പുളളിപൂമ്പാറ്റയും കരിമ്പൻ പൂച്ചയും

രാവേറെയായി കുക്കുടു മയക്കത്തില്‍ നിന്ന് എന്തോ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. എന്താണ് കേള്‍ക്കുന്നത് അവന്‍ ചെവി വട്ടം പിടിച്ചു.

“ങ്യാവൂ… ങ്യാവൂ…”

മുഴങ്ങുന്ന ആ ശബ്ദം കരിമ്പന്‍ കാട്ടുപൂച്ചയുടേതായിരുന്നു. കരിമ്പന്‍റെ തിളങ്ങുന്ന രണ്ട് കണ്ണുകളും തനിക്കു നേരെയാണ്. ഏതു നിമിഷവും താന്‍ കരിമ്പന്‍റെ കൂര്‍ത്ത നഖങ്ങള്‍ക്കുള്ളിലാവും. അവന്‍ തന്നെ കറുമുറാ തിന്നുന്ന തോര്‍ത്ത് കുക്കുടുവിന്‍റെ ബോധം പിന്നെയും പോയി.

കുക്കുടു കണ്ണ് തുറക്കുമ്പോള്‍ നേരം വെളുത്തിരുന്നു. താന്‍ എവിടെയാണ് കിടക്കുന്നത്? അവന്‍ ചുറ്റിലും നോക്കി. ഒരു കാരറ്റ് തോട്ടത്തിലാണ് താന്‍ കിടക്കുന്നത്. മുകളില്‍ ചിരിച്ചു നില്‍ക്കുന്ന സൂര്യന്‍! ചെടികള്‍ക്ക് മുകളിലൂടെ നിറയെ തുമ്പികളും ശലഭങ്ങളും പറക്കുന്നുണ്ട്. പെട്ടന്ന് ഒരു വണ്ടത്താന്‍ ഉറക്കെ “ഗൂം… ഗൂം…ഗൂം…” എന്ന് മൂളിക്കൊണ്ട് കാരറ്റ് തോട്ടത്തിനു മുകളിലൂടെ വട്ടമിട്ടു പറക്കാന്‍ തുടങ്ങി. അവന്‍റെ മൂളക്കം കേട്ട് തുമ്പികളും പൂമ്പാറ്റകളു മെല്ലാം കാരറ്റ് ഇലകള്‍ക്കുള്ളിലൊളിച്ചു. അപ്പോൾ കുക്കുടുവിനോട്‌ ഒരു പൂമ്പാറ്റ പറഞ്ഞു.
“കുട്ടാ… കുട്ടാ… കുഞ്ഞെലിക്കുട്ടാ, വേഗം ഒളിച്ചോളൂ കരിങ്കണ്ണന്‍ വണ്ടത്താന്‍ കണ്ടാല്‍ കുഴപ്പമാണ്.”

അത്രയും പറഞ്ഞ് ആ പുള്ളിയുടുപ്പിട്ട പൂമ്പാറ്റയും ഒരു ഇലക്കീഴിനുള്ളിലൊളി ച്ചു. കുക്കുടു പതിയെ ഏഴുന്നേൽക്കാന്‍ ശ്രമിച്ചു. പക്ഷെ അവനതിന് കഴിഞ്ഞില്ല. കൈകാലുകളോ വാലോ പോലും അവന് ഇളക്കാനായില്ല. ഇനിയെന്തുചെയ്യും? ഈ വണ്ടൊരു കേമനാണെന്ന് തോന്നുന്നു. അതായിരിക്കും ഈ തുമ്പികളും പൂമ്പാറ്റകളും അവനെ ഇങ്ങനെ പേടിക്കുന്നത്. പക്ഷേ തനിക്കിനി ഒന്നും ചെയ്യാനാവില്ല. മരിക്കുന്നെങ്കില്‍ മരിക്കട്ടെ. കഴിഞ്ഞ രാത്രി കരിമ്പന്‍ കാട്ടുപൂച്ച യുടെ കൈകൊണ്ട് മരിച്ചെന്നു കരുതിയതാണ്. അത്രയും വലിയൊരു പേടി കുക്കുടുവിനു മുന്‍പൊരിക്കലും തോന്നിയിട്ടില്ല. രണ്ടുമൂന്നു ദിവസം കൊണ്ട് വിശപ്പും വേദനയും പേടിയുമെല്ലാം അവന് പരിചയമായിക്കഴിഞ്ഞിരുന്നു.

കുക്കുടുവിന് ഓര്‍മവെച്ച നാള്‍ തുടങ്ങി ടിറ്റി മുത്തശ്ശി അമിത വാത്സല്യത്തോടെ യാണ് അവനെ വളര്‍ത്തിയത്. ലാളിച്ചു ലാളിച്ചു വളര്‍ത്തിയത് കൊണ്ട് ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ടിറ്റി മുത്തശ്ശി കുക്കുടുവിനെക്കൊണ്ട് ചെയ്യിക്കുമാ യിരുന്നില്ല. ഏതു നേരവും മാളത്തിനകത്തിട്ടു വളര്‍ത്തിയതു കൊണ്ട് പുറംലോക ത്തേക്ക് പോകാന്‍ അവന്‍ ഭയപ്പെട്ടു. രാത്രി ഉറങ്ങാന്‍ നേരം ടിറ്റി മുത്തശ്ശി കുക്കുടുവിനെ പറഞ്ഞുകേള്‍പ്പിച്ച കഥകള്‍ മുഴുവനും ഒറ്റയ്ക്ക് പുറത്തിറങ്ങിയാല്‍ അവനെ പിടിച്ചു കറുമുറ തിന്നാന്‍ നില്‍ക്കുന്ന കാട്ടുപൂച്ചകളുടെയും, നായ്ക്കളുടെ യുമായിരുന്നു. ആ കഥകള്‍ കേട്ടാണ് താനിത്രയും പേടിത്തൊണ്ടനായതെന്ന് കുക്കുടുവിന് മനസ്സിലായി. ഇനി പേടിച്ചിട്ട്‌ കാര്യമില്ല. വരുന്നത് വരട്ടെ. കുക്കുടു കണ്ണും തുറന്നു കിടന്നു.

കരിങ്കണ്ണൻ കാവൽക്കാരനും ചിന്നൻ വൈദ്യനും

കരിങ്കണ്ണന്‍ വണ്ടത്താന്‍ സുപ്പുടുമുയലിന്‍റെ കാരറ്റ് തോട്ടത്തിന്‍റെ സൂക്ഷിപ്പുകാര നാണ്. തോട്ടക്കാരന്‍ കരിങ്കണ്ണന്റെ കണ്ണുവെട്ടിച്ച് ആര്‍ക്കും ആ തോട്ടത്തിനകത്ത് കയറാനാവില്ല. അങ്ങനെ ആരെങ്കിലും കയറിയാല്‍ അവരെ പിടികൂടി അവന്‍ സുപ്പുടുവിനെ ഏല്‍പ്പിക്കും. മഹാ ദേഷ്യക്കാരനാണ് കരിങ്കണ്ണന്‍ വണ്ടത്താന്‍. മുഖത്ത് എപ്പോഴും ദേഷ്യഭാവമാണ്. ഒരിക്കല്‍പോലും ആരും അവനെ ചിരിച്ചു കണ്ടിട്ടേയില്ല.

