നിന്നുനിന്ന് കാലു കഴച്ചപ്പോൾ പുളിമരം വിചാരിച്ചു ഒന്നു നടന്നു കളയാം. നാടും നഗരവും ചുറ്റി കുന്നുംപുഴയും കടന്ന് കാഴ്ചകളായ കാഴ്ചകളൊക്കെ കണ്ട് വെയിലും മഴയും നനഞ്ഞ് തിരിച്ചു വരാം.
പുളിമരം അതിന്റെ ചില്ലകളിലേക്ക് നോക്കി. ചില്ലകൾ മുഴുവൻ വാളൻപുളികൾ നിറഞ്ഞ് തൂങ്ങിക്കിടക്കുന്നു. വായിൽ വെള്ളമൂറുന്ന കാലമൊക്കെ പോയിക്കഴിഞ്ഞു. കുട്ടികൾക്കു പോലും ഇപ്പോൾ വാളൻപുളിയോടൊന്നും ഒട്ടും താൽപര്യമില്ല. പുളി പറിക്കാനാണെങ്കിൽ ആരും വരുന്നുമില്ല. കാറ്റിലാടി നിലത്തു വീണാലോ ആരും ഓടി വന്നെടുക്കുന്നതുപോലുമില്ല. ആർക്കും താൽപര്യമില്ലെന്നേ…
“ഒറ്റയ്ക്ക് നിന്നു മടുത്തു. ഞാനൊന്നു നടക്കാൻ പോവ്വാണ്… ” പുളിമരം ആരോടെന്നില്ലാതെ പറഞ്ഞു. അത് പുളിമരത്തിന്റെ പൊത്തിലിരുന്ന പാമ്പ് കേട്ടു. പുളിമരച്ചില്ലയിൽ ഉറക്കം തൂങ്ങിയിരുന്ന മൂങ്ങ കേട്ടു. ചിലു ചിലും, ചിലു ചിലും എന്നു ചിലച്ചു കൊണ്ടിരുന്ന അണ്ണാൻ കേട്ടു. പുളിമരത്തിനു ചുറ്റും മിന്നിക്കൊണ്ടിരുന്ന മിന്നാമിന്നികൾ കേട്ടു. പുളിമരത്തിൽ വീശിക്കൊണ്ടിരുന്ന കാറ്റും കേട്ടു.
“എന്ത്… എന്താണ് പുളിമരം പറഞ്ഞത്,” അവർ അന്യോന്യം ചോദിച്ചു.
പിന്നേ പുളിമരത്തോടും ചോദിച്ചു “പുളിമരമേ സത്യമായും നീയെന്താണ് പറഞ്ഞത്?”
“എനിക്കിങ്ങനെ ഒരേ നിൽപ്പു നിന്നു മടുത്തു. പണ്ടാണേൽ കുട്ടികൾ വരുമായിരുന്നു. മുതിർന്നവരും വരുമായിരുന്നു. അവർ പുളി പെറുക്കി തിന്നുമായിരുന്നു. പുളി വീഴ്ത്താൻ കാറ്റിനോടു പറയുമായിരുന്നു. എന്നിൽ ഊഞ്ഞാലു കെട്ടുമായിരുന്നു.തണലിൽ മണ്ണപ്പം ചുട്ട് കളിക്കുമായിരുന്നു. എനിക്കു ചുറ്റും കളി ചിരികൾ നിറയുമായിരുന്നു. ഇപ്പോൾ ഒന്നുമില്ല. ആരും എന്നെ തിരിഞ്ഞു നോക്കുന്നതു പോലുമില്ല. എനിക്ക് മതിയായി. ഞാനെവിടെയെങ്കിലും പോവുകയാണ്.”

“ശരി, ശരി. നിയൊന്ന് നടന്നു വാ… നാടായ നാടും കാടായ കാടും ചുറ്റിവാ. കുന്നായ കുന്നൊക്കെ കേറിവാ. പുഴയായ പുഴയൊക്കെ നീന്തിവാ. നീ വരുന്നതുവരെ ഞങ്ങളിവിടെ നിന്നെയും കാത്തിരിക്കും, ” പാമ്പ് പറഞ്ഞു. അതു തന്നെ മൂങ്ങയും കിളികളും അണ്ണാനും പറഞ്ഞു.
പുളിമരത്തിൽ അത്ഭുത സിദ്ധികളുള്ള ഒരു മരദൈവം വസിച്ചിരുന്നു. പുളിമരം പോകാനൊരുങ്ങുന്നു എന്നു കേട്ടപ്പോൾ മരദൈവം പറഞ്ഞു “പുളിമരമേ നീ കാട്ടിലൂടെയും നാട്ടിലൂടെയും ആണ് പോകേണ്ടത്. നാട്ടിൽ മനുഷ്യരും കാട്ടിൽ മൃഗങ്ങളും കാണും. അവർക്ക് നിന്റെയീ നടത്തം ഇഷ്ടപ്പെടില്ല. സൂക്ഷിച്ചോണം. നിനക്കു ഞാനൊരു വരം തരാം. ആപൽഘട്ടങ്ങളിൽ സ്വയം അപ്രത്യക്ഷമാവാനുള്ള വരം.”
“നന്ദി മരദൈവമേ. നന്ദി.”
പുളിമരം യാത്ര പുറപ്പെട്ടു. കുറച്ചു ദൂരം മിന്നാമിന്നികൾ വഴികാട്ടി. പിന്നെ പുളിമരം ഒറ്റയ്ക്കായി യാത്ര. കുന്നിറങ്ങി, പുഴ നീന്തി, കാട് കടന്ന് നാടു കടന്ന് പുളിമരം നഗരത്തിലുമെത്തി. ഇതുവരെ കാണാത്ത കാഴ്ചകളാണ്. ഇതുവരെ കാണാത്ത ആളും ആരവവുമാണ്. ആദ്യമായി കാണുന്ന പക്ഷിമൃഗങ്ങളേയും, ഒരു മരമായിട്ടു കൂടി കാണാത്ത മരങ്ങളേയും പുളിമരം കൗതുകത്തോടെ നോക്കി.
പക്ഷേ പുളിമരത്തെ ആരും കണ്ടില്ല. മര ദൈവം കൊടുത്ത വരത്താൽ അപ്രത്യക്ഷനായാണ് പുളിമരത്തിന്റെ യാത്ര. കുട്ടികൾ ഓടിക്കളിക്കുന്ന മൈതാനത്തെത്തിയപ്പോൾ പുളിമരത്തിനൊരു മോഹം. പുളിമരം സ്വയം ചില്ലകൾ കുലുക്കിക്കൊണ്ട് ഉണങ്ങിയ വാളൻപുളികൾ ഉതിർത്തിട്ടു. പുളി പെറുക്കാൻ കുട്ടികൾ ഓടി വരട്ടെ. പക്ഷേ കുട്ടികൾ വന്നില്ല. അവരത് കണ്ടതായിപ്പോലും നടിച്ചില്ല. അവർ അവരുടെ കളികൾ തുടർന്നു.
ഓ… ഒരു പക്ഷേ അവരെന്നെ കാണാത്തതുകൊണ്ടാവും. എങ്കിൽ അവരുടെ മുന്നിൽ ഒന്നു പ്രത്യക്ഷപ്പെട്ടാലോ…

Read More:കെ ടി ബാബുരാജിന്റെ മറ്റ് രചനകള് ഇവിടെ വായിക്കാം
മൈതാനത്തിനു നടുവിൽ പുളിമരം പ്രത്യക്ഷപ്പെട്ടു. ചില്ലകളിളക്കി പുളിമരം തലയാട്ടി. പുളികൾ വീഴ്ത്തി കുട്ടികളെ വിളിച്ചു. കളിച്ചു കൊണ്ടിരുന്ന മൈതാനത്തിനു നടുവിൽ പെട്ടെന്നൊരു പുളിമരം വളർന്നു നിൽക്കുന്നതു കണ്ട് കുട്ടികൾ അമ്പരന്നു. തലയിളക്കുന്ന മരത്തെ കണ്ടപ്പോൾ ആരോ പറഞ്ഞു കൊടുത്ത കഥയിലെ രാക്ഷസനെപ്പോലെ അവർക്കു തോന്നി. കുട്ടികൾ നിലവിളിച്ചു കൊണ്ട് അവരവരുടെ വീടുകളിലേക്ക് പാഞ്ഞു പോയി. പുളിമരം നിരാശനായി. വീണ്ടും അപ്രത്യക്ഷനായി നടക്കാൻ തുടങ്ങി.
ഒറ്റയ്ക്ക് നടക്കുന്ന പുളിമരത്തെ ചിലരൊക്കെ അവിടെയുമിവിടയുമായി കണ്ടു. ആ വാർത്ത കാറ്റ് പോലെ പറന്നു. ഒറ്റയ്ക്ക് നടക്കുന്ന മരം എന്നത് കേട്ടവർക്കൊക്കെ ഒരത്ഭുതമായി. എന്നാൽ അതൊന്നു കാണണമല്ലോയെന്ന് ഒരോരുത്തരും കൊതിച്ചു. അങ്ങനെയിരിക്കെ ഒറ്റയ്ക്ക് നടക്കുന്ന പുളിമരം ഒരു നാൽക്കവലയിൽ പ്രത്യക്ഷപ്പെട്ടു. ആളുകൾ ഓടി കൂടി. ആളുകൂടിയ ഇടങ്ങളിൽ പുളിമരം പെട്ടെന്ന് അപ്രത്യക്ഷനായി. വീണ്ടും മറ്റൊരു കവലയിൽ പ്രത്യക്ഷനായി. തെരുവിലൂടെ നടക്കുന്ന പുളിമരത്തിനു പിന്നാലെ ആളുകൾ നടന്നു. ചിലർ കല്ലെടുതെറിഞ്ഞു. ചിലർ ഒച്ചത്തിൽ തെറി വിളിച്ചു.
നടന്നു നടന്ന് പുളിമരത്തിന് മടുത്തു. ഓ… മതിയായി. അപ്പോഴാണ് കുറച്ചു പേർ പുളിമരത്തിനടുത്തേക്ക് നടന്നു വന്നത്. അവർ പുളിമരത്തെ തൊട്ടും തലോടിയും നിന്നു. കൂട്ടത്തിലൊരുത്തൻ പറഞ്ഞു “നല്ല മൂപ്പുള്ള തടി. മുറിച്ചുവിറ്റാൽ നല്ല കാശുകിട്ടും.”
അപ്പോഴാണ് പുളിമരം അവർ ഒളിച്ചു പിടിച്ചിരുന്ന മഴുവും അറക്കവാളും കയറും മറ്റായുധങ്ങളുമൊക്കെ കണ്ടത്. മരം വെട്ടുകാരുടെ ചുണ്ടിലെ ചിരി കണ്ടത്.അവർ വെട്ടാനൊരുങ്ങി മരത്തെ വളഞ്ഞു.
“എന്റെ മരദൈവമേ…” പുളിമരം നീട്ടി വിളിച്ചു.
മരദൈവം ആ വിളി കേട്ടു. “രക്ഷയില്ലെങ്കിൽ മുങ്ങിക്കോ. മനുഷ്യരാ, മഴുക്കാരാ പെട്ടാൽ പെട്ടതു തന്നെ. തടി കേടാവും അതുകൊണ്ട് മുങ്ങിക്കോ…” മരദൈവം വഴി പറഞ്ഞു കൊടുത്തു.
പുളിമരം നിന്ന നിൽപ്പിൽ അപ്രത്യക്ഷമായി. വീണ്ടും പഴയ ഇടത്തുതന്നെ പാഞ്ഞുചെന്ന് വേരാഴ്ത്തി തല ഉയർത്തി നിന്നു.