കുമ്പാളയിലെ വിശേഷങ്ങൾ: കുട്ടികളുടെ നോവല്‍-ഭാഗം 6

ഇടനില ദേശത്തെ ദയാനന്ദൻ വൈദ്യന് കുമ്പാള രാജാവിന്‍റെ ദീനം ചികിത്സിക്കാന്‍ പറ്റുമോ?

kt baburaj, childrens novel, iemalayalam

അക്കരെ നിന്നൊരു വൈദ്യൻ

ഒടുവിൽ വൈദ്യനെത്തി. ഒരു യുവകോമളൻ. കൂടെ സഹായികളാരുമില്ല. ഭാണ്ഡം തോളിലിട്ട് ഒരു മുട്ടൻ വടി നീട്ടിപ്പിടിച്ച് അയാൾ കൊട്ടാരത്തിന്റെ പടികയറി വന്നു. ഭടൻമാരാരും അവനെ തടഞ്ഞില്ല. ആരും അവനോടൊപ്പം നടന്നുമില്ല. അവൻ തനിച്ചു നടന്ന് രാജസിഹാസനത്തിന്റെ അടുത്തോളമെത്തി.

സിംഹാസനത്തിൽ രാജാവുണ്ടായിരുന്നില്ല. എന്നാൽ തൊട്ടടുത്ത പീഠങ്ങളിൽ കുബുദ്ധി മന്ത്രിയും സേനാനായകനുമുണ്ടായിരുന്നു. യാതൊരു കൂസലുമില്ലാതെ നെഞ്ചുവിരിച്ച് രാജകൊട്ടാരത്തിനകത്തേക്കു കയറി വന്ന യുവകോമളനോടു മന്ത്രി ചോദിച്ചു:

“ആരാണ് എവിടുന്നു വരുന്നു എന്ത് വേണം?”

യുവാവ് ഒന്നു ചിരിച്ചു. തല കുനിച്ച് മന്ത്രിയേയും സേനാനായകനേയും വണങ്ങി. എന്നിട്ട് സ്വയം പരിചയപ്പെടുത്തി.

” ഞാൻ ഒരു വൈദ്യൻ. പേര് ദയാനന്ദൻ. ഇടനില ദേശത്തു നിന്നും വരുന്നു. കുമ്പാള രാജാവിന് ദീനമാണെന്നറിഞ്ഞ് ചികിത്സിക്കാനായി വന്നതാണ്.”

“മഹാരാജനെ ചികിത്സിക്കാനോ? ” മന്ത്രി പീഠത്തിൽ നിന്നെഴുന്നേറ്റു നെറ്റി ചുളിച്ചു.

“അതിന് വൈദ്യമൊക്കെ അറിയാമോ? പ്രായം കണ്ടിട്ട് മൂപ്പെത്താത്തതു പോലുണ്ടല്ലോ…” സേനാനായകൻ ചോദിച്ചു.

“മൂപ്പിലല്ലല്ലോ അങ്ങുന്നേ കാര്യം. പഠിപ്പിലല്ലേ… പ്രയോഗത്തിലല്ലേ?”

“അധികപ്രസംഗമുണ്ട്. അധികനാൾ വാഴുമെന്ന് തോന്നുന്നില്ല.”

“ക്ഷമിക്കണം അങ്ങുന്നേ. അധികപ്രസംഗമായി കാണരുത്. വൈദ്യമറിയാം. മർമ്മവിദ്യയും മർമ്മാണി വിദ്യയുമറിയാം. ഇത്തിരി ജോതിഷവും. ഒടിവു ചതവുകൾ സുഖപ്പെടുത്താനും പരിശീലനം സിദ്ധിച്ചിട്ടുണ്ട്. നാഡി ചികിത്സയും വഴങ്ങും. ഭ്രാന്തും മാറ്റും.”kt baburaj, childrens novel, iemalayalam
“അതിനിവിടെയാർക്കും ഭ്രാന്തില്ലല്ലോ. ഉണ്ടോ സേനാധിപതി? ഹ ഹ ഹ…” മന്ത്രി മുഖ്യൻ കുബുദ്ധി ഉറക്കെ ചിരിക്കാൻ തുടങ്ങി. ഒപ്പം സേനാധിപനും.

അപ്പോൾ യുവാവ് പറഞ്ഞു “ആർക്കും ഭ്രാന്തുണ്ടാവണമെന്നില്ല. എനിക്കറിയാവുന്നത് എന്തൊക്കെയെന്നു പറഞ്ഞു. എന്നെ ആവശ്യമില്ലെങ്കിൽ മടങ്ങിപ്പോവാൻ… ”

“പോവാൻ വരട്ടെ. ഏതായാലും ഇത്ര ദൂരം വന്നതല്ലേ? ഇടനിലത്തു നിന്നും കുമ്പാളയിലേക്കുള്ള യാത്രയിൽ തടസ്സമൊന്നുമുണ്ടായില്ലേ? സുഗമമായിരുന്നോ യാത്ര. അത് പറയൂ. കേൾക്കട്ടെ.” മന്ത്രി തല ചെരിച്ച് സേനാധിപതിയെ നോക്കി കണ്ണിറുക്കി ഒന്നു ചിരിച്ചു.

യുവാവ് പറഞ്ഞു “വിഘ്നങ്ങൾ ഒന്നല്ല ഒരു പാടുണ്ടായി. അത് പറയാൻ വലിയൊരു കഥ തന്നെയുണ്ട്. മൂന്നുനാൾ മുമ്പ് പുലർകാലേ പുറപ്പെട്ടതാണ്. ശകുനം ഒട്ടും നന്നായില്ല. എന്നിട്ടും പുറപ്പെട്ടു. രാജ കാര്യമല്ലേ കുമ്പാള ദേശത്തേക്കല്ലേ എന്നൊക്കെയോർത്ത് യാത്ര തുടർന്നു. ഞങ്ങൾ തലമുറകളായിട്ട് വൈദ്യൻമാരാണ്. കുമ്പാള ദേശത്തോട് കടപ്പെട്ടവരുമാണ്. അപ്പനും അപ്പന്റെ അപ്പനുമൊക്കെ ഈ ദേശത്ത് ജനിച്ചു വളർന്നവരാണ്.”

“ങ് ഉം. കുടുംബപുരാണം നിർത്ത്. മാർഗ്ഗതടസ്സങ്ങളെ എങ്ങനെ മറികടന്നു. അതു പറയൂ!” മന്ത്രി കുറച്ചുറക്കെ പറഞ്ഞു.

“പറയാം. വഴിയിലുണ്ടായ തടസ്സങ്ങളെക്കുറിച്ചു പറയാം. അതിനു മുമ്പ് അടിയനെ അല്പനേരം ഇരിക്കാൻ അനുവദിക്കണം. ഒരു പാട് നാഴിക നടന്ന് കാലും ശരീരവുമൊക്കെ ക്ഷീണിച്ചിരിക്കുന്നു. ഇച്ചിരി വെള്ളവും കുടിക്കണം. എന്നിട്ടു പറഞ്ഞാൽ പോരെ അങ്ങുന്നേ…. ”

“ങ് ഉം. മതി,” മന്ത്രി മുഖ്യൻ പറഞ്ഞു

തുടരും…

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Kt baburaj novel kumbalayile visheshangal chapter 6

Next Story
കുമ്പാളയിലെ വിശേഷങ്ങൾ: കുട്ടികളുടെ നോവല്‍-ഭാഗം 5kt baburaj, childrens novel, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com