രാജവൈദ്യൻ

രാജ വൈദ്യൻ പണി പതിനെട്ടും നോക്കി. രാജാവിന്റെ വേദന ഒട്ടും കുറഞ്ഞില്ല. മുക്കിയും മൂളിയും ഇടയ്ക്കിടെ നിലവിളിച്ചും കൺമുന്നിൽ കാണുന്നവരെ മുഴുവനും തെറി വിളിച്ചും രാജാവ് അന്തപ്പുരത്തിൽ തന്നെ ചുരുണ്ടുകൂടി. രാജാപത്നിമാർ ചുറ്റും നിന്ന് വിശറി കൊണ്ട് രാജാവിന് വീശിക്കൊടുത്തു. വേദന സഹിക്കാതാവുമ്പോൾ കൈയിൽ കിട്ടിയ മൊന്തയെടുത്ത് വീശിക്കൊണ്ടിരുന്ന പത്നിമാരെ ഒരോരുത്തരെയായി രാജാവ് എറിഞ്ഞോടിച്ചു.

”ആരവിടെ,” എന്ന രാജാവിന്റെ ചോദ്യത്തിന് വേണ്ടത്ര ഒച്ചയുണ്ടായില്ല. എന്നിട്ടും ചെവിയോർത്തു നിന്ന കുബുദ്ധി മുഖ്യൻ ഓടിയെത്തി “അടിയൻ’ എന്നു പറഞ്ഞ് തല കുനിച്ചു. രാജാവ് ചോദിച്ചു “മന്ത്രീ… നമ്മെ കടിച്ച ആ കട്ടുറുമ്പിനെ എന്തു ചെയ്തു.”

കുബുദ്ധി മുഖ്യൻ കണ്ണുകൊണ്ട് ഒരാംഗ്യം കാണിച്ചപ്പോഴേക്കും ഭടൻ സ്പടികഭരണിയുമായി ഓടിയെത്തി. ഭരണി രാജാവിന്റെ കട്ടിലിനോടു ചേർന്നുള്ള പീഠത്തിൽ വെച്ച് ഭടൻ പിന്നോട്ട് മാറി നിന്നു.kt baburaj, childrens novel, iemalayalam
അടഞ്ഞ സ്പടികഭരണിയിൽ നെട്ടോട്ടമോടുന്ന കട്ടുറുമ്പിനെ കണ്ടപ്പോൾ രാജാവിന് ദേഷ്യം കൊണ്ട് കണ്ണ് കാണാതായി. രാജാവ് പറഞ്ഞു. “ഞാൻ ഇവിടെ നിന്നൊന്ന് എഴുന്നേൽക്കട്ടെ. എനിക്കു തന്നെ ചവിട്ടിയരച്ചു കൊല്ലണം ഈ ജന്തുവിനെ. ഈ ഭരണി ഇവിടെ തന്നെ വെച്ചോളൂ.

ഉറങ്ങിയെഴുന്നേൽക്കുമ്പോഴൊക്കെ നമ്മുക്കിവനെ കാണണം. ഭരണിയിൽ കിടന്ന് ശ്വാസം മുട്ടി പിടയുന്നത് കാണണം.” അതും പറഞ്ഞ് പല്ലു ഞെരിച്ച്‌ കാലൊന്നനക്കാൻ ശ്രമിച്ചതാണ് രാജാവ്. വേദന കൊണ്ട് പുളഞ്ഞു പോയി. രാജാവിന്റെ അലർച്ച അന്തപ്പുരത്തിന്റെ മതിലുകളും ഭേദിച്ച് പുറത്തു കടന്നു.

രാജാവിന് വേദന കുറഞ്ഞില്ല. ഒടിഞ്ഞ എല്ലുകളൊന്നും നേരെയായതുമില്ല. ചികിത്സിച്ചു ചികിത്സിച്ച് രാജ വൈദ്യന് മടുത്തു. ഇനിയിപ്പോ എന്തു ചെയ്യേണ്ടൂ എന്ന് വൈദ്യർ രാജാവിനെ നോക്കി.

“മന്ത്രീ…”  രാജാവ് അലറി വിളിച്ചു. ” അന്തപ്പുരത്തിന്റെ വാതിലിനു പിറകിൽ മന്ത്രി നിൽക്കുന്നുണ്ടായിരുന്നു. രാജാവിന്റെ മൊന്ത കൊണ്ടുള്ള ഏറിൽ നിന്നും മന്ത്രിയും കഷ്ടിച്ചു രക്ഷപ്പെട്ടതാണ്.

മന്ത്രി രാജാവിനെ മുഖം കാണിച്ചു.

തുടരും…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook