ശനിയാഴ്ചയാണ്. ദീപുവിന് എവിടെയും പോവാനില്ല. ഇന്നും നാളെയും സ്കൂൾ അവധിയാണ്. തൊട്ടടുത്ത വിശാലമായ പറമ്പില്‍ കൂട്ടുകാരുടെ കളികളുടെ ബഹളം കേൾക്കാം. നേരം പത്തുമണിയായിക്കാണും.
“ഇന്ന് രാവിലെ തന്നെ കളി തുടങ്ങിയോ?”
ഫുട്ബോളും കബഡിയും ക്രിക്കറ്റും ആണവിടെ കളി. ദുബായ്ക്കാരൻ മമ്മാലിയുടെ പറമ്പാണ്. മമ്മാലിക്കാന്റെ ബീവി നബീസാത്താക്ക് പിള്ളേര് പറമ്പിൽ കളിക്കുന്നത് ഇഷ്ടമല്ല. പറമ്പിലെ വാഴകളും പറങ്കിമാവുകളും കളിക്കാർ കേടാക്കുമത്രെ.
അവർ പറയുന്നതിൽ കാര്യമില്ലാതില്ല. ആരോ കെട്ടിയ പശുവിനെ അഴിച്ചുവിട്ടപ്പോൾ വാഴക്കന്നുകളുടെ ഇലമുഴുവൻ അതു തിന്നുതീർത്തില്ലേ! കളിയുടെ രസച്ചരട് മുറിക്കുന്ന പശുവിനെ അഴിച്ചുവിട്ടത് വാസ വനാണ്. അഞ്ചിലും ആറിലും ഓരോതവണ തോറ്റ വാസവന് മറ്റു പിള്ളേരേക്കാൾ പ്രായം കൂടും. കരുത്തും കൂടും. അതിനാൽ ആരും അവനോട് എതിർത്തു പറയില്ല.
നബിസാത്ത പിള്ളേരെ കുറ്റം പറയുമ്പോൾ മമ്മാലിക്ക തലക്കെട്ട് അഴിച്ച് കുടഞ്ഞുകൊണ്ട് പറയും. “ഓല് കളിച്ചോട്ടെ നബീസാ… യ്യെന്തിനാ ബേജാറാവണ്?” എന്തെങ്കിലും പറയുമ്പോൾ തലക്കെട്ട് അഴിച്ച് കുടയുന്നത് മമ്മാലിക്കയുടെ ശീലമാണ്.
മമ്മാലിക്കയുടെ പറച്ചില് കേട്ട്, നബീസ പിണങ്ങി കൊണ്ട് അകത്തളത്തിലേക്ക് പിൻവാങ്ങും. മമ്മാലിക്ക ഗൾഫ് വാസം ഉപേക്ഷിച്ചിട്ട് കാലം കുറച്ചായി. പക്ഷെ നാട്ടുകാർക്ക് ഇപ്പോഴും അയാൾ ദുബായ് മമ്മാലിയാണ്.
പറമ്പ് കേടാക്കുന്ന കളിക്കാരോട് ഇഷ്ടമില്ലെങ്കിലും ദീപുവിനെ നബീസത്താത്തയ്ക്ക് വലിയ കാര്യമാണ്. ബിരിയാണി ഉണ്ടാക്കിയാൽ മൈമൂനയുടെ പക്കൽ ഒരു പങ്ക് കൊടുത്തയക്കും.
ആറാം തരത്തിൽ ദീപുവിനൊപ്പം പഠിക്കുന്ന മൈമൂന ക്ലാസിൽ ശ്രദ്ധിക്കുകയില്ല. ഗൃഹപാഠങ്ങൾ ദീപു പറഞ്ഞുകൊടുക്കണം. അവനതിൽ സന്തോഷമേയുള്ളു. ഓൾക്ക് നിറയെ കഥയറിയാം. ബഷീറിന്റെയും ഉറൂബിന്റെയും പല കഥകളും ഓൾക്ക് കാണാപ്പാഠമാണ്.
