നാഡീ ചികിത്സ
കുശ്മാണ്ടകൻ ഉറക്കമുണർന്നപ്പോൾ മുന്നിലെ പീഠത്തിൽ സ്പടികഭരണിയില്ല. രാജശിക്ഷ കാത്ത് തടവിൽ കഴിയുന്ന കട്ടുറുമ്പുമില്ല. പകരം തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ഒരു യുവകോമളന്.
രാജാവിന് ദേഷ്യം വന്നു. ആരാണ് ഒരു പേടിയുമില്ലാതെ നമ്മുടെ മുന്നിൽ ഇളിച്ചും കൊണ്ട് നിൽക്കുന്നത്. രാജാവിന്റെ കൈ ഒരു മൊന്തയ്ക്കായി ചുറ്റും പരതി. മൊന്ത കൊണ്ട് ഇവന്റെ മോന്തയ്ക്കിട്ടൊരു ഏറു കൊടുക്കണം. കിടപ്പിലയതില്പിന്നെ രാജാവിന്റെ ഒരേയൊരു വിനോദമാണത്. ആരെങ്കിലും അരികിലേക്ക് വരികയാണെങ്കിൽ മൊന്ത കൊണ്ടെറിഞ്ഞു വീഴ്ത്തുക. മൊന്ത കൃത്യ സ്ഥലത്തു തന്നെ കൊള്ളുകയാണെങ്കിൽ രാജാവിന് സന്തോഷമാകും. രാജാവുറക്കെ ചിരിക്കും. ചിരിച്ചു ചിരിച്ച് വേദനിക്കും. അപ്പോൾ കരയാൻ തുടങ്ങും. അതൊരു അലമുറയായി തീരും.
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
മൊന്തയ്ക്കു പരതിയ രാജാവിന്റെ കൈയിൽ യുവവൈദ്യൻ കയറിപ്പിടിച്ചു. “അങ്ങുന്നേ അടിയൻ വൈദ്യനാണ്. ഇടനാട്ടിൽ നിന്നും വരുന്നു. അങ്ങയെ ചികിത്സിക്കാൻ അനുവാദമുണ്ടാവണം.”
രാജാവ് വൈദ്യരെ അത്ഭുതത്തോടെ നോക്കി. “വൈദ്യരോ… വൈദ്യർ … ” രാജാവിന് ചിരിവന്നു.”ഇയാൾക്ക് എന്തു വൈദ്യമറിയാം. പറയൂ. ആരാണ് ഗുരുക്കൻമാർ. ഏത് മഠത്തിൽ നിന്നാണ് പഠിച്ചിറങ്ങിയത്. എന്താണ് പ്രായം.”
“അച്ഛനാണ് ഗുരു. എന്റെ പാഠശാലയും ദൈവവും. അച്ഛൻ പഠിപ്പിച്ച പാഠങ്ങളെ അറിയൂ. പ്രയോഗ പരിചയവും കുറമാണ്. അച്ഛനാണ് മഹാരാജനെ ചികിത്സിക്കാൻ എന്നെയിങ്ങോട്ടയച്ചത്. എനിക്കത് സാധിക്കുമെന്ന് അച്ഛൻ പറയുന്നു. ഞാനും അങ്ങനെത്തന്നെ കരുതുന്നു. അങ്ങ് വിശ്വാസപൂർവ്വം ആ കൈ എനിക്കു നീട്ടുക.”
കുശ്മാണ്ടകൻ കുറച്ചു നേരം കൂടി ആ യുവ വൈദ്യനെ നോക്കിയിരുന്നു. പിന്നേ പതുക്കെ കൈ നീട്ടി.
വൈദ്യർ രാജാവിന്റെ കൈ പിടിച്ചു. നാഡികളിലൂടെ വിരൽ പായിച്ചു. സന്ധികളിൽ തള്ളവിരലമർത്തി എന്തോ കാതോർത്ത് കണ്ണുകളടച്ചു. കുറച്ചു നേരം വൈദ്യർ ആ ഇരിപ്പു തുടർന്നു. രാജാവിന് ഉള്ളം കാൽ മുതൽ മൂർദ്ധാവു വരെ ഒരു തരിപ്പ് അരിച്ചു കയറാൻ തുടങ്ങി. പിന്നേ അതൊരു വേദനയായി. രാജാവ് വേദന കൊണ്ട് ഉറക്കെ നിലവിളിക്കാൻ തുടങ്ങി. പതുക്കെപ്പതുക്കെ വേദന കുറഞ്ഞു. വീണ്ടും തരിപ്പ്. പിന്നെ ശാന്തത.
രാജാവിന് വല്ലാത്ത ആശ്വാസം തോന്നി. രാജാവ് പറഞ്ഞു: “വൈദ്യരെ നമ്മുക്ക് വല്ലാത്ത ആശ്വാസം തോന്നുന്നു. താങ്കളിൽ വിശ്വാസവും തോന്നുന്നു. പറയൂ എന്താണ് നമ്മുടെ അസുഖം. രോഗം ഭേദമായി നമ്മുക്ക് എഴുന്നേൽക്കാനാവില്ലെ?”
പെട്ടെന്നാണ് മാറ്റിവെച്ച സ്പടികഭരണി രാജാവിന്റെ ശ്രദ്ധയിൽ പെട്ടത്.അതിൽ തലങ്ങും വിലങ്ങും പായുന്ന കട്ടുറുമ്പ് ഇടയ്ക്കിടെ രാജാവിനെ നോക്കി പരിഹസിച്ചു ചിരിക്കുന്നു. രാജാവിന് ദേഷ്യം ഇരച്ചുകയറി.
“വൈദ്യരേ… നമ്മേ എത്രയും വേഗം ഈ മഞ്ചത്തിൽ നിന്നും എഴുന്നേൽപ്പിച്ചു നിർത്തണം. എന്നിട്ടു വേണം നമുക്കാ കട്ടുറുമ്പിനെ ചവിട്ടിയരക്കാൻ…”
ക്ഷോഭംകൊണ്ട് രാജാവിന്റെ ശരീരമാകമാനം വിറക്കാൻ തുടങ്ങി. വിറകൊണ്ട് വേദന കൂടാനും തുടങ്ങി. വൈദ്യർ തള്ളവിരൽ കൊണ്ടു രാജാവിന്റെ മർമ്മങ്ങളിൽ തൊട്ടു. വേദന മറന്ന് രാജാവ് മയങ്ങിപ്പോയി. വൈദ്യൻ പതുക്കെ സ്പടികഭരണിയുടെ മൂടി തുറന്നു. ആരും കാണാതെ ഒരു തുണ്ട് കല്ക്കണ്ടം ആഭരണിയിലേക്കിട്ടു കൊടുത്തു.
തുടരും…