കുക്കുടു എലിയും തേനൂറന്മാരും
കുക്കുടു എലിയും ചുക്കുടു മുയലും കൂട്ടുകാരായിരുന്നു. കുഞ്ഞിമണിക്കാട്ടിലെ ഒരു കരിവേലക മരത്തിന്റെ താഴത്തെ പൊത്തിലായിരുന്നു കുക്കുടു എലി താമസിച്ചിരുന്നത്. ചുക്കുടു ആകട്ടെ കരിവേലക മരത്തിനടുത്തുള്ള കുറ്റിക്കാട്ടിനുള്ളിലെ ഒരു മാളത്തിലും.
ചുക്കുടു മുയല് മഹാ ധൈര്യശാലിയും ബുദ്ധിമാനുമായിരുന്നു. അതുകൊണ്ടുതന്നെ അവനെ എല്ലാവര്ക്കും വളരെ ഇഷ്ടമായിരുന്നു. എന്നാല്‍ കുക്കുടു മഹാ പേടിത്തൊണ്ടനായിരുന്നു. അതുകൊണ്ട് അവന് സദാസമയവും മാളത്തിനുള്ളിലും കുറ്റിക്കാട്ടിനുള്ളിലും ചുക്കുടുവിനോടൊപ്പം കളിച്ചു നടക്കും. കുക്കുടു ഒരിക്കലും ഒരിടത്തേയ്ക്കും ഒറ്റയ്ക്കു പോകുമായിരുന്നില്ല. കുക്കുടു കുഞ്ഞുവാവ ആയിരുന്നപ്പോള്‍ത്തന്നെ അവന്റെ അച്ഛനും അമ്മയും മരിച്ചു പോയിരുന്നു. ടിറ്റി മുത്തശ്ശിയാണ് അവനെ വളര്‍ത്തി വലുതാക്കിയത്. അച്ഛനും അമ്മയുമില്ലാത്ത കുക്കുടുവിനെ വളരെ കഷ്ടപ്പെട്ടാണ് ടിറ്റി മുത്തശ്ശി വളര്‍ത്തിയത്. പണി ചെയ്തു പണി ചെയ്തു മുത്തശ്ശിയുടെ ആരോഗ്യമെല്ലാം പോയി. പഴയത് പോലെ മുത്തശ്ശിക്ക് തീറ്റതേടി പോകാന്‍ കഴിയാതായി. കണ്ണിന്റെ കാഴ്ച്ച കുറഞ്ഞു. പല്ലും നഖവുമൊക്കെ കൊഴിഞ്ഞു തുടങ്ങിയത് കൊണ്ട് തുരന്നു തിന്നാനും കഴിയാതായി. ഒരു ദിവസം ടിറ്റി മുത്തശ്ശി വളരെ സങ്കടത്തോടെ കുക്കുടുവിനെ അരികില്‍ വിളിച്ചു പറഞ്ഞു.
“കുക്കുടു കുട്ടാ പൊന്നുകുട്ടാ,,ടിറ്റി മുത്തശ്ശിക്ക് വയ്യകുട്ടാ.
നാളെ മുതല്‍ നീ തീറ്റ തേടി പോണം.ഈ കുറ്റിക്കാട്ടിനപ്പുറത്ത് കോവാലന് ചേട്ടന്റെ കപ്പത്തോട്ടമുണ്ട് അവിടെ പോയി കപ്പ തുരന്നു കൊണ്ടു വരണം.”
അതു കേട്ട് കുക്കുടുവിനു പേടിയായി. അവന് മുത്തശ്ശിയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
” അയ്യോ മുത്തശ്ശി ഞാന്‍ പോവില്ല.കരിവേലക പൊത്തിലും ഈ കുറ്റിക്കാട്ടിലുമല്ലാതെ ഞാൻ മറ്റെവിടെയും പോയിട്ടില്ലല്ലോ…… എനിക്ക് പേടിയാണ്. ഞാന്‍ പോവൂല്ല.”
അത് കേട്ട് മുത്തശ്ശിയ്ക്ക് ദേഷ്യം പിടിച്ചു. തീറ്റതേടാനുള്ള പ്രായമായിട്ടും ചുമ്മാ കളിച്ചു നടക്കുന്ന അവനെ നേര്വഴിയ്ക്കാക്കാന് അവര്‍ തീരുമാനിച്ചു. പിറ്റേന്ന് അതിരാവിലെ മൂടിപ്പുതച്ചു കിടക്കുന്ന കുക്കുടുവിനെ അവര്‍ വിളിച്ചുണര്‍ത്തി പറഞ്ഞു.
“കുക്കുടുക്കുട്ടാ പൊന്നുകുട്ടാ, മഴക്കാലം വരാറായി. ഇന്നുമുതല്‍ നീ തീറ്റ തേടിപ്പോകണം. ഇല്ലങ്കില്‍ ഒന്നും ഞാന്‍ നിനക്ക് തിന്നാന്‍ തരില്ല.”
ടിറ്റി മുത്തശ്ശി പറഞ്ഞത് കേട്ട് കുക്കുടു മാളത്തിന്റെ മൂലയില്‍ മുത്തശ്ശി കരുതിവെച്ചിട്ടുള്ള ആഹാര സാധനങ്ങള്‍ നോക്കി പറഞ്ഞു.
“ടിറ്റി മുത്തശ്ശി…….. ടിറ്റി മുത്തശ്ശി…………. ഇത് മുഴുവനും തിന്നു തീര്‍ത്തിട്ട് ഞാന്‍ തീറ്റ തേടി പോകാം.”
ടിറ്റി മുത്തശ്ശിയുടെ ദേഷ്യം കൂടി. ഈ ആഹാരം മുഴുവന്‍ തീര്‍ന്നാലും പേടിത്തൊണ്ടനും മടിയനുമായ കുക്കുടു ആഹാരം തേടി പോവില്ല. അതോടെ തന്റെ കാര്യം കഷ്ടത്തിലാവും. അത് മാത്രമല്ല തന്റെ മക്കൾക്ക് കൊടുത്ത വാക്കും പാലിക്കണം. അതിന് കുക്കുടുവിനെ ധൈര്യശാലി ആക്കിയാലേ മതിയാവൂ . അവര്‍ കുക്കുടുവിനെ പിടിച്ച് മാളത്തിന് പുറത്താക്കി വാതിലടച്ചു.
മാളത്തിന് വെളിയില്‍ നിന്നും കുക്കുടുവിന്റെ അലറിക്കരച്ചില്‍ കേട്ട് ടിറ്റി മുത്തശ്ശിയ്ക്കും സങ്കടം വന്നു. പക്ഷേ കുക്കുടുവിന്റെ അച്ഛനും അമ്മയ്ക്കും കൊടുത്ത വാക്ക് ടിറ്റി മുത്തശ്ശി ഓര്‍ത്തു. തേനൂറന്മാര്‍ മാളം കൊള്ളയിടാനെത്തിയപ്പോള് കുക്കുടുവിനെ ടിറ്റി മുത്തശ്ശിയെ ഏല്‍പ്പിച്ച് അവര്‍ പറഞ്ഞു.
“അമ്മേ , ഇവനെ ഞങ്ങളെ പോലെ സമര്‍ത്ഥനായ തുരപ്പനെലിയാക്കണം.തേനൂറന്മാരോട് ഇവന് പ്രതികാരം ചെയ്യണം.”
“ശരി മക്കളേ. . ” മുത്തശ്ശി അവര്‍ക്ക് വാക്ക് കൊടുത്തു .