അകത്ത് അമ്മയുടെ ഞരക്കം കേൾക്കാം. അമ്മയ്ക്ക് വയ്യ. രണ്ടുമൂന്നു വർഷമായി തളർന്നു കിടപ്പാണ്. അച്ഛൻ പണിക്ക് പോയിരിക്കുന്നു. ഫൽഗുനൻ മുതലാളിയുടെ തെങ്ങിൻതോപ്പുകളിൽ ചില ദിവസങ്ങളിൽ കിളയ്ക്കാനും നനയ്ക്കാനുമുണ്ടാവും അച്ഛന്. ആ ദിവസങ്ങളിൽ സ്കൂൾ ഉണ്ടെങ്കിലും ദീപു പോകില്ല. അമ്മയെ നോക്കണമല്ലോ. അന്ന് കളിക്കും അവധി.

ദീപുവിന് സ്കൂളിൽ പോകുന്നത് ഇഷ്ടമാണ്. ഉച്ചയ്ക്ക് അവിടെ നിന്ന് ഭക്ഷണം കിട്ടും. അതൊരു വലിയ ആശ്വാസമാണ്. ഇന്ന് അമ്മയ്ക്ക് മരുന്നും പഴഞ്ചോറും നൽകിയിട്ട് മണിക്കൂറുകൾ കഴിഞ്ഞു. പഴഞ്ചോറ് അൽപ്പം ബാക്കിയുള്ളത് അവനും കഴിച്ചതാണ്. പക്ഷേ അതൊക്കെ ദഹിച്ചു കഴിഞ്ഞു.
ദീപു വെറുതെ പറമ്പിന്റെ പടിവരെയെത്തി. പടിക്കപ്പുറം ഇടവഴിയിൽ നായ്ക്കൾ സംഘം ചേർന്ന് കളിക്കുകയാണ്. മൈമൂനയുടെ കൈവശം ബഷീറിന്റെ ചില പുസ്തകങ്ങളുണ്ട്. അതിലേതെങ്കിലും വാങ്ങി വായിക്കാം. അവിടെച്ചെന്നാൽ നബീസാത്തയുടെ വക എന്തെങ്കിലും തിന്നാനും കിട്ടിയേക്കാം. പക്ഷെ നായകളുടെ അടുത്തുകൂടി വേണം അങ്ങോട്ട് പോകാൻ.
തെരുവ് നായകൾ ആളുകളെ കടിക്കുന്ന വാർത്തയാണെങ്ങും. അവറ്റകളെ പിടികൂടാൻ പഞ്ചായത്ത് അധികൃതർ നായപിടിത്തക്കാരെ ഇറക്കിയിട്ടുണ്ട്. കമ്പിവളയങ്ങളുമായി പതുങ്ങിവരുന്ന അവരെ കണ്ടാൽ നായകൾ ഓട്ടം തുടങ്ങും. ഓടെടാ… ഓട്ടം.
നായകളെ ആളുകൾ കൂട്ടം ചേർന്ന് കല്ലെറിഞ്ഞ് ഓടിക്കുക ഇക്കാലത്ത് വർധിച്ചിട്ടുണ്ട്. കടിച്ചനായയ്ക്കും കടിക്കാത്ത നായയ്ക്കും ഏറ് കിട്ടും. അതിനെ ചോദ്യം ചെയ്ത ഒരു ചെറുപ്പക്കാരൻ തല്ലുകൊണ്ട് ആശുപത്രിയിലായത് ദീപുവിനറിയാം. ദീപുവും നായകളെ കണ്ടാൽ മുമ്പ് കല്ലെറിയുമായിരുന്നു. മലയാളം പഠിപ്പിക്കുന്ന ശിവാനന്ദൻ മാഷാണ് അതില്ലാതാക്കിയത്.
നായകൾ അക്രമികളാകുന്നത് മനുഷ്യന്റെ സ്വാർഥതയും തലതിരിഞ്ഞ ജീവിത രീതിയും കൊണ്ടാണെന്നാണ് മാഷ് പറഞ്ഞത്. ജീവജാലങ്ങളുടെ ഒത്തൊരുമയിലൂടെ മാത്രമേ മനുഷ്യജന്മം പൂർണമാവുകയുള്ളു എന്നും മാഷ് പറഞ്ഞു. തകഴി ശിവശങ്കരപ്പിള്ളയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥ ദീപുവിന് അതിനിടെ മാഷ് സമ്മാനിക്കുകയും ചെയ്തു.
തകഴിയുടെ കഥ വായിച്ചതോടെ അവനിൽ മൃഗസ്നേഹം വഴിഞ്ഞൊഴുകി. കിട്ടുന്ന ഭക്ഷണം പൂച്ചകളുമായും കാക്കകളുമായും പങ്കുവെച്ചു. തവളകൾക്ക് പാർക്കാൻ പുൽച്ചെടിക്കൂട്ടങ്ങൾ വളർത്തി. സ്കൂളിൽ കൂട്ടുകാരുടെ സഹായത്തോടെ മൃഗക്ഷേമ കൂട്ടായ്മക്ക് രൂപം നൽകാനൊരുങ്ങുകയാണ് ദീപു.
ശിവാനന്ദൻ മാഷാണ് ഈ ആശയം പകർന്നു തന്നത്. മാഷിന് എന്തെല്ലാം വിദ്യകളറിയാം. കവിതയെഴുതുകയും പാടുകയും “ഇവനെക്കൂടി സ്വീകരിക്കുക നിളാനദീ…” എന്ന് ഘനഗംഭീരമായ ശബ്ദത്തിൽ ശിവാനന്ദൻ മാഷ് ചൊല്ലുമ്പോൾ കുട്ടികൾ ശ്രദ്ധിച്ചിരിക്കും. മാഷിന് പൂന്തോട്ടപരിപാലനമറിയാം. പക്ഷിക്കൂടുമൊരുക്കും. മാഷിന്റെ വീട്ടിൽ ധാരാളം പക്ഷിക്കൂടുകളുണ്ട്. അവയിലെല്ലാം തള്ളയും കുഞ്ഞുങ്ങളുമുണ്ട്. ഒരിക്കൽ കാണാന്‍ പോകണം. മാഷ് ക്ഷണിച്ചിട്ടുണ്ട്.
അതിനിടെ നായകൾ തിമർത്ത് കളിയായി, ബഹളമായി. നായകളെ സ്നേഹമാണെങ്കിലും അവയുടെ അടുത്തുകൂടെ പോകാൻ ദീപുവിന് തെല്ല് ഭയം തോന്നി. നായകൾ കടിച്ചാലോ? അങ്ങനെ സംഭവിച്ചാൽ അച്ഛൻ്റെ ചൂരൽക്കഷായവും ആൻ്റി റാബിസ് ഇൻജക്ഷനും രണ്ടും സഹിക്കേണ്ടി വരും. അതിനാൽ മൈമൂനയുടെ ബഷീർപുസ്തകം ഇന്ന് വാങ്ങേണ്ടെന്ന് വെച്ചു.
വിശപ്പ് കൂടി വരുന്നു. അതിനെന്തു ചെയ്യും? കിണറിൽ പാളതൊട്ടിയിറക്കി വെള്ളമെടുത്തു മോന്തി. വെള്ളത്തിന് അല്പം മധുരമുണ്ടെന്നു തോന്നി. വെറുതെ തോന്നലാവാം. അമ്മയ്ക്ക് ചൂടുവെള്ളം പകർന്നു നൽകി. നബീസാത്തായുടെ വീട്ടിലേക്ക് മറ്റൊരു വളഞ്ഞവഴിയുണ്ട്. അതിന് ചെറു ഇടവഴികൾ താണ്ടി മതിലുകൾ ചാടിയിറങ്ങണം.

എന്തു വേണം എന്നാലോചിച്ചങ്ങനെ നിൽക്കവെ ഇടവഴിയിൽ ബഹളം കേട്ടു. ആളുകളുടെ ഉച്ചത്തിലുള്ള ശബ്ദങ്ങൾക്കിടയിൽ നായ്ക്കളുടെ കരച്ചിൽ കേൾക്കാം. ദീപു ഇടവഴിയിലേക്കോടി. നായക്കൂട്ടത്തെ ചിലർ കല്ലെറിഞ്ഞ് ഓടിക്കുകയാണ്. ചാക്കിൽ നിറയെ കല്ലുകളുമായിട്ടാണ് അവർ എത്തിയത്. നായകൾ പേടിച്ചോടിപ്പോയിട്ടും കല്ലേറ് തുടർന്നു.
അവ, ഭ്രാന്തൻ നായകളാണത്രെ. നായ്ക്കളെ ഓടിക്കൽ വിജയകരമായി പൂർത്തിയാക്കിയ സന്തോഷത്തോടെ കല്ലേറുകാർ ചിരിച്ചുല്ലസിച്ച് പിൻവാങ്ങി. ദീപു അദ്ഭുതപ്പെട്ടു. “ഇങ്ങനെയും മനുഷ്യരുണ്ടാകുമോ?” വിഷണ്ണനായി നിൽക്കുന്ന ദീപുവിനെ കല്ലേറുകാർ ശ്രദ്ധിച്ചതേയില്ല.
നായകൾ കളിച്ചിരുന്ന ഇടത്തുനിന്ന് ഒരു കൊച്ചു കരച്ചിൽ കേട്ടു. അതു പതുക്കെ ഞരക്കമായിത്തീർന്നു. ദീപു സുക്ഷ്മമായി അവിടം പരിശോധിച്ചു. തൊട്ടടുത്ത കല്ലുവെട്ടുകുഴിയിൽ ഒരു നായക്കുട്ടി. വേഗം കല്ലുവെട്ടുകുഴിയിലിറങ്ങി അതിനെ പുറത്തെടുത്തു. കല്ലേറ് കൊണ്ട് അതിന്റെ കാലൊടിഞ്ഞിരുന്നു. ഒരു കണ്ണിൽ നിന്ന് ചോര പൊടിയുന്നുണ്ട്. അതിന് ഒരു മാസത്തിലധികം പ്രായമില്ല. വെള്ളം കൊടുത്തെങ്കിലും അത് കുടിക്കുന്നില്ല. ദീപുവിന്റെ ഹൃദയം പൊള്ളി.
അച്ഛന്റെ കുടുക്ക പൊട്ടിച്ച് നാണയത്തുട്ടുകളെടുത്തു. ഇരുപത് രൂപയോളമുണ്ട്. കുപ്പായം മാറ്റി, ഉറങ്ങുന്ന അമ്മയെ നോക്കി ഓലവാതിൽ ചാരി നായക്കുട്ടിയേയുമെടുത്ത് നടന്നു.
മൃഗാശുപത്രി ദൂരെ നഗരത്തിലാണ്. ബസ്സിൽ പോകാം. കണ്ണൂര്‍ റോഡിലെ ബസ്സ്റ്റോപ്പിലെത്തുമ്പോൾ ചുട്ടുപൊള്ളുന്ന ഉച്ച. സൂര്യൻ കത്തിജ്വലിക്കുകയാണ്. നായക്കുട്ടിയെയും കൊണ്ട് വന്ന ദീപുവിനെ ബസ്സിൽ കയറ്റാൻ കണ്ടക്ടര്‍ സമ്മതിച്ചില്ല. താണുകേണ് പറഞ്ഞിട്ടും ബസ്സുകാരുടെ ഹൃദയം അലിഞ്ഞില്ല. നായക്കുട്ടിയുടെ ഞരക്കവും അതിനിടെ നിലച്ചു. തൊട്ടുനോക്കി. ശ്വാസം വിടുന്നുണ്ട്. നോക്കിനിൽക്കാൻ നേരമില്ല. നഗരത്തിലെ മൃഗാശുപത്രി ലക്ഷ്യമാക്കി നടന്നു.
വിശപ്പും ദാഹവും ദീപു മറന്നു പോയിരുന്നു. ആവി പറക്കുന്ന ഉച്ചവെയിലിൽ തിരക്കിട്ടുനടക്കുന്ന കുട്ടിയെ വഴിപോക്കരും കച്ചവടക്കാരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷെ ആരും ഒന്നും അവനോട് ചോദിച്ചില്ല. നഗരമെത്താൻ ഇനിയുമേറെയുണ്ട്. ആകെ വിയർപ്പിൽ കുളിച്ചുകൊണ്ട് നടന്നു.
നായക്കുട്ടിക്ക് ഒന്നും സംഭവിക്കാതിരുന്നാൽ മതിയായിരുന്നു. നിരവധി ബസ്സുകളിൽ കയറാൻ ശ്രമിച്ചെങ്കിലും ആരും കരുണ കാണിച്ചില്ല. ഒരിക്കൽ കണ്ടക്ടർ സമ്മതിച്ചപ്പോൾ യാത്രക്കാർ എതിർത്തു.

നടന്നുനടന്ന് ഒടുവിൽ നഗരം എത്തി. ദീപു ഇപ്പോള്‍ വേച്ചു വേച്ചാണ് നടക്കുന്നത്. മൃഗാശുപത്രിയുടെ ബോർഡ് കഷ്ടിച്ചു കാണാം. അവന്റെ നടത്തം ആടിയാടിയായി. മൃഗാശുപത്രിയുടെ ഗേറ്റ് കടന്ന് ഡോക്ടറുടെ മുറിക്കു മുമ്പിലെത്തിയതോടെ കുഴഞ്ഞുവീണതു മാത്രമേ ദീപുവിന് ഓർമ്മയുള്ളു.
ബോധം വരുമ്പോള്‍ ആശുപത്രിക്കിടക്കയിലാണ്. ചുറ്റും നിഴലുകളുണ്ട്. അച്ഛൻ, മമ്മാലിക്ക, നബീസത്താത്ത, ശിവാനന്ദൻ മാഷ്, വാസു… മുഖങ്ങൾ തെളിഞ്ഞുവരുന്നു. ആ മുഖങ്ങളിൽ ആശ്വാസം നിഴലിക്കുന്നു.
അച്ഛൻ ചിരിക്കാൻ ശ്രമിക്കുന്നുണ്ട്. കുടുക്ക പൊട്ടിച്ചതിന് ശിക്ഷയില്ലെന്ന് അതോടെ ഉറപ്പായി. പിന്നീടാണ് അതിനകം നടന്നകാര്യങ്ങൾ അവന് ബോധ്യമായത്. രണ്ടുനാൾ ദീപു അബോധാവസ്ഥയിലായിരുന്നു. നായക്കുട്ടി സുഖം പ്രാപിച്ചുവരുന്നു. അതിന്റെ ഒടിഞ്ഞ കാലിന് ശസ്ത്രക്രിയ വേണ്ടിവന്നു. തക്കസമയത്ത് എത്തിച്ചതിനാൽ അതിൻ്റെ പ്രാണൻ രക്ഷിക്കാനായി.
ശിവാനന്ദൻ മാഷിന്റെ മക്കളുടെ ശുശ്രൂഷയിൽ അതിന്റെ മുറിവുകൾ ഉണങ്ങിവരുന്നു. അമ്മയ്ക്ക് മൈമൂന കാവലിരിക്കുന്നു. ഇപ്പോള്‍ അച്ഛന്റെ കണ്ണ് നിറഞ്ഞൊഴുകുകയാണ്. അച്ഛൻ കരയുന്നത് ആദ്യമായി കാണുകയാണ്. അച്ഛനെ ശിവാനന്ദൻ മാഷ് വേറൊരിടത്തേക്ക് കൊണ്ടുപോയി.
അനാഥനായ നായക്കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കൊച്ചു ബാലൻ അനുഭവിച്ച ദുരിതത്തിന്റെ, ത്യാഗത്തിന്റെ കഥ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയ അതേറ്റുപിടിച്ചു.
ശിവാനന്ദൻ മാഷിന്റെ കൈപിടിച്ച് ആശുപത്രിയുടെ ഗേറ്റ് കടക്കവെ തന്റെ കൊച്ചുനായക്കുട്ടിക്ക് ‘കൈസർ’ എന്ന് ദീപു മനസ്സിൽ പേരിട്ടു. മൃഗയ എന്ന സിനിമയിൽ മമ്മുട്ടിയുടെ സന്തതസഹചാരിയായ കൈസർ നായയെ അവൻ വല്ലാതെ ആരാധിച്ചിരുന്നു.
“ഒരു കൊച്ചു കൈസർ എനക്കുമിരിക്കട്ടെ.” ദീപു പതുക്കെ പറഞ്ഞു. മാഷ് ചിരിച്ചു.