അപ്പുക്കുട്ടനെ ഒന്നാം ക്ലാസിൽ ചേർത്തു. പുതിയ കുപ്പായം, പുതിയ ചെരിപ്പ്, പുതിയ ബാഗ്, അതിൽ പുതിയ പുസ്തകം ഇതൊക്കെയുമായിട്ടാണ് അപ്പുക്കുട്ടൻ സ്കൂളിൽ ചെന്നത്. ചങ്ങാതിമാരായ കുഞ്ഞു മുത്തുവും മേരിയും അപ്പുക്കുട്ടനോടൊപ്പം ഉണ്ടായിരുന്നു.
ഒന്നാം ദിവസം ഒന്നാം ക്ലാസിൽ എല്ലാവരും ഒന്നിച്ചു കരഞ്ഞു. “എനിക്ക് അമ്മേന കാണണം” എന്നു പറഞ്ഞാണ് അപ്പുക്കുട്ടൻ കരഞ്ഞത്.
“കാണാലോ… അപ്പുക്കുട്ടന് അമ്മേന കാണാലോ ” എന്നു പറഞ്ഞ് പാറുക്കുട്ടി ടീച്ചർ അവനെ സമാധാനിപ്പിച്ചു.
“എനിക്ക് വീട്ടീപ്പോണം…” എന്നും പറഞ്ഞ് കുഞ്ഞു മുത്തുവും കരയാൻ തുടങ്ങി.
“കുഞ്ഞി മുത്തൂന് ഇപ്പം വീട്ടില്‍ പോവാലോ …” ടീച്ചർ കുഞ്ഞി മുത്തൂനെയും ആശ്വസിപ്പിച്ചു. അപ്പോഴാണ് മേരിയുടെ വക കരച്ചിൽ തുടങ്ങിയത്.
“എനിക്ക് ഈ സ്കൂള്‍ വേണ്ട. വേറെ സ്കൂളു മതി. വേറെ ഒന്നാം ക്ലാസ് മതി.” ടീച്ചർ ദയനീയമായി മേരിയെ നോക്കി.
എല്ലാവരും കരയാൻ തുടങ്ങിയപ്പോൾ ടീച്ചർ പറഞ്ഞു. “നിങ്ങള്‍ എല്ലാരും കരയുകയാണെങ്കില്‍ ഞാനും കരയും…” അതും പറഞ്ഞ് ടീച്ചറും കരയാൻ തുടങ്ങി. എല്ലാവരേക്കാളും ഒച്ചത്തിൽ ടീച്ചറും കരയാൻ തുടങ്ങി.
“എനിക്ക് അമ്മേ കാണണം എനിക്ക് വീട്ടീപോണം. എനിക്ക് ഈ സ്കൂളു വേണ്ട വേറെ സ്കൂളു മതി. വേറെ ഒന്നാം ക്ലാസ് മതി.”
പെട്ടെന്ന് എല്ലാവരുടേയും കരച്ചിൽ നിന്നു. ടീച്ചറ് മാത്രം കരഞ്ഞു കൊണ്ടേയിരുന്നു.
അപ്പുക്കുട്ടൻ പതുക്കെ ടീച്ചറുടെ അടുത്തു ചെന്നു. എന്നിട്ട് ടീച്ചറുടെ സാരിത്തുമ്പിൽ പിടിച്ചൊന്നു വലിച്ചു. എന്നിട്ട് ചോദിച്ചു. “എന്തിനാ ടീച്ചറ് കരയുന്നേ? “
ടീച്ചറ് കരച്ചിൽ നിർത്തി അപ്പുക്കുട്ടനെ നോക്കി. “എന്തിനാ അപ്പുക്കുട്ടൻ കരഞ്ഞേ?”
“എനിക്ക് എന്റെ അമ്മയെ കാണാഞ്ഞിട്ട്.”
“ടീച്ചർക്കും ടീച്ചറെ അമ്മയെ കാണാഞ്ഞ് കരച്ചില് വന്നു.”

“എന്തിനാ കുഞ്ഞു മുത്തുകരഞ്ഞേ?” ടീച്ചർ കുഞ്ഞു മുത്തുവിനോട് ചോദിച്ചു.
“എനിക്ക് വീട്ടീപ്പോണംന്ന് തോന്നീട്ട്…”
“ടീച്ചർക്കും വീട്ടീപോണന്ന് തോന്നി കരച്ചിലു വന്നു.”
“അപ്പോ മേരി കരഞ്ഞതോ?” അപ്പുക്കുട്ടൻ ചോദിച്ചു.
“മേരിക്ക് ഈ സ്കൂളു വേണ്ടത്രേ വേറെ സ്കൂളു മതീത്രേ…
അതു കേട്ടപ്പോ ടീച്ചർക്ക് സങ്കടായി. അതാ ടീച്ചറ് പിന്നേം, പിന്നേം കരഞ്ഞത്. “
അപ്പോൾ അപ്പുക്കുട്ടന് സങ്കടായി. “എനിക്ക് ഈ സ്കൂള്‍ മതീട്ടോ. ഞാനിനി കരയില്ല. ടീച്ചറും കരയണ്ട.”
ടീച്ചർ തലയാട്ടി. അപ്പുക്കുട്ടനെ നോക്കി ചിരിച്ചു.
പിന്നെ, അപ്പുക്കുട്ടന്റെ കവിളിൽ ഒരു മുത്തവും കൊടുത്തു. അപ്പോൾ അപ്പുക്കുട്ടന് നാണം വന്നു.
അപ്പോൾ കുഞ്ഞു മുത്തുവും ഓടി വന്നു.
“എനിക്കും. ഞാനും കരയൂല.”
ടീച്ചർ കുഞ്ഞിമുത്തുവിനും ഒരു കുഞ്ഞു മുത്തം കൊടുത്തു. മേരിക്കും കൊടുത്തു. എനിക്കും എനിക്കും എന്നു പറഞ്ഞ് ഓരോരുത്തരായി തിക്കിത്തിരക്കി മുന്നോട്ടുവന്നു. ടീച്ചർ എല്ലാവർക്കും ഉമ്മ കൊടുത്തു.
“ഉമ്മടീച്ചറ്!” മജീദ് വിളിച്ചു പറഞ്ഞു.
“നുമ്മടെ ഉമ്മൂമ്മ ടീച്ചറ്…” ആയിഷാബിയും പറഞ്ഞു.
“ഇനി നമ്മൾക്കെല്ലാവർക്കും കൂടി ഒരു പാട്ടു പാടിയാലോ?” ടീച്ചർ ചോദിച്ചു

“പാടാം… പാടാം” എല്ലാവരും ഒന്നിച്ചു പറഞ്ഞു.
“എന്തുപാട്ടാ പാടേണ്ടത്?”
മേരി അപ്പുക്കുട്ടനു നേരെ കൈ ചൂണ്ടി.
“അപ്പുക്കുട്ടനെക്കുറിച്ച്.”
“അപ്പുക്കുട്ടനെക്കുറിച്ചോ?”
മേരി തലയാട്ടി.
അപ്പാൾ എല്ലാവരും കൂടെ തലയാട്ടി.
“അപ്പുകുട്ടനെക്കുറിച്ച് എന്ത് പാട്ടാ പാടുക?”
“അപ്പുകുട്ടനൊരാന… ” മജീദ് പാടി
“എന്ത് അപ്പുക്കുട്ടന് ആനയോ? ” ടീച്ചർ അത്ഭുതത്തോടെ മജീദിനെ നോക്കി.
“നല്ല ചേലുള്ളാന… ” ആയിഷാബി പാടാൻ മജീദിനൊപ്പം കൂടി.
“കൊമ്പു രണ്ടും ഊരിക്കളഞ്ഞൊരു വാലില്ലാത്തൊരാന.”
“അപ്പുക്കുട്ടനൊരാന
നല്ല ചേലുള്ളാന
കൊമ്പു രണ്ടും ഊരിക്കളഞ്ഞൊരു
വാലില്ലാത്തൊരാന
ഇരുന്നിടം മെല്ലെ കുഴി കുഴിക്കുന്ന
കുഞ്ഞു കുറുമ്പനാന.
ആളെക്കാണുമ്പം ഓടിയൊളിക്കുന്ന
പാവം കുശുമ്പനാന
ഇത് വെറും കുഴിയാന.
അപ്പുക്കുട്ടന്റെ ആന…”
പാട്ട് പൊടിപൊടിച്ചപ്പോൾ എല്ലാവരും ചേർന്ന് അപ്പുക്കുട്ടനെ ഇക്കിളിട്ട് ചിരിപ്പിക്കാൻ തുടങ്ങി.
- കുട്ടിക്കഥക്കൂട്ടിൽ നാളെ സീമാ സ്റ്റാലിൻ എഴുതിയ കഥ വായിക്കാം