ഒറ്റയ്ക്കായ കുക്കുടു
മാളത്തിന് പുറത്തിരുന്ന് കുക്കുടു കരഞ്ഞു. അവന്റെ കരച്ചില് കേട്ട് കരിവേലകത്തില് കൂടുകൂട്ടിയിട്ടുള്ള പഞ്ചവര്‍ണ്ണക്കിളിയും, ചില്ചില്പക്ഷിയും, കാക്കമ്മൂമ്മയും, മൂങ്ങമാമനുമെല്ലാം അവനെ കളിയാക്കി. അവര്‍ അവനോട്, പറഞ്ഞു.
“കുക്കുടുകുട്ടാ മടിയന്‍ കുട്ടാ.
പേടിത്തൊണ്ടാ പെരുവയറാ.
ഇവിടിരുന്നിങ്ങനെ മോങ്ങാതെ
തീറ്റ തേടാന്‍ പോ മടിയാ ”
അതു കേട്ടതോടെ കുക്കുടുവിന്റെ കരച്ചില് കൂടി. ഉറക്കെയുള്ള അവന്റെ കരച്ചില് കേട്ട് പലരുമെത്തി. കുറ്റിക്കാട്ടില്‍ താമസിക്കുന്ന കീരിയപ്പൂപ്പന്, മയിലമ്മായി, പാമ്പുമുത്തശ്ശന്, അടയ്ക്കാക്കുരുവി തുടങ്ങി എല്ലാവരുമെത്തി. എല്ലാവരും അവനെ കണക്കിന് കളിയാക്കുകയും ചെയ്തു.
കരഞ്ഞു കരഞ്ഞ് കുക്കുടു തളര്‍ന്നു. വിശപ്പും ദാഹവും കൊണ്ട് അവന് വലഞ്ഞു. അവന്റെ മുന്നിലൂടെ തീറ്റയും കൊണ്ട് പലരും പോയി. കുട്ടാപ്പു കുറുക്കനും, ദൊപ്പു തുരപ്പനെലിയും കീരിയപ്പൂപ്പനുമെല്ലാം. ആരും കുക്കുടുവിന് ഒന്നും കൊടുത്തില്ല. വൈകുന്നേരമായപ്പോഴേയ്ക്കും കുക്കുടു കരഞ്ഞു തളര്‍ന്ന് മയങ്ങിപ്പോയി.
ചുക്കുടു മുയല് തന്നെ തിരഞ്ഞെത്തുമെന്ന് കുക്കുടു പ്രതീക്ഷിച്ചു. പക്ഷെ ചുക്കുടു വന്നില്ല. ചുക്കുടുവിന്റെ മാളം എവിടെയാണെന്ന് കുക്കുടുവിന് അറിയില്ലായിരുന്നു. കുക്കുടു ഉറക്കമുണര്‍ന്ന് കണ്ണ് തുറന്നു നോക്കിയപ്പോള്‍ ചുറ്റും കൂരാകൂരിരുട്ട്!
ആദ്യമായാണ് കുക്കുടു രാത്രിയില്‍ മാളത്തിന് പുറമേ ഒറ്റയ്ക്ക് നില്‍ക്കുന്നത്. ഇരുട്ട് കാണുന്നത്.
“അയ്യോ.ടിറ്റി മുത്തശ്ശി,വാതില്‍ തുറക്ക്.”
കുക്കുടു വീണ്ടും കരഞ്ഞു. ടിറ്റി മുത്തശ്ശി അപ്പോള്‍ കപ്പയും കരണ്ടുതിന്ന് സുഖമായി ഉറങ്ങുകയായിരുന്നു. കുക്കുടു കരഞ്ഞുകൊണ്ട്ചുറ്റിലും നോക്കി. കുറ്റിക്കാട്ടില്‍നിന്ന് രാത്രി ഇരപിടിക്കുന്ന മൂങ്ങമാമന് ആ കരച്ചില് കേട്ട് ദേഷ്യത്തോടെ അവന്റെ തലയ്ക്ക് കിഴുക്കിക്കൊണ്ട് പറഞ്ഞു.
