/indian-express-malayalam/media/media_files/uploads/2019/01/mini-1-1.jpg)
മുത്തപ്പൻ പറഞ്ഞ കഥകൾ
മണിയന്‍ പെരുച്ചാഴി കുക്കുടുവിനെ ഒരു മിടുക്കന്‍ പെരുച്ചാഴിക്ക് വേണ്ട സകല അഭ്യാസങ്ങളും പഠിപ്പിച്ചു. പേടിയും മടിയും കുക്കുടു മറന്നുപോയി. ദിവസങ്ങള്‍ കൊണ്ട് കുക്കുടു അവന്‍റെ അച്ഛനായ വീരന്‍ തുരപ്പനെ പോലെ അതിസമര്‍ത്ഥ നായി.
ഒഴിവു നേരങ്ങളില്‍ മുത്തപ്പന്‍ അവനു പഴയ കഥകള്‍ പറഞ്ഞുകൊടുത്തു. ഒരു ദിവസം കുക്കുടു മുത്തപ്പനോടു ചോദിച്ചു.
"മുത്തപ്പാ മുത്തപ്പാ എന്റെ അച്ഛനും അമ്മയ്ക്കും ശരിക്കും എന്താണ് സംഭവിച്ചത്? ആരാണ് ഈ തേനൂറന്മാര്‍? അച്ഛനും അമ്മയും മരിക്കുമ്പോള്‍ മുത്തപ്പനും മറ്റും എവിടെയായിരുന്നു?"
കുക്കുടുവിന്‍റെ ചോദ്യം കേട്ടു മുത്തപ്പന്‍ ആ കഥ പറഞ്ഞു തുടങ്ങി. ആ കഥ കേട്ട് കുക്കുടുവിന്‍റെയുള്ളിലെ തേൻകുറുമരോടുള്ള പ്രതികാരം വളര്‍ന്നു.
തേനൂറന്മാരുടെ തന്ത്രം
ആലോലം കാട്ടിന്‍റെ ഒരറ്റത്താണ് ചോലന്‍ തേനൂറന്മാനും കൂട്ടരും താമസിച്ചിരു ന്നത്. സ്ഥിരമായി ഒരിടത്ത് താമസിക്കാത്ത കൂട്ടരായിരുന്നു ഇവര്‍.തേന്‍ കൊതിയന്മാരായ ഇവര്‍ എല്ലാ മരങ്ങളിലും കയറി തേനീച്ചകള്‍ കാണാതെ തേന്‍ കട്ടുകുടിക്കുമായിരുന്നു. ഒരിക്കല്‍ ചോലന്‍ തേനൂറന്‍ കൂട്ടരുമായി വീരന്‍ പെരുച്ചാഴിയുടെ വയലിനരികെയുള്ള പെരും മാളത്തിനരികെ താമസമാക്കി. വര്‍ഷങ്ങളായി ധാന്യങ്ങളും മറ്റും സംഭരിച്ചു വെച്ച വലിയൊരു കലവറ വീരന്‍ പെരുച്ചാഴിയുടെ മാളത്തിലുണ്ടാ യിരുന്നു. അത് കൂടാതെ മുഴുത്തു കൊഴുത്ത പെരുച്ചാഴികളും.അവറ്റകളെ കണ്ട് ചോലന്‍റെയും കൂട്ടരുടെയും നാവില്‍ വെള്ളമൂറി.
"ഹായ്, ഹായ്. കൊഴുത്ത എലികള്‍. ഇവയെ ചുട്ടു തിന്നാന്‍ നല്ല രുചിയായി രിക്കും." ചോലന്‍റെ കെട്ടിയവള്‍ ചോമി കൊതിയോടെ പറഞ്ഞു. അത് കേട്ടു ചോലന്‍പറഞ്ഞു.
"ചോമീ ,,ചോമീ , നീയിങ്ങനെ കൊതികുത്തി ഇരിക്കാതെ പോയി അവിടെയുള്ള തുരപ്പത്തികളോട് ചങ്ങാത്തം കൂടി അവരുടെ വിവരങ്ങ ളൊക്കെ അറിയ്. നമ്മള്‍ ഇവിടം വിടാന്‍ കുറച്ചുനാളും കൂടിയെ ഉള്ളു. അപ്പോഴേ ക്കും കൊയ്ത്തുകഴിയും. ഒരു വെടിക്ക് രണ്ട് പക്ഷി."
ചോലന്‍ പറഞ്ഞത് കേട്ടു ചോമി പിറ്റേന്നു തന്നെ തൊരപ്പൻകുടിയിലേക്ക് ചെന്നു. അവിടെ ടിറ്റി അമ്മൂമ്മയും വീരമ്മ തൊരപ്പത്തിയും ഉണ്ടായിരുന്നു.
"തൊരപ്പത്തികളെ ..തൊരപ്പത്തികളെ ..... ഞാനാണ് ചോമി . കുറച്ചു നാള്‍ നിങ്ങടെ നാട്ടില്‍ താമസിക്കാന്‍ വന്നതാണ് ഞങ്ങള്‍. നിങ്ങളെ ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. ഇതാ കുറച്ചു നെല്ലും കിഴങ്ങും."
ചോമി കുറുക്കത്തി തഞ്ചത്തില്‍ കുറച്ച് നെല്ലും കിഴങ്ങും അവര്‍ക്ക് കൊടുത്തു. ടിറ്റി മുത്തശ്ശിയും വീരമ്മ തൊരപ്പത്തിയും അത് വാങ്ങിയില്ല.
"എന്താ തൊരപ്പത്തികളെ ഞാന്‍ തന്നത് വാങ്ങിക്കാത്തത്?" അവര്‍ ചോദിച്ചു. അതിനു ടിറ്റി മുത്തശ്ശി പറഞ്ഞു.
"..... ചോമീ...ചോമീ... ഇവിടെ നിറയെ കിഴങ്ങുണ്ട്. ഇത് നീ തന്നെ കൊണ്ടുപൊക്കോളൂ."
അത് കേട്ടു സൂത്രത്തില്‍ ചോമി ചോദിച്ചു.
"ഇവിടെ നിങ്ങള്‍ എത്രപേരുണ്ട്?"
"ഇവിടെ ഞങ്ങള്‍ അയ്യായിരം പേരുണ്ട്."
വീരമ്മ തൊരപ്പത്തി അഭിമാനത്തോടെ പറഞ്ഞു. അതുകേട്ടു നാവുനുണഞ്ഞു കൊണ്ട് ചോമി ചോദിച്ചു,
"ഓ... അയ്യായിരം പേരോ? എല്ലാവര്‍ക്കും താമസിക്കാന്‍ ഇവിടെ സ്ഥലം ഉണ്ടോ?"
മാളത്തിനകത്തേയ്ക്ക് തല നീട്ടിക്കൊണ്ട് ചോമി ചോദിച്ചു. അത്കേട്ട് വീരമ്മ തൊരപ്പത്തി പറഞ്ഞു.
",ചോമീ...ചോമീ. ഞങ്ങളുടെ ഈ മാളം ദൂരെ ആലോലം കാടുവരെ നീണ്ടു കിടക്കുന്നുണ്ട്. നിങ്ങള്‍ മനുഷ്യര്‍ക്ക് പോലും കടന്നു നടക്കാന്‍ പറ്റിയ വലിയ മാളമാണ്. ഞങ്ങളുടെ സമ്പാദ്യം മുഴുവനും ഇവിടെയാണ്."
വീരമ്മ തൊരപ്പത്തി പറഞ്ഞത് കേട്ട് ചോമി യുടെ മനസ്സില്‍ സന്തോഷം നിറഞ്ഞു. കൊയ്ത്തു കഴിയുന്ന പിറ്റേന്നു മാസങ്ങളോളം തിന്നാനുള്ള വക അവിടെ നിന്ന് കിട്ടും. കൊയ്ത്തിനിനി കുറച്ചു ദിവസങ്ങളെ ഉള്ളു. അവള്‍ ആഹ്ളാദത്തോടെ താമസിക്കുന്ന ഗുഹയിലെയ്ക്കോടി ചെന്നു ചോലനോട് താനറിഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞു. അത് കേട്ട് ചോലനും കൂട്ടരും സന്തോഷത്തോടെ നൃത്തം ചവിട്ടി.
എന്തായാലും ചോമി വന്നുപോയതിനുശേഷം ടിറ്റി മുത്തശ്ശിയുടെ ഉള്ളില്‍ എന്തോ ഒരു അപായ ചിന്ത നിറഞ്ഞു. അവരുടെ ജീവിതകാലത്ത് ആദ്യമായാണ്. അവര്‍ തേനൂറരെ കാണുന്നത്. പെരുമാറ്റം കണ്ടിട്ട് നല്ല മനുഷ്യരാണെന്ന് തോന്നുന്നു. എങ്കിലും സൂക്ഷിക്കണം. എത്ര നല്ലതാണെങ്കിലും മനുഷ്യര്‍ മനുഷ്യര്‍ തന്നെയാണ്.
"വീരമ്മമോളെ...വീരമ്മമോളെ...,
നമ്മള്‍ എന്തായാലും ആ ചോമിയോട് ഒന്നും വിട്ടു പറയണ്ടായിരുന്നു."
ടിറ്റി മുത്തശ്ശി മകളോട് പറഞ്ഞു.
"അതെനെന്താ കുഴപ്പം?"
വീരമ്മ തുരപ്പത്തി ചോദിച്ചു.
"നമ്മുടെ ആജന്മശത്രുക്കളാണ് മനുഷ്യര്‍ അവരോടു നമ്മളെപ്പോഴും. അകന്നു നിക്കണം."
ടിറ്റി മുത്തശ്ശി പറഞ്ഞു.
"അമ്മേ...അമ്മേ... പൊന്നമ്മേ... അങ്ങനെ ചിന്തിക്കരുത് . ചോമി നമ്മളോട് സ്നേഹമായിട്ടല്ലേ പെരുമാറിയത്? സ്നേഹമുള്ളവരെ നമ്മള്‍ അകറ്റി നിര്‍ത്തരുത്."
"ഉം... ശരി!" വീരമ്മ പറഞ്ഞത് ടിറ്റി വിശ്വസിച്ചു. അവര്‍ സമാധാനത്തോടെ കിടന്നുറങ്ങി.
കൊയ്ത്തടുത്തു. തൊരപ്പന്‍മാരെല്ലാവരും ഉത്സാഹത്തോടെ ധാന്യം ശേഖരിച്ച് കളപ്പുര നിറച്ചു. നൂറു തലമുറകള്‍ക്ക് തിന്നാനുള്ള വക സമ്പാദിച്ചു കൂട്ടിയെന്ന് ശൂരന്‍ തൊരപ്പന്‍ അഭിമാനം കൊണ്ടു. അപ്പോള്‍ മറ്റുള്ളവരെല്ലാം തൊരപ്പന്‍ മുത്തപ്പനും ശൂരന്‍ തൊരപ്പനും ജയ് വിളിച്ചു.
"തൊരപ്പന്‍ മുത്തപ്പന്‍ കീ ജയ്!"
"ശൂരന്‍ തൊരപ്പന്‍ കീ ജയ്!"
തേനൂറന്മാരുടെ ചതിയുടെ കഥ
കൊയ്ത്തിന്‍റെ പിറ്റേന്നു പകലായി. വെളുക്കും വരെ അധ്വാനിച്ച ക്ഷീണത്തില്‍ തൊരപ്പൻമാരെല്ലാവരും തളര്‍ന്നുറങ്ങുന്ന സമയം!
ശൂരന്‍ തുരപ്പനും വീരമ്മ തുരപ്പത്തിയുംകൂര്‍ക്കം വലിച്ച് ഉറങ്ങുകയാണ്. ടിറ്റി മുത്തശ്ശി കുക്കുടു അടക്കമുള്ള നൂറോളം പേരക്കിടങ്ങളെ പാട്ടു പാടി ഉറക്കുക യായിരുന്നു. അപ്പോഴാണ് അവര്‍ ഒരു കാല്‍ പെരുമാറ്റം കേട്ടത്. അൽപ്പം കഴിഞ്ഞതും കാല്‍പ്പെരുമാറ്റം കൂടി കൂടി വന്നു. അവര്‍ ചെവി വട്ടം പിടിച്ചു. പെട്ടന്നു ശൂരനെലി ഉറക്കമുണര്‍ന്ന് "ഹും...ഹും..." എന്നൂതിക്കൊണ്ട് മൂക്കുകൊണ്ട് മണം പിടിച്ചു. "മനുഷ്യന്റെ മണം!" അവന്‍ വേഗം മാളത്തിലൂടെ പിന്നോട്ടോടി. അവനു പുറകെ വീരമ്മ തൊരപ്പത്തിയും ഓടി. അവര്‍ കലവറയ്ക്ക് മുന്നിലെത്തിയതും അവിടം തേനൂറന്മാരെക്കൊണ്ട് നിറഞ്ഞിരുന്നു. ശൂരന്‍ തൊരപ്പനും വീരമ്മ തുരപ്പത്തിയും ഉടനെ അവര്‍ക്ക് മീതെ ചാടിവീണ് ആക്രമണം തുടങ്ങി. അവരുടെ ശബ്ദം കേട്ട് മറ്റ് തുരപ്പന്മാരില്‍ ചിലര്‍ ഉണര്‍ന്നെങ്കിലും അപ്പോഴേക്കും തേനൂറന്മാര്‍ തങ്ങളുടെ ചാക്കുകളില്‍ ധാന്യം ശേഖരിക്കുകയും മാളത്തിനു തീയിടുകയും ചെയ്തു കഴിഞ്ഞിരുന്നു.
മാളത്തിനുള്ളില്‍ ആകെ കൊടും പുക നിറഞ്ഞു. തൊരപ്പന്‍മാരില്‍ ചിലര്‍ രഹസ്യവഴികളിലൂടെ പ്രാണനും കൊണ്ടോടി. ശൂരന്‍ തുരപ്പനും വീരമ്മ തൊരപ്പത്തിയും ഒരുപാട് പേരെ തീയില്‍ നിന്നും രക്ഷിച്ചു. അവരെ രക്ഷപ്പെടുത്തുന്നതിനിടയാണ് കുക്കുടുവിനെയും കൊണ്ട് രക്ഷപ്പെടാന്‍ ടിറ്റി മുത്തശ്ശിയോട് അവര്‍ പറഞ്ഞത്.
ആ നേരം മുത്തപ്പനെലി തേനൂറന്മാര്‍ക്ക് പുറകെ പാഞ്ഞ് അവരെ ആക്രമിച്ചു. അതിനിടെ ചോലന്‍ തന്‍റെ കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് മുത്തപ്പന്‍ തുരപ്പനെ വെട്ടി പരിക്കേല്‍പ്പിച്ചു. അതോടെ മുത്തപ്പന്റെ ബോധം മറഞ്ഞു. ഗുഹയ്ക്ക് വെളിയിലെ പൊന്തയ്ക്കുള്ളില്‍ അത് കുഴഞ്ഞു വീണു.
ആ ആക്രമണത്തില്‍ ആയിരക്കണക്കിന് തുരപ്പന്മാര്‍ ചത്തുവീണു. വെന്ത തുരപ്പന്‍മാരുടെ മാംസം തീയണഞ്ഞശേഷം പെറുക്കി ചാക്കുകളിലാക്കി തേനൂറര്‍ മറ്റൊരിടത്തേയ്ക്ക് യാത്രയായി. രക്ഷപ്പെട്ട എലികളില്‍ ചിലര്‍ തിരികെ വന്ന് മുത്തപ്പന്‍ തുരപ്പനെ ചിന്നന്‍ വൈദ്യനരികെ എത്തിച്ചു.
മുത്തപ്പന്‍ തുരപ്പന്‍ സുഖം പ്രാപിച്ചതിനുശേഷം ചിതറിയോടിയ തുരപ്പന്മാരെ സംഘടിപ്പിച്ചു പുതിയോരിടത്തു താമസം തുടങ്ങി. അവര്‍ പെറ്റുപെരുകി വലിയൊരു കൂട്ടമായി. വളരെ പരിശ്രമിച്ചു, സമ്പാദ്യം കുമിഞ്ഞു കൂടി. അവർ കണ്ടെത്തി നശിപ്പിക്കാന്‍ തക്കം പാര്‍ത്തു. "ഇതാണ് കഥ."
മുത്തപ്പന്‍ കുക്കുടുവിനോട് കഥ പറഞ്ഞു നിര്‍ത്തി. കഥ കേട്ടു കുക്കുടുവിന്‍റെ കണ്ണ് നിറഞ്ഞു, നെഞ്ചു പതച്ചു. "ഈ കൊടും ക്രൂരതയ്ക്ക് നമുക്ക് പകരം ചോദിക്കണം മുത്തപ്പാ." അവന്‍ ധീരതയോടെ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.