പൂമ്പാറ്റകളേയും തുമ്പികളേയും പോലും കരിങ്കണ്ണന്‍ വണ്ടത്താന് ഇഷ്ടമല്ല. കണ്ണില്‍ കണ്ടാല്‍ അപ്പോള്‍ത്തന്നെ തന്‍റെ കൊമ്പുകൊണ്ട് അവരെ കുത്തിയോടിക്കും. എന്തായാലും സുപ്പുടുമുയലിന്‍റെ കാരറ്റ് തോട്ടത്തിന്റെ സത്യസന്ധനായ സൂക്ഷിപ്പുകാരനാണ് കരിങ്കണ്ണന്‍. കരിങ്കണ്ണന്‍ വണ്ടത്താന്‍ മൂളിപ്പാട്ടും പാടി കാരറ്റ് തോട്ടത്തിനുമുകളിലൂടെ പറന്നു നടന്നു. പറക്കലിനിടെ കണ്ട തുമ്പികള്‍ക്കും പൂമ്പാറ്റകള്‍ക്കും ഓരോ കുത്തും വെച്ചു കൊടുത്തു. കുത്തുകിട്ടിയവര്‍ പ്രാണനും കൊണ്ട് തോട്ടത്തിനുപുറത്തേക്ക് പറന്നു പോയി. വണ്ടത്താന് അത് കണ്ട് ദേഷ്യം വന്നു. അവന്‍ മൂളിക്കൊണ്ട് തോട്ടത്തിന്‍റെ ഒത്തനടുവിലൂടെ പറന്നു. അപ്പോഴാണ്‌ അവന്‍ ചെടിയ്ക്കു താഴെ മാറി ഒരെലി ക്കുട്ടന്‍കിടക്കുന്നത് കണ്ടത്.mini pc ,novel

“അമ്പടാ, നീ കാരറ്റ് കക്കാന്‍ വന്നതാണല്ലേ. നിന്നെ ഇപ്പൊ ശരിയാക്കിത്തരാം” എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് കരിങ്കണ്ണന്‍ സുപ്പുടുവിനരികിലേക്ക് പറന്നു. തന്‍റെ തോട്ടത്തില്‍ അതിക്രമിച്ചുകടന്ന എലി ക്കുട്ടനെ പിടിച്ചുകെട്ടാന്‍ സുപ്പുടു മുയല്‍ രണ്ടു പണിക്കാരെ അയച്ചു. പണിക്കാര്‍ കരിങ്കണ്ണന്‍ വണ്ടിന് പുറകെ തോട്ടത്തിലേക്ക് ചെന്നു. അവരെത്തുമ്പോള്‍ കുക്കുടു കണ്ണ് തുറന്ന് കിടക്കുക യായിരുന്നു.

“എടാ കള്ളനെലി നിന്നെ ഞങ്ങള്‍ പിടിച്ചു കെട്ടി പൊട്ടക്കിണറ്റിലിടും.” അവര്‍ പറഞ്ഞു. കുക്കുടു ഒന്നും മിണ്ടിയില്ല.

പണിക്കാരും കരിങ്കണ്ണന്‍ വണ്ടത്താനും കൂടി കുക്കുടുവിനെ പിടിച്ചുകെട്ടി വലിച്ചിഴച്ച് ബേക്കറിയ്ക്കു പുറക് വശത്തേക്ക് കൊണ്ടു വന്നിട്ടു. കുക്കുടു വേദന കൊണ്ട് പുളഞ്ഞു. കള്ളനെലിയെ കാണാന്‍ സുപ്പുടു മുയലും ബേക്കറിയിലെ മറ്റു പണിക്കാരും എത്തി. പണിക്കാരുടെ കൂട്ടത്തില്‍ ചുക്കുടുവും അവന്‍റെ അച്ഛനുമുണ്ടായിരുന്നു. കുക്കുടുവിനെ കണ്ട് ചുക്കുടു ഞെട്ടി. അവന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.

“അയ്യേ, കള്ളനെലി.അയ്യേ, കള്ളനെലി.” എന്ന് എല്ലാവരും ആര്‍ത്തട്ടഹസി ക്കുകയാണ്. ചുക്കുടുവിന് സങ്കടം വന്നു. അവന്‍ കരഞ്ഞു കൊണ്ട് കുക്കുടുവിനരികിലേക്ക് ഓടി ചെന്നു.

“കുക്കുടുക്കുട്ടാ പൊന്നു കുട്ടാ നിനക്കെന്താണ് പറ്റിയത്? “ചുക്കുടു ചോദിച്ചു. ചുക്കുടുവിനെ കണ്ട് കുക്കുടു വേദനക്കിടയിലും ചിരിച്ചു.പക്ഷെ എന്തങ്കിലും പറയും മുന്പ് അവന്‍റെ ബോധം മറഞ്ഞു. ചുക്കുടു സുപ്പുടു അമ്മാവനോട് പറഞ്ഞു.
“സുപ്പുടു അമ്മാവാ.പൊന്നമ്മാവാ.കുക്കുടു എന്നുടെ ചങ്ങാതിയാ.”
അത് കേട്ട് സുപ്പുടു അമ്മാവന്‍ ചുക്കുടുവിനെ വഴക്ക് പറഞ്ഞു.
” ഈ കള്ളനെലിയാണോ നിന്‍റെ കൂട്ടുകാരന്‍?”
” കുക്കുടു കള്ളനല്ല. നല്ലവനാ.”

കുക്കുടുവിനെ കെട്ടിപ്പിടിച്ചുകൊണ്ട് ചുക്കുടു പറഞ്ഞു. അതോടെ സുപ്പുടു അമ്മാവന്‍ എല്ലാവരോടും പോയി പണിയെടുക്കാന്‍ പറഞ്ഞു. ചുക്കുടുവും അച്ഛനും ഒഴികെ മറ്റെല്ലാവരും അവരവരുടെ ജോലികള്‍ക്കായി പോയി. ചുക്കുടു വിന്‍റെ കരച്ചില്‍ കണ്ട് കുക്കുടുവിനെയും എടുത്തുകൊണ്ട് അച്ഛന്‍ മുയല്‍ കാട്ടിലെ വൈദ്യനായ ചിന്നന്‍ കുരങ്ങന്‍റെ വീട്ടിലേക്ക് പോയി.

കുക്കുടുവും ചിന്നന്‍ വൈദ്യനുംmini p c, novel

ചിന്നൻ കുരങ്ങന്‍ കുക്കുടുവിനെ വിശദമായി പരിശോധിച്ചു. എന്നിട്ട് ചുക്കുടുവിനോടും അച്ഛനോടും പറഞ്ഞു,

“കുക്കുടുവിന്‍റെ അവസ്ഥ വളരെ കഷ്ടമാണ്.രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. എന്നാലും ഞാന്‍ ആവുംപോലെ ചെയ്യാം.”

ചിന്നന്‍ കുരങ്ങന്‍ ചികില്‍ത്സ ആരംഭിച്ചു. ചുക്കുടു എന്നും രാവിലെയും വൈകിട്ടും വൈദ്യന്‍റെ വീട്ടിലെത്തി കുക്കുടുവിനെ കാണും. അവന് ആവശ്യമുള്ളതെല്ലാം കൊണ്ട് കൊടുക്കും. ഒരു മാസം കഴിഞ്ഞപ്പോള്‍ കുക്കുടുവിന് പഴയ ആരോഗ്യം തിരിച്ചു കിട്ടി. അവന്‍ ചിന്നന്‍ കുരങ്ങന് നന്ദി പറഞ്ഞ് അവിടെ നിന്നിറങ്ങി.

“എങ്ങോട്ടാണ് നീ പോകുന്നത് ?” ചിന്നന്‍ കുരങ്ങന്‍ ചോദിച്ചു.

“അറിയില്ല.” കുക്കുടു പറഞ്ഞു.

“നീ എങ്ങോട്ടും പോകണ്ട. ഇനി മുതല്‍ എന്‍റെ വീടാണ് നിന്‍റെ വീട്. വാ നമുക്ക് പോകാം.”

ചുക്കുടു കുക്കുടുവിനെ ഒരുപാട് നിര്‍ബന്ധിച്ചു.

“വേണ്ട ചുക്കുടൂ. നിന്‍റെ അച്ഛനും അമ്മയ്ക്കും അമ്മാവനുമൊന്നും എന്നെ ഇഷ്ടമല്ല. ഞാന്‍ വരില്ല. ” കുക്കുടു പറഞ്ഞു.

“കുക്കുടു കുട്ടാ…പൊന്നു കുട്ടാ…നിന്നെ എന്‍റെ വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നോട് സ്നേഹമുണ്ടെങ്കില്‍ നീ എന്റെ കൂടെ വാ.” ചുക്കുടു പറഞ്ഞു. അതുകേട്ട് മനസ്സില്ലാമനസ്സോടെ കുക്കുടു ചുക്കുടുവിനോടൊപ്പം അവന്‍റെ വീട്ടിലേക്ക് പോയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook