Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

കുക്കുടു എലിയും തേനൂറന്മാരും: കുട്ടികളുടെ നോവൽ, ഭാഗം 3

“കുക്കുടു കുട്ടാ, പൊന്നു കുട്ടാ നീ ഒരു ലക്ഷണമൊത്ത തുരപ്പനെലിയാണ്. എന്റെ കൂടെ വന്നാല്‍ സകലമാന അഭ്യാസങ്ങളും പഠിപ്പിച്ചു നിന്നെ ഞാന്‍ മിടുക്കനാക്കാം.” എന്തായാലും മണിയന്‍റെ അടുത്തു പോയി സകല അഭ്യാസ ങ്ങളും പഠിക്കാന്‍തന്നെ കുക്കുടു തീരുമാനിച്ചു.

mini pc

ചുക്കുടു മുയലിന്റെ ധർമ്മസങ്കടം

ചുക്കുടുവിന്‍റെ കൂടെ വീട്ടിലെത്തിയ കുക്കുടുവിനെക്കണ്ട് ചുക്കുടുവിന്‍റെ അമ്മയ്ക്കും അനിയന്മാര്‍ക്കും ദേഷ്യം വന്നു. ചുക്കുടു കുക്കുടുവിനു വേണ്ടി കോലന്‍പോത്തിന്‍റെ കൈയില്‍ നിന്നും കുറെ നെല്ല് വാങ്ങി. കുട്ടപ്പന്‍ പെരുച്ചാഴി യുടെ കൈയ്യില്‍ നിന്നും കുറച്ചു കപ്പയും വാങ്ങിയിരുന്നു ചുക്കുടു കുക്കുടു വിനെ എല്ലാം നിര്‍ബന്ധിച്ചു കഴിപ്പിച്ചു. ദിവസങ്ങള്‍ കടന്നു പോയി. ചുക്കുടു രാവിലെ നേരത്തെ ഉണര്‍ന്നു ജോലിക്ക് പോകും. സന്ധ്യയാവുമ്പോഴാണ് മടങ്ങി വരിക. ആ നേരം വരെ വെറുതെ വീട്ടിലിരുന്നു കുക്കുടുവിനു മടുത്തു. കൂടാതെ ചുക്കുടു അല്ലാതെ മറ്റാരും അവനോട് സംസാരിക്കില്ലായിരുന്നു. അവിടെ നിന്നും പോകാന്‍ കുക്കുടു ആഗ്രഹിച്ചു. അപ്പോഴാണ് സുക്കുടു അമ്മാവന്‍ ചുക്കുടുവി ന്‍റെ വീട്ടിലെത്തിയത്.

രാത്രി നേരത്താണ് സുപ്പുടു അമ്മാവന്‍ എത്തിയത്. എത്തിയപാടെ ചുക്കുടുവിനെയും അച്ഛനെയും അമ്മയെയും വിളിച്ചുണര്‍ത്തി പറഞ്ഞു. “കുക്കുടു എലിയെ നാളെ തന്നെ പറഞ്ഞു വിടണം.”

“എന്തിനാ അമ്മാവാ. അവനൊരു പാവമാണ്.” ചുക്കുടു പറഞ്ഞു. അത് സുപ്പുടു അമ്മാവന് ഇഷ്ടമായില്ല.

“എടാ മണ്ടാ മുയലുകള്‍ ഒരിക്കലും എലികളുടെ കൂട്ട് കൂടരുത്. നീ വിചാരിക്കുംപോലെ കുക്കുടു ഒരു ചുണ്ടെലിയല്ല തുരപ്പനാണ്. തുരപ്പനെലികള്‍ സകലതും നശിപ്പിക്കുന്ന ജീവികളാണ്. അവറ്റകള്‍ ഇവിടെ പെറ്റുപെരുകിയാല്‍ പിന്നെ നമ്മുക്കൊരു രക്ഷയും ഉണ്ടാവില്ല. അതുകൊണ്ട് എത്രയും പെട്ടന്നു അവനെ ഇവിടെ നിന്നും ഓടിക്കണം.” സുക്കുടു അമ്മാവന്‍ പറഞ്ഞത് കേട്ടു ചുക്കുടുവിന്‍റെ അച്ഛനും അമ്മയും പറഞ്ഞു.,

“ചുക്കുടു….. നിന്‍റെ ചങ്ങാതി ഒരു മുയലായിരുന്നങ്കില്‍ ഞങ്ങളവനെ ഇറക്കി വിടാന്‍ പറയില്ലായിരുന്നു. ഇതങ്ങനെയല്ല. മല വരെ തുരക്കുന്ന ജീവികളാണ് എലികള്‍. അതുകൊണ്ട് നാളെത്തന്നെ അവനെ നീ പറഞ്ഞു വിടണം.”

അച്ഛനും അമ്മയും സുപ്പുടുഅമ്മാവനും പറഞ്ഞത് കേട്ട് ചുക്കുടു ധര്‍മ്മ സങ്കടത്തിലായി . കുക്കുടു എത്ര വലുതായാലും തനിക്കു ദ്രോഹം വരുന്ന ഒന്നും ചെയ്യില്ലെന്ന്‍ അവനറിയാമായിരുന്നു. പക്ഷെ എല്ലാവരും ഇങ്ങനെ പറയുമ്പോള്‍ എന്ത് ചെയ്യാനാവും?”

അവന്‍ സങ്കടത്തോടെ ഉറങ്ങാന്‍ കിടന്നു. കുക്കുടു അവര്‍ പറയുന്നത് മുഴുവനും കേള്‍ക്കുന്നുണ്ടായിരുന്നു. ഇനിയും ചുക്കുടുവിനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന് അവന്‍ ഉറപ്പിച്ചു.

കുക്കുടുവിന്റെ യാത്ര

പിറ്റേന്ന് അതിരാവിലെ കുക്കുടു എഴുന്നേറ്റ് എല്ലാവരോടും യാത്ര പറഞ്ഞ് അവിടെനിന്നും ഇറങ്ങി. ചുക്കുടു കുക്കുടുവിനെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു.

” കുക്കുടുക്കുട്ടാ… പൊന്നുകുട്ടാ… നീ എവിടെ പോയാലും എന്നെ മറക്കരുത്.” അത് കേട്ടു കുക്കുടു പറഞ്ഞു.

“എന്റെ ആപത്തു കാലത്ത് കൂടെ നിന്ന നിന്നെ ഒരിക്കലും ഞാന്‍ മറക്കില്ല. നിന്നോടുള്ള എന്റെ സ്നേഹം ഒരിക്കലും കുറയുകയുമില്ല.”

എല്ലാവരോടും യാത്ര പറഞ്ഞ് കുക്കുടു നടന്നു. ചിന്നന്‍ വൈദ്യന്‍റെ അടുത്തായിരുന്നപ്പോള്‍ മണിയനെന്ന് പേരുള്ള ഒരു തുരപ്പനെലിയെ അവന്‍ പരിചയപ്പെട്ടിരുന്നു. ആലോലം കാടിന്‍റെ അപ്പുറത്തുള്ള ഒരു പൊന്തയ്ക്കുള്ളിലാണ് അവന്‍റെ മാളം.കാട്ടില്‍ മാത്രമല്ല നാട്ടിലും പോയി ഇരതേടാനുള്ള കഴിവും ബുദ്ധിയും അവനുണ്ട്. ഒരിക്കല്‍ നാട്ടിലുള്ള ഒരു തോട്ടത്തില്‍ നിന്ന് കിഴങ്ങ് മോഷ്ടിക്കുകയായിരുന്ന അവനെ കഴുത്തില്‍ ബെല്‍റ്റ് കെട്ടിയ ഒരു പട്ടി കടിച്ചു കുടഞ്ഞതാണ്. മണിയന്‍ ചെറുത്തു നില്‍ക്കുകയും പട്ടിയെ പല്ലും നഖങ്ങളുമുപയോഗിച്ചു തിരിച്ച് ആക്രമിക്കുകയും ചെയ്തു. അങ്ങനെ അവിടെ നിന്നും വരുന്ന വരവാണ് അവന്‍ ചിന്നന്‍ വൈദ്യന്‍റെ അടുത്തെത്തിയത്. അന്നേ മണിയന്‍ കുക്കുടുവിനോട് പറഞ്ഞതാണ്.

“കുക്കുടു കുട്ടാ, പൊന്നു കുട്ടാ നീ ഒരു ലക്ഷണമൊത്ത തുരപ്പനെലിയാണ്. എന്റെ കൂടെ വന്നാല്‍ സകലമാന അഭ്യാസങ്ങളും പഠിപ്പിച്ചു നിന്നെ ഞാന്‍ മിടുക്കനാക്കാം.” എന്തായാലും മണിയന്‍റെ അടുത്തു പോയി സകല അഭ്യാസ ങ്ങളും പഠിക്കാന്‍തന്നെ കുക്കുടു തീരുമാനിച്ചു.

കുക്കുടു പാട വരമ്പിലൂടെ, തോട്ടരികിലൂടെ, കാട്ടിലും മേട്ടിലുമൂടെ നടന്നു നടന്ന്‍ ആലോലം കാട്ടിനക്കരെയുള്ള പൊന്തക്കാട്ടിലെത്തി. പോകുംവഴി അവന്‍ വിശപ്പുമാറ്റാന്‍ കിഴങ്ങ് മാന്തി തിന്നു. ശണ്ഠ കൂടാനെത്തിയ മുള്ളന്‍ പന്നിയില്‍ നിന്നും സൂത്രത്തില്‍ രക്ഷപ്പെട്ടു. തന്നെ റാഞ്ചാനെത്തിയ പരുന്തു പരമുവില്‍ നിന്നും സമര്‍ത്ഥമായി ഓടിയൊളിച്ചു.

mini pc

സന്ധ്യയോടെ കുക്കുടു മണിയന്റെ വീട്ടിലെത്തി. കുക്കുടു ചിന്തിച്ചതിലും വളരെ വലിയൊരു പൊന്തക്കാടായിരുന്നു അത്.കുഞ്ഞിമണിക്കാടിന്റെ പകുതിയോള മുണ്ട് ആ പൊന്തക്കാട്‌!

മണിയനും മുത്തപ്പനും

കുക്കുടു എത്തുമ്പോള്‍ മണിയനും കൂട്ടരും ഇരതേടാന്‍ ഇറങ്ങുകയായിരുന്നു. കുക്കുടു അവരെ നോക്കി. അവരുടെ എണ്ണം പിടിക്കാന്‍ അവന് കഴിഞ്ഞില്ല. ഏകദേശം ആയിരത്തോളം തുരപ്പന്മാരുണ്ട്. തന്നെക്കാള്‍ ചെറിയവര്‍ തുടങ്ങി മൂത്ത് നരച്ചവര്‍ വരെ. അവരെല്ലാവരും പൊന്തക്കാട്ടിനുള്ളിലെ ഒരു ചെറിയ പാറയ്ക്കു മുന്നില്‍ അണിനിരന്നിരിക്കുകയായിരുന്നു . ആ പാറയില്‍ വീരശൂര പരാക്രമി യായിരുന്ന ഒരു എലിയുടെ ചിത്രമുണ്ട്. ആ ചിത്രത്തിന് മുന്നില്‍ ഒരു തുരപ്പന്‍ മുത്തപ്പന്‍ നിന്നുകൊണ്ട് എല്ലാവര്ക്കും ഒരു പ്രതിജ്ഞ ചൊല്ലി കൊടുത്തു. മറ്റുള്ളവര്‍ ആ പ്രതിജ്ഞ ഏറ്റു ചൊല്ലി.

“കാട്ട് മുത്തപ്പനാണെ…
ആലോലം കാടാണെ…
ഈ കാണുന്ന ശൂരന്‍ തുരപ്പനാണെ…
എന്നാണെ…
നിന്നാണെ…
തേനൂറന്മാരെ കൊല്ലാതെ…
നമുക്കിനി വിശ്രമമില്ല.”

കുക്കുടു എലി അത്ഭുതതോടെ അവരുടെ ഒത്തൊരുമ നോക്കി നിന്നു. കുഞ്ഞിമണിക്കാട്ടില്‍ അവന്‍ കണ്ടിട്ടുള്ള തുരപ്പന്മാര്‍ക്ക് തമ്മില്‍ത്തമ്മിൽ ഒരു സ്നേഹവും ഉണ്ടായിരുന്നില്ല. അവര്‍ തരം കിട്ടുമ്പോഴെല്ലാം പരസ്പ്പരം അടികൂടുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു.

ഒരേ വര്‍ഗക്കാരായിരുന്നിട്ടും ടിറ്റി മുത്തശ്ശിയോടോ കുക്കുടുവിനോടോ കൂട്ട് കൂടാനോ സ്നേഹമായി സംസാരിക്കാനോ അവര്‍ ശ്രമിച്ചിട്ടില്ല. എന്ന് മാത്രമല്ല തരം കിട്ടുമ്പോഴെല്ലാം അവര്‍ കുക്കുടുവിനെ പരിഹസിക്കുകയും ടിറ്റി മുത്തശ്ശി സൂക്ഷിച്ചു വെച്ചിട്ടുള്ള കിഴങ്ങും ധാന്യങ്ങളുമെല്ലാം മോഷ്ടിച്ചു കൊണ്ടു പോവുക യും ചെയ്യും. എന്തായാലും കുക്കുടുവിനു പുതിയ സ്ഥലം ആദ്യത്തെ കാഴ്ചയിൽ തന്നെ ഇഷ്ടമായി. അവരുടെ ഒത്തൊരുമ അവനെ ആകര്‍ഷിച്ചു.

പ്രതിജ്ഞ കഴിഞ്ഞപ്പോഴാണ് മണിയന്‍ തുരപ്പന്‍ കുക്കുടുവിനെ കണ്ടത്. കുക്കുടുവിനെ കണ്ടപ്പോള്‍ മണിയന് വളരെ സന്തോഷമായി.
“കുക്കുടുക്കുട്ടാ മിടുക്കന്‍ കുട്ടാ, നീ വരുമെന്നു ഞാന്‍ കരുതിയതേയില്ല. വാ നിനക്ക് ഞങ്ങളുടെ തുരപ്പന്‍ മുത്തപ്പനെ പരിചയപ്പെടുത്തിത്തരാം.” മണിയന്‍ സന്തോഷത്തോടെ കുക്കുടുവിനെ തുരപ്പന്‍ മുത്തപ്പന് പരിചയപ്പെടുത്തി ക്കൊടുത്തു.

“മുത്തപ്പാ, മുത്തപ്പാ…ഇത് എന്റെ ചങ്ങാതിയാണ്… ഇനി മുതല്‍ നമ്മുടെ കൂടെ കഴിയാനാണ് ഇവനിഷ്ടം.”
തുരപ്പന്‍ മുത്തപ്പന്‍ കുക്കുടുവിനെ അടിമുടി നോക്കി. ഇവനെ എവിടെയോ കണ്ട നല്ല പരിചയമുണ്ടല്ലോ. എവിടെയാണ് ഇതിനുമുന്‍പ് താനിവിടെ കണ്ടിട്ടുള്ളത്? തുരപ്പന്‍ മുത്തപ്പന്‍ ആലോചിച്ചു. മുത്തപ്പന്‍റെ ആലോചന കണ്ട കുക്കുടു മുത്തപ്പന്‍റെ മുഖത്തേയ്ക്ക് നോക്കി നിന്നു. മുത്തപ്പന്‍റെ മീശയും ചെവിയിലെ രോമങ്ങളും വരെ നരച്ചു. എന്നാലും മുഖത്തു വേറെ ക്ഷീണങ്ങളൊന്നുമില്ല. ഒരു ചെറുപ്പക്കരന്‍റെ ചുറുചുറുക്കും ഉന്മേഷവുമാണ് സംസാരത്തിലും ചലനങ്ങളിലും. എത്ര ആലോചിച്ചിട്ടും മുത്തപ്പന് ഓര്‍മ്മ കിട്ടിയില്ല.
“എലിക്കുട്ടാ നിന്‍റെ പേരെന്താ?”
മുത്തപ്പന്‍ അവനോട് ചോദിച്ചു.
“കുക്കുടു”
കുക്കുടു വളരെ വിനയത്തോടെ പറഞ്ഞു.
“എവിടെയാണ് നിന്റെ വീട്?”
മുത്തപ്പന്‍ ചോദിച്ചു.
“കുഞ്ഞിമണിക്കാട്ടിലാണ് എന്റെ വീട്.” കുക്കുടു പറഞ്ഞു

mini pc
“ആരൊക്കെയുണ്ട് നിന്‍റെ വീട്ടില്‍?” മുത്തപ്പന്‍ ചോദിച്ചു. “എനിക്ക് മുത്തശ്ശി മാത്രമേയുള്ളൂ.” കുക്കുടു പറഞ്ഞു.
“നിനക്ക് അച്ഛനും അമ്മയും സഹോദരങ്ങളും ഇല്ലേ?”
മുത്തപ്പന്‍ സ്നേഹത്തോടെ ചോദിച്ചു. “ഇല്ല”
കുക്കുടു മുഖം കുനിച്ചു.
“എന്ത് പറ്റിഅവര്‍ക്ക്?”
മുത്തപ്പന്‍ അലിവോടെ കുക്കുടുവിനോടു തിരക്കി.
കുഞ്ഞിമണിക്കാടല്ല ഈ ആലോലം കാട്ടിലാണ് എന്റെ അച്ഛനും അമ്മയും മുത്തശ്ശിയുമെല്ലാം ജീവിച്ചിരുന്നത്. വീരശൂര പരാക്രമികളായിരുന്നു. എന്‍റെ കുടുംബക്കാര്‍. ഒരിക്കല്‍ തേനൂറന്മാര്‍ വന്ന്‌ എന്റെ വീട് കൊള്ളയടിച്ചു. മുത്തശ്ശിയും ഞാനുമൊഴികെ മറ്റെല്ലാവരെയും അവർ ചുട്ടു തിന്നു. മുത്തശ്ശി എന്നെയും കൊണ്ട് കുഞ്ഞിമണിക്കാട്ടിലേക്ക് രക്ഷപ്പെട്ടു.” കുക്കുടു കഥ പറഞ്ഞു തീര്‍ന്നതും മുത്തപ്പന്‍ അതിശയത്തോടെ രണ്ടു കൈകളും കൊണ്ട് കുക്കുടുവിന്‍റെ മുഖം പിടിച്ചുയര്‍ത്തി.
“മോനെ കുക്കുടു എന്താ നിന്‍റെ അച്ഛന്‍റെ പേര് ?”
മുത്തപ്പന്‍ ചോദിച്ചു.
“എനിക്കറിയില്ല മുത്തപ്പാ.”
കുക്കുടു പറഞ്ഞു.
“ടിറ്റി എന്നാണോ നിന്‍റെ മുത്തശ്ശി യുടെ പേര്?” ഗദ്ഗദത്തോടെ മുത്തപ്പന്‍ ചോദിച്ചു.
“അതേ !മുത്തപ്പന് ടിറ്റി മുത്തശ്ശിയെ അറിയാമോ?”
കുക്കുടു അത്ഭുതത്തോടെ മുത്തപ്പനെ നോക്കി. മുത്തപ്പന്‍ അവനെ കെട്ടിപ്പിടിച്ച് നെറുകയില്‍ ഉമ്മവെച്ചു. സന്തോഷം അടക്കാന്‍ വയ്യാതെ മുത്തപ്പന്‍ ഒരേസമയം ചിരിക്കുകയും കരയുകയും ചെയ്തു. കുക്കുടുവിനും അവിടെയുണ്ടായിരുന്ന തുരപ്പന്മാര്‍ക്കും ഒന്നും മനസ്സിലായില്ല.

മുത്തപ്പന്‍ കുക്കുടുവിനെയും കൊണ്ട് പാറയില്‍ വരച്ച ചിത്രത്തിന് മുമ്പില്‍ നിന്നു.എന്നിട്ട് ചിത്രം ചൂണ്ടിക്കാണിച്ചു പറഞ്ഞു.
“കുക്കുടു, ഇതാണ് നിന്‍റെ അച്ഛന്‍. എന്റെ മകന്‍. നീ എന്‍റെ പേരക്കുട്ടിയാണ്!” അത് കേട്ടു കുക്കുടു അന്തംവിട്ടു. മുത്തപ്പന്‍ എല്ലാവരോടുമായി സന്തോഷത്തോടെ പറഞ്ഞു.
” എല്ലാവരും കേള്‍ക്കിന്‍ ഇതാണ് നമ്മുടെ ശൂരന്‍റെ മകന്‍. മരിച്ചു പോയെന്നു കരുതിയ എന്‍റെ ഭാര്യ ടിറ്റി ജീവിച്ചിരിക്കുന്നു. ഇന്നു നമുക്ക് സന്തോഷത്തിന്‍റെ ദിവസമാണ്. ഈ രാത്രി മുഴുവന്‍ നമുക്ക് സന്തോഷിക്കണം .”
അതുകേട്ടു എല്ലാവരും കുക്കുടുവിനെ പൊതിഞ്ഞു. മണിയന്‍ തുരപ്പൻ കുക്കുടുവിനെ പൊക്കിയെടുത്ത് ആഹ്ളാദനൃത്തം ചവിട്ടി. ആഘോഷം അൽപ്പമൊന്ന് അമര്‍ന്നപ്പോള്‍ കുക്കുടു മുത്തപ്പനോടു പറഞ്ഞു.
“മുത്തപ്പാ…മുത്തപ്പാ… നമുക്ക് തേനൂറന്മാരോട് പ്രതികാരം ചെയ്യണം. അച്ഛന്‍റെ അവസാന ആഗ്രഹം സാധിച്ചു കൊടുക്കണം. ആ പ്രതിജ്ഞ നിറവേറ്റിയിട്ടേ ഇനി നമുക്ക് ആഘോഷമുള്ളൂ.”

കുക്കുടു പറഞ്ഞത് കേട്ട് മുത്തപ്പന് സന്തോഷമായി. മുത്തപ്പന്‍ എല്ലാവരോടും പറഞ്ഞു.
” എല്ലാവരും കേൾക്കിന്‍. നമ്മുടെ കുലം മുടിക്കാന്‍ നടക്കുന്ന തേന്‍കുറുമന്‍മാരോട് പ്രതികാരം ചെയ്തിട്ടെ നമുക്കിനി വിശ്രമമുള്ളു.”
അത് കേട്ടതോടെ എല്ലാവരും ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു തേനൂറന്മാരെ തകര്‍ക്കാനുള്ള ഉപായങ്ങള്‍ ആസൂത്രണം ചെയ്തു തുടങ്ങി.

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kukkudu eliyum thenuranmarum part 3 mini pc

Next Story
കുക്കുടു എലിയും തേനൂറന്മാരും: കുട്ടികളുടെ നോവൽ, ഭാഗം 2mini p c, novel
The moderation of comments is automated and not cleared manually by malayalam.indianexpress.com