Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

കുക്കുടു എലിയും തേനൂറന്മാരും: കുട്ടികളുടെ നോവൽ, ഭാഗം 5

“മുത്തപ്പാ, തേനൂറന്മാരെ നമ്മള്‍ കൊന്നാല്‍ അവരും നമ്മളും തമ്മിൽ എന്താണ് വ്യത്യാസം. അവര്‍ക്കുള്ള ശിക്ഷ ദൈവം കൊടുത്തുകൊള്ളും, ഇപ്പോള്‍ അവര്‍ നല്ലവണ്ണം പേടിച്ചിട്ടുണ്ട് അതുകൊണ്ട് . അവരിനി ഒരിക്കലും നമുക്കെതിരെ തിരിയില്ലെന്നു സത്യം ചെയ്യിപ്പിച്ച് വിടാം. അല്ലാതെ ആരുടെയും ജീവനെടുക്കാ നുള്ള അധികാരം നമുക്കില്ല. ”

ചുക്കുടുവിനെ കാണാൻ

മണിയപ്പന്‍ തൊരപ്പനാണ് ചോലനും കൂട്ടരും കുഞ്ഞിമണിക്കാട്ടില്‍ ഉണ്ടെന്നു കണ്ടുപിടിച്ചത്.

“അവരെ നമ്മുടെ താവളത്തിലേയ്ക്ക് എങ്ങനെ എത്തിയ്ക്കും?ആരെത്തിക്കും?” മുത്തപ്പന്‍ ചോദിച്ചു.
“എലികളെ അവര്‍ വിശ്വസിക്കില്ല. മറ്റാരാണ്‌ നമ്മെ സഹായിക്കാനുണ്ടാവുക?” മണിയപ്പന്‍ പറഞ്ഞു.

“മുത്തപ്പാ, മുത്തപ്പാ,
തേനൂറന്മാരെ ഇവിടെ എത്തിക്കുന്ന കാര്യം ഞാനേറ്റു. എന്റെ ചങ്ങാതി ചുക്കുടു മുയല്‍ നമ്മളെ അതിനു സഹായിക്കും.” കുക്കുടു പറഞ്ഞു. അത് കേട്ട് മുത്തപ്പനും കൂട്ടര്‍ക്കും സന്തോഷമായി. അപ്പോള്‍ കുക്കുടു പറഞ്ഞു.

“അതിന് പകരമായി എല്ലാവരും എനിക്കൊരു വാക്ക് തരണം ഇനി മേലില്‍ നമ്മള്‍ ആരുടെയും ഒന്നും മോഷ്ടിക്കുകയോ, നമ്മളെ ഉപദ്രവിക്കാത്തവരെ ഉപദ്രവിക്കു കയോ ചെയ്യില്ലന്ന്!” “അയ്യോ….. അതെങ്ങനെ പറ്റും? പിന്നെ നമ്മളെങ്ങനെ ജീവിക്കും?” എല്ലാവരും പരിഭ്രമത്തോടെ ചോദിച്ചു.

“നമുക്ക് വേണ്ടതെല്ലാം നമുക്ക് കൃഷി ചെയ്തെടുക്കണം. ഇനി മുതല്‍ നമ്മള്‍ കള്ളന്‍മാരല്ല അധ്വാനികളാണ്. ഇതിനു സമ്മതമെങ്കില്‍ ചുക്കുടു മുയല്‍ നമ്മളെ സഹായിക്കും.” കുക്കുടു പറഞ്ഞു. ഏറെ നേരത്തെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ എല്ലാവരും അത് സമ്മതിച്ചു. ഉടനെ തന്നെ കുക്കുടു സുപ്പുടു അമ്മാവന്റെ ബേക്കറിയില്‍ ചെന്നു ചുക്കുടുവിനെ കണ്ടു. ചുക്കുടുവിനെ കാണാൻ പോകുമ്പോള്‍ ചുക്കുടുവിന്‍റെ വീട്ടില്‍ കൊടുക്കാന്‍ മണിയന്‍ തൊരപ്പന്‍റെ ഭാര്യ മണിയമ്മ തൊരപ്പത്തി മുള്ളങ്കി കൊണ്ട് ഒന്നാന്തരം പായസം ഉണ്ടാക്കി കൊടുത്തു വിട്ടിരുന്നു. അത് കണ്ട് ചുക്കുടുവിന്‍റെ അച്ഛന് സന്തോഷമായി. എല്ലാവരും രുചികരമായ മുള്ളങ്കിപ്പയാസം വയറു നിറയെ കുടിച്ചു.