“വായ തുറക്കാതെ ഇരുന്നോ. ഇല്ലങ്കില്‍ ഇനിയും നിനക്ക് കിഴുക്ക് കിട്ടും.”
കിഴുക്ക് കൊണ്ട് കുക്കുടുവിന്റെ തല വേദനിച്ചു. അതുകൂടാതെ ഇടയ്ക്കിടെ പേരയ്ക്കപഴവും കൊത്തിപറക്കുന്ന വവ്വാലമ്മമാരുടെ വായില്‍ നിന്നും അവന്റെ മേത്തേയ്ക്ക് കല്ലുകൾ പോലെ പേരയ്ക്കകള്‍ കുടുകുടെ ചാടിവീഴുകയും ചെയ്തു.ഇരുട്ടില്‍ കാട്ടുപൂച്ചകളുടെ “ങ്യാവൂ…ങ്യാവൂ…” കരച്ചിലും തിളങ്ങുന്ന കണ്ണുകളും കണ്ട് കുക്കുടു കിലുകിലാ വിറച്ചു കൊണ്ട് കരിവേലകത്തിന്റെ വേരുകള്‍ക്കിടയിലുള്ള ഇലച്ചപ്പുകള്ക്കിടയില് പതുങ്ങിക്കിടന്നു. അവന് പതുങ്ങിക്കിടക്കുന്നത് കണ്ട് അമ്പിളിയമ്മാവാനും നക്ഷത്രങ്ങളും പൊട്ടി പൊട്ടി ചിരിച്ചു.
വിശപ്പും വേദനയും /ഭയവും കൊണ്ട് കുക്കുടുവിന്റെ ബോധം പോയി. ബോധം മറയും മുമ്പ് ചുക്കുടുവിനെ കാണാന്‍ അവന് വളരെ ആഗ്രഹിച്ചു. കാരണം ഈ ലോകത്ത് ചുക്കുടു മാത്രമാണ് തന്നെ കളിയാക്കാത്തത്. മറ്റെല്ലാവരും പരിഹസിക്കുമ്പോഴും ചുക്കുടു മാത്രം തന്നിലെ നല്ല ഗുണങ്ങൾ തിരഞ്ഞുപിടിച്ച് തന്നെ പ്രോത്സാഹിപ്പിക്കും.ആ നേരം കുക്കുടു വിന് തന്റെ ആത്മാര്‍ത്ഥ ചങ്ങാതിയെ കാണാൻ തോന്നി.
സുപ്പുടുവിന്റെ ബേക്കറി
ചുക്കുടു മുയല് അമ്മാവനായ സുപ്പുടു മുയലിന്റെ വീട്ടില്‍ വിരുന്നു പാര്‍ക്കാന്‍ പോയിരിക്കുകയായിരുന്നു. ആലോലം കാട്ടിലാണ് സുപ്പുടു മുയലിന്റെ വീട്. മഞ്ഞയും ചുമപ്പും നിറമുള്ള കാരറ്റ് തോട്ടമുണ്ടായിരുന്നു സുപ്പുടുവിന്. രുചികരമായ കാരറ്റ് പലഹാരങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന വലിയൊരു ബേക്കറിയും ആലോലം കാട്ടിലെ ആഞ്ഞിലിമേട്ടില് സുപ്പുടു വിന് ഉണ്ടായിരുന്നു.
ചുക്കുടുവിന്റെ അച്ഛന് ഈ ബേക്കറിയിലായിരുന്നു ജോലി. ആലോലം കാട്ടിലെ ബേക്കറിയില്‍ ഉണ്ടാക്കുന്ന പലഹാരവുമായി സന്ധ്യയാവുമ്പോഴാണ് ചുക്കുടുവിന്റെ അച്ഛന് കുഞ്ഞിമണിക്കാട്ടിലെത്തുക. ആ പലഹാര ങ്ങള് ചുക്കുടുവിന്റെ അമ്മ തൊട്ടടുത്ത മാളത്തിലെ മുയലുകള്‍ക്കെല്ലാം കൊടുക്കും. ഒരിക്കല്‍ ചുക്കുടു കുറെ കാരറ്റ് കേക്കുകളുമായി കുക്കുടുവിനെ കാണാന്‍ ചെന്നു.
“കുക്കുടൂ……….. കുക്കുടൂ……….. ഈ കാരറ്റ് കേക്ക് നിനക്കാണ്.” എന്ന് പറഞ്ഞുകൊണ്ട് ചുക്കുടു കേക്കുകള്‍ കുക്കുടുവിനു കൊടുത്തു. കുക്കുടു ആര്‍ത്തിയോടെ ഒരു കഷ്ണം തിന്നുനോക്കി. പക്ഷെ അവനതിന്റെ സ്വാദ് ഇഷ്ടമായില്ല. അതും കൊണ്ട് വീട്ടില്‍ ചെന്ന അവനെ ടിറ്റി മുത്തശ്ശി വഴക്ക് പറഞ്ഞു.
“എടാ കുക്കുടൂ. ഇതൊക്കെ മുയലുകളുടെ ഭക്ഷണമാണ്. നല്ല തൊരപ്പന് എലികളുടെ ഭക്ഷണം ധാന്യങ്ങളും കപ്പയും കാച്ചിലുമൊക്കെയാണ്. നിന്റെ അച്ഛനും അമ്മയുമെല്ലാം സമര്‍ത്ഥരായിരുന്നു. അവര്‍ എത്രയോ വയലുകള്‍ നശിപ്പിച്ചു, പത്തായം തുരന്നു, ധാന്യപ്പുരകള്ക്ക് തുരങ്കം വെച്ചു. ആ, അതൊക്കെ ഒരു കാലം! പണ്ട് ആലോലം കാട്ടിലെ നമ്മുടെ മാളം നിറയെ ധാന്യങ്ങളായിരുന്നു….. അതെടുക്കാന്‍ വന്ന തേനൂറന്മാരാണ് നിന്റെ അച്ഛനെയുംഅമ്മയെയും ചുട്ടുതിന്നത്”
ടിറ്റി മുത്തശ്ശി എന്നത്തെയും പോലെ കുക്കുടുവിന്റെ അച്ഛന്റെയും അമ്മയുടെയും കാര്യം പറഞ്ഞു കരച്ചില് തുടങ്ങി. അച്ഛനേയും അമ്മയേയും ടിറ്റി മുത്തശ്ശിയെയും പോലെ താനും സമര്‍ത്ഥനായാല്‍ തന്നെയും തേന്‍കുറുമര്‍ ചുട്ടു തിന്നില്ലെ? എന്നും തന്റെ മാളം അവര്‍ കൊള്ളയിടില്ലെ? എന്നും കുക്കുടു ടിറ്റി മുത്തശ്ശി യോട് സംശയം ചോദിച്ചു. അതുകേട്ട് അന്ന് ടിറ്റി മുത്തശ്ശി ചിരിച്ചു. ചിരിച്ചു ചിരിച്ചു ചിരിച്ച് അവരുടെ രണ്ടു പല്ലുകളും പൊഴിഞ്ഞു. ഈ കാര്യങ്ങളെല്ലാം പിറ്റേന്നു തന്നെ കുക്കുടു ചുക്കുടുവിനോട് പറഞ്ഞു.
“ചുക്കുടൂ ചുക്കുടൂ. ..എന്തിനാ മുത്തശ്ശി ചിരിച്ചത്?” കുക്കുടു ചുക്കുടുവിനോട് ചോദിച്ചു. ബുദ്ധിമാനായ ചുക്കുടുവിനു കാര്യം പിടികിട്ടി. അവന് കുക്കുടുവിനോട് പറഞ്ഞു,
“കുക്കുടു കുട്ടാ ചങ്ങാതി, നീ മടിയനായത് കൊണ്ടാണ് മുത്തശ്ശി ചിരിച്ചത്. സമര്‍ത്ഥര്‍ ഒരിക്കലും തങ്ങള്‍ക്ക് നാശം ഉണ്ടാകും എന്ന് കരുതി പ്രയത്നിക്കാതിരിക്കില്ല.” ചുക്കുടു വളരെ സ്നേഹമായി പറഞ്ഞത് കൊണ്ട് കുക്കുടുവിന് സങ്കടം വന്നില്ല.
സുപ്പുടു മുയലിന്റെ വീട്ടിലിരുന്ന് ഈ കാര്യങ്ങളെല്ലാം ചുക്കുടു ഓര്‍മ്മിച്ചു.ആ വീട്ടിൽ ചുക്കുടുവിനു നിറയെ കൂട്ടുകാരുണ്ടായിരുന്നു. എന്നാലും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ചുക്കുടുവിന് കുക്കുടുവിനെ കാണാന്‍ കൊതിയായി. കുക്കുടുവും ചുക്കുടുവും കൂട്ടുകാരായതി നുശേഷം ഒരു ദിവസം പോലും അവര്‍ ഇരുവരും പരസ്പരം കാണാതിരുന്നിട്ടില്ല. അതുകൊണ്ട് അവന് സുപ്പുടു അമ്മാവന്റെ ബേക്കറിയിലേക്ക് ഓടി.
ബേക്കറിയില്‍ സുപ്പുടു അമ്മാവനും, അച്ഛനും തിരക്കിട്ട് പലഹാരങ്ങള്‍ ഉണ്ടാക്കുകയാണ്. ചുക്കുടു ഓടി വന്നത് കണ്ട് അച്ഛന് അവനോട് ചോദിച്ചു
“കുട്ടാ……… കുട്ടാ…. ചുക്കുടുക്കുട്ടാ. എന്താ കാര്യം?”
അത് കേട്ട് അവന് പറഞ്ഞു. “അച്ഛാ…… അച്ഛാ… പൊന്നച്ഛാ…. ഇന്ന് വൈകുന്നേരം അച്ഛന്റെ കൂടെ കുഞ്ഞിമണികാട്ടിലേക്ക് ഞാനും വരുന്നുണ്ട്.”
അത് കേട്ടു അച്ഛന് പറഞ്ഞു: “മോനെ, ചുക്കുടു നിനക്ക് ജോലി ചെയ്യാനുള്ള പ്രായമായി. അവിടെ നിര്‍ത്തിയാല്‍ നീയാ മടിയന്‍ കുക്കുടുവിന്റെ കൂട്ടുകൂടി മടിയനാവും. ഈ പ്രായത്തില്‍ കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം.അതാണ് നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്. നാളെ മുതല്‍ ഈ ബേക്കറിയിലേ ജോലികള്‍ പഠിച്ചു തുടങ്ങണം. നീ ഇനി അടുത്തൊന്നും കുഞ്ഞിമണിക്കാട്ടിലേക്ക് പോകുന്നതേയില്ല.”
അത് കേട്ട് ചുക്കുടു തേങ്ങിത്തേങ്ങി കരഞ്ഞു.പിറ്റേന്ന് അച്ഛന് വന്നപ്പോള്‍ അച്ഛന്റെ കൂടെ അമ്മയും സഹോദരങ്ങളും ഉണ്ടായിരുന്നു. അവര്‍ സുപ്പുടുമുയലിന്റെ വീടിനടുത്തുള്ള ഒരു മാളത്തില്‍ താമസം തുടങ്ങി. കുഞ്ഞിമണിക്കാടും തന്റെ കുക്കുടു ചങ്ങാതിയേയും ഇനിയൊരിക്കലും കാണാനാവില്ലല്ലോ എന്നോര്‍ത്ത് ചുക്കുടു സങ്കടപ്പെട്ടു .
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook