജാവിന് അത്ഭുതമായി.

രാജാവുടനെ അയാളെ അടുത്തുള്ള മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി; എന്നിട്ടു ചോദിച്ചു: “ഞാൻ തന്ന സ്വർണ്ണക്കട്ടിയൊളിപ്പിച്ചു വെച്ച അപ്പം തീയെന്തു ചെയ്തു?”

“അയ്യോ, തമ്പുരാനേ,” കൊടുംപട്ടിണിക്കാരൻ കരഞ്ഞുകൊണ്ടു പറഞ്ഞു, ” അങ്ങു തന്ന രണ്ടപ്പങ്ങളിലൊന്ന് ഞാൻ മറ്റൊരാൾക്കു കൊടുത്തു. ഞാൻ കൊണ്ടുപോയ അപ്പത്തിലാകട്ടെ, സ്വർണ്ണക്കട്ടിയുണ്ടായിരുന്നുമില്ല.”

”അപ്പോൾ അറിയാതെയാണെങ്കിലും ഞാൻ മറ്റൊരാളെ സഹായിച്ചു,” രാജാവ് സന്തോഷത്തോടെ പറഞ്ഞു.

കൊടുംപട്ടിണിക്കാരനോട് കൂടെ വരാൻ അദ്ദേഹം അജ്ഞാപിച്ചു. അയാളുടെ ദാരിദ്ര്യം എന്നെന്നേക്കുമായി തീർത്തു കൊടുക്കണം – അതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

ഖജനാവിന്റെ അടുത്തേക്കാണ് അദ്ദേഹമയാളെ കൂട്ടിക്കൊണ്ടുപോയത്. പക്ഷേ പൂട്ടു തുറക്കാൻ പുറപ്പെട്ടപ്പോൾ അതിന്റെയകത്തു നിന്ന് ഒരു ശബ്ദം പറഞ്ഞു “ദരിദ്രർ ദരിദ്രരായിത്തന്നെയിരിക്കട്ടെ, അതല്ല, അവർ ധനികരാവുകയാണെങ്കിൽ അത് സ്വന്തം അധ്വാനം കൊണ്ടായിരിക്കണം.”

കേട്ടത് ശരിയാണെന്ന് രാജാവിനും തോന്നി. കൊടുംപട്ടിണിക്കാരനെ മറ്റു പാവങ്ങളേക്കാളധികം സഹായിക്കേണ്ടതില്ലെന്ന് അങ്ങനെ അദ്ദേഹം തീരുമാനിച്ചു.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘ലാറ്റിനമേരിക്കൻ നാടോടിക്കഥകൾ’ എന്ന പുസ്തകത്തിൽ നിന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook