നിലാവെളിച്ചമുള്ള സ്പടികഭരണി
രാജാവിനെ ചികിത്സിക്കാൻ രാജ്യത്തിനകത്തും പുറത്തുമുള്ള മിടുക്കൻമാരായ വൈദ്യൻമാരെ വരുത്താൻ ഉത്തരവായി. ദൂതൻമാർ പല ദിക്കിലേക്കു മോടി. കുശ്മാണ്ടകൻ രാജാവിനെ ചികിത്സിച്ചു ഭേദപ്പെടുത്തുന്നവർക്കുള്ള പാരിതോഷികങ്ങളും പ്രഖ്യാപിക്കപ്പെട്ടു. വൈദ്യൻമാർ കേട്ടപാതി കേൾക്കാത്ത പാതി, കിട്ടിയ പച്ചിലയും വേരുകളും മറ്റ് ഔഷധ കെട്ടുകളുമായി ശിങ്കിടികളെയും കൂട്ടി രാജകൊട്ടാരത്തിലേക്കു പുറപ്പെട്ടു. പക്ഷേ ദിവസമേഴു കഴിഞ്ഞിട്ടും ഒരൊറ്റ വൈദ്യനും രാജകൊട്ടാരത്തിൽ എത്തിയില്ല.
- Read More: മിസോയ് സാൻ: കുട്ടികളുടെ നോവൽ വായിക്കാം
തെക്കു നാട്ടിൽ നിന്നു വന്ന വൈദ്യനും സംഘവും കടവുകടക്കുന്നതിനിടയിൽ തോണി മുങ്ങി ഒലിച്ചുപോയി. വടക്കുനിന്നും വന്ന വൈദ്യരേയും ശിഷ്യൻമാരെയും കാട് കടക്കുന്നതിനിടയിൽ നരി പായിച്ചു. കിഴക്കുനിന്നു വന്നവരെ ഏതോ അക്രമിസംഘം കൊള്ളയടിച്ചു. അവർ ജീവനും കൊണ്ടോടിയത്രെ. പിന്നെ പടിഞ്ഞാറു നിന്നും പുറപ്പെട്ടവർ ശകുനം ശരിയല്ല നിമിത്തം പിഴച്ചു പോയി എന്നൊക്കെ പറഞ്ഞ് യാത്ര പാതി വഴിയിൽ ഉപേക്ഷിച്ച് തിരിച്ചു പോയത്രേ…
“എന്ത്… മഹാരാജനെ ചികിത്സിക്കാൻ നാട്ടിലും മറുനാട്ടിലും വൈദ്യൻമാരില്ലെന്നോ? ആരവിടെ,” കുബുദ്ധിമുഖ്യൻ ആരോടെന്നില്ലാതെ വിളിച്ചു ചോദിച്ചു.
അടിയൻ എന്ന് പതുക്കെ മൂളിക്കൊണ്ട് നടുവിന് ക്ഷതമേറ്റ സേനാപതി മുടന്തി മുടന്തി വന്നു. സേനാപതിയുടെ കൈയിൽ അപ്പോഴും ഊരിപ്പിടിച്ച വാളുണ്ടായിരുന്നു.
“എന്താണ് സേനാപതി ഈ കേൾക്കുന്നത്? നാട്ടിലൊരിടത്തും വൈദ്യന്മാരില്ലെന്നോ? മഹാരാജനെ ചികിത്സിക്കാൻ മറുനാട്ടിലും വൈദ്യൻമാരില്ലെന്നോ?”
കുശ്മാണ്ടകൻ രാജാവ് വേദന കൊണ്ടു പിടഞ്ഞ് പാതിരാവിലെപ്പോഴോ ഉറങ്ങിപ്പോയി. ഉറക്കത്തിൽ വളരെ കാലത്തിനു ശേഷം കുശ്മാണ്ടകൻ ഒരു സ്വപ്നം കണ്ടു. അന്ത: പ്പുരത്തിന്റെ കിളിവാതിലിലൂടെ ഒരു നിലാവ് അരിച്ചിറങ്ങുന്നു. നിലാവേറ്റ് പീഠത്തിനു മുകളിലെ സ്പടികഭരണി തിളങ്ങുന്നു. ഭരണിയിൽ തടവിൽ കിടക്കുന്ന കട്ടുറുമ്പ് തന്റെ കിരീടമെടുത്തണിഞ്ഞിരിക്കുന്നു. നോക്കിക്കൊണ്ടിരിക്കുമ്പോൾ ഭരണിയിലെ കട്ടുറുമ്പിന് ദയാലുരാജാവിന്റെ മുഖം. രാജാവ് തന്നെ നോക്കി പൊട്ടിച്ചിരിക്കുന്നു. ‘ആരവിടെ’ എന്ന് ചോദിക്കുന്നു.
ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന കുശ്മാണ്ടകൻ അലറി വിളിച്ച് കരയാൻ തുടങ്ങി.
തുടരും…