കുക്കുടു ചുക്കുടുവിനെ കഥകളെല്ലാം പറഞ്ഞു കേള്‍പ്പിച്ചു. തേന്‍ കുറുമരുടെ ക്രൂരത കേട്ട് ചുക്കുടുവിന്‍റെ കണ്ണ് നനഞ്ഞു. ഒടുവില്‍ ചുക്കുടു പറഞ്ഞു.  “കുക്കുടു കുട്ടാ… പൊന്നു കുട്ടാ… നിനക്ക് വേണ്ടി എന്തുവേണമെങ്കിലും ഞാന്‍ ചെയ്യാം. ഇന്നു തന്നെ ഞാന്‍ കുഞ്ഞിമണിക്കാട്ടില്‍ പോയി തേനൂറന്മാരെ ഇവിടെ എത്തിക്കാനുള്ള ശ്രമം നടത്താം.”
അതുകേട്ട് കുക്കുടുവിന് സമാധാനമായി. അന്നുതന്നെ ചുക്കുടു കുഞ്ഞിമണിക്കാട്ടിലേക്ക് പുറപ്പെട്ടു.

ടിറ്റി മുത്തശ്ശിയും ചുക്കുടുവും

ചുക്കുടു കുഞ്ഞിമണിക്കാട്ടിലെത്തുമ്പോള്‍ ടിറ്റി മുത്തശ്ശി വലിയ സങ്കടത്തിലായിരുന്നു. കുക്കുടുവിനെ കാണാതെ അവര്‍ വിഷമിച്ചിരിക്കുകയായിരുന്നു. ചുക്കുടു , ടിറ്റി മുത്തശ്ശിയോട് കഥകളെല്ലാം പറഞ്ഞു. എല്ലാം കേട്ടു മുത്തശ്ശിയ്ക്ക് ഉടനെ തന്നെ ആലോലം കാട്ടിലെത്തി എല്ലാവരെയം കാണാന്‍ കൊതിയായി .
“ചുക്കുടൂ…. ചുക്കുടൂ ഞാനും വരുന്നുണ്ട് നിന്‍റെ കൂടെ.”മുത്തശ്ശി പറഞ്ഞു.
അതുകേട്ട് ചുക്കുടു പറഞ്ഞു.
“ടിറ്റി മുത്തശ്ശി… ടിറ്റി മുത്തശ്ശി…
തേനൂറന്മാരെ മുഴുവന്‍ കൊന്നൊടുക്കിയതിനു ശേഷം മുത്തപ്പനും കുക്കുടുവും വന്നു മുത്തശ്ശിയെ ആലോലം കാട്ടിലേയ്ക്ക് കൊണ്ടു പോകും. അത് വരെ മുത്തശ്ശി ഇവിടെയിരുന്നു പ്രാര്‍ത്ഥിച്ചാല്‍ മതി.”

അത്രയും പറഞ്ഞു മുത്തശ്ശിയോട് യാത്ര ചോദിച്ച് ചുക്കുടു തേനൂറന്മാരെയും തിരഞ്ഞിറങ്ങി.

 

തേനൂറന്മാരെ പാഠം പഠിപ്പിച്ച കുക്കുടുവിന്റെ ബുദ്ധി

 

ചോലനും കൂട്ടരും കുഞ്ഞിമണിക്കാട്ടില്‍ താമസം തുടങ്ങിയിട്ട് ഒന്ന് രണ്ട് മാസങ്ങളായി. ആലോലം കാട്ടിലെ പോലെ തൊരപ്പനെലികളോ ധാന്യങ്ങളോ ഒന്നും കുഞ്ഞിമണിക്കാട്ടിലില്ല.അതുകൊണ്ട് ഇത്രനാളും തേനും കാട്ടുകിഴ ങ്ങുകളും കായ്കളുമൊക്കെ തിന്നു വിശപ്പടക്കുകയായിരുന്നു അവർ. ഇടയ്ക്ക് കൈയ്യിലുള്ള അമ്പും വില്ലും കൊണ്ട് കാട്ടുകിളികളെയും കാട്ടാടുകളെയും എയ്തു വീഴുത്തും. ഒരിക്കല്‍ അവര്‍ അമ്പെയ്ത് വീഴ്ത്തി ചുട്ടു തിന്ന കിളികളില്‍ ഒന്ന് കരിവേലകമരപ്പൊത്തിൽ കൂട് വെച്ചിരുന്ന ചിൽച്ചിൽ പക്ഷിയായിരുന്നു. അങ്ങനെ ചോലനും കൂട്ടരും പെരുച്ചാഴി ഇറച്ചി തിന്നാന്‍ കൊതിച്ചിരിക്കുമ്പോഴാണ് ചുക്കുടു മുയല്‍ അവിടെ എത്തുന്നത്.

ചോലനും കൂട്ടരും താമസിക്കുന്ന ഗുഹയ്ക്ക് വെളിയില്‍ ചുക്കുടു ഒളിച്ചിരുന്നു. രാത്രി അവരെല്ലാം ഉറങ്ങിക്കഴിഞ്ഞ് ഗുഹയുടെ മുന്നില്‍ നിന്ന് ഉറക്കെ വിളിച്ചു.mini p c, novel

“..ചോലാ …ചോലാ ..”

ആദ്യത്തെ വിളിക്ക് തന്നെ ചോലന്‍ ഞെട്ടിയുണര്‍ന്നു.

“ഹാരാ? ഹാരാ അത്?” അയാള്‍ ഉറക്കെ ചോദിച്ചു. ചുക്കുടു തന്‍റെ ശബ്ദം കനപ്പിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു. “ഞാനാണ് ദൈവം!”

ദൈവമെന്നു കേട്ട പാടെ ചോലന്‍ താണ് കേണു വീണു. “ദൈവമേ… പറയിന്‍. അടിയന്‍….ഇതാ.. ”

അതുകണ്ട് ഗുഹയ്ക്ക് വെളിയില്‍ ഒളിഞ്ഞിരുന്ന ചുക്കുടു ശബ്ദമുയര്‍ത്തി പറഞ്ഞു.

“നിന്നെയും നിന്‍റെ കൂട്ടാളരെയും ഞാന്‍ കടാക്ഷിച്ചിരിക്കുന്നു. നാളെ വെളുക്കുമ്പോള്‍ തന്നെ നിങ്ങള്‍ ആലോലം കാട്ടിലെത്തണം. അവിടെ കാടിന്‍റെ അങ്ങേയറ്റത്തു വലിയൊരു പൊന്തക്കാടുണ്ട്. ആ പൊന്തക്കാട്ടിനുള്ളില്‍ വലിയൊരു മാളമുണ്ട്. ആ മാളത്തിനകത്ത് നിങ്ങള്‍ക്ക് വേണ്ടുവോളം എലിയും നെല്ലും ഞാന്‍ കരുതിയിട്ടുണ്ട്.”

അത്രയും പറഞ്ഞു ചുക്കുടു നിര്‍ത്തി. മസ്തി ദൈവത്തിന്‍റെ അരുളപ്പാട് കേട്ടതും ചോലന്‍ ചോമി യേയും കൂട്ടരെയും വിളിച്ചുണര്‍ത്തി, സംഗതികള്‍ അറിയിച്ചു.

“എല്ലാവരും ഉണരിന്‍! കിഴക്കു വെള്ളകീറും മുമ്പ് നമുക്ക് പോകണം.” അത് കേട്ടപാടെ എല്ലാവരും ഉണര്‍ന്നു പോകാന്‍ തയാറായി.mini p c, novel

കിഴക്ക് വെള്ളകീറും മുമ്പേ അത്ര നാള്‍ ഉപയോഗിച്ച ചട്ടിയും കലവും കത്തിയും തുടങ്ങി സകലതും അവിടെ ഉപേക്ഷിച്ചു അവര്‍ യാത്രയ്ക്കിറങ്ങി.തേനൂറന്മാര്‍ കൂട്ടം കൂട്ടമായി ഗുഹയ്ക്ക് പുറത്തു കടന്ന് ആലോലംകാട്ടിലേക്ക് നടന്നു. അതുകണ്ടതും ചുക്കുടു മുയല്‍ നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം കോമന്‍ പരുന്തിന്‍റെ പുറത്തു കയറി ആലോലം കാട്ടിലേക്ക് വേഗം പറന്നു. തേനൂറന്മാര്‍ ആലോലം കാട്ടില്‍ എത്തും മുമ്പേ അവര്‍ പുറപ്പെട്ട വിവരം മുത്തപ്പനെയും കുക്കുടുവിനെയും അറിയിച്ചു.

അത് കേട്ടു കുക്കുടുവിനും മുത്തപ്പനും സന്തോഷമായി. അവര്‍ എല്ലാ തൊരപ്പന്മാരെയും വിളിച്ചു കൂട്ടി ആലോലം കാടിന്‍റെ ഒത്ത നടുക്കുള്ള ആഞ്ഞിലിമരത്തിന്‍റെ പൊത്തിലേക്ക് ധാന്യങ്ങളത്രയും മാറ്റിവെച്ചു. കുഞ്ഞുങ്ങളെയും വൃദ്ധന്‍മാരെയും അവിടെ നിര്‍ത്തി പോരാളികളായ ആണെലികളും പെണ്ണെലികളും പൊന്തക്കാട്ടിലേക്ക്‌ തിരിച്ചു.

പൊന്തക്കാട്ടിനടുത്ത് അവരെ പ്രതീക്ഷിച്ച് ശംഭു ആന നില്‍ക്കുന്നുണ്ടായിരുന്നു. അവന്‍ നാട്ടില്‍ നിന്നും സംഭരിച്ച മണ്ണെണ്ണ തുമ്പിക്കൈയ്യിലെടുത്തു പൊന്തയിലും ഗുഹയിലും തളിച്ചു. . ..എലികളെല്ലാവരും ചൂട്ടും കത്തിച്ചു ഓരോ ഇടങ്ങളില്‍ പതുങ്ങിയിരുന്നു.

ഇതൊന്നുമറിയാതെ ചോലനും കൂട്ടരും ആര്‍ത്തിയോടെ അവിടെ എത്തി. പൊന്തക്കാടു കണ്ട് അവര്‍ കൊതിയോടെ അതിനകത്തേയ്ക്ക് പാഞ്ഞുകയറി. പാഞ്ഞു കയറിയതും എലികള്‍ പൊന്തക്കാട്ടിനു തീ വെച്ചതും ഒരുമിച്ചായിരുന്നു. തീ ആളിക്കത്തി.തേനൂറന്മാര്‍ ഞെട്ടിപ്പോയി. അവര്‍ പ്രാണന് വേണ്ടി തീയ്ക്കുള്ളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു. അല്പം കഴിഞ്ഞതും കുക്കുടു ശംഭു ആനയെ നോക്കി. അത് കണ്ട ശംഭു ആന ഉറക്കെ ചിന്നം വിളിച്ചു. ആ ശബ്ദം കേട്ടു കുറെ ആനകള്‍ തുമ്പിക്കൈ നിറയെ വെള്ളവുമായി അവിടേയ്ക്കു ഓടിയെത്തി.തീയിലേക്ക് അത് മുഴുവനും ചീറ്റി. വെള്ളം ചീറ്റിയതും പൊന്തക്കാട്ടിലെ തീയണഞ്ഞു.

കുക്കുടു ഒഴികെയുള്ള മറ്റു തുരപ്പനെലികളെല്ലാം എന്താണ് സംഭവിച്ചതെന്നറിയാതെ മിഴിച്ചു നിന്നു. മുത്തപ്പനെലി കുക്കുടു വിനെ കോപത്തോടെ നോക്കി.

“എന്താ കുക്കുടു നീയീ ചെയ്തത്? ഇവര്‍ നമ്മുടെ ശത്രുക്കൾ. ഇവരെ നമ്മള്‍ കൊല്ലണ്ടേ?” അത് കേട്ടു കുക്കുടു പതിയെ ചിരിച്ചു കൊണ്ട് മുത്തപ്പനെ കെട്ടിപ്പിടിച്ചു.

“മുത്തപ്പാ, തേനൂറന്മാരെ നമ്മള്‍ കൊന്നാല്‍ അവരും നമ്മളും തമ്മിൽ എന്താണ് വ്യത്യാസം. അവര്‍ക്കുള്ള ശിക്ഷ ദൈവം കൊടുത്തുകൊള്ളും, ഇപ്പോള്‍ അവര്‍ നല്ലവണ്ണം പേടിച്ചിട്ടുണ്ട് അതുകൊണ്ട് . അവരിനി ഒരിക്കലും നമുക്കെതിരെ തിരിയില്ലെന്നു സത്യം ചെയ്യിപ്പിച്ച് വിടാം. അല്ലാതെ ആരുടെയും ജീവനെടുക്കാ നുള്ള അധികാരം നമുക്കില്ല. ”

കുക്കുടു പറഞ്ഞത് കേട്ടു ചോലനും കൂട്ടരും കുറ്റബോധവും ഭയവും കൊണ്ട് ഉറക്കെ കരഞ്ഞു. അവര്‍ പേടിച്ചു കിടുകിടെ വിറയ്ക്കുന്നുണ്ടാ യിരുന്നു. അവരുടെ വസ്ത്രങ്ങളും മീശയും താടിയുമെല്ലാം കത്തിപ്പോയിരുന്നു.

“തേനൂറന്മാരെ ഇങ്ങുവാ.”

മുത്തപ്പന്‍ ആജ്ഞാപിച്ചു. തേനൂറന്മാര്‍ നേതാവായ ചോലനു പുറകെ മുത്തപ്പന്റെ അടുത്തേക്ക് നടന്നു. ചോലനു പേടി കൊണ്ട് കണ്ണ് പോലും കാണാതായി. അയാള്‍ മുത്തപ്പന് മുന്‍പില്‍ വീണു നമസ്ക്കരിച്ചു. അയാള്‍ക്ക് പിറകെ എല്ലാ തേനൂറന്മാരും മുട്ട് മടക്കി.

“ഞങ്ങളോട് ക്ഷമിക്കണം. ഇനി നങ്ങള്‍ ആരെയും ഉപദ്രവിക്കില്ല. നാട്ടിലേക്ക് പോയി വേലയെടുത്തു ജീവിച്ചോളാം.” ഇത് ദൈവമാണെ സത്യം . …. സത്യം. സത്യം!”

തേനൂറന്മാര്‍ താണ് തൊഴുതു പറഞ്ഞു. അവര്‍ സത്യം ചെയ്തതോടെ മുത്തപ്പനും കൂട്ടരും തേനൂറന്മാരോട് ക്ഷമിച്ചു. അതോടെ അവര്‍ ജീവനും കൊണ്ട് കാട് വിട്ടു നാട്ടിലേക്കോടി. പിന്നീടൊരിക്കലും അവര്‍ കാട് തേടി വന്നില്ല ആരെയും ഉപദ്രവിച്ചതുമില്ല.

തേനൂറന്മാരെ ഓടിച്ചു വിട്ടതിനു ശേഷം മുത്തപ്പനോടും ചുക്കുടുവിനോടു മൊപ്പം ടിറ്റി മുത്തശ്ശി യെ വിളിക്കാന്‍ കുഞ്ഞിമണിക്കാട്ടിലെത്തിയ കുക്കുടുവിനെ എല്ലാരും വാനോളം പുകഴ്ത്തി. മുത്തശ്ശി അഭിമാനത്തോടെ അവനെ ഉമ്മ വെച്ചു.

ടിറ്റി മുത്തശ്ശിയെയും കൊണ്ട് ആലോലം കാട്ടില്‍ തിരിച്ചെത്തിയ കുക്കുടുവിനെ തൊരപ്പന്മാരെല്ലാം ചേര്‍ന്നു തങ്ങളുടെ നേതാവാക്കി.

കുക്കുടു ധീരനും ശക്തനുമായ നേതാവായി തൊരപ്പൻമാർക്കൊപ്പം ആലോലം കാട്ടില്‍ പിന്നീടുള്ള കാലമത്രയും സുഖമായി ജീവിച്ചു.

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kukkudu eliyum thenuranmarum part 5 mini pc

Next Story
കുക്കുടു എലിയും തേനൂറന്മാരും: കുട്ടികളുടെ നോവൽ, ഭാഗം 4mini p c, novel
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express